Middle East

കൊവിഡ് മൂലമുള്ള യാത്രാ വിലക്കില്‍പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

വിദേശത്ത് നിന്ന് എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് അടക്കമുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക

വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികള്‍.

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ് ഷോപ്പിങ് മാള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 28ന് തുറക്കാന്‍ ആണ് തീരുമാനം ആയിരിക്കുന്നത്. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും മാള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാള്‍ അധികൃതര്‍ നടത്തുന്നത്. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് പ്രധാനമായും മുന്‍പോട് വെയ്ക്കുന്ന നിര്‍ദേശം. എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാളുകളിലേക്ക് പ്രവേശനമില്ല.

കുവൈത്തില്‍ കൊവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 85 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1395 ആയി ഉയര്‍ന്നു. ഇതുവരെ അഞ്ച് ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വെള്ളിയാഴ്ച രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ബംഗ്ലാദേശുകരനായ 55 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ പതിനഞ്ചായി. ഇന്ന് ആകെ 215 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 198 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.

വിവിധ രാജ്യക്കാരായ 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 115 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവില്‍ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.

അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചെെന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കിടക്കുകയാണ്. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തി.

റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്‌കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്കരിക്കുകയായിരുന്നു. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.

കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഇതേ പൊലെ ലക്ഷക്കണക്കിന് മലയാളികൾ ആണുള്ളത്. ഇതിൽ ഗർഭിണികളും കുട്ടികളും എല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ ആതിര എന്ന യുവതി നാട്ടിലെത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ വാക്കുകൾ ഇങ്ങനെ ഞാൻ 7 മാസം ഗർഭിണിയാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിലച്ചതും യാത്രാനുമതി നിഷേധിച്ചതും മൂലം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാൻ നിർവാഹമില്ല. എന്നെപ്പോലെ നിരവധി ഗർഭിണികൾ നാട്ടിലേക്ക് വരാനുള്ള കാത്തിരിപ്പിലാണ്.

കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റേതാണ് ഈ വാക്കുകൾ.

ലോക് ഡൗൺ അതിരുകൾ കൊട്ടിയടച്ചതോടെ നാട്ടിലേക്ക് പോകാൻ പോലുമാകാതെ അന്യനാട്ടിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിന് ഹതഭാഗ്യരിൽ ഒരാൾ. സാധാരണ തൊഴിലാളികൾ തൊട്ട് സന്ദർശക വിസയിൽ വരെയെത്തിയ നിരവധി പേരാണ് ഗൾഫ് നാടുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഗർഭിണികളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരുടെ സാന്ത്വനം പോലും നിഷേധിക്കപ്പെട്ട് അന്യനാട്ടിൽ അവർ വേദനയോടെ കഴിച്ചുകൂട്ടുന്നു. ഭർത്താവ് നിതിൻചന്ദ്രനൊപ്പം ദുബായിൽ താമസിക്കുന്ന ആതിരയാകട്ടെ ജൂലായ് ആദ്യ വാരം കുഞ്ഞിന് ജന്മം നൽകാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഗർഭിണികൾക്കു കൂടി വേണ്ടി ഹർജി ഫയൽ ചെയ്തത്. ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് അപേക്ഷ.

ദുബായിലെ കെട്ടിട നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ നിതിൻ ഇക്കാര്യത്തിൽ തീർത്തും നിസഹായനാണ്. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകും എന്നതിനാലാണ് ഭാര്യയെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിതനാകുന്നത്.

മാത്രമല്ല ആദ്യ പ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സിവിൽ വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ് ആതിരയുടെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

ദുബായില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാള്‍.

ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊറോണ വൈറസ് പിടിപെട്ടത്.

ഗൾഫിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കുകൊണ്ടുപോകുന്നതിനു വിലക്ക് തുടരുന്നതിൽ ആശങ്കയോടെ പ്രവാസികൾ. യുഎഇയിൽ മാത്രം ഇരുപതിലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയിലേക്കു യാത്രാവിമാനങ്ങൾക്കു പ്രവേശനവിലക്കേർപ്പെടുത്തിയതു മുതൽ കാർഗോ വിമാനത്തിലാണ് ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയതായാണ് കാർഗോയെ സമീപിക്കുന്ന പ്രവാസികൾക്കു ലഭിക്കുന്ന മറുപടി. ഇന്ത്യൻ എംബസിയുടേയും ഗൾഫിലെ പൊലീസ് വകുപ്പിൻറേയുമെല്ലാം അനുമതി ലഭിച്ച് എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ വരെ അധികൃതരുടെ കനിവ് കാത്തു കിടക്കുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം പോലും നൽകിയിട്ടില്ലെന്നാണ് പ്രവാസിസംഘടനകളുടെ പരാതി. നിലവിൽ കോവിഡ് ബാധിതരുടേയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ നാട്ടിലേക്കു അയക്കാതെ ഗൾഫിൽ അതാത് വിശ്വാസപ്രകാരം സംസ്കരിക്കുകയാണ് പതിവ്. ഒപ്പം നാട്ടിലേക്കയക്കുന്ന മൃതദേഹങ്ങൾ കോവിഡ് ഫലം നെഗറ്റീവായവരുടേതാണെന്നു ഉറപ്പുവരുത്തുന്നുമുണ്ട്. അതിനാൽ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യാത്രാവിമാനസർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹമെങ്കിലും കയറ്റിഅയക്കാൻ അനുമതി നൽകണമെന്നാണ പ്രവാസികളുടെ അഭ്യർഥന.

ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.

328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.

ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.

വംശീയ വർഗീയ പ്രയോഗങ്ങൾ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തി​​െൻറ വൈറസ്​ പരത്തുന്ന ഇന്ത്യൻ വർഗീയ വാദികൾക്കെതിരെ അറബ്​ ലോകത്ത്​ പ്രതിഷേധം കൂടുതൽ ശക്​തമാവുന്നു. ഗൾഫ്​ രാജ്യങ്ങളിൽ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ്​ പരിവാർ അനുഭാവികൾ​ എല്ലാ അതിർവരമ്പുകളും ലംഘിച്ച്​ ഹീനമായ ഭാഷയിൽ വംശീയ അധിക്ഷേപം നടത്തുന്നത്​ പതിവായതോടെയാണ്​ സ്വദേശി പ്രമുഖർ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്​.

രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്​റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്​ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്​കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്​ദമുയർത്തുകയാണിപ്പോൾ.

അറബ്​ സ്​ത്രീകളെക്കുറിച്ച്​ അറക്കുന്ന ലൈംഗിക അധിക്ഷേപം നടത്തിയ ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയുടെ പോസ്​റ്റുകൾ ശ്രദ്ധയിൽപ്പെട്ട പല സാംസ്​കാരിക പ്രവർത്തകരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സ​ന്ദേശമയച്ചു.

ഏതാനും വർഷം മുൻപ്​ തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അ​വഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്​റ്റ്​ ഇയാൾ പിന്നീട്​ ഡിലീറ്റ്​ ചെയ്​തിരുന്നു. അതി​​െൻറ സ്​ക്രീൻ ഷോട്ട്​ ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ കുവൈത്തിലെ പ്രമുഖ നിയമജ്​ഞരും സാംസ്​കാരിക പ്രവർത്തകരും നടപടി ആവശ്യപ്പെട്ടത്​. ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ്​ നാടുകളിലേക്ക്​ വരുവാൻ അവസരം ലഭിച്ചാൽ പുറപ്പെടാൻ നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ്​ യു.എ.ഇയിൽ നിന്നുള്ള നൂറ അൽ ഗുറൈർ മുന്നറിയിപ്പ്​ നൽകിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത്​ ഷായുടെയും പ്രത്യേക നോമിനി ആയാണ്​ ​അഭിഭാഷകൻ കൂടിയായ തേജസ്വി ലോക്​സഭാ സ്​ഥാനാർഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്​.

നിരവധി സംഘ്​പരിവാർ പ്രവർത്തകർക്ക്​​ കോവിഡ്​ പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന്​ ഗൾഫ്​ രാജ്യങ്ങളിൽ നടപടി​ നേരിടേണ്ടി വന്നിട്ടുണ്ട്​.
മലയാളി വ്യവസായി സോഹൻ റോയ്​ വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്​റ്റു ചെയ്​തതും വിവാദമായിട്ടുണ്ട്​. ത​​െൻറ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക്​ ഡിസൈൻ ചെയ്​തയാൾക്ക്​ പറ്റിയ പിഴവാണെന്നുമാണ്​ റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തി​​െൻറ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved