മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. മിനായിൽ അസിസിയ റോഡിൽ ഹജ്ജ് തീർഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. രണ്ടു മലയാളികൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും തീർഥാടകയുമായ ജമീല, കെഎംസിസി ഹജ്ജ് സംഘാടകൻ ഇക്ബാൽ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിലെ സുപ്രധാനമായ അറഫ സംഗമം ഇന്ന്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തിലധികം തീർഥാടകർ അറഫ മഹാസംഗമത്തിൽ പെങ്കടുക്കും. വെള്ളിയാഴ്ച മിനായിൽ താമസിച്ച ഹാജിമാർ അർധരാത്രിയോടെ ലബ്ബൈക്ക മന്ത്രമുരുവിട്ട് അറഫയിലേക്ക് നീങ്ങി. ബസ്, ട്രെയിൻ മാർഗമാണ് യാത്ര. 25,000 മലയാളികളിൽ 70 ശതമാനം പേരും മെട്രോ ട്രെയിനിലാണ് സഞ്ചരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ ഹാജിമാർ പ്രളയദുരന്തത്തിൽനിന്ന് നാടിനെയും വീടിനെയും രക്ഷിക്കാനുള്ള പ്രാർഥനയിലാണ്. ബന്ധുക്കൾ ദുരന്തത്തിൽ മരിച്ചവരും വീടുതകർന്നവരുമുണ്ട് ഹാജിമാരുടെ കൂട്ടത്തിൽ. വിതുമ്പിക്കരഞ്ഞാണ് അവർ വെള്ളിയാഴ്ച മിനായിൽ കഴിച്ചുകൂട്ടിയത്. കടുത്ത ചൂടാണ് മിനായിൽ. അറഫയിലും കൊടുംചൂട് പ്രതീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചക്ക് നമിറ പള്ളിയിൽ അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് നിർവഹിക്കും. ഹാജിമാർ ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. മനമുരുകി പ്രാർഥനയുടേതാണ് ഇൗ ദിനം. സൂര്യാസ്തമയം കഴിഞ്ഞയുടൻ മുസ്ദലിഫയിലേക്കു പോകും. അവിടെ ആകാശച്ചോട്ടിൽ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിയുന്ന കർമത്തിന് പോകും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ചാണ് മറ്റു കർമങ്ങൾക്ക് പോവുക.
ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ. അറഫയിലും മിനായിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
ഷാര്‍ജ: യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കില്‍ വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.
എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.
സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ് നടക്കുന്നത്.
ജനറല്‍ ഒപിഡി., മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‍ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിഎസ്‍സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് നിയമനം നല്‍കുന്നത്. 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം ) 0471- 2770577, 0471-2770540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് വീഡിയോ ചിത്രീകരിച്ച വിദേശി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേരും രംഗത്തെത്തി.
ഏഷ്യക്കാരനായ യുവാവ് സോഷ്യല്‍ മീഡിയയില്‍ താരമാകാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ മാന്യമായി ഉപയോഗിക്കണമെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. പ്രാദേശിക സംസ്കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും അത്തരം കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഴുകി നീങ്ങുന്ന ടൈം ബോംബ് എന്ന് യുഎൻ വരെ വിശേഷിപ്പിച്ച ഒരു കപ്പൽ. ലക്ഷക്കണക്കിനു ബാരൽ എണ്ണ നിറച്ച, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഇൗ കപ്പൽ കടലിലൂടെ ഒഴുകി നടന്ന് ഇപ്പോൾ യെമൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിനെ എന്തുചെയ്യുമെന്ന പ്രതിസന്ധിക്ക് ഇതുവരെ കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ല.
കപ്പൽ പൊട്ടിത്തെറിച്ചാൽ ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും സംഭവിക്കുക എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പൽ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതർ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്.
വടക്കുപടിഞ്ഞാറൻ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയിൽ നിന്ന് 70 കിമീ മാറിയാണ് കപ്പലുള്ളത്. 2015 മുതൽ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം.
യെമൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അൽപം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തിൽ നിന്നുള്ള എണ്ണ പൈപ് ലൈൻ വഴി കടലിലെ എക്സ്പോർട്ട് ടെർമിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെർമിനലില്‍ നിന്ന് എണ്ണ ബാരലുകൾ ഓയിൽകമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതിൽ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.
പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ് നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 14 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്. റാസ് ഇസ തുറമുഖം ഹൂതികൾ പിടിച്ചെടുത്തതോടെ 2015 മാർച്ച് മുതൽ കപ്പലിൽ നിന്നുള്ള എണ്ണകൈമാറ്റം പൂർണമായും നിലച്ചു. ആവശ്യത്തിനു ഡീസൽ ലഭിക്കാത്തതിനാൽ ഇതേവരെ കപ്പലിന്റെ എൻജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വർഷം ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുത്തു.
എന്നാൽ കപ്പലിലെ ഏകദേശം 544 കോടി രൂപ വരുന്ന എണ്ണയാണ് പ്രധാന ‘തടസ്സം’. ഹൂതികൾക്ക് എണ്ണ കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍നിന്ന് ഒരു വലിയ വിഹിതം തങ്ങൾക്കു നൽകണമെന്നാണ് അവരുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാൽ യുഎന്നിന് അത്തരമൊരു ഉറപ്പ് നൽകാനുമാകില്ല. ഇക്കാര്യത്തിൽ തീരുമാനം വൈകിയാൽ കപ്പൽ കെട്ടിവലിച്ചു കൂടുതൽ ദൂരത്തിലേക്കു കൊണ്ടുപോകുമെന്നും ഹൂതികളുടെ ഭീഷണിയുണ്ട്
ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എൻജിനീയർമാർ എത്തിയെങ്കിലും അവർക്കുള്ള പാസ് ദുബായ് എയർപോർട്ട് അതോറിറ്റി നൽകാൻ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ യാത്ര റദ്ദാക്കി.
വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങൾ ലഗ്ഗേജില്‍ കയറ്റി വിട്ടതിനാല്‍ ഒരു ദിവസം വൈകിയ സാഹചര്യത്തില്‍ മതിയായ വസ്ത്രവും മറ്റുമില്ലാതെ ഏറെ ദുരിതമനുഭവിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് എയര്‍ഇന്ത്യ വിമാനം കൊച്ചിയലേക്ക് പുറപ്പെട്ടത്.
Video: Dubai-Cochin Air India flight delayed for more than 30 hours https://t.co/vng6WRs3VK pic.twitter.com/dm2kk3jqKr
— Khaleej Times (@khaleejtimes) July 28, 2019
Passengers of Air India flight A1934 at Dubai International Airport. Their flight was delayed for more than 30 hours. (KT reader video) https://t.co/vng6WRs3VK pic.twitter.com/BeZaBAQFGI
— Khaleej Times (@khaleejtimes) July 28, 2019
അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്‍ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ഭാര്യമാരുടെ പീഡനം നേരിടുന്ന ഏതാനും പുരുഷന്മാര്‍ പരാതികളുമായി കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അത്തരം കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച ഏറ്റവും പുതിയ ചില പഠനങ്ങള്‍ പ്രകാരം ഏകദേശം 10 ശതമാനത്തോളം പുരുഷന്മാര്‍ക്ക് ഭാര്യമാരുടെ ശാരീരിക ഉപദ്രവങ്ങളും മര്‍ദനങ്ങളുമേല്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെയും അജ്മാനിലെയും കുടുംബ കോടതികളില്‍ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്തതതായി അഭിഭാഷകനായ ഹാതിം അല്‍ ശംസിയും അഭിപ്രായപ്പെട്ടു. ഭാര്യമാര്‍, സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവരില്‍ നിന്നെല്ലാം ഉപദ്രവങ്ങള്‍ നേരിടുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളില്‍ നിന്നുള്ള ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകള്‍ കോടതികളിലും മറ്റ് സാമൂഹിക സംഘടനകളുടെ മുന്നിലും എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഭാര്യമാരില്‍ നിന്നുള്ള അസഭ്യവര്‍ഷവും ഭീഷണികളുടെ നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഭാര്യമാരില്‍ നിന്ന് ഉപദ്രവം നേരിടേണ്ടിവരുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല പ്രായത്തിലുള്ളവരും വിവിധ ജോലികള്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയാണ് അതിന്റെ പ്രധാന കാരണം. ശാരീരിക ഉപദ്രവങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രോസിക്യൂഷനും പൊലീസിനും ലഭിക്കാറുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിക്കുന്നതു പോലുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ അസഭ്യം പറയല്‍, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കല്‍ തുടങ്ങിയവയും ഭീഷണികളും നേരിടുന്നവരുണ്ട്.
അതേസമയം ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുപോവുകയോ അല്ലെങ്കില്‍ കുടുംബത്തെ ശരിയായി സംരക്ഷിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് കേസുകളില്‍ പ്രതിയാക്കപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും പറയാറുള്ളതെന്ന് അഭിഭാഷകര്‍ പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം കാണുമ്പോഴുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതിയില്‍ പറഞ്ഞവരുമുണ്ടത്രെ. അതേസമയം വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 98 ശതമാനവും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കപ്പെടാറുണ്ടെന്ന് അജ്മാന്‍ കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .
കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .