ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യ എന്റെ അമ്മയായിരുന്നു. പത്തൊൻപത് വയസ്സിൽ തന്നെ ഭാര്യയായി. 29 വയസ്സിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ അമ്മയായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ മുതൽ കുടുംബം നോക്കലും എല്ലാം അമ്മയുടെ ചുമലിൽ ആയി. മാസം പൈസ അയക്കുന്നതിൽ നിന്നും എത്ര എവിടെ എങ്ങനെ ചിലവാക്കണം എന്നു ഒരു പെന്നും പേപ്പറും എടുത്തു അമ്മ കണക്കു കൂട്ടുന്നുണ്ടാവും. അന്ന് അതൊരു കൗതുകം ആയിരുന്നു.അച്ഛൻ വീട് വാങ്ങിച്ചപ്പോൾ മൂന്ന് മക്കളെയും കൊണ്ടു അവിടേക്ക് ആയി അമ്മ. രണ്ടു വർഷം കൂടിയായിരുന്നു അച്ഛന്റെ വരവ്. ജീവിതത്തിലെ ചിലവേറിയപ്പോഴും അച്ഛനെ ചിലവിന്റെ കാര്യം പറഞ്ഞു അമ്മ ബുദ്ധിമുട്ടിച്ചില്ല. ആവശ്യങ്ങൾ അറിയിച്ചുമില്ല. മൂന്നാളുടെ ആവശ്യങ്ങൾ എന്തെന്ന് അച്ഛനും അറിയാതായി. അതു കൊണ്ടു തന്നെ ബാക്കി ഉള്ളത് അച്ഛൻ അവിടെ സൂക്ഷിച്ചു.
കണ്ടിട്ടുണ്ട് അച്ഛൻ ചെക്ക് അയച്ചു കൊടുത്താൽ (അന്ന് atm ഇല്ലാലോ), ആ ചെക്കും കയ്യിൽ വെച്ചു ഈശ്വരാ ഞാൻ ഈ മാസം എന്തു ചെയ്യും എന്ന് കണ്ണിൽ വെള്ളം നിറച്ച് അമ്മ പറയുന്നത്. അച്ഛനോട് പറയ് എന്നു പറഞ്ഞാൽ വേണ്ട അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, അവിടെ പണിയൊക്കെ കുറവാണ് അതിനിടയിൽ നമ്മളായിട്ടു അച്ഛനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്നു പറയും. അയക്കുന്ന പണം കൊണ്ട് ജീവിക്കണം, സമ്പാദിച്ചും കാണിക്കണം.പ്രവാസിയുടെ ഭാര്യയുടെ ഏറ്റവും വലിയ വെല്ലുവിളി.
ഇതൊക്കെ കണ്ടു മടുത്തു ഗൾഫുകാരനെ വേണ്ട എന്നു പറഞ്ഞു നടന്ന എനിക്കും കിട്ടിയത് ഗൾഫ്കാരനെ തന്നെ. പ്രവാസിയുടെ ദുഃഖങ്ങൾ ചർച്ച ചെയ്യുമ്പോഴും പ്രവാസി ആയതിനെ ഓരോരുത്തർ ശപിക്കുമ്പോഴും ആരും സ്വന്തം ഭാര്യമാരുടെ വിഷമങ്ങൾ കാണാറില്ല. അവളവിടെ സുഖിച്ചു കഴിയുകയല്ലേ എന്ന പല്ലവി എത്രയോ പേർ പറയാറുണ്ട്.
ഉത്തരവാദിത്തങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുമലിലേക്ക് വീഴുകയാണ് ഒരു പെണ്ണിന്. മാസം എത്തുന്ന പൈസ കാത്തിരിക്കുന്നതിൽ തുടങ്ങുന്നു ജീവിതം. സേവിങ്‌സ് നിർബന്ധമായും ഉണ്ടാവണം.വീട്ടിലെ എല്ലാരുടെയും ആവശ്യങ്ങൾ ചെയ്തു കൊടുക്കണം.കുടുംബത്തിലെ കല്യാണം, കുഞ്ഞിനെ കാണൽ, തുടങ്ങി സകല ആവശ്യവും ഇതിൽ തന്നെ, ചിലവ് വേറെയും. ആദ്യത്തെ 15 ദിവസം മനസ്സിൽ ടെന്ഷന് ആവും.കടവും, വീട്ടു ചിലവും കുറിയും എല്ലാം കഴിഞ്ഞാൽ ഒന്നു തലവേദനയക്ക് മരുന്ന് വാങ്ങാൻ മിച്ചം കിട്ടില്ല.
പൈസ തികഞ്ഞില്ല എന്നെങ്ങാനും വിളിച്ചു പറഞ്ഞാൽ പൈസ എല്ലാം കലക്കി കുടിച്ചോ എന്ന ചോദ്യവും. എത്ര സങ്കടം വന്നാലും മക്കള് കാണാതെ തീർക്കാൻ പാട് പെടുന്ന കുറെ ജന്മങ്ങൾ ഉണ്ട് ഓരോ വീടിന്റെയും നാലു ചുമരുകൾക്കുള്ളിൽ. അയച്ചു തരുന്നത് കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടും എത്രയോ ഭാര്യമാർ.. അതിലും ഭയങ്കരം മറ്റൊന്നാണ്… ഗൾഫ്കാരന്റെ ഭാര്യയല്ലേ, ഇവൾ എന്തായാലും ഇന്നല്ലെങ്കിൽ നാളെ വഴി തെറ്റും എന്നൊരു ധാരണയാണ് ചില മീശ വെച്ച ആൺകോലങ്ങൾക്ക്..
മക്കളുടെ ആവശ്യത്തിനും വീട്ടിലെ ആവശ്യത്തിനും രണ്ടു ദിവസം അടുപ്പിച്ചു പുറത്തിറങ്ങിയാൽ മതി മൂന്നാം ദിവസം അവൾ കറങ്ങുന്നവളും മറ്റും ആവാൻ. സമൂഹത്തെ പേടിച്ചേ ഓരോ പ്രവാസിയുടെ ഭാര്യക്കും ജീവിക്കാൻ പറ്റൂ ഇന്നീ സമൂഹത്തിൽ അവളുടെ പിന്നാലെയുണ്ട് കഴുകൻ കണ്ണുകളുമായി ചില ഭ്രാന്തന്മാർ..കൊത്തി വലിക്കാൻ..
ഇതൊക്കെ സഹിക്കുമ്പോഴും എന്നിട്ടും ഭർത്താക്കന്മാർ ചോദിക്കും നിനക്ക് എന്തിന്റെ കുറവാണ്.. മാസം പൈസ അയക്കുന്നില്ലേ ഞാൻ എന്നു. നല്ല വാക്ക് പറയാൻ മറന്ന് പോവുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്… പ്രവാസി ആയതിനെ ശപിക്കും മുൻപ് , നിങ്ങൾക്ക് വേണ്ടി ഒരു കുടുംബത്തിനെ നിങ്ങളുടെ സ്ഥാനത്ത് നിന്ന് നടത്തി കൊണ്ടു പോവുന്ന , മക്കളെ നല്ലവരായി വളർത്തി നിങ്ങളുടെ കൈകളിലേക്ക് തരുന്ന നിങ്ങളെ മാത്രം പ്രതീക്ഷിച്ചു ആ വരവും കാത്തു ഇരിക്കുന്ന സ്നേഹം മാത്രം പകരം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു പെണ്മനസ്സും ഉണ്ട് ദൂരെ എന്നു ഒരു നിമിഷം ഓർക്കൂ…
ബഹ്റൈനിലെ ജോലിസ്ഥലത്ത് മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നിഷാന്ത് ദാസാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു.
വിദേശരാജ്യത്ത് നിന്ന് കൊണ്ടുവന്ന മാര്‍ബിള്‍ പാളികള്‍ ഇറക്കുന്നതിനിടെയായിരുന്നു അപകടം. മാര്‍ബിള്‍ പൊട്ടിവീണാണ് നിഷാന്ത് ദാസിന് ഗുരുതരമായി പരിക്കേറ്റതും മരണത്തിന് കീഴടങ്ങിയതും. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസാര പരിക്കുകള്‍ മാത്രമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു. നിഷാന്തിന്റെ മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍ നടക്കുന്നു. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടത്തിന് 27 കോടി രൂപയിലേറെയാണ് അധികൃതർ നിശ്ചയിച്ച അടിസ്ഥാന വില.
ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമാണ് ദുബായ് മാളിൽ പ്രദർശിപ്പിച്ചിട്ടുള്ള അസ്ഥികൂടത്തിനുള്ളത്. അഞ്ച് ആനകളുടെ ഭാരം. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാൻ ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബായ് മാളിൽ എത്തിയത്.
ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ഈ ദിനോസറിന്‍റെ 90% അസ്ഥികൂടവും യഥാർഥത്തിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. 2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ 2014ലാണ് ദുബായിലെത്തിച്ചത്. ഈ മാസം 25വരെ ലേലം വിളി നീണ്ടു നില്‍ക്കും.
അബുദാബി∙ ഗൾഫിൽ സ്കൂൾ തുറക്കാൻ 2 ആഴ്ച ശേഷിക്കെ കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങുന്നവരുടെ തിരക്കു കൂടിയായതോടെ വിമാനങ്ങളിൽ സീറ്റും ലഭ്യമല്ല. കോഴിക്കോട്ടു നിന്ന് ഇന്നലെ അബുദാബിയിലെത്തിയ പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് സലീമിന് എത്തിഹാദ് എയർലൈനിൽ 35,000 രൂപയ്ക്കാണ് ടിക്കറ്റ് കിട്ടിയത്. ഇതേ വിമാനത്തിൽ ഇന്നു വരണമെങ്കിൽ ഇക്കണോമി ക്ലാസിൽ സീറ്റില്ല. ബിസിനസ് ക്ലാസിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ നൽകണം.
വരും ദിവസങ്ങളിൽ നിരക്ക് ഇതിനെക്കാൾ കൂടും. ബജറ്റ് എയർലൈനായ ഇൻഡിഗൊ വിമാനത്തിൽ ഇതേ സെക്ടറിൽ വരാൻ 30,000 രൂപ കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിലാണെങ്കിൽ സീറ്റില്ല. നാലംഗ കുടുംബത്തിന് ഈ സമയത്ത് കേരളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ നൽകേണ്ടിവരും. സെപ്റ്റംബർ രണ്ടാം വാരം വരെ നിരക്കുവർധന തുടരുമെന്നാണ് ട്രാവൽ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ഓണം കൂടി വരുന്നതോടെ ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് പിന്നെയും കൂടും.
സെപ്റ്റംബർ മൂന്നാം വാരത്തിൽ മാത്രമേ നിരക്ക് അൽപം താഴാൻ സാധ്യതയുള്ളൂ. കണ്ണൂർ ഉൾപെടെ എല്ലാ വിമാനത്താവളത്തിലേക്കും കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഗൊ എയർ, എയർവിസ്താര തുടങ്ങി ഗൾഫിൽനിന്ന് സർവീസ് നടത്തുന്ന പുതിയതും പഴയതുമായ എല്ലാ എയർലൈനുകൾക്കും എല്ലാ സെക്ടറുകളിൽനിന്നും സർവീസ് നടത്താൻ അനുമതി നൽകിയാൽ ടിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല.
അബുദാബിയിലെ ഏറ്റവും ചെലവേറിയ ആഡംബര മുറിയുള്ളത് എമിറേറ്റ്‌സ് കൊട്ടാരത്തിനുള്ളിലാണ്. മൂന്ന് ബെഡ് റൂം സ്യൂട്ടുകളോടുകൂടിയ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ കൊട്ടാരത്തിന് 55,000 ദിര്‍ഹമാണ് ഒരു ദിവസത്തെ ചാര്‍ജ്. 680 സ്‌ക്വയര്‍ മീറ്റേഴ്‌സാണ് ഈ ആഢംബര സ്യൂട്ടിന്റെ ആകെ വിസ്തീര്‍ണം.
ലോകത്തിലെ തന്നെ നിരവധി പ്രമുഖ വ്യക്തികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണ്‍ , ഇംഗ്ലണ്ട് രാജ്ഞി, മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ പ്രമുഖരായ എല്‍ട്ടണ്‍ ജോണ്‍, ഷക്കീറ, ബോണ്‍ ജോവി എന്നിങ്ങനെ ആ നിര നീണ്ട് പോകുന്നു. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ രാജകുടുംബത്തിലെ പലരും ഇവിടെ താമസിച്ചിട്ടുണ്ട്.
എല്ലാ അര്‍ത്ഥത്തിലും സ്യൂട്ട് വലിയൊരു കൊട്ടാരത്തിന് സമാനമാണ് . മൂന്ന് മുറികള്‍ക്ക് പുറമെ സ്യൂട്ടില്‍ വിശാലമായ സ്വീകരണ മുറിയും മനോഹരമായ ഡൈനിംഗ് മുറിയും ഉണ്ട്. സ്യൂട്ടിലെ മുറികളില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളാണ്. ഹോട്ടല്‍ സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും നേരിട്ട് സ്യൂട്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകമായ ലിഫ്റ്റ് ഉണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. അതിഥികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഭക്ഷണം പാകം ചെയ്യാന്‍ 24 മണിക്കൂറും പാചകക്കാരുടെ സേവനവും ലഭ്യമാണ്. അടുക്കളയും സ്യൂട്ടിനോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികള്‍ക്കുള്ളിലെ ബാത്‌റൂമുകളും വളരെ വിശാലമാണ്.
സ്യൂട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. ചുമരുകളില്‍ ഒട്ടിച്ചിട്ടുള്ള കടലാസുകള്‍ ഇന്ത്യയില്‍ നിന്നും വരുത്തിയിട്ടുള്ള ശുദ്ധമായ പട്ടുകളാണ് ചുമരുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വരോസ്‌കി ക്രിസ്റ്റല്‍ കൊണ്ടുള്ളതാണ് തൂക്കുവിളക്കുകള്‍.10 പേര്‍ക്ക് ഇരിക്കാവുന്ന സ്വകാര്യ ഊണു മുറിയും സ്യൂട്ടിനുള്ളില്‍ ഉണ്ട്. പാത്രങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയും സ്പൂണുകളും ഫോര്‍ക്കുകളും വെള്ളിയുമാണ്. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്ലാസുകള്‍ക്ക് ഒന്നിന് 1000 ദിര്‍ഹമാണ് വില.
ഓരോ മുറികള്‍ക്കും അറേബ്യന്‍ കടലിലേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ബാല്‍ക്കണികളും ഉണ്ട്.
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. മിനായിൽ അസിസിയ റോഡിൽ ഹജ്ജ് തീർഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. രണ്ടു മലയാളികൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും തീർഥാടകയുമായ ജമീല, കെഎംസിസി ഹജ്ജ് സംഘാടകൻ ഇക്ബാൽ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിലെ സുപ്രധാനമായ അറഫ സംഗമം ഇന്ന്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തിലധികം തീർഥാടകർ അറഫ മഹാസംഗമത്തിൽ പെങ്കടുക്കും. വെള്ളിയാഴ്ച മിനായിൽ താമസിച്ച ഹാജിമാർ അർധരാത്രിയോടെ ലബ്ബൈക്ക മന്ത്രമുരുവിട്ട് അറഫയിലേക്ക് നീങ്ങി. ബസ്, ട്രെയിൻ മാർഗമാണ് യാത്ര. 25,000 മലയാളികളിൽ 70 ശതമാനം പേരും മെട്രോ ട്രെയിനിലാണ് സഞ്ചരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ ഹാജിമാർ പ്രളയദുരന്തത്തിൽനിന്ന് നാടിനെയും വീടിനെയും രക്ഷിക്കാനുള്ള പ്രാർഥനയിലാണ്. ബന്ധുക്കൾ ദുരന്തത്തിൽ മരിച്ചവരും വീടുതകർന്നവരുമുണ്ട് ഹാജിമാരുടെ കൂട്ടത്തിൽ. വിതുമ്പിക്കരഞ്ഞാണ് അവർ വെള്ളിയാഴ്ച മിനായിൽ കഴിച്ചുകൂട്ടിയത്. കടുത്ത ചൂടാണ് മിനായിൽ. അറഫയിലും കൊടുംചൂട് പ്രതീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചക്ക് നമിറ പള്ളിയിൽ അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് നിർവഹിക്കും. ഹാജിമാർ ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. മനമുരുകി പ്രാർഥനയുടേതാണ് ഇൗ ദിനം. സൂര്യാസ്തമയം കഴിഞ്ഞയുടൻ മുസ്ദലിഫയിലേക്കു പോകും. അവിടെ ആകാശച്ചോട്ടിൽ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിയുന്ന കർമത്തിന് പോകും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ചാണ് മറ്റു കർമങ്ങൾക്ക് പോവുക.
ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ. അറഫയിലും മിനായിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
ഷാര്‍ജ: യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കില്‍ വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.
എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.
സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ് നടക്കുന്നത്.
ജനറല്‍ ഒപിഡി., മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‍ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിഎസ്‍സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് നിയമനം നല്‍കുന്നത്. 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം ) 0471- 2770577, 0471-2770540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
റോഡില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് വീഡിയോ ചിത്രീകരിച്ച വിദേശി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. യുവാവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധിപ്പേരും രംഗത്തെത്തി.
ഏഷ്യക്കാരനായ യുവാവ് സോഷ്യല്‍ മീഡിയയില്‍ താരമാകാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ മാന്യമായി ഉപയോഗിക്കണമെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. പ്രാദേശിക സംസ്കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും അത്തരം കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.