സൗദി നിയമവ്യവസ്ഥയേയും പ്രവാചകൻ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയിൽ അഞ്ച് വർഷം ജയിൽ ശിക്ഷയും ഒന്നരലക്ഷം റിയാൽ പിഴയും വിധിച്ചു. സൗദി അരാംകോയിൽ കോൺട്രാക്ടിങ് കമ്പനിയിൽ പ്ലാനിങ് എൻജിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കൻ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്
ട്വിറ്ററിലൂടെ ഒരു യൂറോപ്യൻ യുവതിയുമായി നാല് മാസം മുൻപ് അപകീർത്തി പ്രചരിപ്പിക്കും വിധം ആശയവിനിമയം നടത്തിയതിനെ തുടർന്ന് ദഹ്റാൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിത്. രാജ്യത്തെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്നവിധം പോസ്റ്റുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
അഞ്ച് വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ് സൈറ്റുകൾ സന്ദർശിക്കുന്നതും ശിക്ഷാർഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ബഹ്‌റൈനിലെ ജുഫൈറിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മർദ്ദനമേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടർന്ന് അടിയേറ്റു മരിച്ചത്.
മൽപ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേൽക്കുകയിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പ്രണയവിവാഹത്തെ എതിര്‍ത്ത കുടുംബത്തോട് മകള്‍ പക തീര്‍ത്തത് വിചിത്രമായ രീതിയില്‍. തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു.
പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.
സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
യുഎഇയിൽ വരുന്ന ഏതാനും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ യുഎഇയുടെ പലയിടങ്ങളിലും മഞ്ഞുമൂടിയ നിലയിലായിരുന്നു.
രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണം. ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തി. അടുത്ത നാല് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം പുറത്തിവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ച ചൂട് കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി കൊല്ലപ്പെട്ടു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടിഎന്‍ ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന നവീന്‍ തന്റെ ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്നാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു നവീന്റെ വിവാഹം. ഭാര്യ നാട്ടിലാണ്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു നവീനെ മരണം കവര്‍ന്നെടുത്തത്.
രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴി ഫഹാഹീലില്‍ വച്ച് നവീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. നവീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് നൽകുന്നതെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്‍റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റിയിലൂടെ അടിയന്തരസഹായമായി നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു. രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും 40 ലക്ഷം റിയാലിന്‍റെ (7.6 കോടി രൂപ) ധനസഹായം ഖത്തര്‍ ചാരിറ്റി വഴി സമാഹരിച്ച് കേരളത്തിന് കൈമാറുന്നതിനുള്ള നടപടികളും ഖത്തര്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
ദുബായ്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു.
നേരത്തേ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന് യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്ത്തിക്കുമെന്നും അടിയന്തര സഹായം നല്കാന് ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില് ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്
ബഹ്റൈനില് സര്ക്കാര് ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി ഡോക്ടര്മാരെ മരിച്ച നിലയില് കണ്ടെത്തി. ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമാണ് മരിച്ചത്. സഹപാഠികള് ആയ ഇവരെ ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്ളാറ്റില് കണ്ടെത്തിയത്. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ്. ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു. ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില് മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്ന്ന് പോലീസിനെ അറിയിച്ചു.
പോലീസെത്തി വാതില് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്. ഉടന് രണ്ടുപേരുടേയും മൃതദേഹങ്ങള് സല്മാനിയാ ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവ് ബഹ്‌റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. നാട്ടില്നിന്ന് ഇരുവരുടേയും ബന്ധുക്കള് ഇന്നലെ ബഹ്റൈനില് എത്തിയിട്ടുണ്ട്. നടപടികള് പൂര്ത്തിയായ ശേഷം മൃതദേഹങ്ങള് നാട്ടിലേക്കയക്കും.