Middle East

ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

 

എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.

ന്യൂസ് ഡെസ്ക്

വനിതകൾക്കായുള്ള ആദ്യ കാർ ഷോറൂം സൗദിയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി മാറി. ജെദ്ദയിലെ റെഡ് സീ പോർട്ടിലുള്ള ഷോപ്പിംഗ് മാളിലാണ് പുതിയ കാർ ഷോറൂം. വിവിധ കമ്പനികളുടെ കാറുകൾ ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി ഫൈനാൻസ് സൗകര്യവും ബാങ്കുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ ഷോറൂമുകളിൽ വനിതകൾ മാത്രമേ സ്റ്റാഫ് ആയിട്ടുള്ളൂ.

സൗദിയിൽ  മുപ്പതു വർഷമായി നിലവിലിരുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് നിരോധനം കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കിംഗ് സൽമാൻ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാഹന ഷോറൂമുകൾ ഉടൻ തന്നെ തുറക്കും. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വനിതകളെ 1990 കളിൽ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. കാറുകൾക്ക് പുറമേ മോട്ടോർ ബൈക്കുകൾ ഓടിക്കാനും അനുമതി നല്കാൻ സൗദി ലക്ഷ്യമിടുന്നു.

മനാൽ അൽ ഷരീഫ് എന്ന വനിതയാണ് ഡ്രൈവിംഗ് ലൈസൻസ് നിരോധനം നീക്കാനുള്ള കാമ്പയിന് നേതൃത്വം നല്കിയത്. 2011 ൽ കാർ ഓടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മനാലിനെ ഒൻപത് ദിവസം ജയിലിൽ അടച്ചു. അന്താരാഷ്ട്ര രംഗത്ത് വൻ പ്രതിഷേധമാണ് അന്ന് ഈ നടപടിക്കെതിരെ ഉയർന്നത്.ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ജെദ്ദയിൽ നടന്ന മാച്ചിലാണ് വനികൾക്ക് ഫുട്ബോൾ കാണാൻ അവസരം നല്കിയത്.  സ്പോർട്സ് രംഗത്ത് വനിതകൾക്ക് കൂടുതലായി പങ്കെടുക്കാൻ അനുമതി നല്കുന്ന കാര്യം സൗദി പരിഗണിച്ചു വരികയാണ്.

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി  അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്നയാൾക്കാണ് വൻ തുക സമ്മാനം ലഭിച്ചത്.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വർഷാ വസാനത്തെ(ഡിസംബർ) നറുക്കെടുപ്പാണിത്.

ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാനാകാതെ സ്ത്ബ്ധനായി. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും ഇന്ന് തിരഞ്ഞെടുത്തു. 450,000, 100,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.

ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 ഉം ഇന്ത്യക്കാർക്കായിരുന്നു. ഇവരിൽ‌ മലയാളികളാണ് കൂടുതലും. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിൽ ഒാരോ മാസവും പ്രീതി വർ‌ധിച്ചുവരുന്നു.

നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാൾക്ക് ഒൻപത് കോടി രൂപ സമ്മാനം ലഭിച്ചു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു

ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസർകോട് നീലേശ്വരം സ്വദേശി രാഹുലിനെ(26)യാണ് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ടെത്തിയത്.

അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് രാഹുൽ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്നു ആരോടും പറയാതെ പോയത്. അന്നു മുതൽ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. ഇന്നലെ ഉച്ച മുതൽ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചിലിലായിരുന്നു

ഇന്നലെ  ഉച്ചയ്ക്കാണ് തൊട്ടടുത്തെ സ്വദേശി വീട്ടിൽ ഡ്രൈവറായ പാലക്കാട് ചെർപുളശ്ശേരി സ്വദേശി ഉമർ ഫാറൂഖ് രാഹുലിനെ പാർക്കിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി തണുപ്പു സഹിച്ച് പാർക്കിൽ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുൽ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു.

കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉമർ രാഹുലിന് ഭക്ഷണം നൽകുകയും പൊലീസിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത് വിവരണം സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ, പൊലീസ് എത്തും മുൻപേ യുവാവ് സ്ഥലം വിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ രാഹുൽ പാർക്കിൽ നിന്നു അപ്രത്യക്ഷനായി. തുടർന്ന് ഉമർ, സാമൂഹിക പ്രവർത്തകനായ സിജു പന്തളം, പാർക്കിന്റെ സുരക്ഷാ ജീവനക്കാരൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ ബർഷ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാൻ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.

 

ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് എയര്‍ ഇന്ത്യയുടെ പുതിയ ഓഫര്‍. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ നല്‍കുന്നത്.

ഇന്നലെ മുതലാണ് ആനുകൂല്യം ലഭ്യമായിത്തുടങ്ങിയത്. ഇക്കണോമി ക്ലാസുകാര്‍ക്കായി ആരംഭിച്ച ആനുകൂല്യം ഒക്ടോബര്‍ 31 വരെയാണ്. ഒരാള്‍ക്ക് ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ പാടില്ല. കേരളത്തിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്.

ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എട്ട് കിലോ ഗ്രാം ഹാന്‍ഡ് ലഗേജും ലാപ്‌ടോപ്പും കൊണ്ടുപോകാം. എന്നാല്‍, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ എട്ടു കിലോയില്‍ ഉള്‍പ്പെടും. ഒരു ബാഗിന് 32 കിലോയില്‍ കൂടുതല്‍ ഭാരം പാടില്ല. എയര്‍ ഇന്ത്യയില്‍ നിലവില്‍ 40 കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി. ഇതില്‍ക്കൂടുതല്‍ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

ഗൾഫിൽ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോട് സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്.

യുഎഇ കഴിഞ്ഞാല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പെണ്‍വാണിഭ സംഘങ്ങള്‍ താവളമടിച്ചിരിക്കുന്നത് ഏറെയും അയല്‍രാജ്യമായ ഒമാനിലാണ്. യുഎഇയിലേയ്ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടികളെയും യുവതികളെയും ഒമാനില്‍ കൊണ്ട് വന്ന് അവിടെ നിന്ന് യുഎഇയിലേയ്ക്കും തിരിച്ചും കടത്തുന്നു.

ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തവെ, പെണ്‍കുട്ടികള്‍ അധികൃതരുടെ വലയില്‍പ്പെടുന്ന സംഭവങ്ങള്‍ നേരത്തെ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിക്രൂരമായി കാറിന്റെ ഡിക്കിയില്‍ കിടത്തി ഒമാനില്‍ നിന്ന് യുഎഇയിലേയ്ക്ക് കടത്തി ഏജന്റിന് കൈമാറിയ മലയാളി പെണ്‍കുട്ടി അനാശാസ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം രണ്ട് വര്‍ഷം മുന്‍പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടിയ ശേഷം അതിര്‍ത്തിയിലെത്തുമ്പോള്‍ ഡിക്കിയില്‍ അടയ്ക്കുകയാണ് ചെയ്തത്. മസ്‌കറ്റ് അതിര്‍ത്തിമുതല്‍ അജ്മാന്‍ വരെ മണിക്കൂറുകളോളം ഈ പെണ്‍കുട്ടി ഡിക്കിയില്‍ ചുരുണ്ടുകൂടിക്കിടന്നാണു യാത്ര ചെയ്തത്. ആകെ പരവശയായിരുന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ ഞെട്ടലില്‍ നിന്ന് മോചിതയായത്.

പിന്നീട്, മാസങ്ങള്‍ക്ക് കഴിഞ്ഞ് പെണ്‍കുട്ടി അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പൊലീസിനോട് ഇക്കാര്യം വിവരിക്കുകയായിരുന്നു. ജീവാപായം പോലും സംഭവിക്കാവുന്ന തരം ക്രൂരതയാണ് ഏജന്റുമാര്‍ പെണ്‍കുട്ടിയോട് ചെയ്തത്. പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഏജന്റുമാരോടൊപ്പം പെണ്‍കുട്ടിയും ജയിലിനകത്താകുമായിരുന്നു.

ഇതേസമയം, യുഎഇയില്‍ നിന്ന് ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോണിക്ക പണ്ഡിറ്റ് എന്ന യുവതിയെ ഇന്ത്യയില്‍ നിന്നു യുഎഇ വഴി ഒമാനിലേയ്ക്ക് കടത്തിയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ നിന്ന് മോണിക്ക രക്ഷപ്പെട്ട് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതോടെയാണ് വീണ്ടും ഒരാള്‍ കൂടി അകപ്പെട്ട വിവരം പുറംലോകമറിയുന്നത്. മോണിക്കയുടെ മക്കളുടെ പരാതിയിന്‍മേലായിരുന്നു മന്ത്രിയുടെ നടപടി.

ഗള്‍ഫില്‍ ജോലി വാഗ്ദാനം ലഭിച്ചതോടെയാണ് മോണിക്ക ടാപ്പാ പണ്ഡിറ്റ് എന്ന ഹരിയാന സ്വദേശിനി യു എ ഇയില്‍ എത്തിയത്. മുംബൈയിലെ ഏജന്റ് മുഖേന ഡല്‍ഹി വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം ജൂലൈ 23ന് മോണിക്കയെ ഷാര്‍ജയില്‍ എത്തിച്ചു. അന്ന് രാത്രി തന്നെ അജ്മാനിലെ ഏജന്റിന്റെ ഓഫീസില്‍ ജോലിക്കായി അയച്ചു. ഇതിനു ശേഷമാണ് താന്‍ ചതിക്കുഴിയില്‍ അകപ്പെട്ടു എന്ന് മോണിക്കയ്ക്ക് മനസിലാകുന്നത്.

ഒരു മാസത്തെ സന്ദര്‍ശക വീസയിലെത്തിയ ഇവര്‍ക്ക് ഒമാനില്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സൊഹാറിലേയ്ക്കു കടത്തിയത്. ഇവിടെ ഒരു സ്വദേശിയുടെ വീട്ടില്‍ മോണിക്ക ജോലി ചെയ്തു വരുന്നതിനിടെ മജസ്സു എന്ന സ്ഥലത്തു നിന്നു യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസിയുടെ സംരക്ഷണത്തില്‍ എത്തിക്കുകയായിരുന്നു.

മൂന്ന് മാസത്തിലേറെ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ മോണിക്കയുടെ കാര്യത്തില്‍ തുടര്‍നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു യുവതിയുടെ കുടുംബം സുഷമാ സ്വരാജിന്റെയടുത്ത് പരാതിയുമായി എത്തിയത്. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് മുംബൈയിലെ ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയുണ്ടായി.

യുഎഇയില്‍ ബേബി കെയറില്‍ ജോലിക്ക് വന്ന മാവേലിക്കര സ്വദേശിനി മീര വാസുദേവന്‍ ഒടുവില്‍ എത്തപ്പെട്ടത് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍. അജ്മാനിലെ ഒരു ഓഫീസില്‍ നിന്നു ഒമാനി സ്പോണ്‍സര്‍ മീരയെ വീട്ടു ജോലിക്കായി വാങ്ങി മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു. നാല് മാസം ഇവിടെ ജോലി ചെയ്ത മീര കഴിഞ്ഞ മാസം പകുതിയോടെ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.2016 മേയിലാണ് അജ്മാനിലെ സ്വകാര്യ ബേബി കെയറില്‍ ജോലിക്കെന്ന് പറഞ്ഞ് സുഹൃത്ത് മീരയെ ഇവിടെയത്തിച്ചത്. വീസയ്‌ക്കോ ടിക്കറ്റിനോ പണം ഈടാക്കിയിരുന്നില്ല.

മെഡിക്കല്‍ പരിശോധനയ്ക്കുള്ള 3,500 രൂപ മാത്രമാണ് മീരയ്ക്ക് ചെലവായത്. എന്നാല്‍, പറഞ്ഞ ജോലിയോ മറ്റെന്തെങ്കിലും പണിയോ ഇവിടെ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ അജ്മാനിലെ ഓഫീസില്‍ വന്നിരിക്കുക മാത്രമായിരുന്നു യുവതി ചെയ്തത്. ഒരു മാസം വരെ ഇങ്ങനെ തുടര്‍ന്നു. പന്നീടാണ് ഒരു ഒമാനി സ്ത്രീ വന്ന് മീരയെ അജ്മാനിലെ കമ്പനിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങി ഒമാനിലേക്കു കൊണ്ടുപോയത്.

നാല് മാസം വരെ 70 റിയാല്‍ ശമ്പളത്തിന് മീര ഒമാനില്‍ ജോലി ചെയ്തു. എന്നാല്‍, അധിക സമയ ജോലി കാരണം ശാരീരിക പ്രയാസം ശക്തമായതോടെ നാട്ടിലേക്ക് അയയ്ക്കാന്‍ സ്വദേശിയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായിരുന്നില്ല. 1,500 റിയാലിനാണ് തന്നെ അജ്മാനില്‍ നിന്ന് വാങ്ങിയതെന്നും ഇത്രയും തുക നല്‍കിയാല്‍ തിരച്ചയക്കാമെന്നുമായിരുന്നു സ്വദേശി വീട്ടുകാരുടെ പ്രതികരണം.

പിന്നീട് സലാലയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ വന്ന് മീരയെ ഇന്ത്യന്‍ എംബസിയിലേക്ക് എത്തിക്കുകയായിരുന്നു. 18 ദിവസമായി എംബസി ഷെല്‍ട്ടറില്‍ കഴിഞ്ഞ മീരയുടെ കൈവശം പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലായിരുന്നു. ഇതിനിടെ സ്പോണ്‍സര്‍ എംബസിയില്‍ എത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു വര്‍ഷം കൂടി ഇവരുടെ വീട്ടില്‍ ജോലി ചെയ്യണമെന്നായിരുന്നു ആവശ്യം.

തന്നോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അജ്മാനിലെ ഓഫീസില്‍ ഉണ്ടായിരുന്നതായും ഇവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും ഇവരെ വില്‍പന നടത്തുകയായിരുന്നുവെന്നും മീര വാസുദേവന്‍ പറഞ്ഞു. മീരയെ പിന്നീട് ഇന്ത്യയിലേയ്ക്ക് അയച്ചു.

പൊലീസ് നടപടികള്‍ ശക്തം: വിളിക്കുക 9999

അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്തിനെതിരെ അധികൃതരുടെ നടപടി ശക്തമാക്കിയിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെയും യുഎഇയിലും ഒമാനിലും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇത്തരക്കാരെ പിടികൂടാന്‍ നിയമപാലകര്‍ എപ്പോഴും ജാഗരൂകരായി നിലകൊള്ളുന്നു.

ഇതേസമയം, ചതിക്കപ്പെട്ട് നിരവധി സ്ത്രീകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കപ്പെടുന്നത്. യു എ ഇയില്‍ നിന്ന് ബര്‍കയിലേക്ക് അനിധികൃതമായി വീട്ടുജോലിക്ക് കൊണ്ടുവന്ന മലയാളി സ്ത്രീ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം ഉണ്ടായത് ഒരു വര്‍ഷം മുമ്പാണ്. മനുഷ്യക്കടത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും എത്തിച്ചേരുന്നത് വീട്ടുജോലിക്കാണ്. തുച്ഛമായ ശമ്പളം, കൂടുതല്‍ സമയം ജോലി തുടങ്ങി പീഡനങ്ങളാണ് ഇത്തരക്കാര്‍ നേരിടേണ്ടി വരുന്നത്.

അടുത്തിടെ മസ്‌കറ്റിലെ അല്‍ ഖുവൈര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അനാശാസ്യ കേന്ദ്രം റോയല്‍ ഒമാന്‍ പൊലീസ് അടപ്പിച്ചു. ഇന്ത്യക്കാരടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.പലപ്പോഴും രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ആവശ്യക്കാര്‍ ചമഞ്ഞെത്തുന്ന പൊലീസ് സംഘമാണ് നടത്തിപ്പുകാരെ കുടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ റോയല്‍ ഒമാന്‍ പൊലീസിനെ 9999 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

ദുബായിലും ഇതുപോലെ അനാശാസ്യക്കാര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാണ്. ഇടയ്ക്കിടെ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നടത്തിപ്പുകാരെയും ഇടപാടുകാരെയും പിടികൂടാറുണ്ട്. പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നടത്തിപ്പുകാരും യുവതികളും ഇടപാടുകാരുമൊക്കെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടുകയും അതുവഴി ജീവഹാനി സംഭവിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ ജീവന്‍ പൊലിഞ്ഞ നിരവധി മലയാളികളുമുണ്ട്. പലപ്പോഴും നടത്തിപ്പുകാരും ഏജന്റുമാരും ഇടപാടുകാരും ഓടി രക്ഷപ്പെടുമ്പോള്‍, നിരാലംബരായ സ്ത്രീകളുടെ ജീവിതമാണ് നിയമത്തിന്റെ കൈകളിലകപ്പെട്ട് തടവറയില്‍ ഹോമിക്കപ്പെടുന്നത്.

ഒമാനില്‍ ബസ്സപകടത്തില്‍ മലയാളികളടക്കം 25 പേര്‍ക്ക് പരിക്ക്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരികയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ജിഫൈനില്‍ വെച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇയാള്‍ ഖൗല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങി വരികയായിരുന്നു ഇയാള്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടു വരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ലണ്ടന്‍: 1990ല്‍ കുവൈറ്റിലേക്ക് ഇറാഖ് നടത്തിയ അധിനിവേശം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമായി ബ്രിട്ടന്‍ ഉപയോഗിച്ചെന്ന് രേഖകള്‍. അടുത്തിടെ പുറത്തു വന്ന രഹസ് രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ ആര്‍ക്കൈവ്‌സ് പുറത്തു വിട്ട രേഖകളില്‍ 1990ലെ ഗള്‍ഫ് യുദ്ധത്തിന്റെ പുരോഗതിയും അതനുസരിച്ച് ആയുധങ്ങളുടെ ആവശ്യം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആയുധ നിര്‍മാതാക്കളെ അറിയിച്ചതും സംബന്ധിച്ച വിവരങ്ങളുണ്ട്.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രതിരോധ മന്ത്രിയായിരുന്ന അലന്‍ ക്ലാര്‍ക്കിന്റെ രഹസ്യ യോഗങ്ങളുടെ വിവരങ്ങളും ഇവയില്‍ ഉണ്ട്. സദ്ദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതിന്റെ രണ്ടാമത്തെ ദിവസം ക്ലാര്‍ക്ക് മാര്‍ഗരറ്റ് താച്ചര്‍ക്ക് എഴുതിയ രഹസ്യ സ്വഭാവമുള്ള കത്തില്‍ ഇത് ആയുധക്കച്ചവടത്തിനുള്ള അസുലഭ അവസരമാണെന്ന് സൂചിപ്പിച്ചിരുന്നു. 1990 ഓഗസ്റ്റ് 19നാണ് ഈ കത്ത് എഴുതിയത്. യുദ്ധകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളേക്കുറിച്ചുള്ള വിവരങ്ങളാണ് ഇവ. ഗള്‍ഫ് യുദ്ധം മേഖലയില്‍ ആയുധക്കച്ചവടത്തിനുള്ള വലിയ അവസരമാണ് തുറന്നത്. അതോടൊപ്പം ഈ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും സഹായിച്ചെന്ന് രേഖകള്‍ പറയുന്നു.

ഡിഫന്‍സ് ആന്‍്ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ വാര്‍ഷിക കണക്കുകളനുസരിച്ച് 2016ല്‍ ആയുധക്കച്ചവടത്തിലൂടെ 6 ബില്യന്‍ പൗണ്ടാണ് യുകെ നേടിയത്. ആഗോള മാര്‍ക്കറ്റിന്റെ 9 ശതമാനം വരും ഇത്. ഇതിന്റെ പകുതിയും നേടിയത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധക്കച്ചവടം നടത്തുന്ന രാജ്യമാണ് യുകെ. അമേരിക്കയാണ് ഒന്നാമത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗള്‍ഫിലെ സംഘടനകളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഗള്‍ഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
അടുത്ത ബന്ധുക്കളില്‍ ചിലരാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ അവര്‍ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗള്‍ഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.

RECENT POSTS
Copyright © . All rights reserved