നോ പാന്റ്സ് ഡേ ആഘോഷിക്കാന്‍ പാന്റ്സ് ഊരി ബാഗില്‍ വച്ച് ലോകമെമ്പാടും യാത്ര ചെയ്തത് ആയിരക്കണക്കിന് ആളുകള്‍. ന്യൂയോര്‍ക്ക്, മോസ്കോ, ജറുസലേം, ലണ്ടന്‍, ടോക്കിയോ എന്ന് വേണ്ട ലോകമെങ്ങുമുള്ള ഇരുപത്തിയേഴ് നഗരങ്ങളില്‍ ആളുകള്‍ പാന്റ് ഇല്ലാതെ യാത്ര ചെയ്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പുതു വത്സരത്തിലെ ആദ്യ ഞായറാഴ്ചയാണ് നോ പാന്റ്സ് റൈഡിന് തെരഞ്ഞെടുക്കുന്നത്. സംഘം ചേര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ശേഷം പാന്റ് ഊരി ബാഗില്‍ വച്ച് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ യാത്ര ചെയ്യുക എന്നതാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത്.
രണ്ടായിരത്തി പതിനെട്ടിലെ ആദ്യ ഞായറാഴ്ച ആയ ഇന്നലെ ആയിരുന്നു ഈ പരിപാടി വീണ്ടും അരങ്ങേറിയത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇത്തവണ പാന്‍റ് ഊരാന്‍ തയ്യാറായി എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഒരു തമാശ എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കാര്യം തമാശ ആണെങ്കിലും കടുത്ത തണുപ്പില്‍ പാന്‍റ് ഇല്ലാതെ യാത്ര ചെയ്യുന്നത് അല്‍പ്പം കടുപ്പം തന്നെയാണ് എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം.
നോ പാന്‍റ്സ് സബ് വേ റൈഡിന്‍റെ ചരിത്രം
2002ല്‍ ഒരു പ്രതിഷേധം എന്ന നിലയിലാണ് ന്യൂയോര്‍ക്കില്‍ ഇത് ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ പങ്കെടുത്തത് ആകെ ഏഴു പേര്‍ മാത്രം. തുടങ്ങാനുള്ള കാരണം ഇതാണ്, ന്യൂയോര്‍ക്കിലെ മെട്രോ സബ് വേ റെയിലില്‍ കയറുന്ന യാത്രക്കാര്‍ പത്രമോ പുസ്തകമോ ഒക്കെ കയ്യില്‍ കരുതിയാണ് കയറുന്നത്. ആരും ആരെയും ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ഇല്ല. പുസ്തകത്തിലോ പത്രത്തിലോ മുഖം താഴ്ത്തി ഇരിക്കും. ഇതിനെതിരെ പ്രതിഷേധം ആയിട്ടാണ് ഇത് ആദ്യം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാര്‍ ഓരോ സ്റ്റേഷനില്‍ നിന്ന് ഓരോരുത്തരായി ട്രെയിനില്‍ കയറി, ആരും പാന്‍റ് ധരിച്ചിരുന്നില്ല. എന്നാല്‍ പലരും ഇതൊന്നും ശ്രദ്ധിച്ചതേ ഇല്ല. ശ്രദ്ധിച്ചവര്‍ ആവട്ടെ എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും മറന്നു പോയി എന്ന മറുപടിയില്‍ തൃപ്തരായി തങ്ങളുടെ കാര്യങ്ങളില്‍ മുഴുകി. എന്നാല്‍ ഒരു വിരുതന്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഡോളറിന് ഒരു പാന്‍റ് എന്ന ഓഫറുമായി ട്രെയിനില്‍ എത്തി. ഇതും ഇവരില്‍ ഒരാള്‍ തന്നെ ആയിരുന്നു.
രണ്ടാം വര്‍ഷത്തില്‍ പാന്‍റ് ഊരിക്കളയാന്‍ മുന്‍പോട്ടു വന്നത് മുപ്പത് പേര്‍ ആയിരുന്നു. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ 2006ല്‍ കളി മാറി. പാന്റിടാതെ വന്ന എട്ടു പേരെ ഒരു പോലീസുകാരന്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതോടെ സംഭവം ജനശ്രദ്ധ ആകര്‍ഷിച്ചു. സംഭവം കോടതിയില്‍ എത്തിയപ്പോള്‍ കോടതി പ്രതിഷേധക്കാരുടെ കൂടെ നിന്നു. ന്യൂയോര്‍ക്കില്‍ എവിടെയും ആര്‍ക്കും അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്യാം എന്നും പാന്റ്സ് ധരിക്കണം എന്നൊരു നിയമം അമേരിക്കയില്‍ ഇല്ലയെന്നും പറഞ്ഞ കോടതി എല്ലാവരെയും വെറുതെ വിട്ടു.
2010 ആയതോടെ ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഈ പരിപാടി ലോകത്തെ പല നഗരങ്ങളിലും ആയി. ചിലയിടങ്ങളില്‍ മേയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ചിലയിടങ്ങളില്‍ ജനുവരി 8നും ഇത് ആചരിക്കുന്നുണ്ട്. എന്തായാലും ലണ്ടനില്‍ ഇന്നലെ ആയിരുന്നു പാന്റില്ലാത്ത യാത്രികര്‍ ട്യൂബ് ട്രെയിനില്‍ നിറഞ്ഞത്.
സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചതിനു സാക്ഷികളായാവരില്‍ ബാക്കിയാവുന്നവരിലൊരാളാണ് സഖാവ് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതയിലും മനസിലെ വിപ്ലവവീര്യം ചോരാത്ത സഖാവ്. കൃഷ്ണപിള്ളയും എകെജിയുമൊക്കെ ഇന്നും സിരകളിലെ ഊര്‍ജ്ജപ്രവാഹമാണ് ഭാഗീരഥിയമ്മയ്ക്ക്. അതുകൊണ്ട് തന്നെ വി.ടി ബല്‍റാം എംഎല്‍എ, എകെജിയെ കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സഖാവ് ഭാഗീരഥിയമ്മയുടെ ശബ്ദം വിറച്ചിരുന്നു…
മനുഷ്യനെ അറിഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എകെജി. ആ സഖാവിനെ കുറിച്ച് ഇത്തരത്തിലോരൊന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍, സഹിക്കാന്‍ കഴിയില്ല.
സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എകെജിയെയാണ് ഞാന്‍ ആദ്യം കാണുന്നത്. എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും, അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല’, അദ്ദേഹത്തിന്റെ വാക്കുകളാണിത്; ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.
പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തി തന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. ഈ പ്രസ്ഥാനം ഇന്നും ശക്തിയോടെ നിലനില്‍ക്കുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ സഖാവ് എകെജിയോടും കൃഷ്ണപിള്ള സഖാവിനോടും ഈയെമ്മിനോടുമൊക്കെ പുലര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. ബല്‍റാമിനെ പോലുള്ളവര്‍ അപമാനിക്കുന്നത് ഈ സാധാരണക്കാരെയാണ്.
കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെ പരിഹസിക്കുന്ന ബല്‍റാമിനെ പോലുള്ളവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. എന്റെ വീട്ടിലും സഖാക്കന്മാര്‍ ഒളിച്ചു താമസിച്ചിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്… എന്നോടവരാരും ഒരു മോശവും പറഞ്ഞിട്ടില്ല. അതിനായിരുന്നില്ല അവര്‍ക്കു സമയം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വരുന്ന ഭീരുക്കളായിരുന്നില്ല സഖാക്കള്‍. ഞങ്ങളുടെ സഖാക്കള്‍ ധീരന്മാരായിരുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് പ്രസ്ഥാനത്തിനും നാടിനും വേണ്ടിയായിരുന്നു. ബല്‍റാമിനെ പോലുള്ളവര്‍ കളിക്കുന്ന രാഷ്ട്രീയമായിരുന്നില്ല അന്ന് സഖാക്കന്മാര്‍ നടത്തിയിരുന്നത്. അതേക്കുറിച്ചൊക്കെ പറയാന്‍ തന്നെ വേണം ചങ്കൂറ്റം.
എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു. പലപ്പോഴും പാര്‍ട്ടി മീറ്റിംഗുകള്‍ കൂടുന്നത് ഞങ്ങളുടെ വീട്ടില്‍വച്ചാണ്. പലനേതാക്കളും അന്നവിടെ വന്നുപോകുമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് പലരും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്‍ ഒന്നും ഞങ്ങളോട് പറയുകയുമില്ല. എന്നാല്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിവിലിരുന്ന ഒരു സഖാവിനെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഉണ്ടായ തരിപ്പ് ഇന്നും എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല; സഖാക്കന്മാരുടെ സഖാവ് പി കൃഷ്ണപിള്ളയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലെ തട്ടിന്‍പുറം അന്നത്തെ കമ്യൂണിസ്റ്റുകരുടെ പ്രധാന ഒളിത്താവളം ആയിരുന്നു. എന്റെ അമ്മയ്ക്ക് നല്ല ധൈര്യമായിരുന്നു. പട്ടാളമോ പോലീസോ വീട്ടില്‍ തിരക്കിവന്നാല്‍ അമ്മ അവരോട് തട്ടിക്കയറും. പിന്നീട് പട്ടാളം വീട്ടില്‍ കയറി അക്രമം കാണിച്ചിട്ടുണ്ടെങ്കിലും ഒളിച്ചിരുന്ന ഒരാളെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പിടികൂടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒളിവിലിരിക്കുന്നവര്‍ക്ക് കഞ്ഞി വിളമ്പി കൊടുക്കുന്നത് എന്റെ ചുമതലയാണ്. ഞങ്ങളുടെ വീടിന് ചുറ്റിലുമുള്ള ചിലരൊക്കെ ബ്രിട്ടീഷ് പക്ഷമാണ്. അതുകൊണ്ട് കഞ്ഞികൊടുക്കുന്ന സമയമാകുമ്പോള്‍ അമ്മ പുറത്ത് വേലിക്കലിറങ്ങി നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍. ഈ സമയം ഞാന്‍ കഞ്ഞി കൊടുക്കും. ഒരു ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു സഖാവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാന്‍ ഉണ്ടാക്കിയ കഞ്ഞിയും കൂട്ടാനും അദ്ദേഹം സ്വാദോടെ കുടിച്ചു. കുറച്ചു കഴിഞ്ഞ് ചേട്ടന്‍ വന്നു. കൂട്ടാനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചേട്ടന്‍ പറയുന്നത് ഇതിനൊട്ടും ഉപ്പില്ലല്ലോടിയെന്ന്. ഞാന്‍ പെട്ടെന്ന് തട്ടിലിരിക്കുന്ന സഖാവിനെ നോക്കി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. സാരമില്ലെന്ന് തലയാട്ടി. ഞങ്ങളുടെ വീടിനു മാറിയിട്ടുള്ള മറ്റൊരു വീട്ടിലും ഒരു സഖാവ് ഒളിവില്‍ ഇരിപ്പുണ്ടായിരുന്നു. അന്നൊക്കെ ഭക്ഷണത്തിനൊക്കെ വല്ലാത്ത ബുദ്ധിമുട്ടുള്ള കാലമാണ്. ആ വീട്ടിലാണെങ്കില്‍ ഒരു ദിവസം കഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ വന്നു. സഖാവ് ഒളിവിലിരിക്കുകയല്ലേ, എന്തു ചെയ്യുമെന്ന് ആലോചിച്ച് ആകെ വിഷമിച്ചിരിക്കുകയാണ് അവിടുത്തെ ചേച്ചി. അപ്പോഴാണ് ഉണ്ടായിരുന്നതില്‍ ഒരു കോഴി മുട്ടയിടുന്നത്. ഉടനെ ആ മുട്ടയെടുത്ത് പുഴുങ്ങി ഒരു ഗ്ലാസ് പച്ചവെള്ളവുമായി സഖാവിനു കൊടുത്തു. ആ സഖാവ് അപ്പോള്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ഇതു മാത്രമേയുള്ളൂവെന്നു പറഞ്ഞപ്പോള്‍ സഖാവ് ചിരിയോടെ പറഞ്ഞത് എന്റെ വിശപ്പല്ല, നിങ്ങളുടെയൊക്കെ വിശപ്പാണ് വലുത് എന്നായിരുന്നു. വൈകിട്ട് ചെന്നു നോക്കുമ്പോഴും സഖാവ് എഴുതി കൊണ്ടിരിക്കുകയാണ്, മുട്ടയും വെള്ളവും അതുപോലെ തന്നെ…. രാവിലെ തുടങ്ങിയ എഴുത്ത്, വൈകും വരെ, ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ. ഒടുവില്‍ ആ ചേച്ചി നിര്‍ബന്ധിച്ചപ്പോഴാണ് കഴിക്കാന്‍ തയ്യാറായത്. ഇക്കാര്യം ആ ചേച്ചി വന്നു പറഞ്ഞത് ഇന്നും ഞാന്‍ മറന്നിട്ടില്ല; ഭാഗീരഥിയമ്മ പറയുന്നു.
വലിയ കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമിനെ ഒരു സംഭവം കൂടി ഓര്‍മിപ്പിക്കാം…
വയലാര്‍ വെടിവപ്പിനുശേഷമാണ്, ഒരിക്കല്‍ എകെജി വയലാറില്‍ ഒളിവില്‍ താമസിക്കാനെത്തി. അന്നദ്ദേഹം ഒളിവിലിരുന്നത് ദേവകി ചേച്ചിയുടെ വീട്ടിലാണ്. ദേവകി ചേച്ചിയെന്നാല്‍ വയലാര്‍ രവിയുടെ അമ്മ ദേവകി കൃഷ്ണന്‍. ദേവകി ചേച്ചിയും കൃഷ്ണന്‍ ചേട്ടനും അന്ന് കമ്യൂണിസ്റ്റുകാരായിരുന്നു. എകെജിയെ വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുന്നതില്‍ കൃഷ്ണന്‍ ചേട്ടന്‍ ആദ്യം ചെറിയൊരു എതിര്‍പ്പ് പറഞ്ഞു. മറ്റൊന്നുമായിരുന്നില്ല, അവിടെവച്ചെങ്ങാനും പോലീസ് സഖാവിനെ പിടിക്കുകയാണെങ്കില്‍ അത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. പക്ഷേ ദേവകി ചേച്ചിക്ക് നല്ല ധൈര്യമായിരുന്നു.
എകെജിയെ തേടി ഒരു ദിവസം അവിടെ പോലീസ് എത്തി. ദേവകി ചേച്ചി ഉടന്‍ തന്നെ അകത്തിരുന്ന കോടാലിയെടുത്ത് എകെജിയുടെ കൈയില്‍ കൊടുത്തിട്ട് പുറത്ത് കിടക്കുന്ന വിറക് കീറിക്കോളാന്‍ പറഞ്ഞു. എകെജി ഉടന്‍ തന്നെ കള്ളിമുണ്ടൊക്കെ ഉടുത്ത് തലേല്‍ക്കെട്ടുമൊക്കെ കെട്ടി വിറകു കീറാന്‍ കൂടി. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ അകത്തുകേറി പരിശോധിച്ചോളാന്‍ ദേവകി ചേച്ചി പറഞ്ഞു. പോലീസുകാര്‍ക്ക് ആരെയും വീടിനകത്ത് നിന്ന് കിട്ടിയില്ല. പോകാാന്‍ നേരത്താണ് വിറകു കീറുന്നയാളെ കാണുന്നത്. എന്നാല്‍ ആയാളെക്കൂടി ഒന്നു ചോദ്യം ചെയ്‌തേക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടനെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അവരെ തടഞ്ഞു. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കോളൂ ഞാന്‍ പോയി അയാളോട് സംസാരിക്കാമെന്ന് എസ് ഐ. എസ് ഐ അടുത്തേക്ക് വരുന്നത് കണ്ട് എകെജി കരുതലോടെ നില്‍ക്കുകയാണ്. അടുത്തെത്തിയ ആ പോലീസുകാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു ‘സഖാവേ… കഴിവതും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോളണം’. എകെജിയെ സ്‌നേഹിക്കുന്നവരില്‍ ഒരാളായിരുന്നു ആ എസ്‌ഐയും.
പറയാന്‍ ഉണ്ടെങ്കില്‍ ഇനിയുമുണ്ട് ഞങ്ങളുടെ സഖാവിനെ കുറിച്ച്… പക്ഷേ നീചമനഃസ്ഥിതിക്കാര്‍ക്ക് എകെജിയെ പോലൊരു മനുഷ്യനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം… ഞങ്ങള്‍ നടത്തുന്ന പോരാട്ടം നിങ്ങള്‍ക്കു വേണ്ടിയാണ് എന്നു നിറതോക്കിനു മുന്നില്‍ നിന്ന് ഉശിരോടെ വിളിച്ചു പറഞ്ഞ സഖാക്കന്മാര്‍ ഉറങ്ങുന്ന വയലാറിന്റെ മണ്ണില്‍ നിന്നു കൊണ്ട് ഒരു കാര്യം കൂടി ബല്‍റാമിനെ പോലുള്ളവരോട് പറയാം;
നിങ്ങള്‍ എകെജിയെ അപമാനിച്ചാല്‍ വേദനിക്കുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്കാണ്…
രോഗശയ്യയിലായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിന് മകൻ കാട്ടിയത് കണ്ണില്ലാത്ത ക്രൂരത. അമ്മയുടെ രോഗത്തിൽ മനസുമടുത്ത മകൻ അമ്മയെ വീടിന്റെ ടെറസിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. കോളേജ് അധ്യാപകനായ മകനാണ് അമ്മയെ മൃഗീയമായി കൊന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ സന്ദീപ് നെത്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണു മകന്റെ കൈയാൽ കൊല്ലപ്പെട്ടത്. ടെറസിൽ നിന്ന് കാൽവഴുതി വീണാണ് അമ്മ മരിച്ചതെന്നായിരുന്നു മകൻ പൊലീസിന് നൽകിയ മൊഴി. ഈ ഘട്ടത്തിൽ പോലീസിനു സംശയമൊന്നും തോന്നിയില്ല. കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രഹസ്യവിവരത്തിന്രെ അടിസ്ഥാനത്തിൽ കേസിൽ പൊലീസ് പുനരന്വേഷണം നടത്തിയതോടെയാണ് യഥാർഥ കുറ്റവാളിയെ തിരിച്ചറിഞ്ഞത്.
പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് വീണ്ടും അന്വേഷിച്ചു. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തിൽ മനം മടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി.
തിയേറ്ററുകള്‍ വിജയ കാഹളം മുഴക്കി മുന്നേറുന്ന ക്രിസ്തുമസ് ചിത്രം ആട് 2 ബോക്‌സോഫീസ് ഹിറ്റാവുകയാണ്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ രണ്ടുദിവസം മുമ്പേ എങ്കിലും ബുക്ക് ചെയ്യാതെ ലഭിക്കുകയില്ലെന്ന സ്ഥിതിയാണുള്ളത്. വിജയത്തിന്റെ മാറ്റുകൂട്ടാന്‍ നിരന്തരം പ്രമോഷനുകള്‍ നല്‍കുവാനും അണിയറ പ്രവര്‍ത്തകര്‍ മടിക്കുന്നില്ല.
ഇതിന്റെ ഭാഗമായി എന്നോണം ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പുറത്തുവിട്ട ആട് 2 മെയ്ക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ പല ഭാഗങ്ങളും ചിത്രീകരിച്ചത് എങ്ങനെയെന്നും അതിനിടെയുണ്ടായ രസകരമായ സംഭവങ്ങളും മെയ്ക്കിംഗ് വീഡിയോയില്‍ കാണാം. അണിയറയില്‍ ചിത്രത്തിനായി കഷ്ടപ്പെട്ട ആളുകളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും ഈ മെയ്ക്കിംഗ് വീഡിയോയ്ക്ക് സാധിക്കുന്നു.
‘ദിസ് ഈസ് മൈ എന്റര്‍ടൈന്‍മെന്റ്’ എന്ന വിനായകന്റെ ഡയലോഗും പിന്നിലുണ്ടാകുന്ന സ്‌ഫോടനവും ട്രെയിലറില്‍ത്തന്നെ ഏവരും കണ്ടതാണ്. എന്നാല്‍ ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്നും മെയ്ക്കിംഗ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ താഴെ കാണാം.
റിയാദ്: പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ച് വീഡിയോ പകര്‍ത്തി നഴ്‌സുമാര്‍. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. മൂത്രനാളിയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സക്ക് പ്രവേശിപ്പിച്ച നവജാത ശിശുവിനെയാണ് നഴ്‌സുമാര്‍ ഉപദ്രവിച്ചത്. കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് മുഖം അമര്‍ത്തുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. കുഞ്ഞിനെ ഉപദ്രവിച്ചുകൊണ്ട് ഇവര്‍ ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആശുപത്രി ഏതാണെന്ന് തിരിച്ചറിയുകയും നഴ്‌സുമാരെ പുറത്താക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലും തങ്ങളുടെ കുഞ്ഞിന് ലഭിച്ച ‘ചികിത്സ’യെക്കുറിച്ച് അറിഞ്ഞത്.
തൈഫിലെ മെറ്റേണിറ്റി ആശുപത്രിയിലെ മൂന്ന് നഴ്‌സുമാരെയാണ് പുറത്താക്കിയതെന്ന് തൈഫ് ഹെല്‍ത്ത് അഫയേഴ്‌സ് വക്താവ് അബ്ദുള്‍ഹാദി അല്‍ റബീ പറഞ്ഞു. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളിലും പ്രാക്ടീസ് ചെയ്യാനാകാത്ത വിധത്തില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തോളമാണ് കുഞ്ഞ് ചികിത്സക്കായി ആശുപത്രിയിലുണ്ടായിരുന്നത്. ഈ വീഡിയോ തങ്ങളെ ഞെട്ടിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ജനപ്രിയ സീരിയലുകള്‍, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍. രണ്ടാംവരവില്‍ തിരക്കിലാണ് ഉമ. അപ്പോഴേക്കും ഒരു വിവാദമെത്തി. ഉമയെ വാര്‍ത്തകളില്‍ കൊണ്ടെത്തിച്ചത് ഇതൊന്നുമായിരുന്നില്ല, ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഉമ നടത്തിയ പരാമര്‍ശമായിരുന്നു. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടന്‍ ജയനെ കുറിച്ചായതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു.
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു വിവാദത്തില്‍ പെടുക, അല്ലെങ്കില്‍ പ്രശ്‌നത്തില്‍ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള്‍ എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്.
സത്യം പറഞ്ഞുകഴിഞ്ഞാല്‍ വിഷമം ഉണ്ട്. ഞാന്‍ ഈ മേഖലയില്‍ വന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയില്‍ ആണെങ്കില്‍ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങള്‍ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാന്‍ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്.
ഞാന്‍ നേട്ടങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവര്‍ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തെ ഞാന്‍ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാല്‍ അവര്‍ പറഞ്ഞുതരും, നമ്മളെ അവര്‍ സ്‌നേഹിക്കും.
പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. പക്ഷേ നിലനില്‍ക്കണമെങ്കില്‍ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിര്‍ത്തൂ. പ്രത്യേകിച്ച് മലയാളികള്‍, കഴിവില്ലാത്തവരെ നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങള്‍ സംവിധായകര്‍ തരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോള്‍ ആ വിശ്വാസം പോകുന്നോ അപ്പോള്‍ അവര്‍ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയണം. അവര്‍ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനില്‍പ്പുള്ളൂ.
ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തില്‍ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനല്‍ വീണാല്‍ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാന്‍ പോയാല്‍ എന്നേക്കാള്‍ മികച്ച പത്തുപേര്‍ വരും. ഇതുകണ്ട് അഹങ്കരിക്കാന്‍ നിന്നാല്‍ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.ഉമ പറയുന്നു.
ലണ്ടന്‍: ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍ ശരീരം വില്‍ക്കാനിറങ്ങിയ ലൈംഗികത്തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥകള്‍ വെളിപ്പെടുത്തി പോലീസ് ഓഫീസര്‍. കുഞ്ഞിന് ജന്മം നല്‍കി അരമണിക്കൂറിനുള്ളില്‍ ലൈംഗികത്തൊഴിലിന് തെരുവിലെത്തിയ സ്ത്രീയുടെ ദൈന്യം നിറഞ്ഞ കഥയും ഇവര്‍ പറയുന്നു. പണത്തിന് അത്രമേല്‍ ആവശ്യമുണ്ടായിരുന്നതാണ് ആ സ്ത്രീയെ വേദനയിലും ഈ തൊഴിലിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പിസിഎസ്ഒ ജാക്വി ഫെയര്‍ബാങ്ക്‌സ് വിവരിക്കുന്നു. യുകെയിലെ ലൈംഗികത്തൊഴിലാളികള്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഹള്‍ ഡെയിലി മെയിലില്‍ ഇവര്‍ വിശദീകരിക്കുന്നത്.
ഹള്‍ മേഖലയിലെ ഹെസില്‍ റോഡില്‍ ലൈംഗികത്തൊഴില്‍ നടത്തുന്ന സ്ത്രീകള്‍ക്കിടയിലാണ് ജാക്വി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. വളരെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഈ സ്ത്രീകള്‍ ജീവിക്കുന്നത്. ഇവര്‍ക്ക് ചുറ്റുമുള്ളത് വളരെ നിര്‍ദ്ദയമായ ലോകമാണ്. മിക്ക സ്ത്രീകളും സ്വന്തമായി വീടുകള്‍ പോലും ഇല്ലാത്തവരാണ്. ഇവര്‍ നിത്യേനയെന്നോണം ശാരീരിക പീഡനങ്ങള്‍ക്കും വിധേയരാകുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയരായവരാണ് ഈ തൊഴിലില്‍ എത്തപ്പെടുന്നവരെന്നും ജാക്വി വ്യക്തമാക്കുന്നു.
മനുഷ്യക്കടത്തിനും പിമ്പുകളുടെയും പുരുഷ സുഹൃത്തുക്കളുടെയും ചൂഷണങ്ങള്‍ക്കും ഇരയായിട്ടുള്ള ഇവരില്‍ പലരും കടുത്ത മാനസിക് പ്രശ്‌നങ്ങള്‍ക്കും അടിമകളാണ്. പലരും മയക്കുമരുന്നിന് അടിമകളാണ്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം സ്വന്തം ആവശ്യത്തിനും തങ്ങളുടെ പങ്കാളികളുടെ ആവശ്യത്തിനു മയക്കുമരുന്ന് വാങ്ങാന്‍ തെരുവില്‍ എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളതാണ്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണെന്നും ജാക്വി പറയുന്നു.
ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം.മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ച് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ പിന്നാലെ ഓടിയെത്തി സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരിയും തല്ലിച്ചതച്ചു. നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണില്‍ വച്ച് നടന്ന പുതുവല്‍സരാഘോഷത്തിനിടെയാണ്.
കൂട്ടുകാരിക്കൊപ്പം നടന്നുപോകുകയായിരുന്നു യുവതി. നിരവധി ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് ഇവര്‍ക്ക് പിന്നാലെ ഓടി. തുടര്‍ന്ന് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ച് തിരിച്ച് ഓടി ഒരു സ്ഥലത്ത് ചെന്നിരുന്നു. ക്രുദ്ധരായ യുവതിയും കൂട്ടുകാരിയും ഉടന്‍ തന്നെ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച് തല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്.
നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗിസ്‌ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ ഫെസ്റ്റിവലില്‍ 20,000 പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റില്‍ വച്ചാണ് നടന്നിരുന്നത്.
ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തിയിരുന്നു. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ശരീരഭാഗങ്ങൾ മനപ്പൂർവം പ്രദർശിപ്പിച്ചുവെന്ന വിമർശനത്തിന് അതേ നാണയത്തിൽ മറുപടിയുമായി തെന്നിന്ത്യൻ നായിക അനു ഇമാനുവൽ. കുറച്ച് ദിവസങ്ങൾക്ക് തന്റെ സുഹൃത്തിനൊപ്പം ഫെയ്സ്ബുക്ക് ലെെവിൽ വന്നതിനെ കുറിച്ചായിരുന്നു മിക്കവരുടെയും വിമർശനം.
അന്ന് തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം കമന്റുകൾ വന്നപ്പോൾ വീഡിയോ ഫെയ്സ്ബുക്കിൽ നിന്നും അനു നീക്കം ചെയ്തിരുന്നു. എന്നാൽ അതിനൊന്നും തളരാതെ വിമർശകർക്ക് അനു മറുപടി നൽകി. എന്നാൽ മറുപടി വാക്കുകളിലൂടെയായിരുന്നില്ല.
മാധുർ എന്ന സ്ഥലത്ത് ജിംനേഷ്യം ഉദ്ഘാടനം ചെയ്യാൻ അനു വന്നത് ഗ്ലാമറസായി തന്നെയായിരുന്നു. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാവുന്നുണ്ട്.
കില്‍കോക്ക്: ‘നാളെ നമുക്ക് കാണാം,വരുമല്ലോ?’ പ്രത്യാശയോടെ മനോജ് സക്കറിയ ആ വാക്കുകള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല അതിനും മുമ്പേ സ്വര്‍ഗ്ഗീയ മാലാഖമാര്‍ തന്നെ നിത്യതയുടെ തീരത്തേക്ക് കൂട്ടാനെത്തുമെന്ന്….നിറഞ്ഞ പ്രതീക്ഷയോടെ അയര്‍ലണ്ടിന്റെ സ്വപ്നഭൂമിയിലെത്തിയ കോട്ടയം ചിങ്ങവനം സ്വദേശിയായ കില്‍കോക്കിലെ മനോജ് സക്കറിയ എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമായിരുന്നു ആ സന്ദേശം അയച്ചത്.
അയര്‍ലണ്ടിലെ ഹെവന്‍ലീ ഫീസ്റ്റ് കൂട്ടായ്മയുടെ പാസ്റ്റര്‍ നൈജു ഡാനിയേലിനെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മനോജ് സന്ദേശം അയച്ചത്. മനോജും മക്കളും അയര്‍ലണ്ടില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കില്‍കോക്കിലെ ഇവരുടെ ഭവനത്തില്‍ ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താമെന്ന് നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. അതനുസരിച്ച് ഇന്നലെയായിരുന്നു ആ പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നത്. ഏറെപേരെ ആ യോഗത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. മരണത്തിലെയ്ക്കാണ് താന്‍ പോവുന്നതെന്ന് അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫോണ്‍ സന്ദേശത്തിലൂടെ പാസ്റ്റര്‍ നൈജുവിനോടും നടത്തിയത്. പക്ഷേ ആ പുതിയ തുടക്കത്തിനും അനുഗ്രഹം തേടിയുള്ള അര്‍ത്ഥനയ്ക്കും മുമ്പേ മനോജിനെ സ്വന്തം സന്നിധിയിലേക്ക് വിളിയ്ക്കാനായിരുന്നു ദൈവത്തിനിഷ്ടം.
സൗദിയില്‍ വര്‍ഷങ്ങള്‍ കൂട്ടിവെച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതിനൊപ്പം ബാങ്ക് വായ്പ കൂടിയെടുത്താണ് കൂരോപ്പടയില്‍ സ്വന്തമായി ഒരു കൊച്ചു വീട് മനോജ് പണിതത്. കഴിഞ്ഞ വര്‍ഷം വീടിന്റെ കേറിത്താമസം കഴിയുമ്പോള്‍ തന്നെ അയര്‍ലണ്ടിലേക്കുള്ള ജോലി ഏതാണ്ട് ഉറപ്പാക്കിയിരുന്നു. നല്ല കാലത്തിന്റെ ആ സ്വപ്‌നം കൂടി കണ്ടുകൊണ്ടാണ് ബാങ്ക് ലോണ്‍ എടുത്തത്.
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ട് അയര്‍ലണ്ടിലേക്ക് പോരുമ്പോള്‍ ഷിജിയും പ്രതീക്ഷിച്ചത് ഭര്‍ത്താവിനെയും, മക്കളെയും എത്രയും വേഗം കൂട്ടി ഇവിടെയെത്താമെന്നാണ്. അങ്ങനെ ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മനോജും, മക്കളും ഡിസംബര്‍ 27 ന് അയര്‍ലണ്ടില്‍ എത്തിയത്. ഒരു പകലിന് ശേഷം വീണ്ടും ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ആ വിശ്രമദിനത്തിന്റെ അവസാനമാണ് മനോജ് നിത്യവിശ്രമത്തിലേയ്ക്ക് യാത്രയായത്.
മക്കളായ പത്തുവയസുകാരി മിക്ക എലിസബത്തിനെയും, സാവിയോ സക്കറിയായെയും (5 വയസ്) തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല ഷിജിയ്ക്ക്. അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. കാലാവസ്ഥാവ്യത്യാസത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് എന്നാണ് അവര്‍ കരുതിയത്. ഒറ്റനോട്ടത്തില്‍ കുഴപ്പങ്ങള്‍ ഒന്നും കാണാനും ഇല്ലായിരുന്നു. പുലര്‍ച്ചെ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാന്‍ പോയ മനോജ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
അയര്‍ലണ്ടിലെ മലയാളികള്‍ ഇന്നലെ ദിവസം തുടങ്ങിയത് ആ ദുഃഖവാര്‍ത്ത അറിഞ്ഞു കൊണ്ടായിരുന്നു. ഈ മനോഹരനാട്ടില്‍ ജീവിതം തുടങ്ങാനെത്തിയ മലയാളി സഹോദരന്റെ നിര്യാണവാര്‍ത്ത ഏവരെയും ഞെട്ടിച്ചു.
കില്‍കോക്കിലെ മലയാളി സമൂഹം മാത്രമല്ല, ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ അജ്ഞാതനായ ആ സുഹൃത്തിന്റെ വിയോഗമറിഞ്ഞു പാഞ്ഞെത്തിയിരുന്നു. മനോജും കുടുംബവും ഉള്‍പ്പെട്ട ഹെവന്‍ലീ ഫീസ്റ്റ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളും തന്നെ കില്‍കോക്കിലെത്തിയിരുന്നു. സംഘടനാ പ്രതിനിധികളും, മത സാംസ്‌കാരികനേതാക്കളും ആ കുടുംബത്തിന് ആശ്വാസവുമായെത്തി. പാസ്റ്റര്‍ നൈജു ഡാനിയേലിന്റെയും, പാസ്റ്റര്‍ ബിനിലിന്റേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യനും സാന്ത്വനവുമായെത്തി.
ഈ വിദൂരദേശത്ത് ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സമാശ്വാസം ആ കുടുംബത്തെ ഒട്ടൊന്നുമല്ല ആശ്വസിപ്പിച്ചത്. കൈയ്യിലും,ബാങ്കിലുമെല്ലാം ഉണ്ടായിരുന്ന പണമെല്ലാം കൂട്ടിവെച്ചാണ് അയര്‍ലണ്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്. ആ കുടുംബത്തിന്റെ അപ്രതീക്ഷിത ദുഃഖത്തിലും നഷ്ടത്തിലും, മനസറിഞ്ഞു സഹായിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ വളരെ പെട്ടന്ന് തന്നെ തയാറെടുക്കുകയാണ്. ഫ്യുണറല്‍ ഹോമിന്റെ ചിലവുകളിലേയ്ക്കും,നാട്ടിലേക്കുള്ള യാത്രയ്ക്കും ,സംസ്‌കാര ചടങ്ങുകള്‍ക്കും മാര്‍ഗം കണ്ടെത്തണമെന്ന ഉദ്ദേശ്യമെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഷിജിമോള്‍ എവിടെ നിന്നും ഇതൊക്കെ പെട്ടന്ന് എങ്ങനെ കണ്ടെത്തും ?
സഹായിക്കേണ്ടത് അയര്‍ലണ്ടിലെ മലയാളി സമൂഹമാണ് എന്ന തിരിച്ചറിവിലാണ് ഷിജിമോളുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കില്‍കോക്കിലെ മലയാളികളും, വിവിധ സാമൂഹ്യപ്രവര്‍ത്തകരും, സംഘടനകളും രംഗത്തിറങ്ങുന്നത്. പാസ്റ്റര്‍ നൈജു ഡാനിയേല്‍ ,വിനോദ് ഓസ്‌കാര്‍, ചില്‍സ് കുര്യാക്കോസ്,വിധു സോജിന്‍ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു താത്കാലിക സംവിധാനം ഈ ആവശ്യത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലും സങ്കടത്തിലും അലയുന്ന മനോജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.
Shijimol Thomas
IBAN -IE93AIBK93320134398056 .
BIC-AIBKIE2D.