താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധര്‍മജന്‍ തുറന്നുപറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണ്.
അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. അഞ്ചു ദശാബ്ദത്തോളമാണ് ശ്രീദേവി തിളങ്ങിയത്. 1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാല താരമായി അരങ്ങേറ്റം. 1967ല്‍ കെ .ബാലചന്ദര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെ നായികയായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഉര്‍ദു, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. മരിക്കുമ്പോള്‍ 54 വയസായിരുന്നു.
അമിതാഭ് ബച്ചനും ഖാന്മാരും കപൂര്‍മാരുമൊക്കെ അടക്കിവാണ ബോളിവുഡിനെയാണ് ശ്രീദേവി കീഴടക്കിയത്. ആ പേര് മാത്രം മതിയായിരുന്നു ഒരു ചിത്രം സൂപ്പര്‍ ഹിറ്റാകാന്‍. സൗന്ദര്യം, നൃത്തം, അഭിനയം എല്ലാം ഒത്തുചേര്‍ന്ന അപൂര്‍വ പ്രതിഭ, ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാള്‍. സിനിമകളിലെയും സ്റ്റേജ് ഷോകളിലെയും ശ്രീദേവിയുടെ നൃത്തച്ചുവടുകള്‍ പലര്‍ക്കും അമ്പരപ്പാണ് സമ്മാനിച്ചത്. താരം മണ്‍മറഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ആ നൃത്തച്ചുവടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. പഴയ വീഡിയോകള്‍ വീണ്ടും വൈറലാവുകയാണ്.
2013ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ് (ഐഐഎഫ്എ) വേദിയില്‍ പ്രഭുദേവക്കൊപ്പം ശ്രീദേവി ചെയ്ത ഡാന്‍സ് വീഡിയോയാണ് വീണ്ടും വൈറലായിരിക്കുന്നത്. ശ്രീദേവിയുടെ ചരമവാര്‍ഷികദിനത്തില്‍ ഐഐഎഫ്എയുടെ ഫേസ്ബുക്ക് പേജിലാണ് പഴയ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം 8.8 ലക്ഷത്തോളം പേരാണ് വീഡിയോക്ക് പ്രതികരണം രേഖപ്പെടുത്തിയത്. 4500 പേര്‍ കമന്റുകള്‍ അറിയിച്ചു. 46,000ലധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു.
ഒരുകാലത്ത് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ഒരംഗത്തിന്റേതെന്നതുപോലെ ഓര്‍മ്മയുള്ളൊരു പേരായിരുന്നു മധുമോഹന്‍. ഉച്ചയ്ക്കും, വൈകുന്നേരങ്ങളിലും സീരിയലുകളുമായി സ്വീകരണമുറികളിലെത്തി മലയാളികളായ വീട്ടമ്മമാരുടെ മനംകവര്‍ന്ന മധുമോഹന്‍. പ്രേക്ഷക പ്രശംസയ്‌ക്കൊപ്പം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
എന്നാല്‍ കുറച്ച് നാളുകൾക്ക് ശേഷം മധുമോഹന്‍ മിനിസ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി.ഇപ്പോൾ അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന്‍ പറയുന്നത്.
എനിക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അത് ലഭിച്ചില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
മിമിക്രി താരങ്ങള്‍ക്കുപോലും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു മധുമോഹന്‍ എന്ന കലാകാരന്‍. മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളിലൂടെ മലയാളി വീട്ടമ്മമാരെ നിത്യേന കരയിച്ച മധുമോഹന്‍ പക്ഷേ കുറേക്കാലമായി മലയാളത്തിന്റെ പരിസരത്തൊന്നുമില്ല.
എന്നാല്‍ മധുമോഹന്‍ വിനോദരംഗം വിട്ടിട്ടുമില്ല. താന്‍ മലയാളത്തിലില്ലെങ്കിലും തമിഴ് സീരിയലുകളില്‍ സജീവമാണെന്ന് മധുമോഹന്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തമിഴ് സീരിയലുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നതെന്ന് മധുമോഹന്‍ വ്യക്തമാക്കിയത്. സണ്‍ ടിവി, സീ തമിഴ്, ജയ ടിവി തുടങ്ങിയ ചാനലുകളിലാണ് ഇപ്പോള്‍ മധുമോഹന്റെ സീരിയലുകള്‍ വരുന്നത്.
മൂന്ന് വര്‍ഷമായി ഇപ്പോള്‍ മധുമോഹന്‍ സീരിയല്‍ നിര്‍മ്മിക്കുന്നില്ല, അഭിനയം മാത്രാമണ്. പക്ഷേ നല്ല കഥയുമായി ആരെങ്കിലും വന്നാല്‍ നിര്‍മ്മാണത്തിന് താനിനിയും തയ്യാറാണെന്നാണ് മധുമോഹന്‍ പറയുന്നത്.
മലയാളത്തില്‍ ഇതുവരെ മധുമോഹന്‍ 2640സീരിയലുകളില്‍ നായകനായിട്ടുണ്ട്. തമിഴിലാകട്ടെ1590 സീരിയലുകളിലും. എല്ലാഭാഷകളിലുമായി 2540 സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഇതിനൊപ്പം ആറ് മലയാളചിത്രങ്ങളിലും 22 തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.2014 ജൂൺ 12നായിരുന്നു അമലാ പോളു0 സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.
എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ വിവാഹമോചന സമയത്ത് താൻ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ്..
വാക്കുകൾ ഇങ്ങനെ,
യഥാർത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകൾക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാൻ വേർപിരിയലിലൂടെ കടന്നുപോയപ്പോൾ, എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്ക് ഓർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിച്ചു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്ന് എന്നോട് അവർ പറഞ്ഞു. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ല.
ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാൻ താൻ തയ്യാറായിരുന്നില്ല എന്നും അമല പറയുന്നു. എങ്ങനെയാവണമെന്ന് ഞാൻ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടുപോവാൻ മറ്റൊരു സ്ത്രീയ്ക്ക് മുന്നിൽ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു. എല്ലാം ഒടുവിൽ ശരിയാകുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്, വ്യാജമാണത്. അതുപോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു താനെന്ന് നടി മന്യ. നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷിയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മന്യയുടെ കുറിപ്പ്:
മൂന്നാഴ്ച മുമ്പ്, എനിക്ക് പരിക്കേറ്റു. ഡിസ്‌ക്കിന് പ്രശ്‌നമുണ്ടെന്ന് സ്‌കാനിങ്ങില്‍ മനസിലായി. അത് എന്റെ ഇടതു കാലിനെ ഏതാണ്ട് പൂര്‍ണമായും തളര്‍ത്തി. വേദന കൊണ്ട് ഇടതു കാല്‍ ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന്, നട്ടെല്ലില്‍ സ്റ്റിറോയിഡ് ഇഞ്ചെക്ഷനുകള്‍ എടുത്തു. അസ്വസ്ഥയായതിനാല്‍ അതിനു മുമ്പും ശേഷവും ഞാന്‍ സെല്‍ഫി എടുത്തു.
കോവിഡ് കാരണം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് വേദന കാരണം എനിക്ക് ഇരിക്കാനോ നടക്കാനോ നില്‍ക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനുമായി പരമാവധി ശ്രമിക്കുകയാണ്.
ഈ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുക. ജീവിതം ഹ്രസ്വവും അപ്രതീക്ഷിതവുമാണ്. എനിക്ക് ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി, പക്ഷേ ന്യൂറോ സര്‍ജന്‍ എന്നോട് പറഞ്ഞു, പതുക്കെ എനിക്ക് എന്റെ ശക്തി വീണ്ടെടുക്കാന്‍ കഴിയും.
നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നിരുന്നാലും, സാവധാനം സുഖപ്പെടുത്തുന്നതിന് ദൈവത്തോട് വളരെ നന്ദി. ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. എനിക്കു വേണ്ടി പ്രാര്‍ഥിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒരു വലിയ നന്ദി. എപ്പോഴും ഓര്‍മ്മിക്കുക, ജീവിതം എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കും. പൊരുതുക. ഒരിക്കലും തോറ്റു കൊടുക്കരുത്.
നടി പ്രിയങ്ക ചോപ്രയുടെ ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവെച്ചത്. യുഎസില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
‘ഇന്‍ മൈ സിറ്റി’ ആണ് പ്രിയങ്കയുടെ ആദ്യ സംഗീത ആല്‍ബം. ഇത് റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. വലിയൊരു വേദിയില്‍ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്റെ ആവേശം വംശീയ വിദ്വേഷ മെയിലുകളുടെയും ട്വീറ്റുകളുടെയും കൊടുങ്കാറ്റിനാല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പ്രിയങ്ക പറയുന്നത്.
”ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ച് പോകൂ, ബുര്‍ഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ കൂട്ട ബലാത്സംഗത്തിനിരയാകൂ..” എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍. ഇന്നും തനിക്കിത് എഴുതാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് താമസം മാറിയപ്പോള്‍ മുതല്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതിനെ കുറിച്ച് നേരത്തെയും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളുമാണ് പ്രിയങ്കയുടെ അണ്‍ഫിനിഷ്ഡ് പുസ്തകത്തില്‍ പറയുന്നത്.
‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മലയാളത്തില്‍ മിസ് ആയ ഒരു രംഗം തെലുങ്ക് റീമേക്കില്‍ ഉണ്ടാകും എന്ന് പറയുകയാണ് ജീത്തു ഇപ്പോള്‍. മോഹന്‍ലാലിനും ആ രംഗം ഇഷ്ടമായെന്നും സംവിധായകന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സീനില്‍ ജോര്‍ജുകുട്ടിയെ ആ സിഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. എഡിറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്. അത് മിസ് ചെയ്തു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അതോര്‍ത്തു. പക്ഷേ തെലുങ്കില്‍ വന്നപ്പോള്‍ അങ്ങനെ ഒരു സീന്‍ വേണമെന്ന്. അവിടെ ഇത് ആഡ് ചെയ്തിട്ടുണ്ട്.
ജോര്‍ജുകുട്ടി വേറൊരു ആവശ്യത്തിന് സിഐയോട് സംസാരിക്കുമ്പോഴും അറിയാതെ ഒരു നോട്ടം നോക്കുന്ന രംഗം. ലാലേട്ടന്‍ തന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന് ചോദിച്ച്. ലാലേട്ടാ താന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്, അത് തെലുങ്കില്‍ കൊണ്ടു വരുന്നെന്ന് പറഞ്ഞു. ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു എന്ന് ജീത്തു ജോസഫ് പറഞ്ഞു.
നടന്‍ വെങ്കടേഷ് ആണ് തെലുങ്ക് റീമേക്കില്‍ നായകനാകുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് ശ്രീപ്രിയ ആയിരുന്നു സംവിധാനം ചെയ്തത്.
നർത്തകിയും അഭിനേത്രിയും മാത്രമല്ല, താൻ ഒരു നല്ല ഗായിക കൂടിയാണെന്ന് പല വട്ടം തെളിയിച്ചിട്ടുള്ള താരമാണ് മഞ്ജു വാര്യർ. സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം മഞ്ജു പാടാറുമുണ്ട്, കൈയ്യടി നേടാറുമുണ്ട്. ഇപ്പോൾ പാട്ടുമായി ബന്ധപ്പെട്ട തന്റെ പഴയൊരു ഓർമയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിൽ കടലും കണ്ട്, കാതലാർദിനം എന്ന ചിത്രത്തിലെ എന്ന വിലയഴകേ എന്ന പാട്ടും പാടി നിൽക്കുന്ന മഞ്ജുവിനെ കൂടെയുണ്ടായിരുന്ന ആളാണ് ക്യാമറയിൽ പകർത്തിയത്. പഴയ ഈ ഓർമയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
മഞ്ജുവാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം.
മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സറീന വഹാബ്, സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.
View this post on Instagram
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ഒരുകാലത്ത് മലയാള സിനിമയിലെ ഭാഗ്യ നായിക കൂടിയായിരുന്നു താരം. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇപ്പോള്‍ സിനിമ അഭിനയം അവസാനിപ്പിച്ചതില്‍ തനിക്ക് നഷ്ടബോധം ഒന്നുമില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശാലിനി. അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താന്‍ തീരുമാനിച്ചു. അതിനാലാണ് അഭിനയം നിര്‍ത്താന്‍ ഞാന്‍ നിശ്ചയിച്ചതെന്നും ശാലിനി പറഞ്ഞു.
ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിരുപറയാറില്ല. അതുപോലെ തന്നെയാണ് ഞാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഞാനും ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ല.
വീണ്ടും സിനിമയില്‍ സജീവമാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കില്‍ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്.
വിവാഹശേഷം ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ല. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടന്‍, അച്ഛന്‍, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്. ചെന്നൈയില്‍ സെറ്റില്‍ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും.
മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്. നടനും സംവിധായകനുമായ മഹേഷ് എഴുതിയ അനുഭവക്കുറിപ്പ്
‘മുദ്ര’യുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മുക്കയുമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ മമ്മുക്ക കഴിഞ്ഞാല്‍ പ്രധാനപ്പെട്ട റോള്‍ എന്റേതായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ അഭിനയത്തെക്കുറിച്ചുള്ള ഒരുപാടു കാര്യങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ‘മുദ്ര’ നന്നായി ഓടി. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞാണ് മമ്മുക്കയെ കാണുന്നത്. ബാലുകിരിയത്തിന്റെ സഹോദരന്‍ ഗോപന്റെ പടത്തിന്റെ പൂജയ്ക്ക് പോയതായിരുന്നു ഞാന്‍. അവിടെ മമ്മുക്കയുമുണ്ട്.
”എടാ നീ നാട്ടിലുണ്ടായിരുന്നോ? നിന്നെ എവിടെയെല്ലാം തിരക്കി. ഐ.വി.ശശിയുടെ പുതിയ പടം ‘മൃഗയ’യില്‍ ഞാനും ലോഹിയും നിനക്കൊരു വേഷം പറഞ്ഞുവെച്ചിട്ടുണ്ട്. നാളെത്തന്നെ നീ മദ്രാസില്‍ പോയി ലോഹിയെ കാണണം.”
അന്ന് മൊബൈല്‍ ഫോണൊന്നുമില്ല. പിറ്റേന്നുതന്നെ മദ്രാസിലെത്തണമെങ്കില്‍ ഫ്‌ളൈറ്റില്‍ പോകണം. 620 രൂപയാണ് ഫ്‌ളൈറ്റ്ചാര്‍ജ്. കൂട്ടുകാരില്‍ നിന്നായി പണം കടം വാങ്ങി. നേരെ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക്. അവിടെയാണ് ലോഹിയേട്ടനുള്ളത്. ലോഹിയേട്ടന്‍ എന്നെ ശശിയേട്ടന്റെ മുറിയിലേക്കു പറഞ്ഞയച്ചു. ഒറ്റനോട്ടത്തില്‍ ശശിയേട്ടന് എന്നെ പിടിച്ചില്ല. അതിനൊരു കാരണമുണ്ട്. ‘ഇണ’യില്‍ നായകനായി അഭിനയിച്ച മാസ്റ്റര്‍ രഘുവിനെ അഭിനയിപ്പിക്കാനാണ് ശശിയേട്ടന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ മതിയെന്ന് മമ്മുക്കയും ലോഹിയേട്ടനും വാശിപിടിച്ചു. അങ്ങനെയൊരു തര്‍ക്കം നില്‍ക്കുമ്പോഴാണ് ഞാന്‍ ചെന്നത്.
”എനിക്ക് ചാന്‍സുണ്ടാകുമോ ലോഹിയേട്ടാ?”
ഞാന്‍ ചോദിച്ചു.
”ഞാനാണ് സ്‌ക്രിപ്റ്റ് എഴുതുന്നതെങ്കില്‍ നീയായിരിക്കും ‘മൃഗയ’യിലെ തോമസ് കുട്ടിയുടെ റോളില്‍”
ലോഹിയേട്ടന്‍ പിന്നീട് ആ ഉറപ്പു പാലിക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണ് ‘മൃഗയ’യിലേത്. ചുളിവുവീണ ഷര്‍ട്ടും പാന്റ്‌സുമൊക്കെയിട്ടാണ് ഞാനന്ന് ലൊക്കേഷനിലെത്തിയത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം മമ്മുക്ക എന്നോടു പറഞ്ഞു.
”ആളുകളുടെ മുമ്പില്‍ പോകുമ്പോള്‍ നീയൊരു നടനായിരിക്കണം. നിന്നെക്കണ്ട് മറ്റുള്ളവര്‍ അനുകരിക്കണം.”
1989 ഡിസംബറില്‍ മമ്മുക്കയും ജൂബിലി ജോയിയും ഉള്‍പ്പെടെയുള്ള ടീം ഗള്‍ഫ്ടൂറിന് പോകാനൊരുങ്ങുന്നു. അന്നുരാവിലെ എന്റെ വീട്ടിലേക്ക് ഡാന്‍സര്‍ തമ്പി വന്നു.
”മഹേഷിനെ ഇപ്പോള്‍ത്തന്നെ മമ്മുക്കയ്ക്ക് കാണണം. ഹോട്ടല്‍ പങ്കജിലുണ്ട്.”
മുണ്ടിട്ടാണ് മമ്മുക്കയെ കാണാന്‍ പോയത്. നിറം അധികമില്ലാത്ത ഷര്‍ട്ടും. കണ്ടയുടന്‍ മമ്മുക്കയുടെ സംസാരം എന്റെ വേഷത്തെക്കുറിച്ചായി.
”നീ ഇങ്ങനെയൊന്നുമല്ല നടക്കേണ്ടത്.”
ഞാന്‍ ചിരിച്ചതേയുള്ളൂ. അക്കാലത്ത് ഞാന്‍ അത്യാവശ്യം തടി വച്ചിരുന്നു.
”നീ നിന്റെ ആരോഗ്യം നോക്കണം. വാരിവലിച്ച് ഭക്ഷണം കഴിച്ച് ആരോഗ്യം നശിപ്പിക്കരുത്. ഞാന്‍ ഇന്ന് ഗള്‍ഫിലേക്ക് പോവുകയാണ്. ഒരാഴ്ചത്തെ ട്രിപ്പ്. അടുത്ത തിങ്കളാഴ്ച തിരിച്ചെത്തും. അന്ന് എന്നെ വന്നു കാണണം. ഈ ഹോട്ടലില്‍ത്തന്നെ കാണും”
കുറെനേരം സംസാരിച്ചശേഷമാണ് അന്നവിടം വിട്ടത്. ഗള്‍ഫില്‍ നിന്ന് വന്ന ദിവസം തന്നെ ഹോട്ടല്‍ പങ്കജിലെത്തി. എന്നെക്കണ്ടയുടന്‍ മമ്മുക്ക പെട്ടി തുറന്നു. നാല് ജോടി ഡ്രസ്സുകള്‍ എടുത്തു. ഷര്‍ട്ടും പാന്റുമല്ല. കുര്‍ത്തയും പൈജാമയും. അതും വില കൂടിയവ.
”ഗള്‍ഫില്‍നിന്ന് നിനക്കുവേണ്ടി വാങ്ങിയതാ. ഇനി ഈ വേഷത്തിലൊക്കെ നീ നടന്നാല്‍ മതി.”
ക്രോസ്‌ബെല്‍ട്ട് മണിയുടെ ‘കമാന്‍ഡര്‍’ എന്ന പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഒരിക്കല്‍ കോഴിക്കോട്ടെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹിന്ദി പടത്തിന്റെ ഒരു ദിവസത്തെ വര്‍ക്കിനുവേണ്ടി മമ്മുക്കയും കോഴിക്കോട്ടെത്തി. ഞാനവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിളിപ്പിച്ചു.
”നിന്നെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹേന്ദ്രന്‍ എന്ന തമിഴ് സംവിധായകന്‍ പുതിയൊരു പടം ചെയ്യുന്നു. മോഹമുള്‍. അതിലൊരു നായകനെ വേണമെന്നു പറഞ്ഞപ്പോള്‍ നിന്റെ പേരാണ് ഞാന്‍ സജസ്റ്റ് ചെയ്തത്. ഇന്നുതന്നെ മഹേന്ദ്രനെ ഫോണില്‍ വിളിക്കണം.”
മമ്മുക്ക മഹേന്ദ്രന്‍സാര്‍ താമസിക്കുന്ന ഹോട്ടലിന്റെ നമ്പര്‍ തന്നു. അപ്പോള്‍ത്തന്നെ വിളിച്ചു. എത്രയും പെട്ടെന്ന് കാണണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ മദ്രാസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. മദ്രാസിലെത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ് എനിക്കു ലഭിച്ചത്. മമ്മുക്കയ്ക്ക് അവര്‍ നല്‍കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് അന്നാണ്. ഒരു കഥാപാത്രത്തെ പല രീതിയില്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചു. അപ്പോള്‍ത്തന്നെ അദ്ദേഹം എനിക്ക് 25000 രൂപ അഡ്വാന്‍സ് തന്നു. ജീവിതത്തിലാദ്യമായാണ് അത്രയും തുക ഞാന്‍ കാണുന്നത്. ഹോട്ടലില്‍ നിന്നിറങ്ങി നേരെ പോയത് അടുത്തുള്ള ടെക്‌സ്റ്റയില്‍സിലേക്കാണ്. അവിടെ നിന്ന് 500 രൂപയ്ക്ക് പാന്റും ഷര്‍ട്ടും വാങ്ങിച്ചു. കൈയില്‍ കാശ് വന്ന സ്ഥിതിക്ക് മമ്മുക്ക പറഞ്ഞതുപോലെ നല്ല രീതിയില്‍ നടക്കാന്‍ തീരുമാനിച്ചു. ‘മോഹമുള്ളി’ന്റെ ഷൂട്ടിംഗ് സമയത്തും എനിക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. രാധികയായിരുന്നു നായിക. പക്ഷേ ആ പടം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസായില്ല.
പിന്നീട് പല തവണയും മമ്മുക്ക എനിക്ക് സിനിമകളില്‍ വേഷം വാങ്ങിച്ചുതന്നിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം വന്നപ്പോള്‍ ഞാന്‍ സിനിമ വിട്ട് അമേരിക്കയിലേക്കു പോയി. ആ സമയത്ത് ഷിക്കാഗോയിലാണ് ദുല്‍ഖര്‍ പഠിക്കുന്നത്. ദുല്‍ഖറിനെ കാണാന്‍ വരുമ്പോഴൊക്കെ മമ്മുക്ക വിളിക്കും. പോയി കാണും. സംസാരിക്കും.
”നാട്ടില്‍ വരുമ്പോള്‍ എന്നെ വിളിക്കണം.”
എന്നു പറഞ്ഞാണ് പിരിയാറ്.
പത്തുവര്‍ഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് ഞാന്‍ വീണ്ടും കേരളത്തിലെത്തി. സിനിമയില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. നാട്ടിലെത്തിയ കാര്യം അറിയിക്കാന്‍ ഒരു ദിവസം ഞാന്‍ മമ്മുക്കയെ വിളിച്ചു.
”ഞാനിവിടെ ‘തുറുപ്പുഗുലാന്റെ’ സെറ്റിലുണ്ട്. നീ ഇവിടേക്കു വാ. നിനക്കു പറ്റിയ വേഷമെന്തെങ്കിലുമുണ്ടോയെന്ന് നോക്കാം.”
എന്നാല്‍ ദുരഭിമാനം കൊണ്ട് ഞാന്‍ പോയില്ല. വേഷങ്ങളൊന്നും കിട്ടാതെ ഞാന്‍ വീണ്ടും വീട്ടില്‍ത്തന്നെ ഇരിപ്പായി. ഇടയ്ക്ക് ലോഹിയേട്ടന്റെ ‘ചക്കരമുത്ത്’ ചെയ്തു. അതു കഴിഞ്ഞ് വീണ്ടും വീട്ടില്‍ത്തന്നെ. ആ സമയത്താണ് മമ്മുക്ക വിളിച്ച് ‘ഫേസ് ടു ഫേസി’ല്‍ റോളുണ്ടെന്ന് പറഞ്ഞത്. ഞാന്‍ പോയി അഭിനയിച്ചു. എന്റെ തടി കണ്ടപ്പോള്‍ മമ്മുക്ക ഒരു കാര്യം സൂചിപ്പിച്ചു.
”നീ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്റെ അപ്പനായിട്ട് അഭിനയിക്കാം.”
‘ഫേസ് ടു ഫേസി’ല്‍ നല്ല വേഷമായിരുന്നു. പക്ഷേ പടം ഓടിയില്ല. ഷെഡ്യൂള്‍ പായ്ക്കപ്പാവുന്ന ദിവസം മമ്മുക്ക പറഞ്ഞു.
”ഇനി നീ കയറിപ്പോയ്‌ക്കോളണം.”
ഇപ്പോഴും എന്നോട് ഒരു സഹോദരസ്‌നേഹമുണ്ട്, മമ്മുക്കയ്ക്ക്. എന്റെ അടുത്ത സുഹൃത്തിന്റെ കൈയില്‍ മമ്മുക്കയ്ക്ക് പറ്റിയ ഒരു കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരക്കിനിടയിലും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി. ആഷിക് അബുവിന്റെ ‘ഗ്യാംഗ്‌സ്റ്ററി’ല്‍ അഭിനയിക്കുകയായിരുന്നു മമ്മുക്ക. അതിനിടയ്ക്ക് സമയം കണ്ടെത്തി അവന്റെ കഥ കേള്‍ക്കുകയും ചെയ്തു. അതിനുശേഷം എന്നെ വിളിച്ചു.
”എടാ, ഇത് ഈ നൂറ്റാണ്ടില്‍ ചെയ്യാന്‍ പറ്റുന്ന കഥയല്ല.”
മമ്മുക്കയെക്കുറിച്ച് ചിലരൊക്കെ പറയുന്നൊരു കാര്യമുണ്ട്-വലിയ ജാടക്കാരനാണ്, ചിരിക്കില്ല എന്നൊക്കെ. ശരിയാണ്. ജനങ്ങളുടെ മുമ്പില്‍ കോളിനോസ് പുഞ്ചിരിയുമായി അദ്ദേഹം ഒരിക്കലും വരാറില്ല. ക്യാമറയുടെ മുമ്പില്‍ മാത്രമേ അദ്ദേഹം അഭിനയിക്കാറുള്ളൂ. മലയാളത്തിലെ എണ്‍പതു ശതമാനം നടന്മാരും ക്യാമറയുടെ പിന്നിലാണ് അഭിനയിക്കുന്നത്. അതാണ് മമ്മുക്കയും മറ്റു നടന്മാരും തമ്മിലുള്ള വ്യത്യാസം.