കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ പ്രതിഫലം അടക്കം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് താരസംഘടനയായ അമ്മ. പ്രതിസന്ധികാലഘട്ടത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്ന് അമ്മ സംഘടനാംഗങ്ങളോട് ആവശ്യപ്പെടും. പ്രതിഫലകാര്യത്തിലടക്കം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനാംഗങ്ങൾക്ക് കത്ത് നൽകുക. കത്തിന്റെ പകർപ്പ് സഹിതം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തീരുമാനം അറിയിക്കാനും താരസംഘടനയിൽ തീരുമാനമായി.
കൊച്ചിയിലെ കോവിഡ് കണ്ടെയിന്‍മെന്റ് സോണിലുള്ള സ്വകാര്യഹോട്ടലില്‍ താരസംഘടനയായ അമ്മയുടെ യോഗം ചേര്‍ന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിേഷധം. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ അമ്മയുടെ അവെയ്‌ലബിൾ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന്‍ കൗണ്‍സിലര്‍ നസീമയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ദേശീയപാതയ്ക്കരികിലെ ഹോട്ടലില്‍ യോഗം ചേരുന്നതിന് തടസമില്ലെന്നാണ് വിവരം ലഭിച്ചിരുന്നതെന്നും എന്നാല്‍ കണ്ടെയിന്‍മെന്റ് സോണാണെന്ന് വിവരം ലഭിച്ചതിനാല്‍ യോഗം നടന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഹോട്ടലിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ആവശ‌്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.
21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ക്യാംപെയിന്‍ സംഘടപ്പിച്ച് ഫെഫ്ക്ക. ക്യാംപെയിനിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ വീഡിയോയില്‍ മോഹന്‍ലാല്‍ ശബ്ദമായും അന്ന ബെന്‍ വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയായും എത്തുന്നു.
വ്യാജ ഓഡിഷനിടെ ഉണ്ടാകുന്ന ശാരീരിക അതിക്രമത്തിനെതിരെ അന്ന ബെന്‍ പ്രതികരിക്കുന്നു. തുടര്‍ന്ന് വ്യാജ ഓഡിഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന നിര്‍ദ്ദേശവുമായി മോഹന്‍ലാലിന്റെ വോയ്‌സ് ഓവറും. വ്യാജ ഒഡീഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തു. ഒഡീഷന്‍ സംശയകരമെന്ന് തോന്നിയാല്‍ വിളിച്ചറിയിക്കുന്നതിനായുള്ള നമ്പറുകളും വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ഓഡിഷനില്‍ സംശയം തോന്നിയാല്‍ ഫെഫ്ക വിമെന്‍സ് സെല്‍ നമ്പറായ 9846342226 അല്ലെങ്കില്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ നമ്പറായ 9645342226ല്‍ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ബി ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത പ്രെജക്ടിന്റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം രാഹുല്‍ രാജും നിര്‍വഹിച്ചിരിക്കുന്നു.
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം ചിത്രത്തിന് കോടതി വിലക്ക്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്ന് കാണിച്ച് സംവിധായകന്‍ ജിനു അബ്രാഹം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചിത്രീകരണവും, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണവും നിര്‍ത്താന്‍ കോടതി ഉത്തരവിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കാനിരുന്ന സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിനാണ് കോടതി വിലക്ക്. ഹര്‍ജിക്കാരനായ ജിനു എബ്രാഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
ജിനു എബ്രാഹമിന്റെ രചനയില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ടാണ് ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്ന്നാണ് കടുവ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
‘വാരിയംകുന്നന്‍’ സിനിമയെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാരാണ്, അവര്‍ ചരിത്രം വളച്ചൊടിക്കും എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ രാജസേനന്‍ പറയുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍:
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല.
അവര്‍ക്ക് എന്നും ജനങ്ങള്‍ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ടിവിയില്‍ ഒക്കെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ലൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.
ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.
സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയടോയൊണ് സരോജ് ഖാന് അന്തരിച്ചത്. മകളാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജൂണ്‍ 20ന് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് ഭീതി നില്‍നില്‍ക്കെ കവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്, ഹിന ഖാന്, സുകന്യ ഖാന് എന്നിവരാണ് മക്കള്‍.
നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്കാണ് ചുവട് വെച്ചിട്ടുള്ളത്. മൂന്നുവട്ടം ദേശീയ പുരസ്കാരത്തിനും അര്‍ഹത നേടിയിട്ടുണ്ട്. മാധുരി ദീക്ഷിത് അഭിനയിച്ച ‘ഏക് ദോ തീന്'(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച ‘ഡോലാ രേ'(സിനിമ-ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച ‘യേ ഇഷ്ക് ഹായേ'(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു.
മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.
ഇല്ലായ്മകളിലാണു കവിരാജിന്റെ ജീവിതം തുടങ്ങുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന് ആചാരിയുടേതായിരുന്നു. സ്വര്‍ണപ്പണിയും വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടത്തിലായി. 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് എന്ന അവസ്ഥ ആ അച്ഛന് വന്നു. ശേഷം പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ ജീവിതം ഇനി എങ്ങനെ എന്ന ചോദ്യമാണ് ബാക്കിയായത്. അമ്മ സരസ്വതി അമ്മാളിന് വേണ്ടിയായി പിന്നീടുള്ള ജീവിതം. 10ാം ക്ലാസില്‍ എത്തിയതോടെ സ്വര്‍ണപ്പണി തുടങ്ങി.
പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ നാടുവിട്ട് കോടമ്പക്കത്ത് എത്തി. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാള്‍ക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിലായിരുന്നു. നൃത്തം പഠിച്ചു, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഇതിനു പുറമെ, സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി. നിറത്തിനു ശേഷം കല്യാണരാമന്, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി 50ലേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കവിരാജ് വേഷമിട്ടു.
പിന്നീട് സീരിയലിലേയ്ക്ക് ചുവടുവെച്ചു. പ്രമുഖ ചാനല്‍ പരമ്പരകളില്‍ വില്ലനും നായകനുമായി താരം ാേനിറഞ്ഞു നിന്നു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനു ജീവിതത്തിലേയ്ക്ക് എത്തുകയും ചെയ്തു. ജീവിത്തില്‍ കാലുറപ്പിച്ചു വന്നപ്പോഴാണ് അമ്മയുടെ വിയോഗം. അമ്മകൂടി പോയതോടെ ആത്മീയതയിലേക്കു കൂടുതല്‍ അടുക്കുകയായിരുന്നു. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. മകന്‍ ജനിച്ച് കുറച്ചുനാളുകളേ ആയിരുന്നുള്ളൂ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യയില്‍ ആശങ്ക നിഴലിച്ചു. വഷളാവുന്നു എന്ന് കണ്ടതോടെ വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അപ്പോഴാണ് ശരിക്കും ഒറ്റപ്പെടല്‍ കവിരാജ് അറിയുന്നത്. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയത്.
ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ ഉണ്ടായത് അവിടെ നിന്നാണ്. തിരിച്ചെത്തിയ ഉടന്‍ ഭാര്യയെ വിളിച്ചു. നാട്ടിലെത്തി, പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമാവുകയും ചെയ്തു. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിനു സമീപം വീടുപണിയുകയും ചെയ്തു.
സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മക്കള്‍ സെല്വന് വിജയ് സേതുപതിയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു സൂം അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തെ കുറിച്ച് താരം മനസ് തുറന്നത്.
വില്ലത്തരത്തിന്റെ ആള്‍രൂപമാണ് ചിത്രത്തിലെ ആ കഥാപാത്രമെന്നാണ് വിജയ് സേതുപതിയുടെ വിലയിരുത്തല്‍. ‘മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
വിജയിയുടെ വില്ലനായി ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് കൊണ്ടും ‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ‘മാസ്റ്റര്‍’. മാളവിക മോഹന്‍ ആണ് ചിത്രത്തിലെ നായിക.
ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, ബ്രിഗദ, ഗൗരി കിഷന്, അര്ജുന് ദാസ്, ആന്റണി പെപ്പേ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.