Movies

നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്.

പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാ​ഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്.

15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമാലോകം കടന്നു പോകുന്നത്. ദിനംപ്രതി മുൻനിര നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ പുറത്തുവരുന്നു. ഇന്നലെ നടൻ നിവിൻപോളിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി വെളിപ്പെടുത്തി പരാതിക്കാരി മാധ്യമങ്ങളെ കണ്ടു.

മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.

ദുബായില്‍ നഴ്‌സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലൈം​​ഗികാരോപണ കേസിൽ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് സിദ്ധിഖിൻ്റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍ സിദ്ധിഖ് വാദിച്ചു.

ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ധിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.

പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ധിഖിൻ്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം. സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. വഞ്ചന ​ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ല എന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് നടപടി.

ആർ.ഡി.എക്സ് നിർമാതാക്കളായ സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ എറണാകുളം ഹിൽപാലസ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശമനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. അന്യായമായിട്ടുള്ള ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി പ്രതികൾ കുറ്റകരമായ ​ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കനത്ത നഷ്ടം പരാതിക്കാരിക്കുണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നുമാണ് അഞ്ജന എബ്രഹാം ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരായ പരാതിയിൽ പറഞ്ഞിരുന്നത്.

അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജന പരാതിയിൽ വ്യക്തമാക്കിയത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.

വിവാദങ്ങൾക്കിടെ പിടിച്ചുനിൽക്കാനാവാതെ എ എം എം എ യിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം.

മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈം​ഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേൽക്കാനിരുന്ന ബാബുരാജിനെതിരെയും ലൈം​ഗികാരോപണം ഉയർന്നു. ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. തുടർന്ന് വിശദീകരണം നൽകാൻ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് വാർത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അസൗകര്യംമൂലം എത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു.

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.

മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.

അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടന്‍ മുന്‍പുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവര്‍ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.

മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോപോലും സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാതെയുള്ള മനുഷ്യാവകാശലംഘനത്തില്‍ ‘അമ്മ’ പോലുള്ള സംഘടനകളില്‍ പരാതിവന്നിട്ടും ഫലമില്ല. സംഘടനകളും യൂണിയനുകളുമൊക്കെ നിയമവിരുദ്ധമായി ചലച്ചിത്രരംഗത്ത് വിലക്കേര്‍പ്പെടുത്തുന്നതും പതിവ്. സിനിമയില്‍ 2000 വരെ തൊഴില്‍ കരാറുണ്ടായിരുന്നില്ല. നിര്‍മാതാവും നായികാനായകന്മാരും തമ്മിലുള്ളതൊഴിച്ച് മറ്റാരും കരാറുണ്ടാക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അക്കമിട്ടുപറഞ്ഞ കമ്മിറ്റി, ശക്തമായ നിയമവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാനും ശുപാര്‍ശ നല്‍കി.

ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്‌കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പൂർണ്ണമായി പിന്തുണക്കാതെ വിമൻ ഇൻ സിനിമ കളക്റ്റീവ്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നൽകാൻ പോകേണ്ട സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ല്യുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ദീദി ദാമോദരൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.

പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നൽകിയത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. സമൂഹത്തിൽ നിരവധി മേഖലകളിൽ നിന്നുയർന്ന കടുത്ത വിമർശനത്തെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.

RECENT POSTS
Copyright © . All rights reserved