Movies

മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ സംഭവത്തില്‍ കൈതപ്രത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. സഫാരി ടി.വിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിയത്. നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.

അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി. പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോള്‍ ഈ പയ്യനും ഇല്ല.

ഇവര്‍ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. പിന്നെ അഭിനയിക്കുന്നയാള്‍ കാമുകനായി, ദിലീപ്’, കൈതപ്രം പറഞ്ഞു.

യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണണമെന്ന് നടന്‍ പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്.
നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .

എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! എന്തും ആയിക്കോട്ടേ!!
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല ..

ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്നേഹം മാത്രം . See u at the movies !! Love u all ❤️

ഷാരൂഖ് ചിത്രം പത്താന്റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആരാധകര്‍ക്കാണ് ഇന്ത്യയില്‍ റിലീസാകും മുന്‍പ് ചിത്രം കാണാന്‍ അവസരം ലഭിച്ചത്. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയരെ നില്‍ക്കുന്ന അനുഭവമാണ് പത്താന്‍ സമ്മാനിച്ചതെന്ന് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താന്‍ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്‌ഷൻ റോളിൽ ഷാറുഖ്‌, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക… ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്‌ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്.

2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്‍. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.

മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ആദ്യ ചിത്രമാണ് പഠാന്‍. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.

ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന്‍ മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്‌ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ‌ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ‍ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.

മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്‌ഷൻ ഡയറക്ടേഴ്സിനായില്ല.

ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.

ഷാരൂഖ് ഖാനൊപ്പം , ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങളും അവരുടെ ബന്ധുക്കളുമൊത്ത് ഇന്നലെ പത്താന്റെ പ്രത്യേക പ്രദര്‍ശനം യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ കണ്ടിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.

മോഹന്‍ലാലിനെ ‘നല്ല ഗുണ്ട’ എന്നുവിശേഷിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം അടൂര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കാണാത്തതുകൊണ്ടാണെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു വിമര്‍ശനം.

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണെന്നും അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം എഴുതി.

സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്’ എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരന്‍ ശ്യാം പുഷ്‌കരന്‍. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.

 

തെലുങ്ക് നടൻ സുധീർ വർമയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ്‌ ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കൽപ്പന. 2016ൽ ഹൈദരബാദിൽ വച്ചായിരുന്നു താരം മരണപെട്ടത്. കൽപനയുടെ പെട്ടന്നുള്ള വിയോഗം മലയാള ചലച്ചിത്ര മേഖലയിലയ്ക്ക് തീരാനഷ്ടമായിരുന്നു. മലയാളത്തിലെ അനശ്വര നായികയായ താരം 1983 മുതൽ ആയിരുന്നു ചലച്ചിത്രരംഗത്ത് സജീവമായത്‌. എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്നചിത്രത്തിലൂടെ കൽപ്പന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൂക്കാലം വരവായി, മാല യോഗം, കാവടിയാട്ടം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ചാർളി ചാപ്ലിൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, ചാർളി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകളാണ് സമ്മാനിച്ചത്.

1998 ൽ ആയിരുന്നു സംവിധായകൻ അനിൽ കുമാറുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോൾ അമ്മയോടൊപ്പമുള്ള അനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയയാകുന്നത്. താൻ ഇപ്പോൾ വളരെ സുഖകരമായ ജീവിതം നയിക്കുന്നു എന്ന അനിൽ കുമാറിന്റെ പോസ്റ്റിന് സ്വന്തം മകളെ ഒന്നു തിരിഞ്ഞു നോക്കാത്ത താൻ എങ്ങനെയാണ് സുഖജീവിതം നയിക്കുന്നത് എന്നതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന അനിൽകുമാർ തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൽപ്പനയ്ക്കും അനിൽകുമാറിനും ഒരു മകളാണുള്ളത്. ദാമ്പത്യ ജീവിതത്തിൽ കൽപന തനിക്ക് സ്വസ്ഥത നൽകിയിരുന്നില്ല. താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരിക്കൽ പോലും അവൾ തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അനിൽ കുമാർ പറഞ്ഞിരുന്നു. മറ്റ് പെണ്ണുങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നായിരുനെന്നും മരണത്തെക്കാൾ തനിക്ക് കല്പനയെ ഭയമായിരുന്നതായും ഒരിക്കൽ അനിൽകുമാർ പറഞ്ഞിരുന്നു . എന്നാൽ തങ്ങൾ അത്തം നക്ഷത്രക്കാരായതുകൊണ്ട് പിരിയാൻ സാധ്യതയുണ്ടെന്ന് ജോത്സ്യൻ പ്രവചിച്ചിട്ടുണ്ടെന്ന് കൽപ്പനയും പറഞ്ഞിരുന്നു. കല്പ്പനയുടെ മരണ ശേഷം അനികുമാറിനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അനിൽകുമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

കള്‍ മാല്‍തിയെ കുറിച്ച് ആദ്യമായി മനസ്സു തുറന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജോനാസിനും പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി ചോപ്ര ജോനാസ് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനെ കുറിച്ച് മനസ്സു തുറക്കുകയാണ് പ്രിയങ്ക. ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്.

8 മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍
ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും തന്നേയും ഭര്‍ത്താവ് നിക്കിനേയും എങ്ങനെയൊക്കെ ബാധിച്ചുവെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക പറയുന്നു.

മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് ചെയ്യുന്നത്. 8 മാസം തികയാതെയാണ് മാല്‍തി ജനിച്ചത്. അവള്‍ ജനിക്കുമ്പോള്‍ താനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. തന്റെ കൈയ്യിനേക്കാള്‍ ചെറുത്. മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്ക പറയുന്നു.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്‌സുമാരെ കണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്യുന്നത്. ഞാനും നിക്കും അവിടെ തന്നെയുണ്ടായിരുന്നു. മകളെ ഇന്‍ട്യൂബ് ചെയ്യാന്‍ ആവശ്യമായത് എന്തൊക്കെയാണെന്ന് ആ കുഞ്ഞ് ശരീരത്തില്‍ അവര്‍ എങ്ങനെ കണ്ടെത്തി എന്ന് എനിക്കറിയില്ല. അവളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു.

വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നു. ദയയും സ്‌നേഹവും തമാശയും പറയുന്ന സ്ത്രീ. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചെന്നും താരം പറയുന്നു.

ഇരുവരുടേയും അമ്മമാരുടെ പേരില്‍ നിന്നാണ് മകള്‍ക്ക് മാല്‍തി മേരി എന്ന പേര് നല്‍കിയത്. ആദ്യമായാണ് വാടക ഗര്‍ഭധാരണത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം പ്രിയങ്ക തുറന്നുപറയുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

RECENT POSTS
Copyright © . All rights reserved