നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.
ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.
‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.
അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.
എന്നാൽ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിലെ അതൃപ്തി ശശികല വ്യക്തമാക്കി.
‘നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകൂ. അത് മനസ്സിലാക്കി വേണം വിശ്വാസികള്‍ പെരുമാറാന്‍’ എന്നാണ് കെപി ശശികല നിലപാട് വ്യക്തമാക്കിയത്.
വിവാദങ്ങളില്‍ വേദനയുണ്ട്. നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു. അത് മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാന്‍. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാന്‍.
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമല പോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.
ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.
വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…”എന്ന സിനിമ ഉടൻ ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിനെത്തുന്നു.
ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെയും ഷിനു വയനാട് സംഗീതം നൽകി ആലപിച്ച ഏറ്റുമാനൂരപ്പന്റെ തിരുനീരാട്ട്… എന്ന സംഗീത ആൽബത്തിന്റെയും പ്രകാശന കർമ്മവും സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ. ആയാംകുടി വാസുദേവൻ നമ്പൂതിരി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്ര തിരുസന്നിധിയിൽ വച്ച് ഷാജി തേജസ്സിൽ നിന്നും സി ഡി ഏറ്റുവാങ്ങി ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീമതി. വി. ആർ. ബിന്ദുവിന് സി ഡി കൈമാറിക്കൊണ്ട് നിർവഹിച്ചു.

ഈ ചിത്രത്തിന് തിരുവനന്തപുരം മീഡിയ സിറ്റി ടി വി ചാനലിന്റെ ഒമ്പതാമത് ഫിലിം അവാർഡിൽ മികച്ച സിനിമയ്ക്കും മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള പുരസ്‌കാരം ഷാജി തേജസിന് ലഭിച്ചിരുന്നു.
മികച്ച ഛായാഗ്രഹണത്തിന് തേജസ് ഷാജിയും, മികച്ച ഗാനരചനയ്ക്ക് ബാബു എഴുമാവിലും മികച്ച സംഗീത സംവിധാനത്തിന് രാംകുമാർ മാരാരും മികച്ച ആലാപനത്തിന് ഷിനു വയനാടും അർഹരായിരുന്നു.
ചിത്രം ഒ ടി ടി പ്ലാറ്റ് ഫോമിൽ ഉടൻ റിലീസ് ചെയ്യും.






ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്.
മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നല്‍കിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഉള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,
ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണാന്‍ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍ കൂടെ നില്‍ക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീല്‍ ചെയ്യുന്നു,ക്ലൈമാക്‌സ് പറയുന്നില്ല, കാണാത്തവര്‍ കണ്ടു മനസിലാക്കു. ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍..,
മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ എന്തേലും പ്രത്യേക താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവില്‍ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകള്‍ക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍…ഈ ചിന്താഗതി ഉള്ള ആള്‍ ഉത്തരം നല്‍കിയാല്‍ നന്നായിരിക്കും..
”ഞാന്‍ ഒരു RSS ആണ് ‘
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം
നമ്മുടെ എല്ലാം കുടുംബത്തില്‍ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളില്‍ എല്ലാം ചര്‍ച്ചകള്‍ നടക്കാറുണ്ട്,സ്‌നേഹപൂര്‍ണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങള്‍ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തില്‍ അപ്ലൈ ചെയ്തുകൂടാ?
നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്നാണ് അടൂർ ഗോപാലകൃഷ്ണന്റെ പക്ഷം. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പക’ എന്ന ചിത്രം തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ അടൂർ ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തേയും പ്രശംസിച്ചു.
മോഹൻലാലിന്റെ ‘നല്ല റൗഡി’ പ്രതിച്ഛായ തനിക്ക് പ്രശ്നമായിരുന്നുവെന്ന് താരത്തെ എന്തുകൊണ്ട് ഇതുവരെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അടൂർ പറഞ്ഞു. തന്റെ ഇഷ്ട നടൻ പി.കെ നായരും നടി കാവ്യാ മാധവനാണെന്നും അടൂർ പറഞ്ഞു. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്;
ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് ഞാൻ എതിരാണ്. ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാൻ എതിരാണ്. ഒരു ഉദാഹരണം ഞാൻ നൽകാം.
ഐ.എസ്.ആർ.ഒ ചാരക്കേസിനിടെ കെ. കരുണാകരൻ അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതുപോലെയാണ് കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയ്ക്ക് എതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ കഥകൾ. ഞാൻ എപ്പോഴും കഴിവുള്ളവരെ അംഗീകരിക്കും.
രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.
‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.
”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.
രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും.
സൂര്യനോട് സംസാരിക്കും പോലെയാണ് താനെന്നാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’ എന്ന് മംമ്ത പറയുന്നു.
മംമ്തയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.
നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാല പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്നാണ് ബാല പറയുന്നത്. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.
വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു. അയല്‍ വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഫ്ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നാണ് ബാല പറയുന്നത്. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തുവെന്നും ബാല പറയുന്നുണ്ട്.
2016 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് ഗ്രേസ് ആന്റണി.2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ ടീന എന്ന സഹനടിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം ജോർജെട്ടൻസ് പൂരം,ലക്ഷ്യം,കാബോജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പിന്നീട് ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം,റോഷക്ക്, അപ്പൻ,പത്രോസിന്റെ പടങ്ങൾ തുടങ്ങിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുവാൻ താരത്തിന് സാധിച്ചു.
പടച്ചോനെ ഇങ്ങള് കാത്തോളി യാണ് തരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നടി എന്നതിലുപരി ഒരു നർത്തകിയും മികച്ച മോഡലും കൂടിയാണ് താരം.ചലച്ചിത്രമേഖലയിൽ തുടക്കത്തിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെകുറിച്ചും ഒപ്പം ഒഡിഷനുപോയപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടിത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
പപ്പയോടൊപ്പമായിരുന്നു താൻ ആദ്യമായി ഒഡിഷനു പോയതെന്നും ഹാപ്പി വെഡിങ് ആയിരുന്നു തന്റെ ആദ്യ ഒഡിഷൻ ചിത്രമെന്നും താരം പറയുന്നു. സിനിമയിൽ ചെയ്ത അതെ രംഗം തന്നെയായിരുന്നു അന്ന് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും വന്നവരൊക്കെ വളരെ നന്നായി പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാൽ അതിലൊക്കെ വ്യത്യസ്തവേണമെന്ന് കരുതി അഭിനയിക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെ നന്നായി വെറുപ്പിച്ചു അഭിനയിച്ചെന്നും താരം പറയുന്നു. അത് കണ്ട് എല്ലാവരും നന്നായി ചിരിച്ചെന്നും താരം പറയുന്നു. വെറുപ്പിച്ച് അഭിനയിച്ചത് കൊണ്ടാണ് താൻ സെലക്ട് ആയതെന്നും ഗ്രേസ് ആന്റണി പറയുന്നു.
ഹാപ്പി വേഡിങ്ങിന് ശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തി. ഒഡിഷനുപോകുമ്പോൾ കുറേ കുട്ടികൾ വരുന്നതുകൊണ്ട് ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് അവർ പറയുമായിരുന്നു എന്നാൽ പപ്പ ഇല്ലാതെ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ വന്നോളൂ റൂം അറേൻജ് ചെയ്തുതരാമെന്ന് അവർ തന്നോട് പറഞ്ഞു. എന്നാൽ ചില കാര്യങ്ങളിൽ നോ പറഞ്ഞതുകൊണ്ട് തനിക്ക് പല അവസരങ്ങളും നായിക വേഷവും നഷ്ട്ടമായിട്ടുണ്ടെന്നും താരം പറയുന്നു.
താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ നടന്‍ വിജയകുമാര്. പീഡനക്കേസിലെ പ്രതികള്ക്ക് സ്വീകരണം നല്കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര് പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില് നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര് പറയുന്നത്. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില് ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര് ഓഫീസില് വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഇതിനിടെ ആയിരുന്നു നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും നടനെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില് കേസ് തെളിയിക്കാന് പൊലീസിനായില്ല. ഇതോടെയാണ് വിജയകുമാറിനെ കുറ്റവിമുക്തമാക്കിയത്.
കേരളത്തിലെ രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത്, അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യം. നമ്മുടെ നാട്ടിൽ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാൻ താല്പര്യപ്പെടുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക് കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യാ ചെയ്യുമായിരുന്നു കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്.
ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്.’’–ശ്രീനിവാസൻ പറഞ്ഞു.