എറണാകുളം ലോ കോളജ് പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വൻ വിവാദമായിരുന്നു. പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.

അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്ന് അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സജിത മഠത്തിലിന്റെ കുറിപ്പ്

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.

തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!