മാമാങ്കം സിനിമയില്‍ തന്‍റെ അസാന്നിധ്യം എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ വിശദീകരണം. നേരത്തെ നീരജ് ചിത്രത്തിലെ കാസ്റ്റിംഗ് ലിസ്റ്റിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ചില ചിത്രങ്ങളും ലോക്കേഷന്‍ ദൃശ്യങ്ങളും നീരജ് പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം മാമാങ്കം ഇറങ്ങിയതിന് പിന്നാലെ നീരജ് അതില്‍ ഇല്ലാത്തത് ചര്‍ച്ചയായത്. ഇത്തരം അന്വേഷണങ്ങള്‍ക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നീരജ് മറുപടി നല്‍കുന്നത്.
ഞാന്‍ ഈ ചിത്രത്തില്‍ ചെറുതു എന്നാൽ പ്രധാന്യമുള്ളതുമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. അതിന് വേണ്ടി കൂടുതല്‍ സമയവും ചിലവഴിച്ചു. ഈ റോളിന് വേണ്ടി കളരിപ്പയറ്റും, മറ്റ് സംഘടന വിദ്യകളും ഒരു മാസത്തോളമെടുത്ത് പഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു മാസത്തോളമെടുത്താണ് ഞാനുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്.
അതിന് ശേഷം കാര്യങ്ങള്‍ മാറി ചിത്രത്തിന്‍റെ സംവിധാനത്തിലും, സ്ക്രിപ്റ്റിലും, കാസ്റ്റിംഗിലും, സംഘടന ടീമിലും ഒക്കെ പരിഷ്കാരം വന്നു. പിന്നീട് ചിത്രത്തിന്‍റെ അണിയറക്കാന്‍ ഞാന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ കഥപറച്ചില്‍ രീതിയുമായി ചേരുന്നതല്ലെന്ന് എന്നെ അറിയിച്ചു. അതിനാല്‍ അവസാന എഡിറ്റിംഗില്‍ അത് നീക്കം ചെയ്തതായി വ്യക്തമാക്കി. ആദ്യം എന്നെ അത് ഉലച്ചു എന്നത് ശരിയാണ്.
എന്നാല്‍ എനിക്ക് അതില്‍ പരാതിയൊന്നും ഇല്ല, ചിത്രം മുഴുവന്‍ നന്നാകുവാന്‍ ചിലപ്പോള്‍ ആ തീരുമാനം ശരിയായിരിക്കാം. വൈകാതെ ആ രംഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നും എന്നെ അറിയിച്ചിരുന്നു. വൈകാതെ അത് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാമാങ്കത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്തായാലും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യാനുള്ള എന്‍റെ കാത്തിരിപ്പ് നീളുകയാണ് – നീരജ് മാധവ് പറയുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മൂത്ത മരുമകളായ പൂര്‍ണിമ വൈറസിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രിയ മോഹന്റെ പിറന്നാളിന് പിന്നാലെയായി പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എവിടെ വെച്ചാണെന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പല താരങ്ങളും ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഇരുവരും ഒരുമിച്ചുമുള്ള ആദ്യ ഫോട്ടോയുമായി പൂര്‍ണിമയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പൂര്‍ണിമയും ഇന്ദ്രനും പരിചയപ്പെടുന്നത്. ആ ഓര്‍മ്മകളും ചിത്രവുമാണ് താരം പങ്കുവെച്ചിട്ടുള്ളത്. അന്നാണ് ഇന്ദ്രന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ചെടുത്ത ഫോട്ടോയും ഇതായിരുന്നു. അന്നെനിക്ക് 21 ഉം അവന് 20 മായിരുന്നു. ഈ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഉച്ചത്തിലുള്ള ഹൃദയമിടിപ്പും തൊണ്ട വരളുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.
ഇന്ദ്രന്റെ അമ്മയായ മല്ലിക സുകുമാരനാണ് ഈ ചിത്രം പകര്‍ത്തിയത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്താണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് അമ്മയെ അറിയാം. അമ്മയ്ക്ക് ഇതെല്ലാം നന്നായി അറിയുമായിരുന്നുവെന്നും ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് വളരെ മനോഹരമായ യാത്രയായിരുന്നു. ഇന്ദ്രാ,വിവാഹ വാര്‍ഷിക ആശംസകള്‍. ഇതായിരുന്നു പൂര്‍ണിമയുടെ കുറിപ്പ്.
മല്ലിക സുകുമാരനെ ടാഗ് ചെയ്തായിരുന്നു പൂര്‍ണിമ ആശംസ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇന്നുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ട മികച്ച കപ്പിളാണ് അച്ഛനും അമ്മയും. എന്നും തങ്ങളെ ഇത് പോലെ നോക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്ന ആശംസയുമായാണ് പ്രാര്‍ത്ഥന എത്തിയത്. എല്ല കാര്യത്തിലും അമ്മ മാതൃകയാണ്. അമ്മയെ താനെത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ വാക്കുകളില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. പൂര്‍ണ്ണിമയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പാത്തൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവിന്‍ എന്ന ഒരൊറ്റ വാക്കാണ് ചേച്ചിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. പ്രവര്‍ത്തിയില്‍ ചേച്ചിയെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കും അതാണെന്നുമായിരുന്നു നിഹാല്‍ കുറിച്ചത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ചേച്ചി. ലോകത്തെ ഏറ്റവും മികച്ച ചേച്ചിയാണ് തന്റേത്. ചേച്ചിയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമായിരുന്നു പ്രിയ മോഹന്റെ കുറിപ്പ്.
സുപ്രിയ മേനോനും മല്ലികയും
പൂര്‍ണ്ണിമയ്ക്ക് സ്‌നേഹാശംസകളുമായി സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായാണ് സുപ്രിയ എത്തിയത്. 17 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സന്തോഷകരമായ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ആശംസിക്കുന്നു. വലിയൊരു പാര്‍ട്ടി തന്നെ തങ്ങള്‍ക്ക് വേണമെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നാത്തൂനെന്നായിരുന്നു സുപ്രിയ പൂര്‍ണിമയെ സംബോധന ചെയ്തത്. നാത്തൂനല്ല ഏടത്തിയാണെന്ന തിരുത്തലുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഇന്ദ്രജിത്തിന്‍രെ പോസ്റ്റ്
പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. 17 വര്‍ഷം എല്ലാമെല്ലാമായി ഒപ്പമുള്ളതിന് നന്ദിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഹാപ്പി ബര്‍ത് ഡേയ്‌ക്കൊപ്പം ഹാപ്പി ആനിവേഴ്‌സറിയും ആഘോഷിക്കുകയാണ് ഇരുവരും. ഇന്ദ്രന്റെ പോസ്റ്റിന് കീഴിലായി ഐലവ് യൂ എന്ന കമന്റുമായി പൂര്‍ണിമയും എത്തിയിരുന്നു. മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ്, നിമിഷ സജയന്‍, ശ്രിന്റെ, അഹാന കൃഷ്ണ, രഞ്ജിനി ജോസ്, അപൂര്‍വ്വ ബോസ്, മുന്ന സൈമണ്‍, അഭയ ഹിരണ്‍മയി, അമല പോള്‍ തുടങ്ങിയവരും ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
ഗീതുമോഹന്‍ദാസും നിമിഷ സജയനും
പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസയുമായി അടുത്ത സുഹൃത്തുക്കളായ ഗീതുവും നിമിഷയും എത്തിയിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാളാശംസയെന്നായിരുന്നു നിമിഷ കുറിച്ചത്. പൂര്‍ണിമയുടെ മടിയിലിരിക്കുന്ന ചിത്രവും നിമിഷയുടെ പോസ്റ്റിലുണ്ട്. പൂര്‍ണിമയ്ക്കരികിലിരുന്ന് പാട്ടുപാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും നിങ്ങളിത് പോലെയായിരിക്കട്ടെ, ഈ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും നിമിഷ കുറിച്ചിട്ടുണ്ട്. അമ്പടി കള്ളിയെന്ന മറുപടിയുമായാണ് പൂര്‍ണിമ എത്തിയത്. നന്ദി അറിയിച്ചുള്ള കമന്റുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു.
‘ലഹരി ഉപയോഗിക്കണ ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടെള്ളേണാ’…മാസ് ഡൈലോഗുമായി ഷെയ്ന്‍ നിഗം ചിത്രം വലിയപെരുന്നാളിന്റെ ട്രൈലര്‍ പുറത്തിറങ്ങി. വിനായകന്‍ നല്‍കുന്ന വിവരണത്തിലൂടെയാണ് ട്രെയിലര്‍ മുന്നോട്ട് പോകുന്നത്. ക്രിസ്മസ് ചിത്രമായെത്തുന്ന വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയറ്ററുകളില്‍ എത്തും.
ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഷെയ്നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതുമുഖം ഹിമിക ബോസാണ് നായിക. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍.
നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡിമലും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകനായ റെക്‌സ് വിജയനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.
ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വിഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
തലയിൽ കൈവച്ച് ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടി. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്..’ ചിരിച്ച് കൊണ്ട് ഉണ്ണിയുടെ മറുപടി. മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. മുൻപ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു.
അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. ഇപ്പോഴത്തെ വിഡിയോയിൽ അക്കാര്യവും ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്ന് അന്ന് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ കോട്ടോ.. ഉണ്ണി പറയുന്നു. വിഡിയോ കാണാം.
ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. നിരവധി സീരിയലുകളില്‍ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു.
വിവാഹ ശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് കാലത്തോളമായി നടിയെ എങ്ങും കാണാനില്ലായിരുന്നു. സജിത ബേട്ടി എവിടെ പോയി എന്ന് അന്വേഷിക്കുന്നവര്‍ക്ക് മുന്നിലേക്ക് നടി വീണ്ടും എത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന്നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ സജിത പറഞ്ഞിരിക്കുകയാണ്.
അഭിനയ ജീവിതം ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്ന് കൃത്യമായി ഓര്‍മയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായിട്ടാണ് തുടക്കം. ഇതിനകം അറുപതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ടെലിവിഷനില്‍ ടെലി ഫിലിമിലൂടെയാണ് തുടക്കം. ‘തഹസില്‍ദാര്‍ താമരാഷന്‍’ എന്ന സിനിമയില്‍ തെസ്‌നി ഖാന്റെ മകളായി അഭിനയിച്ചു. ചെറുതിലേ, പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍ ധാരളം ചെയ്തു. അത് കൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷന്‍ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി, ഇത്ര കാലം തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നു.
സീരിയലില്‍ കാവ്യഞ്ജലി, അമ്മക്കിളി, ആലിപ്പഴം, ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലില്‍ എക്കാലവും വലിയ താരപദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തില്‍ രണ്ടര വര്‍ഷത്തോളമായി സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീല്‍ ചെയ്യുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ‘സീത’ ചെയ്തത്. പിന്നീട് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ അഞ്ചാം മാസത്തില്‍ ഒരു സിനിമ ചെയ്തിരുന്നു. ഡെലവറി കഴിഞ്ഞാണ് അത് പൂര്‍ത്തിയാക്കിയത്.
ഷമാസിക്കയ്ക്ക് (ഭര്‍ത്താവ്) കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് തമാസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയ വിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവുമാണ്. മോള്‍ക്കൊപ്പമാണ് എന്റെ മുഴുവന്‍ സമയവുമെന്നും സജിത പറയുന്നു.
ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട് മോള്‍ക്ക് വേണ്ടി മാറി നിന്നതാണ്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് കാണണമെന്നും നടി പറയുന്നു.
നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഷെയ്ന്‍ നിഗത്തിനെ പൂട്ടാന്‍ ശ്രമിച്ച ജോബിക്ക് കുരുക്കുവീഴുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
എന്നാല്‍, വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രമേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.
മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2 കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മൂടൽമഞ്ഞാണ്.. കനത്ത മൂടൽമഞ്ഞ്. പരസ്പരം ആരെയും കാണാൻ സാധിക്കാത്ത വിധം പടരുന്ന മഞ്ഞ്. എന്നാൽ മഞ്ഞ് മാറി അവിടെ സൂര്യരശ്മികൾ വരുന്ന കാഴ്ച ആലോചിച്ചുനോക്കൂ…. ജീവിതവും അതുപോലെ തന്നെ.. 2019 ഐ എഫ് എഫ് കെയിലെ അതിമനോഹര ചിത്രങ്ങളിൽ ഒന്ന്, ഡെസ്പൈറ്റ് ദി ഫോഗ്. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. Goran Paskaljevic സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം 110 മിനിറ്റിൽ കഥ പറഞ്ഞവസാനിക്കുന്നു.
അഭയാർഥിയായി ഇറ്റലിയിൽ എത്തുന്ന ഏഴു വയസ്സുകാരൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോരുമില്ലാതെ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന മുഹമ്മദിനെ കണ്ടില്ലെന്ന് നടിക്കാൻ പൗലോയ്ക്ക് ആവുന്നില്ല. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൗലോയുടെ ഭാര്യ വലേറിയ ആദ്യമേ തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിക്കുന്നെങ്കിലും അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണരുന്നു. തന്റെ മരിച്ചുപോയ മകന്റെ സ്ഥാനത്തു ദൈവം കൊണ്ടുവന്ന ഒരു അത്ഭുതമായി മുഹമ്മദിനെ അവൾ കാണുന്നു. എങ്കിലും ആ വീട്ടിൽ നില്കാൻ അവനു മനസ്സുവരുന്നില്ല. സ്വീഡനിലേക്ക് പോകണമെന്നും തന്റെ മാതാപിതാക്കൾ അവിടെയാണെന്നും അവൻ പറയുന്നു, ബോട്ട് അപകടത്തിൽ അവർ മരിച്ചതറിയാതെ… അറബി മാത്രം അറിയാവുന്ന മുഹമ്മദിനെ സംരക്ഷിക്കാനുള്ള ഇറ്റലിക്കാരായ പൗലോയുടെയും വലേറിയയുടെയും ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
മുഹമ്മദിനുവേണ്ടി സ്വന്തം ബന്ധുക്കളെ അകറ്റുന്ന ആ ദമ്പതികൾ അവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ മതം അതിനു തയ്യാറാവുന്നില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആർക്കും കൊടുക്കാതെ ചേർത്ത് പിടിക്കുന്ന മുഹമ്മദിനെയുമായി ആ അമ്മ, കരോൾ ഗാനങ്ങളുടെ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന് മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയിലൂടെ യാത്രയാവുകയാണ്. എവിടേക്കാണെന്ന് ചിത്രം പറയുന്നില്ല. എന്നാൽ ഒന്ന് തീർച്ച…. അത് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ്.
സ്നേഹവും വാത്സല്യവും കൂടിക്കലരുന്ന മനസ്സുകളുടെ ചേർച്ച. ഒരു ചിത്രം കണ്ട് മനസ്സ് നിറയുമെങ്കിൽ ഈ ഇറ്റാലിയൻ സിനിമ കാണണം. ഗംഭീര ആശയവും അഭിനയ മികവും നിറഞ്ഞു നിൽക്കുന്ന ചിത്രം. കാഴ്ചയുടെ വസന്തമാണ് ഡെസ്പൈറ്റ് ദി ഫോഗ്… ഉൾകാഴ്ചയുടെ.. മനുഷ്യത്വത്തിന്റെ….
മലബാറിലെ രണ്ട് നാട്ടുരാജവംശങ്ങളായ സാമൂതിരിമാരും വള്ളുവനാട് രാജാക്കന്മാരും തമ്മിലുള്ള മൂന്നര നൂറ്റാണ്ട് നീണ്ട കുടിപ്പക പരാമർശിക്കുന്നിടത്താണ് മാമാങ്കം, മണിത്തറ, ചാവേറുകൾ, മണിക്കിണർ പോലുള്ള സംജ്ഞകൾ ചരിത്രത്തിൽ കടന്നുവരുന്നത്.
ആളും കോപ്പും ആയുധസന്നാഹങ്ങളും എല്ലാം കണക്കിലേറെയുള്ള സാമൂതിരി മാമാങ്കവേദിയിലെ മണിത്തറയിൽ ഇരിക്കുമ്പോൾ ഉശിരുമാത്രം കൈമുതലാക്കി മരണമുറപ്പായിട്ടും എതിരിടാൻ ചെല്ലുന്ന ചാവേറുകളുടെ വീരചരിതം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും കേൾക്കുന്നവരിൽ രോമാഞ്ചമുണ്ടാക്കുന്ന ‘ഹെവി ഐറ്റമാണ്’. കാവ്യാ ഫിലിം ഫാക്ടറിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കമെന്ന വൻ ബജറ്റ് സിനിമയുടെ ഉള്ളടക്കവും അതുതന്നെ.
ചരിത്രത്തെ കുറിച്ച് അവഗാഹം കുറവുള്ളവർക്ക് ഇത്തരം കാര്യങ്ങളെല്ലാം ലളിതമായി വിശദീകരിക്കുന്ന രഞ്ജിത്തിന്റെ വോയ്സ് ഓവറോടെ സിനിമ തുടങ്ങുന്നു. വിശദീകരിക്കുന്നത് സിംപിളായിട്ടാണെങ്കിലും ചരിത്രം പലപ്പോഴും പവർഫുള്ളും ഒപ്പം കൺഫ്യൂസിങ്ങും ആണെന്ന് പിന്നീടുള്ള സംഭവങ്ങൾ നമ്മളെ ബോധ്യപ്പെടുത്തും. വോയ്സ് ഓവർ പശ്ചാത്തലത്തിൽ നടക്കുമ്പോൾ 1695 -ലെ മാമാങ്ക മഹോത്സവത്തിന്റെ കാഴ്ചകളോടെ സിനിമ മുന്നോട്ട് പോവും. കൃത്യം എട്ടാമത്തെ മിനിറ്റിൽ കൊലമാസ്സായി ഇക്ക അവതരിക്കുകയും ചെയ്യും.
സാമൂതിരിയെ വെട്ടാൻ പറന്നുയരുന്ന ചന്ദ്രോത്ത് വലിയ പണിക്കറാണ് ഇക്ക. അതായത് ചാവേറുകളുടെ തലവൻ. തുടർന്നങ്ങോട്ട് ഏഴുമിനിറ്റോളം ഇക്കയുടെ വിളയാട്ടവും തേരോട്ടവും പടയോട്ടവുമാണ് കാണാൻ കഴിയുക. ഫാൻസുകാരുടെ മനസ്സിൽ അപ്പോൾ ഇക്കയ്ക്ക് ബാഹുബലിയുടെ പ്രഭാസിന്റെയും കെജിഎഫിലെ യാഷിന്റെയും കൂടി ചേർന്ന ഇമേജും ആഹ്ളാദാതിരേകവുമായിരിക്കും. അതു കഴിഞ്ഞ് വലിയ പണിക്കർ നിഷ്ക്രമിക്കും. സ്‌ക്രീനിൽ വൻ ഡെക്കറേഷനോടെ തെളിയും. മാമാങ്കം. സംവിധാനം എം പദ്മകുമാർ.
1695 -ലെ മാമാങ്കവും മേല്പറഞ്ഞ വലിയ പണിക്കരും ചരിത്രത്തിലെ മറ്റ് മാമാങ്കങ്ങളിൽ നിന്നും ചാവേറുകളിൽ നിന്നും വ്യത്യസ്തമാണെന്ന് രഞ്ജിത്തിന്റെ ആത്മഭാഷണം സൂചിപ്പിക്കുന്നുണ്ട്. മാമാങ്കം എന്ന ഹിസ്റ്റോറിക്കൽ ഇവന്റിൽ നിന്നും ഒരു സിനിമാറ്റിക് എലമെന്റ് കണ്ടെത്തുന്നതും ആ വേർതിരിയലിന്റെ പിറകെ സഞ്ചരിച്ചുകൊണ്ടാണ്. 15 മിനിറ്റ് കൊണ്ട് ഇക്ക നിഷ്ക്രമിച്ച ശേഷം പിന്നെ 24 വർഷങ്ങൾക്ക് ശേഷമുള്ള ചന്ദ്രോത്ത് തറവാട്ടിലെ ചില സംഭവങ്ങൾ കാണിച്ചുകൊണ്ടാണ് തുടരുന്നത്. അപ്പോഴത്തെ ചന്ദ്രോത്തെ പണിക്കർ ഉണ്ണിമുകുന്ദനാണ്.
പണിക്കരുടെ അനന്തിരവൻ ചന്തുണ്ണിയായി അച്യുതൻ എന്ന സിങ്കക്കുട്ടിയുമുണ്ട്. ഇന്റർവെൽ വരെ രണ്ടുപേരുമായി ബന്ധപ്പെട്ട സംഭങ്ങളുമായി സിനിമ മുന്നോട്ട് പോവും. ഇന്റർവെൽ ആവുമ്പോൾ മാരകമായൊരു ട്വിസ്റ്റുമായി ഇക്ക വീണ്ടും വരും. തുടർന്ന് ഇന്റർവെല്ലിനു ശേഷം മൂന്നുപേരും ചേർന്നുള്ള ‘മാസോട് മാസ് ക്ലാസ്’ പരിപാടികളാണ്. മാമാങ്കം എന്ന സിനിമയിൽ സജീവ് പിള്ള എത്ര ശതമാനമാണ്, ശങ്കർ രാമകൃഷ്ണൻ എത്ര ശതമാനമാണ് എന്നൊന്നും എനിക്കറിയില്ല.
പക്ഷെ, പ്രേക്ഷകരെ രണ്ടര മണിക്കൂർ നേരം തിയേറ്ററിൽ പൂർണമായും എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് അത്. അതുകൊണ്ടുതന്നെ മാമാങ്കം ജോസഫിന് ശേഷം വന്ന ഒരു പദ്മകുമാർ സിനിമയായി കാണാനാണ് എനിക്കിഷ്ടം. പദ്മകുമാറിന്റെ ക്‌ളാസിൽ നിന്നും ഒരിക്കലും അത് താഴെ പോവുന്നുമില്ല.
ചരിത്രത്തോട് നീതി പുലർത്തിയോ എന്നൊക്കെ ആ മേഖലയിലെ പണ്ഡിതർ വിലയിരുത്തേണ്ട കാര്യമാണ്. സിനിമയ്ക്ക് കേറുന്ന ഞാനുൾപ്പടെ 99.99 ശതമാനത്തിനും പാണ്ഡിത്യബാധ്യത ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങൾക്ക് പ്രസക്തിയുമില്ല.
പക്ഷെ ഒരു കാര്യം ഉറപ്പാണ്. മാമാങ്കത്തെ ഒരു സൂപ്പർസ്റ്റാർ ചിത്രമെന്ന നിലയിൽ സംവിധായകരോ എഴുത്തുകാരോ വഴിപിഴപ്പിച്ചിട്ടില്ല. മമ്മുട്ടി എന്ന മെഗാസ്റ്റാറിന് വേണ്ടി ആദ്യഭാഗത്തെ ഒരു ഏഴ് മിനിറ്റും അവസാനത്തെ ഒരു ആറു മിനിറ്റും ഒന്ന് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ — ആരാധകർക്കും വേണ്ടേഡേയ് എന്തെങ്കിലുമൊക്കെ.
ഇക്കയുടെ എല്ലാ പരാധീനതകളും അറിഞ്ഞുകൊണ്ടുള്ള പാത്രസൃഷ്ടിയാണ് പണിക്കരുടേത്. വടക്കൻ വീരഗാഥ പോലെ വെല്ലുവിളിയുയർത്തുന്ന വൈകാരിക മുഹൂർത്തങ്ങളൊന്നുമില്ല. ഇക്ക അത് പൂ പറിക്കും പോലെ അനായാസമാക്കി.
ഒപ്പം ഉണ്ണി മുകുന്ദനും അച്യുതനും പൂണ്ടു വിളയാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഉണ്ണി മുകുന്ദന് അഖിലേന്ത്യ അടിസ്ഥാനത്തിൽ തന്നെ മാർക്കറ്റു വർധിപ്പിക്കുന്ന പടമായിരിക്കും മാമാങ്കം. അജ്‌ജാതി മാരക പ്രെസൻസും പെർഫോമൻസുമാണ് ചാത്തോത്ത് പണിക്കർ.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും സ്‌ക്രീനിൽ ഉള്ളപ്പോൾ അച്യുതനെന്ന കുട്ടി ഫാൻസ് ഷോയിൽ നേടുന്ന കയ്യടി ആനന്ദകരമായ കാഴ്ചയാണ്. മമ്മുട്ടിയുടെ അനന്തരവനായ ഉണ്ണി മുകുന്ദൻ. ഉണ്ണിമുകുന്ദന്റെ അനന്തിരവനായ അച്യുതൻ. മൂന്നുപേരുടെയും കൂട്ടുകെട്ട് പടത്തിന്റെ നട്ടെല്ലാണെന്ന് നിസംശയം പറയാം.
‘കുലംകുത്തി’യാണോ കഥയിലെ നായകന്‍ എന്നത് സിനിമ കണ്ടിറങ്ങുന്നവന് ചിന്തയ്ക്ക് വിട്ടുകൊടുക്കുന്നു മാമാങ്കം. മാമാങ്കം ഒരു ചരിത്രപുസ്തകമാണ്. മമ്മൂട്ടി ‘മാസ്സായി’ നിറയുന്ന സിനിമയല്ല. വടക്ക് നിന്നുള്ള മറ്റൊരു വീരഗാഥയായി തിയറ്ററില്‍ അത് നിറയുന്നു. മലയാളത്തിന്റെ കാഴ്ചപ്പുറങ്ങളില്‍ നിറയേണ്ട ഒരു ചരിത്രക്കാഴ്ച.
കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്ക്കരൻ നിർവഹിക്കും. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനുമായുള്ള ചർച്ചകൾ മുംബൈയിൽ പൂർത്തിയായി. ഷാരൂഖുമൊത്തുള്ള ചിത്രം ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് താരനിർണയം പൂർത്തിയാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആഷിക് അബു പറഞ്ഞു.
നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. പാര്‍വ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്.
പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍ പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്.