ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.

നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.

ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.