Movies

കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്ക്കരൻ നിർവഹിക്കും. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനുമായുള്ള ചർച്ചകൾ മുംബൈയിൽ പൂർത്തിയായി. ഷാരൂഖുമൊത്തുള്ള ചിത്രം ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് താരനിർണയം പൂർത്തിയാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആഷിക് അബു പറഞ്ഞു.

നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. പാര്‍വ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്.

പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍ പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശൻ നായികയായി സജീവമാകുകയാണ്. തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ. കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടൻ ആരെന്ന് കല്യാണി പ്രിയദര്‍ശൻ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

ഏറ്റവും ഇഷ്‍ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി പ്രിയദര്‍ശൻ ആദ്യം മറുപടിയായി പറഞ്ഞത്. എന്നാല്‍ പെട്ടെന്നുതന്നെ മോഹൻലാലാണ് തന്റെ ഇഷ്‍ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശൻ പറയുകയായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രമായി രണനഗരം ആണ് കല്യാണി പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ കാണാൻ ഡെലിഗേറ്റുകളുടെ വൻ തിരക്ക്. പിന്നീടത് തള്ളിക്കയറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ ടാഗോർ തീയേറ്റർ പരിസരം പ്രതിഷേധക്കളം ആയി മാറി. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. റിസർവേഷൻ ചെയ്തതിലും കൂടുതൽ ആളുകളെ അതുവഴി കയ്യറ്റിവിട്ടെന്ന് ആരോപിച്ച് ബാക്കി ഡെലിഗേറ്റുകൾ പ്രശ്നമുണ്ടാക്കി. പിന്നീടത് വാക്കേറ്റത്തിലും കൂകിവിളികളിലും എത്തി നിന്നു.

 

ഒടുവില്‍ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. തീയേറ്ററിനുള്ളിലെ പടികളിൽ ഇരുന്നും നിന്നും ചിത്രം കണ്ടവർ ഏറെയാണ്. തിങ്ങിനിറഞ്ഞ പാരാസൈറ്റ് പ്രദർശനം ഏവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറിലെത്തി ഡെലിഗേറ്റുകളോട് സംസാരിച്ചു. അധിക പ്രദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതിൻപ്രകാരം ഇന്ന് രാത്രി 10:30ന് ടാഗോർ തിയേറ്ററിൽ തന്നെ പാരാസൈറ്റ് പ്രത്യേക പ്രദർശനം ഉണ്ട്. കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം കൂടിയാണ് ‘പാരസൈറ്റ്’. ഐ എഫ് എഫ് കെയിൽ രണ്ടു പ്രദർശനം മാത്രമേ ഇട്ടിരുന്നുള്ളു. അതാണ് ഈ വൻ തിരക്കിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

പ്രദർശന നഗരിയിൽ ലേഖകൻ.

റോൺ മാത്യു മണലിൽ

‘മാമാങ്കം ‘എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മാമാങ്കം

ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന പ്രധാന രാജവംശങ്ങൾ ആയിരുന്നു ആയ്, ചേരനാട്, പൂഴിനാട് എന്നിവ. ഒൻപതാം നൂറ്റാണ്ടോടെ കുലശേഖര സാമ്രാജ്യവും നാടുവാഴികളും ആവിർഭവിച്ചു. തെക്കേയറ്റത്ത് വേണാട്, ഓടനാട് മുതൽ വള്ളുവനാട്, ഏറനാട്, കോലത്തുനാട് തുടങ്ങിയവ ഭരണം നടത്തി.

പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം കളരികൾ സ്ഥാപിച്ച് ആയുധാഭ്യാസം പഠിപ്പിച്ചു നിർബന്ധസൈനിക സേവനം ഏർപ്പെടുത്തി. ചാവേർ സംഘങ്ങളെ സൃഷ്ടിച്ചെടുത്തു. വേണാട് സാമൂതിരി, കോലത്തിരി എന്നിവർക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും വള്ളുവനാട് പോലെയുള്ള നാടുവാഴികൾ സ്വാതന്ത്രാധികാരത്തോടെ ഭരിച്ചു.

വള്ളുവനാട്ടിലെ ‘മാഘമക’ ഉത്സവം

ചേരകാലഘട്ടത്തിൽ നിളയുടെ (ഭാരതപുഴയുടെ ) വടക്കേതീരത്തുള്ള തിരുനാവായയിൽ ബുദ്ധമതാചാരപ്രകാരം പൗഷമാസത്തിലെ പൂയം നാളിൽ (തൈപ്പുയം ) ആരംഭിച്ചിരുന്ന 28 ദിവസത്തെ വ്യപാരമേള അവസാനിച്ചിരുന്നത് മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ ‘മകം ‘ നാളിലായിരുന്നു .അതിനാൽ ഈ മഹോത്സവത്തെ ‘മഹാമകം ‘/’മാഘമകം ‘ എന്നത് ലോപിച്ചു ‘മാമാങ്കം ‘എന്ന് വിളിച്ചുവെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗഷപൂയം നാളിൽ വെളുത്ത വാവ് വരുന്നത് ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുള്ള (വ്യാഴവട്ടം)  വ്യാഴഗ്രഹം കർക്കടരാശിയിലായിരിക്കുമ്പോൾ ആണ് എന്ന് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്. റോം, ഗ്രീസ്, അറബ്, ചൈന രാജ്യങ്ങളിൽ നിന്ന് വ്യാപാരത്തിനായി കപ്പലുകൾ മാമാങ്കത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഹാമിൽട്ടനെ ഉദ്ധരിച്ചു കൊണ്ട് ലോഗൻ പറയുന്നു.

മാമാങ്കത്തിലെ നിലപാട്

കുലശേഖരന്മാരുടെ അനന്തിരവൻ എന്ന നിലയിൽ പൊന്നാനി ആസ്ഥാനമായുള്ള പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി ഭരണകർത്താക്കൾക്കായിരുന്നു മാമാങ്കത്തിലെ അദ്ധ്യക്ഷ സ്ഥാനം. പല വിധ ആക്രമങ്ങളാൽ ക്ഷീണിതരായിരുന്ന പെരുമ്പടപ്പ്, ‘മാമാങ്കനിലപാട് ‘എന്ന അദ്ധ്യക്ഷസ്ഥാനം കരാറടിസ്ഥാനത്തിൽ താത്കാലികമായി വള്ളുവക്കോനാതിരിക്ക് നൽകി.

ചാവേറുകൾ

പതിമൂന്നാം നൂറ്റാണ്ടിൻെറ അവസാനഘട്ടത്തിൽ വള്ളുവകോനാതിരിയെന്ന ചിരവൈരിയെ കീഴ്പ്പെടുത്തികൊണ്ട് മാമാങ്കത്തിൽ അദ്ധ്യക്ഷസ്ഥാനം സാമൂതിരി കരസ്ഥമാക്കി. അന്നുമുതൽ പുതുമന, ചന്ദ്രോത്ത്, വേർകോട്ട്, വയങ്കര നായർ കുടുംബങ്ങളിലെ ചാവേറുകളെ അയച്ച് മാമാങ്ക വേദിയിൽ (നിലപാടുതറ) എഴുന്നള്ളിയ സാമൂതിരിയെ വധിക്കുവാൻ വള്ളുവക്കോനാതിരി ശ്രമിക്കുന്ന കുപ്രസിദ്ധ ചടങ്ങായി മാമാങ്കം. സാമൂതിരിയുടെ നായർ പടയാളികളാൽ വധിക്കപ്പെട്ട വള്ളുവച്ചാവേറുകളുടെ ജഡങ്ങൾ ആനകൾ കിണറിൽ എറിഞ്ഞിരുന്നുവെന്ന് പ്രചാരമുള്ളതായും ലോഗൻ ചൂണ്ടിക്കാണിക്കുന്നു.

കണ്ടർമേനോനും ഇത്താപ്പുവും

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വള്ളുവനാടിന്റെ വീരപുരുഷനായിരുന്ന കണ്ടർമേനോനും 15 വയസ്സുള്ള മകൻ ഇത്താപ്പുവും സാമൂതിരിയുടെ നേരെ ആക്രമണം നടത്തിയെങ്കിലും ചേറ്റുവ പണിക്കർ ഉൾപ്പെടെയുള്ള സാമൂതിരി ഭടന്മാർ ചതി പ്രയോഗത്തിൽ ഇവരെ വകവരുത്തി.

ചന്ദ്രോത്ത് ചന്തുണ്ണി

1695 ലെ മാമാങ്കത്തിൽ 14 താഴെ വയസ്സുള്ള ചന്ദ്രോത്ത് ചന്തുണ്ണി എന്ന ധീര കൗമാരക്കാരൻ നിലപാde തറയിൽ പറന്നെത്തി സാമൂതിരിയെ വെട്ടിയെങ്കിലും കൂറ്റൻ വിളക്കിനായിരുന്നു വെട്ടേറ്റത്. രണ്ടാമതും വാങ്ങിയെങ്കിലും സാമൂതിരിയുടെ നായർ പോരാളികൾ ചന്തുണ്ണിയെ വീഴ്ത്തിയെന്ന് മലബാർ മാന്വൽ പറയുന്നു.

1743 -ൽ നടന്ന അവസാന മാമാങ്കത്തിൽ ഒരു ചാവേറ്, നിലപാട് തറ വരെ ചാടിക്കയറിയെങ്കിലും കോഴിക്കോട് കോയ അരിഞ്ഞുവീഴ്ത്തിയതായി ‘കേരളത്തിലെ രാജവംശങ്ങൾ ‘എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശേരി ചൂണ്ടികാണിക്കുന്നു.

വള്ളുവനാടിന്റെ വീരപുത്രന്മാർ കഥകളിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു മാമാങ്കം അവസാനിച്ചെങ്കിലും.

 

റോൺ മാത്യു മണലിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി

മാർത്തോമാ റെസിഡെൻഷ്യൽ സ്കൂൾ , തിരുവല്ല

 

 

 

 

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ന‌ടൻ ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളില്‍ ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ച താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം”- ഷെയ്ൻ കുറിച്ചു.

അതേസമയം വിവാദത്തിൽ നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കുകയാണ് ലക്ഷ്യം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. സംഘടനകളുടെ നീക്കങ്ങൾ ഇനി സുപ്രധാനമായിരിക്കും. അതേസമയം താരസംഘടനയായ ‘അമ്മ’യുടെ യോഗം 22ന് ചേരും.

അതിനിടെ ഇതരഭാഷാസിനിമകളിലൊന്നും ഷെയിനിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. നിർമാതാക്കൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാർ ലംഘനത്തിന് പുറമെ ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിക്കുകയും നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ ഫിലിം ചേംബർ കടുത്ത നടപടിയെടുത്തത്. സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടംകൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ കത്തിലാണ് ഷെയിനിനെ ഇതരഭാഷകളിലൊന്നും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനോടും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനോടുമടക്കം ആവശ്യപ്പെട്ടത്. നിലവിൽ പൂർത്തിയാക്കിയ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെങ്കിലും ഫലത്തിൽ ഷെയിനിന് രാജ്യത്താകമാനം സിനിമാമേഖലയുടെ പൂർണ നിസ്സഹകരണം നേരിടേണ്ടിവരും. ഷെയിൻ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഷെയിനിന്റെകാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു.

സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം നമിതാ പ്രമോദിന്റെ ഫേസ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്.

എന്നാൽ തെന്നിന്ത്യൻ സിനിമാ നടി നമിതയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഇത്തരം വാർത്തകൾ വരുമ്പോൾ സാമനപേരുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇത്തരം കമന്റുകൾ നിറയുന്നത് പതിവ് കാഴ്ചയാണ്.

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ‘ധൈര്യമായി അഭിനയിച്ച് മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്.

നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

‘നരേന്ദ്ര മോഡിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ധ്വജപ്രണാമം. സംഘപുത്രി,’ ധ്വജ പ്രണാമം നമിതാ ജി’, എന്നിങ്ങനെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.

‘അജയ്യനായ ശ്രീ നരേന്ദ്ര മോഡിയുടെ ഭരണ പാടവവും എളിമത്വവും കണ്ട് രാജ്യത്തിന്റെ പരമോന്നത പാർട്ടി ആയ ഹിന്ദുക്കളുടെ സംരക്ഷണ കവചം ആയ ബിജെപിയിലേക്ക് വന്ന നമിതാ ജിക്ക് ഒരു പിടി താമരപ്പൂക്കൾ കൊണ്ട് ഒരു ധ്വജ പ്രണാമം നേരുന്നു- എന്നാണ് ഒരാൾ ആശംസിച്ചിരിക്കുന്നത്.

കമന്റിലൂടെയാണ് ബിജെപി അനുഭാവികൾ ആശംസകൾ നേർന്നിരിക്കുന്നത്. അതിനിടയിൽ ട്രോളന്മാരും നമിതയ്ക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. നവംബർ 30നാണ് തമിഴ് നടി നമിതാ ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയിൽ അംഗ്വത്വം സ്വീകരിച്ചത്.

എന്നാൽ ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്.

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലും സൂപ്പർ സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഷാഫിയും മോഹൻലാലും ഒന്നിക്കുന്നത്.

കോമഡി ചിത്രമായിരിക്കുമെന്നാണ് സൂചനകൾ. സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

സീരിയലുകളിലൂടെ ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രിചരിച്ചിരുന്നു. നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.

ഇന്ന് വിവാഹിതരായ ഇരുവർക്കും സിനിമാ – ടിവി മേഖലയിൽ നിന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഷെയ്‍ൻ നിഗം വിവാദത്തിൽ ‘അമ്മ’ സംഘടനയും ഫെഫ്കയും ചർച്ചകൾ അവസാനിപ്പിച്ചു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്നും സർക്കാർ തലത്തിലും താരം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചെന്നും സംഘടന പറഞ്ഞു.

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. തുടർന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ൻ കാണുകയുണ്ടായി.

തന്നെ സിനിമയിൽ ആരൊക്കെയോ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ൻ മന്ത്രിയോട് പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.’–മന്ത്രി പറഞ്ഞു.

രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

Copyright © . All rights reserved