ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ കാണാൻ ഡെലിഗേറ്റുകളുടെ വൻ തിരക്ക്. പിന്നീടത് തള്ളിക്കയറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ ടാഗോർ തീയേറ്റർ പരിസരം പ്രതിഷേധക്കളം ആയി മാറി. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. റിസർവേഷൻ ചെയ്തതിലും കൂടുതൽ ആളുകളെ അതുവഴി കയ്യറ്റിവിട്ടെന്ന് ആരോപിച്ച് ബാക്കി ഡെലിഗേറ്റുകൾ പ്രശ്നമുണ്ടാക്കി. പിന്നീടത് വാക്കേറ്റത്തിലും കൂകിവിളികളിലും എത്തി നിന്നു.

 

ഒടുവില്‍ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. തീയേറ്ററിനുള്ളിലെ പടികളിൽ ഇരുന്നും നിന്നും ചിത്രം കണ്ടവർ ഏറെയാണ്. തിങ്ങിനിറഞ്ഞ പാരാസൈറ്റ് പ്രദർശനം ഏവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറിലെത്തി ഡെലിഗേറ്റുകളോട് സംസാരിച്ചു. അധിക പ്രദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതിൻപ്രകാരം ഇന്ന് രാത്രി 10:30ന് ടാഗോർ തിയേറ്ററിൽ തന്നെ പാരാസൈറ്റ് പ്രത്യേക പ്രദർശനം ഉണ്ട്. കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം കൂടിയാണ് ‘പാരസൈറ്റ്’. ഐ എഫ് എഫ് കെയിൽ രണ്ടു പ്രദർശനം മാത്രമേ ഇട്ടിരുന്നുള്ളു. അതാണ് ഈ വൻ തിരക്കിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

പ്രദർശന നഗരിയിൽ ലേഖകൻ.