Movies

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ്‌ രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.

സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ

വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.

കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.

മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.

അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.

നടന്‍ മധുവിനെ കുറേ കാലമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ മധു മരിച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.

ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു.

വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’ ഒക്ടോബർ  5നു ബ്രിട്ടീഷ് ഫിലിം ഇൻസ്ടിട്യൂട്ട് ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ അവതരിപ്പിക്കും. ‘കേരളത്തിലെ ബാഡ് ബോയ് ഡയരക്ടർ ലിജോ ജോസ് പെല്ലിശ്ശേരി’ എന്നാണ് ലണ്ടനിൽ നടന്ന പ്രസ് കോൺഫറൻസിൽ വിതരണം ചെയ്‌ത ഫെസ്‌റ്റിവൽ പ്രോഗ്രാമിൽ സംവിധായകനെ അല്പം കുസൃതിയോടെ വിശേഷിപ്പിക്കുന്നത്.

ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ എത്തുന്നത്. BFI അംഗം അല്ലാത്തവർക്ക് സെപ്‌തംബർ 12 മുതൽ 020 7928 3232 എന്ന നമ്പരിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

യലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.

‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.

ജനപ്രിയ നടൻ ടോവീനോ തോമസിന് ബൈക്ക് യാത്രയൊരിക്കി ആലപ്പുഴ – മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ.എറണാകുളം ഗോശ്രീ പാലത്തിൽ രണ്ടുമണിക്കൂർ ഗതാഗതകുരിക്കിൽ അകപ്പെട്ട നടൻ ടൊവീനോ തോമസിന്
ബൈക്ക് യാത്ര ഒരുക്കിയത് ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാർഡ് -കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽ കുമാറാണ് . ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തുവരുന്ന സിവിൽ പോലീസ് ഓഫീസറാണ് സുനിൽകുമാർ.

ഹൈക്കോടതിയിൽ നടന്ന ഹൈക്കോടതി ദിന ആഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ തോമസ് . വൈ. 6 മണിക്ക് തുടങ്ങേണ്ട ഉദ്ഘാടന ചടങ്ങിനുവേണ്ടി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ട അതിഥികളും രണ്ടു മണിക്കൂറാണ് ടോവിനോ തോമസിന്റെ വരവിനു വേണ്ടി കാത്തിരുന്നത്.ഈ സമയമൊക്കെ ഗോശ്രീ പാലത്തിൽ ഉണ്ടായ വലിയ ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു ടോവീനോ തോമസ് .

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വളരെ റിസ്ക്ക് എടുത്താണ് സുനിൽ സ്വന്തം ബൈക്കിൽ ടോവീനോ തോമസിനെ ഹൈക്കോടതിയിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചത്. സുനിലിനെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു.

വിജയ്​​യും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഇതിന് പിന്നാലെയാണ് മലയാളികൾക്ക് ഉൗർജം പകരുന്ന പുതിയ പ്രഖ്യാപനം. ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. മലയാളി നടി മാളവികയാണ് നായിക. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമാണം. ചിത്രത്തിൽ വിജയ് സേതുപതി മാസ് വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന. ‘ബിഗിൽ’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയാണ് താരം എത്തുക.

ടെലിവിഷന്‍ സീരിയലുകളില്‍ അമ്മ വേഷങ്ങളും വില്ലത്തി വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് നടി രേഖ. അത്ര വലിയ പ്രായമില്ലെങ്കിലും രേഖയ്ക്ക് അത്തരം വേഷങ്ങളാണ് ലഭിക്കാറുള്ളത്. സീരിയല്‍ വേഷങ്ങളിലൂടെ മാത്രമല്ല പല ഗോസിപ്പുകളിലൂടെയും രേഖ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

രണ്ടില്‍ കൂടുതല്‍ വിവാഹം ചെയ്ത നടി എന്ന പേരും രേഖയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വെറും ഗോസിപ്പു മാത്രമാണെന്ന് രേഖ പറയുന്നു. ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്.

കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്‌സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറഞ്ഞു.

ഇപ്പോള്‍ 37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണെന്നും നടി രേഖ പറയുന്നു.

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഐശ്വര്യ റായ്. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെ ത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.

കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.

പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോന്‍ഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം.മരണവാർത്ത കുടുംബാംഗങ്ങൾക്കെന്ന പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിങ്ങലായിരുന്നു. ഇപ്പോഴും കൊച്ചിയിലെ വീട്ടില്‍ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുകയാണദ്ദേഹം.  ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ

അവസാനം വരെ ശ്രീയ്ക്ക് പ്രതീക്ഷയും ആത്മധൈര്യവുമുണ്ടായിരുന്നു. ശ്രീയ്ക്ക് ശക്തി പകരും വിധത്തിലാണ് ഡോക്ടർ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, അവസാന മാസങ്ങളായപ്പോൾ കിടക്കയിൽ നിന്ന് എണീക്കാനാകാത്ത അവസ്ഥയും കടുത്ത വേദനയുമെല്ലാം കൂടിയായപ്പോൾ ശ്രീയുടെ പ്രതീക്ഷകൾ പതുക്കെ മാഞ്ഞു പോകും പോലെ തോന്നി.

ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു…’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.

തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തി ന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും…’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു.

അർദ്ധമയക്കത്തിൽ ആ സമയത്ത് ശ്രീ പറയുമായിരുന്നു, ‘അച്ചാച്ചാ പോകാം’ എന്ന്. ശ്രീ അച്ചാച്ചനെന്നു വിളിച്ചിരുന്നത് അമ്മയുടെ അച്ഛനെയാണ്. അച്ചാച്ചനോടായിരുന്നു കുട്ടിക്കാലത്ത് ഏറെ അടുപ്പം. അച്ഛന് മിലിട്ടറി എൻജിനീയറായി ദൂരെ ജോലിയായിരുന്നതിനാൽ അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് വളർത്തിയത്. മരണത്തോട് അടുക്കുന്ന സമയത്ത് മരിച്ചു പോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ അടുത്തു കാണുന്നതായി തോന്നുമെന്ന് പറയാറുണ്ട്്. അതാകും ശ്രീ ‘അച്ചാച്ചാ’ എന്ന് വിളിച്ചു െകാണ്ടിരുന്നത്.

അവസാന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ ശ്രീ വിമുഖത കാട്ടി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങണം എന്നാശിച്ചു. അങ്ങനെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാം ശ്രീ ഉള്ളിൽ തീർച്ചപ്പെടുത്തിയ പോലെയായിരുന്നു. തലേന്ന് രാത്രി ഡോക്ടർ വീട്ടിൽ വന്ന് മരുന്നു കൊടുത്തിട്ടാണ് പോയത്. ഒാക്സിജൻ ട്യൂബ് വഴിയാണ് നൽകിയിരുന്നത്. അന്ന് മൂത്ത മകൻ ബെംഗളൂരുവിലെ കോളജിലേക്ക് അത്യാവശ്യത്തിനു പോകണമെന്നു പറഞ്ഞപ്പോൾ ‘ഇപ്പോൾ പോകണോ’ എന്നു ചോദിച്ചു. രാത്രി ഒരു മണി വരെ ഇളയ മോൻ അമ്മയുടെ അടുത്തുണ്ടായിരുന്നു…പിറ്റേന്ന് ഒാഗസ്റ്റ് 13 ന്റെ പ്രഭാതം. ആ പ്രഭാതത്തിൽ ഞങ്ങളുടെ സ്നേഹം വിട്ട് ശ്രീ മറ്റൊരു ലോകത്തേക്കു യാത്രയായി.

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു വ്യാജവാര്‍ത്തയായിരുന്നു നടി രേഖ മരിച്ചു എന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.

താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച് ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കഴിഞ്ഞ താന്‍ വളരെ സന്തോഷവതിയാണ് എന്നും ഭര്‍ത്താവും മക്കളുമൊത്ത് മനോഹരമായി ജീവിക്കുന്ന തനിക്ക് നിരവധി ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയുള്ള തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുക്കരുത് എന്നും നടി പ്രതികരിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്ത 100% കാതല്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിങ്ങിനിടയിലാണ് നടി രേഖ വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.

ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് സിനിമ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടി രേഖക്ക് വിവിധ മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടോവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 60 എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ അമ്മയാണ് രേഖ എത്തുന്നത്.

RECENT POSTS
Copyright © . All rights reserved