Movies

തെലുങ്ക് ഹാസ്യതാരം വേണു മാധവ് മരിച്ചു. അസുഖത്തെത്തുടർന്നാണ് മരണം. 39 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ സെക്കന്തരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി വേണു മാധവ് യശോദ ആശുപത്രിയില്‍ ചികിത്സയിലായി രുന്നുവെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അവിടെ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മിമിക്രിയിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ് വേണു മാധവ്. 1996 ല്‍ സമപ്രദയം എന്ന തെലങ്കു സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്.ഇതിനിടെ രാഷ്ട്രീയത്തിലും അദ്ദേഹം ചുവടുവെച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു. 150 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സർക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അച്ഛൻ കെ സി ഉണ്ണി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സം​ഗീത സംവിധായകൻ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോട് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്കറിന്റെ ബന്ധുക്കൾ തള്ളുകയാണ്. ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി നൽകിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കാമെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും.

നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കി തമിഴ് സംവിധായകന്‍ അറ്റ്ലി. ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു സോഷ്യല്‍ മീഡിയ പരിഹാസം. കറുത്ത ടീ ഷർട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയിൽ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ…’ എന്നായിരുന്നു അക്ഷേപം. ഇതിനാണ് അറ്റ്ലി മറുപടി നല്‍കിയിരിക്കുന്നത്.

അറ്റ്ലിയുടെ വാക്കുകൾ ഇങ്ങനെ– ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം, അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകൾ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.

‘വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ്. മറ്റുള്ള താരങ്ങൾക്കൊപ്പവും നീ സിനിമ െചയ്യണമെന്ന് അണ്ണൻ പറയും. സത്യം പറഞ്ഞാൽ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ അണ്ണന്റെ മുഖമാണ് മനസ്സിൽ വരുന്നത്.’

‘ഫുട്ബോൾ ആണ് സിനിമയുടെ പ്രധാനപ്രമേയം. എന്നാലും കൊമേർസ്യൽ സിനിമകളുടെ രീതിയില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും മികച്ച തിരക്കഥ ബിഗിലിന്റേതാണ്.’–അറ്റ്ലി വ്യക്തമാക്കി.

തമിഴകത്തെ ഹിറ്റ് കൂട്ടുകെട്ടാണ് വിജയ്–അറ്റ്ലി കൂട്ടുകെട്ട്. ഇവർ ഒരുമിച്ച തെറി, മെർസൽ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ബിഗിലിൽ നയൻതാരയാണ് നായിക

ഹോളിവുഡിന്റെ പ്രിയ ആക്ഷന്‍ ഹീറോയാണ് ജാക്കി ചാന്‍. കുങ്ഫുവിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരം ലോകത്തിന്റെ തന്നെ ആക്ഷന്‍ ഇതിഹാസമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രൂസ് ലീക്ക് മുന്നില്‍ കടുത്ത വേദന അഭിനയിച്ച് കിടന്നതിന്റെ കഥയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക്കി ചാന്‍ വ്യക്തമാക്കിയത്.

ബ്രൂസ് ലീയുടെ അവസാന ചിത്രമായ ‘എന്റര്‍ ദ ഡ്രാഗണി’ല്‍ സ്റ്റണ്ട് മാസ്റ്ററായി ജാക്കി ചാനും ഉണ്ടായിരുന്നു. ”അന്ന് ബ്രൂസ്ലീയ്ക്കൊപ്പം സ്റ്റണ്ട് അഭിനയിക്കുമ്പോള്‍ ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. ക്യാമറയ്ക്ക് പിറകില്‍ നിന്നാണ് ബ്രൂസ് ലീയെ കണ്ടത്. പെട്ടന്ന് ഞാന്‍ മുന്നോട്ട് ഓടി. കണ്ണിലാകെ ഇരുട്ടായിരുന്നു. അദ്ദേഹം വടി ഒന്ന് വീശി. അത് കൊണ്ടത് എന്റെ തലയുടെ വലതുഭാഗത്ത്. പെട്ടന്ന് തല കറങ്ങി. ഞാന്‍ ബ്രൂസ്ലീയെ നോക്കുമ്പോള്‍ അദ്ദേഹം സംവിധായകന്‍ കട്ട് പറയും വരെ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

”എന്നെ കണ്ടതോടെ വടി വലിച്ചെറിഞ്ഞ് ദൈവമേ എന്നു വിളിച്ച് എന്റടുത്തേയ്ക്ക് ഓടിയെത്തി. എന്നെ എടുത്തുയര്‍ത്തി മാപ്പ് പറയുകയും ചെയ്തു. അപ്പോള്‍ എനിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ അപ്പോഴും വേദന ഉള്ളതുപോലെ അഭിനയിച്ചു. പറ്റാവുന്നത്ര സമയം ബ്രൂസ് ലീ എന്നെ ചേര്‍ത്തു പിടിക്കണമെന്ന ലക്ഷ്യം മാത്രമേ അന്നത്തെ അഭിനയത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ദിവസം മുഴുവന്‍ ഞാന്‍ കടുത്ത വേദന ഉള്ളതുപോലെ അഭിനയിച്ചു കിടക്കുകയായിരുന്നു” എന്നാണ് ജാക്കി ചാന്‍ പറയുന്നത്.

രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.

ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.

ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.

മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.

അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.

മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.

ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.

നടി എമി ജാക്‌സണ്‍ അമ്മയായി. ഈ വിവരം എമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞ് ആണ്‍കുട്ടിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എമി പരിശോധനയിലൂടെ അറിയുകയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതു മുതല്‍ തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്‌സണ്‍. തന്റെ ബേബി ഷവറില്‍നിന്നുളള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവര്‍ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് എമി എത്തിയത്. അതിന് അനുസൃതമായാണ് ബേബി ഷവര്‍ ആഘോഷ വേദിയൊരുക്കിയതും.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്‌സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

 

 

View this post on Instagram

 

Our Angel, welcome to the world Andreas 💙

A post shared by Amy Jackson (@iamamyjackson) on

മഹാരാജാസ് കോളേജിലെ പരസ്യമായ പ്രണയമായിരുന്നു ബിജുവിന്റേതും ശ്രീലതയുടെയും . ആരാധികമാര്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും ബിജുവിന്റെ ഹൃദയം കീഴടക്കിയത് ശ്രീലതയായിരുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്ന സങ്കടത്തിലാണ് ബിജു നാരായണൻ ഇപ്പോൾ .പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടുന്നയാളല്ല ശ്രീലത , എന്നാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. കളമശ്ശേരിയില്‍ പുഴയോരത്തായി തങ്ങള്‍ക്കൊരു വീടുണ്ട്. ഗായകരുടെ കൂട്ടയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിനിടയിലാണ് ശ്രീ ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.എല്ലാവരും യോഗത്തില്‍ പങ്കെടുക്കാനായി വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്നായിരുന്നു ശ്രീ പറഞ്ഞത്.

ഗൗരവകരമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്. ഫോട്ടോയെടുക്കുന്ന കാര്യത്തെക്കുറിച്ച് താന്‍ വിട്ടുപോയിരുന്നു. എല്ലാവരും പോയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് ഓര്‍ത്തത്. അയ്യോ , അത് കഷ്ടമായിപ്പോയല്ലോ, അടുത്ത തവണ ഉറപ്പായും ഫോട്ടോയെടുക്കാമെന്നായിരുന്നു അന്ന് താന്‍ ശ്രീയോട് പറഞ്ഞത്. എന്നാല്‍ അതിന് ശ്രീയുണ്ടായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസമാണ് അസുഖത്തെക്കുറിച്ച് അറിഞ്ഞതും അവള്‍ തന്നെ വിട്ടുപോയെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. അതില്‍ ഉര്‍വശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

ചിത്രത്തില്‍ ഉര്‍വശിയോട് ഇംഗ്ലീഷില്‍ സംസാരിച്ച് ‘വെള്ളം കുടിപ്പിക്കുന്ന’ ഒരു കൊച്ചു പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ആഡംബര മോഹം കൊണ്ട് നാട്ടിന്‍പുറത്തു നിന്നും നഗരത്തിലേക്ക് താമസം മാറ്റുന്ന ഉര്‍വശിയും ശ്രീനിവാസനും പുതിയതായി താമസിക്കാനെത്തുന്ന കോളനിയിലെ താമസക്കാരിയാണ് സ്‌കൂള്‍ വിദ്യര്‍ഥിനിയായ ആ പെണ്‍കുട്ടി.

ഇന്നസെന്റിന്റെയും മീനയുടെയും മകളായി ചിത്രത്തിലെത്തിയ വാശിക്കാരിയായ പെണ്‍കുട്ടിയെ അധികമാര്‍ക്കും പരിചയമില്ല. നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകന്‍ മനു വര്‍മ്മയുടെ ഭാര്യയായ സിന്ധു മനു വര്‍മ്മയാണ് അത്‌. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വനില്‍ സിന്ധു അഭിനയിക്കുന്നുണ്ട്. അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണാവത്താണ്. ഇപ്പോള്‍ ജയലളിത ആവാനുള്ള മുന്നൊരുക്കങ്ങളിലാണ് താരം. ഇതിനായി പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്.

ലോസ് ആഞ്ചലസിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ജയലളിതായാകാനുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച നടക്കുന്നത്.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്‌തെറ്റിക് മേക്കപ്പ്.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണു, ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലെ ജുഹു സിഗ്നലിൽവെച്ചാണ് സംഭവം. ഹിന്ദി സിനിമാ–താരം മൗനി റോയിയുടെ കാറിന് മുകളിലേക്കാണ് കല്ല് വീണത്. വാഹനത്തിന്റെ മുകൾ ഭാഗം തകർന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. താരം തന്നെയാണ് കാർ തകർന്നതിന്റെ ചിത്രം പങ്കുവച്ചത്. ഓടിക്കോണ്ടിരുന്ന വാഹനനത്തിന്റെ മുകളിലേക്കാണ് കല്ല് പതിച്ചത്.

നാഗിന്‍, കൈലാസനാഥൻ തുടങ്ങിയ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ മൗനി റോയ് നിരവധി ബോളീവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved