ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഇൗ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഒാർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.
കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. ആരാധകരും സിനിമാ–രാഷ്ട്രീയ–കായിക മേഖലകളിലെ പ്രമുഖരെല്ലാം മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധം. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ തയ്യാറാക്കിയിരുന്നത്.
അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്.
വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തു വന്നത് ബോളിവുഡ് താരം സോനം കപൂർ ആയിരുന്നു. തീർത്തും അരോചകമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.
ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും വിവേകിനെതിരെ സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.
Haha! 👍 creative! No politics here….just life 🙏😃
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും തന്റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാൽ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ചേർത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൃഥ്വിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഐറ്റം ഡാൻസ് എന്നായിരുന്നു പ്രധാനം വിമർശനം. അത്തരം വിമർശനങ്ങൾക്ക് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി നൽകി.
മുംബൈയിലെ ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ ചിത്രീകരിക്കണമായിരുന്നോ എന്നാണ് പൃഥ്വിയുടെ മറുചോദ്യം. അങ്ങനെ ചിത്രീകരിച്ചാൽ അത് അഭംഗിയാകും. സ്ത്രീകൾ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്നത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാൻസ് ബാർ രംഗവും തന്റെ പ്രസ്താവനയും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. 200 കോടി ക്ലബിൽ കയറിയ ലൂസിഫർ ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും അധികം വാണിജ്യ വിജയം നേടിയ ഒന്നാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.
പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ പഴയകാലജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്ന സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.
”ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹമായിരുന്നു. അന്ന് ജീവിക്കാൻ പ്രചോദനമായത് എന്നെ പ്രസവിച്ച എന്റെ അമ്മയാണ്. ഇന്നും എന്റെ എല്ലാമെനിക്ക് അമ്മയാണ്.
”ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്.
”ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കുവരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.
”ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
”ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു”-രഞ്ജു പറഞ്ഞു.
ഗോഡ്സെയെ പിന്തുണച്ച ബി.ജെ.പി പ്രവർത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബർ രോഷം വ്യാപകമാകുന്നു. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച ഗോഡ്സെയെ പിന്തുണച്ച് ഇന്നലെയാണ് അലി അക്ബർ പോസ്റ്റിട്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന കമൽ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്. “ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം”. ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.
ഇതിന്റെ താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭീകരവാദിയെ ന്യായീകരിക്കുന്ന അലി അക്ബർ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നുമാണ് ഇയരുന്ന ആവശ്യം.
‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’
‘ഗോഡ്സെയും ബി.ജെ.പിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി മോങ്ങുന്നു’– ഇങ്ങനെ പോകുന്നു കമന്റുകൾ.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്.
മോഹൻലാലിനോട് ഒരിക്കൽ ദേഷ്യപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. “ലാൽ സിനിമയിൽ വന്ന മുതൽ സൗഹൃദമുണ്ട്. എന്നിട്ടും, പരിഗണന ലഭിക്കാത്തപോലെ. നല്ലൊരു കഥയുമായാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. അതൊന്നു കേട്ടാൽ മതി. കേട്ടാൽ ലാൽ സമ്മതിക്കുമെന്നറിയാം. പക്ഷേ അതിനൊരു വഴി തുറന്നു കിട്ടുന്നില്ല. ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാനങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളായിരുന്ന പലരും ലാലിനെയാണ് സപ്പോർട്ട് ചെയ്തത്. സിബി എന്തിനാ ലാലിനോട് ദേഷ്യപ്പെട്ടതെന്ന് അവരെല്ലാം കുറ്റപ്പെടുത്തി,” ഒരു അഭിമുഖത്തിനിടെ ‘കിരീടം’ എന്ന ചിത്രത്തിനു പിന്നിലെ കഥകൾ പങ്കുവെയ്ക്കുകയായിരുന്നു സിബി മലയിൽ.
കലാമൂല്യം കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളസിനിമയുടെ ചരിത്രത്തിൽ എന്നും ഒാർമ്മിക്കപ്പെടുന്ന ചിത്രമാണ് ‘കിരീടം’. മോഹൻലാലിന്റെയും സംവിധായകൻ സിബി മലയിലിന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന വിശേഷണവും ‘കിരീട’ത്തിന് അവകാശപ്പെടാം. എന്നാൽ ‘കിരീടം’ അത്ര എളുപ്പത്തിൽ, പ്രതിസന്ധികളില്ലാതെ സാക്ഷാത്കരിച്ചൊരു ചിത്രമല്ലെന്ന് തുറന്നു പറയുകയാണ് സിബി മലയിൽ. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിലിന്റെ തുറന്നു പറച്ചിൽ.
‘ഉണ്ണിയും ദിനേശ് പണിക്കരുമായിരുന്നു ‘കിരീട’ത്തിന്റെ നിർമ്മാതാക്കൾ. അന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ഉണ്ണിയോടും ദിനേശിനോടും പറഞ്ഞു. ഒരു പക്ഷേ ഞാനായിരിക്കും ഈ സിനിമക്ക് നിങ്ങൾക്കൊരു തടസ്സം. എന്നോടുള്ള അകൽച്ചയാവും കാരണം. ലാലും നിങ്ങളും സുഹൃത്തുക്കളാണ്. ഞാൻ ചെയ്യുന്നതാണ് ലാലിന് പ്രശ്നമെങ്കിൽ ഞാൻ മാറി നിൽക്കാം. ഈ പ്രൊജക്റ്റ് നടക്കട്ടെ. അദ്ദേഹത്തിന് താൽപര്യമുള്ള സംവിധായകരെ വെച്ച് ചെയ്യട്ടെ. ഇതിങ്ങനെ നീണ്ടു പോകുകയേ ഉള്ളൂ. ഇപ്പോൾ തന്നെ അഞ്ചെട്ട് മാസമായി,” സിബി മലയിൽ ഒാർക്കുന്നു.
പിന്നീട് തിരുവനന്തപുരത്തു വെച്ച് വീണ്ടുമൊരിക്കൽ അവസാനമായി മോഹൻലാലിനോട് കഥ പറയാം എന്നു തീരുമാനിക്കുക ആയിരുന്നെന്നും കഥ കേട്ടയുടനെ നമുക്കീ ചിത്രം ചെയ്യണം എന്ന് മോഹൻലാൽ സമ്മതം അറിയിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അഞ്ചെട്ടുമാസം ഞങ്ങൾ നടന്നതിന്റെ റിസൽറ്റ് അപ്പോഴാണ് ലഭിച്ചതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ശ്രദ്ധേയമായ ‘കിരീടം’1989 ലാണ് റിലീസ് ചെയ്തത്. ലോഹിതദാസിന്റെ നാട്ടിൽ നടന്ന ഒരു കഥയാണ് ‘കിരീട’മെന്ന ചിത്രത്തിന് ആധാരമായത്. മോഹൻലാലിനൊപ്പം തിലകനും ശ്രദ്ധേയ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘കിരീടം’. അച്ഛന്റെ ആഗ്രഹം പോലെ പോലീസ് ഇൻസ്പെക്ടറാകണം എന്നാഗ്രഹിച്ച പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ മകൻ സേതുമാധവൻ എന്ന ചെറുപ്പക്കാരൻ വിധിവിഹിതം പോലെ ഒരു ഗുണ്ടയായി മാറുന്നതും ഒടുവിൽ ജീവിതത്തിനു ഭീഷണിയായി മാറുന്ന തെരുവുഗുണ്ടയെ സാഹചര്യവശാൽ കൊന്ന് കൊലയാളി ആവുന്നതുമാണ് ചിത്രം പറഞ്ഞത്. ആഗ്രഹങ്ങൾക്ക് വിപരീതദിശയിലേക്ക് ജീവിതം സഞ്ചരിക്കുന്നതു കണ്ട് നൊമ്പരപ്പെടുന്ന അച്ഛനെ തിലകൻ ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ, സാഹചര്യവശാൽ കൊലയാളിയായി മാറിയ ഒരു ചെറുപ്പക്കാരന്റെ ദൈന്യതകളും വേദനകളും ഹൃദയസ്പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻലാലിനും കഴിഞ്ഞു.
പാർവ്വതി, കവിയൂർ പൊന്നമ്മ, മുരളി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ, ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ആലപിച്ചതിന് ആ വർഷം മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം എം ജി ശ്രീകുമാർ സ്വന്തമാക്കി.
ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ചിത്രം നേടി കൊടുത്തിരുന്നു. ഒപ്പം, മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഹിതദാസും നേടി. തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, തമിഴ് എന്നിങ്ങനെ അഞ്ചു ഇന്ത്യൻ ഭാഷകളിൽ ചിത്രത്തിന് റീമേക്കുകളും ഉണ്ടായി. ചിത്രത്തിന്റെ രണ്ടാഭാഗമെന്ന രീതിയിൽ 1993 ൽ ‘ചെങ്കോലും’ റിലീസ് ചെയ്യപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. പേളി–ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകൾക്കെതിരെയാണ് സാധിക പ്രതികരിക്കുന്നത്.
വിവാഹമോചനം സമൂഹത്തിലെ എല്ലാ മേഖലകളിലും നടക്കുന്നുണ്ടെന്നും ചലച്ചിത്ര മേഖലയിലുള്ളവർ മാത്രമല്ല വിവാഹമോചിതരാകുന്നത് എന്നും സാധിക ഓർമ്മിപ്പിക്കുന്നു. വിവാഹമോചനത്തിൽ എന്തുകൊണ്ടാണ് സ്ത്രീകൾ മാത്രം മോശക്കാരികളാകുന്നത്?
വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹമോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാന തീരുമാനം ആണ്. ആരും പിരിയാനായി ഒന്നിക്കുന്നില്ല. സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എന്നിവയാണ് ജീവിതം തീരുമാനിക്കുന്നത്. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് വിലയിരുത്തൂ.
കുറിപ്പ് വായിക്കാം:
ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ ).
ദിവസവും ഒരുപാട് വേര്പിരിയലുകൾ കേരളത്തിൽ നടക്കുന്നുണ്ട് അതിൽ വിരലിൽ എണ്ണാവുന്നതു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ട് അത് വൈറൽ ആകുന്നു എല്ലാരും അറിയുന്നു വാർത്തയാകുന്നു ചർച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.
ഞാൻ ഇത് ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം പേർളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിർവദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാൻ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ)
ഈ കലാകാരികൾ കല്യാണം പിരിയുമ്പോൾ എന്തുകൊണ്ടു പെണ്ണുങ്ങൾ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികൾക്ക് നിങ്ങളുടെ കണ്ണിൽ വ്യപിചാരമാണല്ലോ തൊഴിൽ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കൾ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോൾ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടിൽ ഒരുപാട് സഹിക്കുന്നു എന്ന്… അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികൾക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോർത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവൾക്കാവശ്യം അവളെ ഒപ്പം നിർത്തുന്ന ചേർത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.
“വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം” തോന്നാൻ ജീവിതം സിനിമയല്ല.
ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)
പരസ്പരം സ്നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ദാമ്പത്യ ജീവിതത്തെക്കാൾ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തിൽ.
(എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാൽ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാൻ ആണ് )
ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്.
ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.
വടക്കാഞ്ചേരി: യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെ യില്‍പ്പാളത്തില്‍ കണ്ടെത്തിയത്.
ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈയിലായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. യുവ നടൻ ഷെയ്ൻ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുങ്ങുന്നത്.
സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അരുൺ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. അച്ഛന്‍ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.
ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം.
ഞാനും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമയിലെ നല്ല നടന്മാരാണെന്നുള്ളതിൽ തർക്കമില്ല. ഇപ്പോഴിതാ മിമിക്രിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. അച്ഛൻ സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വിഡിയോ വൈറലാകുകയാണ്. മല്ലികസുകുമാരൻ തന്നെയാണ് മകന്റെ ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന ആ രീതിയിൽ തന്നെയാണ് ഇന്ദ്രജിത്തും പറഞ്ഞ് കയ്യടി നേടുന്നത്. വൈറസാണ് ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. വൈറസ് ജൂണ്‍ 7 ന് തിയേറ്ററുകളില്‍ എത്തും. നേരത്തെ ഇന്ദ്രജിത്തും മക്കളും ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോയും വൈറലായിരുന്നു.