ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ളപ്രശ്‌നം നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിലെ ഒരു സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു. വെള്ളം കിട്ടിയിട്ട് 12 ദിവസമായി. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്നതിനാല്‍ മരണം അടുത്തു തന്നെ സംഭവിക്കുമെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്.

പ്രളയാനന്തരം ആലപ്പുഴയില്‍ കടുത്ത ശുദ്ധജല ദൗര്‍ലഭ്യതയാണ് നേരിടുന്നത്. എന്നാല്‍ പ്രശ്നപരിഹാരം കാണുന്നതില്‍ പ്രദേശീക ഭരണകൂടം പരാജയപ്പെട്ടു. ശുദ്ധജല ദൗര്‍ലഭ്യതോടൊപ്പം വൈദ്യുതി വിതരണവും താളം തെറ്റി. കറണ്ട് വല്ലപ്പോഴും വന്നാലായി എന്ന അവസ്ഥയിലാണ്. വെള്ളവും വെളിച്ചവുമില്ലാതെ ഗര്‍ഭിണിയായ ഭാര്യയും താനും നാട്ടുകാരും മരിക്കുമെന്നാണ് ഗഫൂര്‍ കുറിക്കുന്നത്. ബാക്കിയാകുന്ന ഗ്രാമവാസികളെ ആരെങ്കിലും ദത്തെടുക്കണമെന്നും ഗഫൂര്‍ എഴുതുന്നു.

പരീത് പണ്ടാരി, മാര്‍ളിയും മക്കളും തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഗഫൂര്‍ വൈ ഇല്ല്യാസാണ്. ഗഫൂരിന്‍റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

ഗഫൂര്‍ വൈ ഇല്ല്യാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ അതുകൊണ്ട് മാത്രം എഴുതുന്നു

ഒരുപാട് പ്രതീക്ഷകളും അതിലുപരി വലിയ വലിയ സ്വപ്നങ്ങളും ഉള്ള ഒരു യുവാവാണ് ഞാൻ !!! സിനിമ എന്ന മായ ലോകത്ത് സംവിധായകനായും എഴുത്തുകാരനായും വലത് കാൽ വെച്ച് കയറിയിട്ട് അധികം ആയിട്ടില്ല , തലനാരിഴക്ക് ആദ്യ സിനിമക്ക് സ്റ്റേറ്റ് അവാർഡ് നഷ്ടമായതിന്‍റെ നിരാശ ഇനിയും മാറിയട്ടില്ല എന്നത് ഈ അവസരത്തിൽ ഞാൻ തുറന്ന് പറയട്ടെ !!! അടുത്ത സിനിമയുടെ പണിപ്പുരയിൽ ആണ് നിലവിൽ , മമ്മുക്കയേ വെച്ച് ഒരു മരണമാസ്സ് പടവും ലാലേട്ടനെ വെച്ച് ഒരു ക്ളാസ്സ് പടവും ചെയ്യണമെന്നുണ്ട് , പക്ഷേ ലക്ഷ്യത്തിൽ എത്തില്ലന്നൊര് തോന്നൽ , വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആകുന്നുള്ളു……പ്രിയതമയുമായ് കിനാവുകൾ കണ്ട് തുടങ്ങിയതേയുള്ളൂ……ഒരു കുഞ്ഞ് വരാനിക്കുന്നു…..അവളെ/അവനെ വലിയ നേട്ടങ്ങളിലേക്ക് ഞങ്ങൾക്ക് കെെ പിടിച്ച് കൊണ്ട് പോകേണ്ടിരിക്കുന്നു !!! എന്നെ പ്രാണന് തുല്ല്യം സ്നേഹിക്കുന്ന ഒരുമ്മയുണ്ട് ഒരു വാപ്പിയുണ്ട് ഒരു ഭാര്യയുണ്ട് മൂന്ന് കൂടെപ്പിറപ്പുകൾ ഉണ്ട്….കൊറേ കുട്ടി മരുമക്കളുണ്ട്……അവരൊക്കെ എൻ്റെ വളർച്ചയിൽ കണ്ണും നട്ടിരിക്കുകയാണ്………പക്ഷേ ഒന്നും നടക്കില്ല…..കാരണം എൻ്റെ നാടായ ആലപ്പുഴയിൽ ദാഹജലം കിട്ടിയിട്ട് 12 ദിവസം കഴിഞ്ഞു….പോരാഞ്ഞിട്ട് കരണ്ടും കളഞ്ഞ് ഇരുട്ടത്താക്കി വിയർപ്പുമുട്ടിച്ചും തുടങ്ങിയിരിക്കുന്നു !!! പതിയെ പതിയെ അധിക്യതർ ഞങ്ങളെ നരകിച്ച് കൊന്നുകൊണ്ടിരിക്കുകയാണ്….കൂട്ടത്തിൽ ഞാനും ഇല്ലാതാവും……അവശേഷിക്കുന്നവരോട് ഒന്ന് രണ്ട് അപേക്ഷ മാത്രം….
1.എൻ്റെ പത്ര മാധ്യമ സുഹ്യത്തുകൾ ഞാൻ മരിച്ചാൽ ഫ്രണ്ട് പേജിൽ തന്നെ വാർത്ത കൊടുക്കണം……ക്യാപ്ഷൻ ;- ഗഫൂർ വെെ ഇല്ല്യാസ് എന്ന കലയുടെ വൻമരം ഇരുട്ടത്ത് തട്ടിവീണ് ദാഹിച്ച് മരിച്ച് വീണു ”ശേഷം ആര് ” ?
2. വാട്ടർ അതോറിറ്റിയിലും KSEB യിലും മ്യത്ദേഹം പൊതുദർശനത്തിന് വെക്കണം

3. പോലീസ് ബഹുമതികളോടെയെ എനിക്ക് അന്ത്യയാത്ര അയപ്പ് നൽകാവൂ….വെടിവെച്ച് ഉണ്ട കളയണ്ട…..ആക്ഷൻ മാത്രം കാണിച്ചിട്ട് വാ കൊണ്ട് ഒച്ചയിട്ടാലും മതി…എൻ്റെ വട്ടപ്പള്ളിക്കാർ അത്രക്ക് നിഷ്കളങ്കരാണ് പാവങ്ങൾ വിശ്വസിച്ചോളും…

4.ആലപ്പുഴയിൽ ബാക്കി അവശേഷിക്കുന്നവരെ മറ്റേതങ്കിൽ ജില്ലക്കാർ ദത്തെടുത്ത് അവരുടെയെങ്കിലും ജീവൻ നിലനിർത്തണം
എന്ന് ഒത്തിരി സങ്കടത്തോടെ ഗഫൂർ വെെ ഇല്ല്യാസ്