കൊച്ചി: കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. യുവനടന്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.
ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ തീയേറ്ററുകളില്‍ മോഹന്‍ലാല്‍-പൃഥിരാജ് ആരാധകര്‍ ലൂസിഫറിനെ വരവേറ്റു കൊണ്ട് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.
ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.
പതിനേഴ് വർഷങ്ങൾക്കു മുൻപ് പൃഥിരാജ് എന്ന പുതുമുഖനടൻ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ നിമിത്തമായൊരു സംവിധായകനുണ്ട്, ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രവാക്യങ്ങൾ രചിച്ച ഫാസിൽ. വർഷങ്ങൾക്കിപ്പുറം അതേ യുവനടൻ വളർന്ന് സൂപ്പർ സ്റ്റാർ പദവിയോളം കയ്യെത്തിതൊട്ടതിനു ശേഷം എന്നും മനസ്സിൽ കൊണ്ടുനടന്ന സംവിധാനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ എന്ന ചിത്രം പൃഥിരാജ് നാളെ മലയാളികൾക്കു മുന്നിലേക്ക് എത്തിക്കുമ്പോൾ അതൊരു തരത്തിൽ സംവിധായകൻ ഫാസിലിനു കൂടിയുള്ള ഗുരുദക്ഷിണയാണെന്നു പറയാം. സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ഗുരുവിനെയും ചേർത്തുപിടിച്ചുകൊണ്ടാണ് പൃഥിരാജ് തന്റെ ആദ്യ സംവിധാനചിത്രം മലയാളികൾക്ക് സമർപ്പിക്കുന്നത്.
കാലം തനിക്കായി കാത്തുവച്ച ചില കൗതുകനിമിഷങ്ങൾക്കു മുന്നിൽ അഭിമാനത്തോടെയും സന്തോഷത്തോടെയും നിൽക്കുകയാണ് സംവിധായകൻ ഫാസിൽ. ‘ലൂസിഫറി’ന്റെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ ‘ലൂസിഫറി’നെ കുറിച്ചുള്ള പ്രതീക്ഷയിലും ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമായിരുന്നു അദ്ദേഹം. “അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്നു പറയാൻ മാത്രം വലിയൊരു വേഷമൊന്നുമല്ല, ചെറിയൊരു റോളാണ്. എന്നാലും ‘ലൂസിഫറി’ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” ഫാസിൽ പറഞ്ഞു.
“വർഷങ്ങൾക്കു മുൻപ് പൃഥിരാജിനെ ഞാൻ ഇന്റർവ്യൂ ചെയ്തതാണ്, എന്റെ ഒരു സിനിമയ്ക്കു വേണ്ടി. ആ സബ്ജെക്ട് പക്ഷേ നടക്കാതെ പോയി. പിന്നീട് സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ എന്നോട് പൃഥിരാജിനെ കുറിച്ചു ചോദിച്ചു. ആ കുട്ടി നന്നായി വരും, നല്ല ആർട്ടിസ്റ്റാവുമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് രഞ്ജിത്ത് പൃഥിരാജിനെ നന്ദനത്തിൽ കാസ്റ്റ് ചെയ്യുന്നത്,” അദ്ദേഹം ഓർത്തെടുക്കുന്നു.
” കാലമേറെ കഴിഞ്ഞപ്പോൾ പൃഥിരാജ് ഒരിക്കൽ വീട്ടിൽ കയറി വന്നിട്ട് എന്റെ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യണം എന്നു പറഞ്ഞു. അവനോട് പറ്റില്ലെന്നു പറയുന്നതെങ്ങനെ? ഞാനാലോചിച്ചപ്പോൾ മോഹൻലാലുമുണ്ട് ചിത്രത്തിൽ. ലാലിനൊപ്പം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ’ അഭിനയിച്ചിട്ട് 35 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ലാൽ ഉണ്ടെന്നു കേട്ടപ്പോൾ ഒരു കൗതുകവും കൂടിയായി. അങ്ങനെയാണ് ലൂസിഫറിലെത്തുന്നത്,” ഫാസിൽ കൂട്ടിച്ചേർത്തു.
” പൃഥിരാജ് വളരെ ഇൻവോൾവ്ഡ് ആയിരുന്നു ‘ലൂസിഫറി’ൽ. ഞാനൊരു സംവിധായകൻ എന്ന നിലയിൽ നിരീക്ഷിക്കുമ്പോൾ, പൃഥിയുടെ സ്റ്റൈൽ ഓഫ് ടേക്കിംഗ് ഒക്കെ നല്ലതാണ്. സ്ക്രിപ്റ്റ് കൂടെ സപ്പോർട്ട് ചെയ്താൽ ഇത് വലിയൊരു പടമായി മാറും എന്നാണ് എനിക്ക് അന്ന് തോന്നിയത്, ട്രെയിലർ കാണുമ്പോഴും ആ പ്രതീക്ഷയുണ്ട്,” പൃഥിരാജിലെ സംവിധായകനെ ഫാസിൽ നിരീക്ഷിക്കുന്നത് ഇങ്ങനെ.
‘ലൂസിഫറി’ൽ മാത്രമല്ല പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാറി’ലും ഫാസിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശന്റെ സ്നേഹപൂർവ്വമുള്ള ക്ഷണമാണ് തന്നെ ‘മരക്കാറി’ലെത്തിച്ചതെന്നും ഫാസിൽ പറഞ്ഞു. “ലൂസിഫറിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷമാണ് പ്രിയൻ വിളിച്ചത്. ‘ലൂസിഫറി’ലെ എന്റെ പോർഷൻ പ്രിയൻ എടുത്തുകണ്ടെന്നു തോന്നുന്നു. ‘മരക്കാറി’ൽ അഞ്ചാറു ദിവസത്തെ വർക്ക് ഉണ്ടായിരുന്നു. ‘മരക്കാർ’ തിയേറ്ററുകളിലെത്താൻ ഇനിയും സമയം എടുക്കും.”
.കൂടുതൽ സിനിമകളിൽ ഇനിയും പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോ?
അഭിനയിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. പക്ഷേ, മലയാളത്തിൽ ഇറങ്ങുന്ന സിനിമകളൊക്കെ ജനം കാണും മുൻപെ തിയേറ്ററുകളിൽ നിന്നും പോവുന്ന ഒരു അവസ്ഥയല്ലേ നിലവിലുള്ളത്. നൂറു പടങ്ങൾ ഇറങ്ങിയാൽ 97 പടങ്ങളും ആളുകൾ കാണും മുൻപ് തിയേറ്ററുകളിൽ നിന്നും പോവുകയാണ്. മലയാളസിനിമയിൽ ഒരു ട്രെൻഡോ ട്രെൻഡ് മേക്കറോ വരണം, തുടർച്ചയായി ഹിറ്റ് പടങ്ങൾ വരണം, അപ്പോൾ മാത്രമേ ഈ അവസ്ഥ മാറൂ. നിങ്ങൾ മാധ്യമങ്ങൾ തന്നെ ഒരു സെൻസസ് എടുത്തു നോക്കൂ, തിയേറ്ററിൽ ആള് കയറാതെ, കളിക്കാൻ പറ്റാതെ പോവുന്ന പടങ്ങളുടെ എണ്ണം എത്രയോ കൂടുതലാണ്. അതിന്റെ പാർട്ട് ആവേണ്ട എന്നാഗ്രഹിക്കുന്നുണ്ട്.
15 വർഷം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം നിന്ന താരമാണ് ജോജു . അതൊന്നുമൊരു സംഭവമല്ലെന്ന മട്ടിൽ ചിരിക്കുന്നു ജോസഫ് ജോർജ് എന്ന ജോജു. ആ വിശ്വാസത്തിന്റെ തിളക്കമാണ് ജോജു ആദ്യമായി നായകനായ ‘ജോസഫ്’ എന്ന ചിത്രം. റോളുകൾ പലതായിരുന്നു ഈ സിനിമയിൽ ജോജുവിന്. നായകനാകുന്നതിനൊപ്പം ‘പണ്ട് പാടവരമ്പത്തിലൂടെ’ എന്ന പാട്ട് പാടി ഗായകനുമായി. സിനിമയുടെ നിർമാതാവും ജോജു തന്നെ.
ചങ്കു കൊടുത്തു സ്നേഹിച്ചാൽ ചതിക്കില്ല സിനിമ എന്ന വിശ്വാസം മാത്രമാണ് ജോജു ജോർജ് എന്ന മനുഷ്യന്റെ ഏറ്റവും വലിയ ക്യാപിറ്റൽ. ജോസഫിന്റെ വിജയപതാകയ്ക്ക് പിന്നാലെ ഇനിയും അണിയണിയായി വരുന്നുണ്ട് കുറെ സിനിമകൾ. കാണാൻ പോകുന്ന പൂരത്തിന് ട്രെയിലർ വേണ്ട എന്ന അഭിപ്രായമാണ് ജോജുവിന്. ‘ആ സസ്പെൻസ് അങ്ങനെ തന്നെയിരിക്കട്ടെ’ എന്ന ആമുഖത്തോടെ ആൾക്കൂട്ടത്തിൽ നിന്ന് നായകനും നിർമാതാവുമായി മാറിയ കഥയുടെ വാതിൽ തുറക്കുന്നു
ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ വല്ലാത്ത ധൈര്യമാണെനിക്ക്. അങ്ങനെ ഒരു തീരുമാനമെടുത്താൽ പിന്നെ, ആരു പറഞ്ഞാലും മാറില്ല. പരാജയപ്പെട്ടാല്‍ സങ്കടവുമില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ആ ധൈര്യമൊട്ടില്ല താനും. അതിനെ ധൈര്യം എന്നു വിളിക്കണോ ഇഷ്ടത്തിന്റെ ബലം എന്നു പറയണോ എന്നെനിക്കറിയില്ല.</p>
<p>‘ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വർധന ഉണ്ടാകാം. നടൻ എന്ന നിലയിൽ വളർന്നോ എന്നൊന്നുമറിയില്ല. 100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്ത് ‘ജോസഫ്’ കണ്ടു വിളിച്ചു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നപ്പോൾ അവനെന്നെ ഇഷ്ടമായിരുന്നില്ലത്രേ. ഞാനൊരു വൃത്തികെട്ടവനാണെന്നും ഡയലോഗ് തട്ടിയെടുക്കുമെന്നും സ്വന്തം കാര്യം മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും പലരോടും പറഞ്ഞിരുന്നു പോലും. അവന്‍ വളരെ ഇമോഷനലായി; ‘അളിയാ സിനിമ കണ്ടു. നീ അഭിനയത്തെ ഇത്ര ആത്മാർഥമായാണ് കാണുന്നതെന്ന് ഇപ്പോഴാ മനസ്സിലായത്. ഞാന്‍ നിന്നെക്കുറിച്ച് വളരെ മോശമായിട്ട് പലതും പറഞ്ഞിട്ടുണ്ട്. ക്ഷമിക്ക്്’ എന്നു പറഞ്ഞപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു’’.
ഞാനെന്റെ മരണം കണ്ടുനിന്നവനാണ്. ആരെങ്കിലും വിശ്വസിക്കുമോ’- നടൻ ജോജുവിന്റെ വാക്കുകളാണ്. പതിനഞ്ച് വർഷം മുൻപ് നടന്ന സംഭവത്തെപ്പറ്റി പ്രമുഖ സ്ത്രീ പക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജു മനസ്സുതുറന്നത്.
‘എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓർമയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.’
‘നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.’
‘പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.’
‘അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നത്.’
യുവനിർമാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമാമേഖലയില്‍ പ്രവർത്തിച്ചുവരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതല വഹിച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രം മാമാങ്കം, നാദിർഷയുടെ ‘മേരാ നാം ഷാജി’ തുടങ്ങി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് ഷഫീറിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്. പ്രമുഖരുടെ കുറിപ്പുകൾ വായിക്കാം:
സംവിധായകൻ ഷൈജു അന്തിക്കാട്
മാർച്ച് 24ന് വൈകീട്ട് ഷഫീർ എഫ്ബിയിൽ പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. Chottu’s 5th birthday celebration with my dreams; എന്ന കാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്.
എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.
സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി… മനക്കരുത്ത് ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത് മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല.
ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.
മാലാ പാർവതി
വിശ്വസിക്കാനാവുന്നില്ല. ഷഫീർ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂർ, ജോഷി സാറിന്റെ പടം കൺട്രോളർ ആണ്. ഇന്നലെ ഷൂട്ടിങിൽ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകൻ എൽകെജിയിലും. താങ്ങാനാവുന്നില്ല.
വേണു കുന്നപ്പിള്ളി (മാമാങ്കം നിർമാതാവ്)
ജീവിതയാത്രയിലെ നൊമ്പരമായി ഷഫീർ….നീ , മാമാങ്കത്തിന്റെ പ്രൊഡക്‌ഷനിലും സെക്കൻഡ് ഷെഡ്യൂളില്‍ അഭിനേതാവായും തിളക്കമാർന്ന ഓർമകൾ മാത്രം തന്ന് നമ്മളെയെല്ലാം വിട്ടുപോയി. പ്രിയപ്പെട്ടവനെ, ഞങ്ങളുടെ കണ്ണീരോടെയുള്ള ആദരാഞ്ജലിയും പ്രാർഥനയും.
വിനോദ് ഷൊർണൂർ
പ്രഭാത സവാരി കഴിഞ്ഞുള്ള ഞങ്ങളുടെ ക്രിക്കറ്റ് കളിയിൽ ഓരോരുത്തരും ബാറ്റു ചെയ്യുമ്പോഴും നല്ല ബൗളറായ സഫീർ ഭായിയുടെ മൂളിപറന്നു പോകുന്ന പന്തുകൾ തൊടാൻ പറ്റാതെ നിസ്സഹായമായി നിൽക്കുന്ന എന്നെ കണ്ട് ചിരിക്കുന്ന ആ മുഖം മറക്കാനേ പറ്റുന്നില്ല .. ഷഫീർ സേട്ടിനു ആദരാഞ്ജലികൾ
സംവിധായകൻ വി സി അഭിലാഷിന്റെ കുറിപ്പ്.
ആളൊരുക്കം എന്ന സിനിമക്ക് ഒരു തടസ്സമായി വന്ന ഷഫീർ പിന്നീട് ഹൃദയത്തിൽ ചേക്കേറിയ കഥയാണ് അഭിലാഷ് പങ്കുവെക്കുന്നത്.
ജീവിതത്തിലൊരു തടസ്സമായി വന്ന് പിന്നീട് ജേഷ്ഠതുല്യനായി മാറിയ ആ ബന്ധത്തെക്കുറിച്ച് അഭിലാഷ് കുറിച്ചത് ഇങ്ങനെ:
ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോൾ ഉള്ളിൽ ഒരു മരവിപ്പാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.
ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകൾ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.
ഇന്ദ്രൻസേട്ടന്റെ ഡേറ്റുകൾക്കനുസരിച്ചാണ് ഞാൻ ചിത്രീകരണ തീയതികൾ തന്നെ മുൻകൂട്ടി തീരുമാനിച്ചതും. ഇപ്പോൾ ചിത്രീകരണം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ ‘NO’യ്ക്ക് മറുപടി നൽകാതെ ഈർഷ്യയോടെ അന്നദ്ദേഹം ഫോൺ വച്ചു.
പിന്നീട്, ആളൊരുക്കം പൂർത്തിയായി, ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന് Vivek Muzhakkunnu വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.
കമ്മാരസംഭവത്തിന് ഇന്ദ്രൻസേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താൽ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരിൽ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സിനിമയെ തകർക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.
ഈ കുറിപ്പ് വായിച്ച് വിവേകിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാൻ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കൽ നേരിൽ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങൾ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.
പക്ഷേ ഞങ്ങൾ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.
പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് യാത്രാമൊഴി നേരുന്നു.
നടി നയന്‍താരയെ ആക്ഷേപിച്ച രാധാ രവിയ്‌ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്ത്. ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് നടി സമന്ത.
നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ, സാമന്ത ട്വിറ്ററിലൂടെ പരിഹസിച്ചു.
സമന്തയ്‌ക്കെതിരെയും കമന്റുകള്‍ വന്നുതുടങ്ങി. സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്ന നിങ്ങള്‍ പൊള്ളാച്ചി വിഷയത്തില്‍ എന്തു കൊണ്ട് പ്രതികരിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് രാധാരവി മോശമായി സംസാരിച്ചത്. നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. ‘അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കും.
തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു. അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നാണ് രാധാ രവി പറഞ്ഞത്.
ലൂസിഫർ തരംഗത്തിലാണ് സോഷ്യൽ ലോകം. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ യൂ ട്യൂബ് ടെൻഡിങ്ങിലടക്കം ഒന്നാമതെത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ മോഹൻലാൽ ആരാധക ഗ്രൂപ്പുകളിൽ മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലൂസിഫർ താരങ്ങളെല്ലാം എത്തുന്ന ചടങ്ങിൽ നിന്നുള്ള വിഡിയോയാണിത്. റെഡ് കാർപ്പെറ്റിലൂടെ താരങ്ങളോരോന്നായി നടന്നുവരുന്നു. ഇരുവശവും കൂടി നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി എല്ലാവരും നടന്നുപോവുകയാണ്. പൃഥ്വിരാജും ഇത്തരത്തിൽ നടന്നു വരുന്നതിനിടയിലാണ് തൊട്ടു പിന്നിൽ മോഹൻലാൽ എത്തുന്നത്. ആരാധകരുടെ ആവേശവും ആർപ്പുവിളിയും കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറി നിന്നു. പിന്നീട് മോഹൻലാൽ മുന്നിൽ പോയ ശേഷമാണ് പൃഥ്വി നടന്നു തുടങ്ങിയത്. ആരാധകൻ മൊബൈലിൽ പകർത്തിയ വിഡിയോ മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒരു യഥാർഥ ലാലേട്ടൻ ഫാൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
അതിനൊപ്പം ലൂസിഫർ പുറത്തിറങ്ങും മുന്‍പ് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് പുറത്ത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. 26-ാം പോസ്റ്ററിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. 27-ാം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും. ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്.
ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദില്‍.
തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന പൃഥ്വിയുടെ ചോദ്യത്തിന് ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവീനോ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
‘ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്.
സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം.ടി.യുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ െചയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.’- മമ്മൂട്ടി പറഞ്ഞു.
ഗായിക ചിന്മയിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത. വേണ്ട എന്ന് ചിന്മയി പറയുന്ന അത്രയും കാലം തന്റെ സിനിമയില്‍ ചിന്മയിയെ കൊണ്ട് പാടിക്കുമെന്ന് ഗോവിന്ദ്.
ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിംഗ് യൂണിയനില്‍ നിന്ന് ചിന്‍മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദ് ചിന്മയിക്ക് പിന്തുണയുമായി എത്തിയത്. ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്‍മയിയായിരുന്നു. മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന ചിന്‍മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദിന്റെ ഈ പ്രതികരണം.