Movies

യുവനിർമാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമാമേഖലയില്‍ പ്രവർത്തിച്ചുവരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതല വഹിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രം മാമാങ്കം, നാദിർഷയുടെ ‘മേരാ നാം ഷാജി’ തുടങ്ങി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് ഷഫീറിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്. പ്രമുഖരുടെ കുറിപ്പുകൾ വായിക്കാം:

സംവിധായകൻ ഷൈജു അന്തിക്കാട്

മാർച്ച്‌ 24ന് വൈകീട്ട് ഷഫീർ എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തതാണ് ഈ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. Chottu’s 5th birthday celebration with my dreams; എന്ന കാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്.

എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി… മനക്കരുത്ത്‌ ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത്‌ മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.

മാലാ പാർവതി

വിശ്വസിക്കാനാവുന്നില്ല. ഷഫീർ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂർ, ജോഷി സാറിന്റെ പടം കൺട്രോളർ ആണ്. ഇന്നലെ ഷൂട്ടിങിൽ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകൻ എൽകെജിയിലും. താങ്ങാനാവുന്നില്ല.

വേണു കുന്നപ്പിള്ളി (മാമാങ്കം നിർമാതാവ്)

ജീവിതയാത്രയിലെ നൊമ്പരമായി ഷഫീർ….നീ , മാമാങ്കത്തിന്റെ പ്രൊഡക്‌ഷനിലും സെക്കൻഡ് ഷെഡ്യൂളില്‍ അഭിനേതാവായും തിളക്കമാർന്ന ഓർമകൾ മാത്രം തന്ന് നമ്മളെയെല്ലാം വിട്ടുപോയി. പ്രിയപ്പെട്ടവനെ, ഞങ്ങളുടെ കണ്ണീരോടെയുള്ള ആദരാഞ്ജലിയും പ്രാർഥനയും.

വിനോദ് ഷൊർണൂർ

പ്രഭാത സവാരി കഴിഞ്ഞുള്ള ഞങ്ങളുടെ ക്രിക്കറ്റ് കളിയിൽ ഓരോരുത്തരും ബാറ്റു ചെയ്യുമ്പോഴും നല്ല ബൗളറായ സഫീർ ഭായിയുടെ മൂളിപറന്നു പോകുന്ന പന്തുകൾ തൊടാൻ പറ്റാതെ നിസ്സഹായമായി നിൽക്കുന്ന എന്നെ കണ്ട് ചിരിക്കുന്ന ആ മുഖം മറക്കാനേ പറ്റുന്നില്ല .. ഷഫീർ സേട്ടിനു ആദരാഞ്ജലികൾ

സംവിധായകൻ‌ വി സി അഭിലാഷിന്റെ കുറിപ്പ്.

ആളൊരുക്കം എന്ന സിനിമക്ക് ഒരു തടസ്സമായി വന്ന ഷഫീർ പിന്നീട് ഹൃദയത്തിൽ ചേക്കേറിയ കഥയാണ് അഭിലാഷ് പങ്കുവെക്കുന്നത്.

ജീവിതത്തിലൊരു തടസ്സമായി വന്ന് പിന്നീട് ജേഷ്ഠതുല്യനായി മാറിയ ആ ബന്ധത്തെക്കുറിച്ച് അഭിലാഷ് കുറിച്ചത് ഇങ്ങനെ:

ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോൾ ഉള്ളിൽ ഒരു മരവിപ്പാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.

ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകൾ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ഇന്ദ്രൻസേട്ടന്റെ ഡേറ്റുകൾക്കനുസരിച്ചാണ് ഞാൻ ചിത്രീകരണ തീയതികൾ തന്നെ മുൻകൂട്ടി തീരുമാനിച്ചതും. ഇപ്പോൾ ചിത്രീകരണം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ ‘NO’യ്ക്ക് മറുപടി നൽകാതെ ഈർഷ്യയോടെ അന്നദ്ദേഹം ഫോൺ വച്ചു.

പിന്നീട്, ആളൊരുക്കം പൂർത്തിയായി, ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന് Vivek Muzhakkunnu വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.

കമ്മാരസംഭവത്തിന് ഇന്ദ്രൻസേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താൽ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരിൽ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സിനിമയെ തകർക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.

ഈ കുറിപ്പ് വായിച്ച് വിവേകിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാൻ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കൽ നേരിൽ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങൾ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.

പക്ഷേ ഞങ്ങൾ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.

പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് യാത്രാമൊഴി നേരുന്നു.

നടി നയന്‍താരയെ ആക്ഷേപിച്ച രാധാ രവിയ്‌ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്ത്. ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് നടി സമന്ത.

നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ, സാമന്ത ട്വിറ്ററിലൂടെ പരിഹസിച്ചു.

സമന്തയ്‌ക്കെതിരെയും കമന്റുകള്‍ വന്നുതുടങ്ങി. സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്ന നിങ്ങള്‍ പൊള്ളാച്ചി വിഷയത്തില്‍ എന്തു കൊണ്ട് പ്രതികരിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് രാധാരവി മോശമായി സംസാരിച്ചത്. നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. ‘അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കും.

തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു. അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നാണ് രാധാ രവി പറഞ്ഞത്.

ലൂസിഫർ തരംഗത്തിലാണ് സോഷ്യൽ ലോകം. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ യൂ ട്യൂബ് ടെൻഡിങ്ങിലടക്കം ഒന്നാമതെത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ മോഹൻലാൽ ആരാധക ഗ്രൂപ്പുകളിൽ മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലൂസിഫർ താരങ്ങളെല്ലാം എത്തുന്ന ചടങ്ങിൽ നിന്നുള്ള വിഡിയോയാണിത്. റെഡ് കാർപ്പെറ്റിലൂടെ താരങ്ങളോരോന്നായി നടന്നുവരുന്നു. ഇരുവശവും കൂടി നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി എല്ലാവരും നടന്നുപോവുകയാണ്. പൃഥ്വിരാജും ഇത്തരത്തിൽ നടന്നു വരുന്നതിനിടയിലാണ് തൊട്ടു പിന്നിൽ മോഹൻലാൽ എത്തുന്നത്. ആരാധകരുടെ ആവേശവും ആർപ്പുവിളിയും കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറി നിന്നു. പിന്നീട് മോഹൻലാൽ മുന്നിൽ പോയ ശേഷമാണ് പൃഥ്വി നടന്നു തുടങ്ങിയത്. ആരാധകൻ മൊബൈലിൽ പകർത്തിയ വിഡിയോ മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒരു യഥാർഥ ലാലേട്ടൻ ഫാൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

അതിനൊപ്പം ലൂസിഫർ പുറത്തിറങ്ങും മുന്‍പ് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് പുറത്ത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. 26-ാം പോസ്റ്ററിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. 27-ാം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും. ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദില്‍.

തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന പൃഥ്വിയുടെ ചോദ്യത്തിന് ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവീനോ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്.

സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം.ടി.യുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ െചയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.’- മമ്മൂട്ടി പറഞ്ഞു.

ഗായിക ചിന്മയിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത. വേണ്ട എന്ന് ചിന്മയി പറയുന്ന അത്രയും കാലം തന്റെ സിനിമയില്‍ ചിന്മയിയെ കൊണ്ട് പാടിക്കുമെന്ന് ഗോവിന്ദ്.

ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിംഗ് യൂണിയനില്‍ നിന്ന് ചിന്‍മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദ് ചിന്മയിക്ക് പിന്തുണയുമായി എത്തിയത്. ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്‍മയിയായിരുന്നു. മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന ചിന്‍മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദിന്റെ ഈ പ്രതികരണം.

മണിയെ എന്നും മലയാളി ഒാർത്തുകൊണ്ടിരിക്കും. പലപ്പോഴും പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങൾക്കും വിഡിയോയ്ക്കും പിന്നാലെയാണ് സൈബർ ലോകം. കലാഭവൻ മണിയുടെ ഒാർമയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ നിന്നും രക്തം ഒഴുകുന്ന എന്ന തരത്തിലാണ് ചില ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഇൗ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ശില്പി ഡാവിഞ്ചി സുരേഷ്  പറയുന്നു.

ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഇൗ പ്രതിമ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോൾ വെള്ളം പ്രതിമയ്ക്ക് ഉള്ളിൽ കയറിയിട്ടുണ്ടാകാം. ഇൗ പ്രതിമ നിർമിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ ദ്രാവകം പുറത്തേക്ക് വരുന്നത്. ഇൗ കൈയ്യുടെ രൂപം നിർമിക്കുമ്പോൾ അതിനുള്ളിൽ ‍ഞാൻ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോൾ ഇൗ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകർ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നൽകരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു. രണ്ടു ദിവസം തുടർച്ചായി ഇത്തരത്തിൽ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോൾ അതില്ലെന്നും മണിയുടെ സഹോദരനും വ്യക്തമാക്കി.

ഇൗ പോസ്റ്റുകൾ വൈറലായതോടെ ചാലക്കുടിയിലെ മണിയുടെ പ്രതിമ കാണാൻ ആരാധകരുടെ ഒഴുക്കാണ്. പ്രളയസമയത്തും ഇൗ പ്രതിമ വലിയ വാർത്തയായിരുന്നു. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതോടെ മണിയുടെ വീട് ഉൾപ്പെടെ വെള്ളത്തിലായിരുന്നു. ശക്തമായ ഒഴുക്കും അപ്പോഴുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് പോലും മണിയുടെ പ്രതിമയ്ക്ക് മാത്രം ഒരു കേടുപാടും സംഭവിച്ചില്ല. പ്രതിമയക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കൾ തകർന്ന് വീണപ്പോഴും പ്രതിമ അങ്ങനെ തന്നെ നിന്നു. അദ്ദേഹത്തിന്റെ മരണശേഷം ആദരമർപ്പിക്കാൻ ഇപ്പോഴും ആരാധകർ വീട്ടിലേക്ക് എത്തുകയാണ്.

വീഡിയോ കടപ്പാട് ; ചാലക്കുടി വാർത്ത

നയൻതാരയെ പൊതുവേദിയിൽ അവഹേളിച്ച് തമിഴ് നടൻ രാധാ രവി. സ്ത്രീകൾക്കെതിരായ വിവാദപരാമർശത്തിൽ താരം മുൻപും വിവദത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറിന്റെ വ്യക്തി ജീവിതമടക്കം പരാമർശിച്ചാണ് താരത്തിന്റെ വിവാദപരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ കൊലയുതിർ കാലത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് നയൻതാരക്കെതിരായ പരാമർശം.

‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കൊക്കയാണ് ചേരുക. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത്. പിന്നെ നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..’ ഇത്തരത്തിൽ നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഇൗ വിഡിയോ പുറത്തുവന്നതോടെ വൻരോഷമാണ് ഉയരുന്നത്.

ഇതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് വിഘ്നേശ് ശിവൻ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തിൽ നിന്നുവരുന്ന വൃത്തിക്കെട്ടവനെതിരെ നടപടി എടുക്കാൻ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാൻ ഇയാൾ ഇനിയും ഇങ്ങനെ പറയും. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോൾ വേദനയുണ്ടെന്നും വിഘ്നേശ് കുറിച്ചു. ഗായിക ചിൻമയിലും രാധാ രവിയെ വിമർശിച്ച് രംഗത്തെത്തി.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി തുറന്നെഴുതി ബൊളീവുഡ് നടൻ ഉദയ്ചോപ്ര. ആറുവർഷമായി സിനിമയിൽ നിന്നും അകന്നുകഴിയുന്ന ഉദയ് ചോപ്ര കടുത്ത വിഷാദരോഗത്തിന്റെ പിടിയിലാണ്. വിഷാദരോഗത്തെക്കുറിച്ച് തുറന്നെഴുതിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും താരം എഴുതിയത്.

എന്റെ അവസ്ഥ മോശമാണ്. അത് മാറ്റിയെടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ പരാജയപ്പെടുകയാണെന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. അതിന്ശേഷമാണ് സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നത് മരണത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് പോലെ തോന്നുന്നുവെന്നും ഉടനെ തന്നെ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത് ഉചിതമാണെന്നും കുറിച്ചു. ഈ രണ്ട് ട്വീറ്റുകളും അധികസമയമാകുന്നതിന് മുമ്പേ ഡിലീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ നിരീശ്വരവാദത്തെക്കുറിച്ചുള്ള ട്വീറ്റും ഇട്ടു.

ഒരുവർഷം മുമ്പ് താൻ അനുഭവിക്കുന്ന പ്രണയനൈരാശ്യത്തെക്കുറിച്ച് ഉദയ്ചോപ്ര തുറന്നെഴുതിയിട്ടുണ്ടായിരുന്നു. പഴയ അതേ തീവ്രതയോടെ എനിക്ക് എന്നെ സ്നേഹിക്കാനാവുന്നില്ല എന്നായിരുന്നു ട്വീറ്റ്. ഞാൻ ഇഷ്ടപ്പെട്ടിരുന്നവൾ അകന്നുപോയി, എന്റെ ജീവിതത്തിൽ അവളുടെ സാന്നിധ്യം വേണമായിരുന്നു എന്നും കുറിച്ചു.

അമിതാഭ്ബച്ചനും ഷാരൂഖ്ഖാനും ഒന്നിച്ച മൊഹബത്തെയിനിലൂടെയാണ് ഉദയ്ചോപ്ര ബോളിവുഡിൽ എത്തുന്നത്. 2013ൽ ഇറങ്ങിയ ധൂം 3യാണ് അവസാനം ഇറങ്ങിയ ചിത്രം.

RECENT POSTS
Copyright © . All rights reserved