തമിഴ് ചലച്ചിത്രകാരന്‍ ജെ.മഹേന്ദ്രന്‍ ചെന്നൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. അദ്ദേഹത്തിന്റെ ഉതിരിപ്പൂക്കള്‍, നെഞ്ചത്തെ കിള്ളാതെ, മുള്ളും മലരും, ആടുപുലിയാട്ടം തുടങ്ങിയ സിനിമകള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയുടെ തന്നെ ചരിത്രം തിരുത്തിക്കുറിക്കുന്നവയായിരുന്നു. മണിരത്നവും ശങ്കറും മുതല്‍ മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍ വരെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച പ്രതിഭയായിരുന്നു മഹേന്ദ്രന്‍.
പ്രതാപം, പിന്നെ സ്വന്തം സിനിമയുടെ വിഡിയോ കസെറ്റുകള്‍ കൊടുത്ത് പണം കടം വാങ്ങേണ്ടത്ര ഗതികേട് വന്ന കലാകാരന്‍–മഹേന്ദ്രന്റെ ജീവിതം സ്വന്തം സിനിമകളെപ്പോലെ തന്നെ മുള്ളും മലരും നിറഞ്ഞതായിരുന്നു. കഥയും തിരക്കഥയും എഴുതി സംവിധായകനായി ഒടുവില്‍ നടനായി സിനിമയോടും ലോകത്തോടും വിടപറഞ്ഞ ജീവിതം.

Related image

1939ല്‍ ഇളയെങ്കുടിയില്‍ ജനിച്ച ജെ.അലക്സാണ്ടറെ സിനിമാലോകത്തെ മഹേന്ദ്രനാക്കിയത് മധുരയിലെ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എംജിആറിനു മുന്നില്‍ നടത്തിയ കച്ചവട സിനിമാ വിമര്‍ശനമാണ്. മികച്ച ചലച്ചിത്ര നിരൂപകനാവട്ടെ എന്നായിരുന്നു നടികര്‍ തിലകത്തിന്റെ ആശംസ. പക്ഷേ, മഹേന്ദ്രന്റെ ജീവിതം കച്ചവടത്തിനപ്പുറത്ത് സിനിമയില്‍ കലയുടെ ഇന്ദ്രജാലം തീര്‍ക്കാനായിരുന്നു. എംജിആറിന്റെ നാടകസംഘത്തിന് കഥകളെഴുതിയ മഹേന്ദ്രനെ അദ്ദേഹം തന്നെ വാഴ്‌വേ വാ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിച്ചു. ആദ്യസിനിമ മുള്ളും മലരും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഞ്ചത്തെ കിള്ളാതെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടി.

ഉതിരിപ്പൂക്കള്‍, പൂട്ടാത്ത പൂട്ടുകള്‍, ജോണി തുടങ്ങിയ സിനിമകളുടെ സംവിധാനം ചെയ്തു. ഇതിലും എത്രയെ ഏറെ തിരക്കഥയും സംഭാഷണവും എഴുതി. ജോണി, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ രജനി സ്റ്റൈല്‍ രൂപപ്പെടുത്തിയതിലും മഹേന്ദ്ര സ്പര്‍ശമുണ്ട്.
പേട്ട, തെറി, മിസ്റ്റര്‍ ചന്ദ്രമൗലി, സീതാകാതി തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തെറിയിലെ വില്ലന്‍വേഷത്തിന് പുരസ്കാരവും ലഭിച്ചു.