നിത്യഹരിത നായകന്‍ എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ താന്‍ ഈ രംഗത്തേക്ക് വന്നപ്പോള്‍ തന്നെ പ്രോത്സാഹനത്തിലുപരി വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് നടന്‍ വെളിപ്പെടുത്തുന്നു.
നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. മനോരമയുടെ പരിപാടിയായ ഐ മീ മൈ സെല്‍ഫിലാണ് ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്ന് പലരം ചോദിച്ചു ഒരിക്കലുമല്ല, ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല.
പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല, രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ ധര്‍മ്മജന്‍ പറയുന്നു.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണു കട്ടപ്പനയിലെ ഋതിക് റോഷന്‍. നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബ്ബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജനപ്രിയ നടന്‍ ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഭരതൻ ചിത്രം താഴ്‍വാരത്തിലെ നിഷ്കളങ്കമുഖമുള്ള ആ നായികയെ മലയാളി മറന്നുകാണില്ല. പിന്നെയും മലയാളത്തിന്‍റെ ബിഗ് സ്ക്രീനിൽ നമ്മളവരെ കണ്ടു, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ പല ചിത്രങ്ങളിലൂടെയും.അഞ്ജു മരിച്ചെന്ന വ്യാജവാർത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. വിശദീകരണവുമായി നടി നേരിട്ട് രംഗത്തിരിക്കുകയാണ്. വാർത്ത തന്നെയും കുടുംബത്തെയും തളർത്തിയെന്ന് ഒരു ദേശീയമാധ്യമത്തോട് താരം പറഞ്ഞു ”സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. നിരവധി പേർ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോൾ ഞാനും അതാണ് അനുഭവിക്കുന്നത്”, അഞ്ജു പറഞ്ഞു.
അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചു. ”അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. അവര്‍ മരിച്ചുവെന്ന തരത്തിൽ നിരവധി പേർ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രണ്ടാം വയസില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പല സൂപ്പർതാരങ്ങളുടെയും നായികയായി ശ്രദ്ധേയമായ വേഷങ്ങൾ അഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ‘മദ ആനൈ കൂട്ടം’ എന്ന തമിഴ്സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. എസ്‌കലേറ്ററില്‍ നിന്നും വീണാണ് പരിക്കേറ്റിരിക്കുന്നത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്. മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബെംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശാസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ സംവിധായകനാണ് ശ്രീകുമാര്‍. ഒടിയന്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോകുന്ന വേളയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്.
പരസ്യ സംവിധായകനായിട്ടാണ് ശ്രീകുമാര്‍ മേനോനെ എല്ലാവര്‍ക്കും പരിചയം. മഞ്ജു വാര്യരെ ചേര്‍ത്ത് വിവാദങ്ങളും അദ്ദേഹം നേരിട്ടിരുന്നു. പരസ്യത്തിലേക്ക് മഞ്ജുവിനെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനാണ്. ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നുവരെ പ്രചരണം ഉണ്ടായിരുന്നു
മീ ടു ക്യാമ്പയിൻ ചിലർക്കൊരു ഫാഷൻ എന്ന് നടന്‍ മോഹൻലാൽ. അതൊരു പ്രസ്ഥാനമല്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അബുദാബിയില്‍ ഡിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള പരിപാടിയായ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു
കഴിഞ്ഞ ദിവസം നടന്ന ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതാഭ് ബച്ചന് ഒരു കുഴയ്ക്കുന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. ചോദിച്ചത് ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാമാണ്. കുഞ്ഞു അബ്രം കരുതിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ ഷാരൂഖ് ഖാന്റെ അച്ഛനാണ് എന്നും എന്ത് കൊണ്ടാണ് മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്നുമൊക്കെയായിരുന്നു. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രത്തിനൊപ്പം സംഭവം വിവരിച്ചു കൊണ്ട് ആദ്യം എത്തിയത് ബച്ചന്‍ തന്നെയാണ്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ‘ഇത്ര മനോഹരമായ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ?’ എന്ന് കുറിച്ച് രംഗത്തെത്തി.
ബിഗ് ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും വൈകാതെ എത്തി. “ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ!”, എന്നാണു ബച്ചനെ വീട്ടിലേക്ക് വരവേറ്റു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.
‘മൊഹബ്ബത്തേം, ‘കഭി ഖുശി കഭി ഗം’, ‘ഭൂത്നാഥ്’ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകനായാണ് ഷാരൂഖ് എത്തിയത്. വലിയ വിജയമായിരുന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരന്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നായിക ജയ ബച്ചന്‍ തന്നെ.
ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ ബോളിവുഡ് താരങ്ങളുടെ കുഞ്ഞുമക്കളും എത്തിയിരുന്നു.
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധിയും മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളൊന്നില്ലാതിരുന്ന ഒരു സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി,
”സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. നടി പറയുന്നു.
പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.
. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. മെഡിറ്റേഷന്‍ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വര്‍ഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവില്‍ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വര്‍ണ്ണക്കടുവയും’ ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.
കോഴിക്കോട്; സിനിമാ- നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന നടന്‍ കെ ടി സി അബ്ദുളള അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് കെ ടി സി അബ്ദുളള അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുളള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് അദ്ദേഹത്തിന്‍റെ പേര് കെടിസി അബ്ദുളള എന്നായി മാറിയത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുളള.
ഇന്ത്യന്‍ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ വേരുകളുള്ള മാസ് നായകന്‍. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേല്‍ പ്രിയങ്കരനായ താരം. കഴിഞ്ഞാഴ്ച നല്‍കിയ ഒരഭിമുഖത്തില്‍ രജനി പറഞ്ഞ ചില അനുഭവചിത്രങ്ങള്‍ ആ മനസ്സിന്‍റെ കൂടുതല്‍ തെളിഞ്ഞ പ്രകാശനമാകുന്നു.
സൂപ്പർതാരങ്ങൾ ബസിലോ ഓട്ടോയിലും യാത്ര ചെയ്താലോ ലുങ്കിയുടുത്താലോ ആരാധകനൊപ്പം സെൽഫിയെടുത്താലോ അങ്ങയേറ്റം സിംപിൾ ആണ് അദ്ദേഹം എന്നു പാടിനടക്കുന്നവരാണ് ആരാധകർ. അത്തരമൊരു ചോദ്യമുണ്ടായി അഭിമുഖത്തിൽ. മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.
‘താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം?’ എന്നായിരുന്നു രജനിയുടെ മറുചോദ്യം.
സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. പുറത്തിറങ്ങുന്നതും ആളുകളെ അഭിമുഖികരിക്കുന്നതുമെല്ലാം എന്നെ സംബന്ധിച്ച് വിഷമമുളള കാര്യങ്ങളാണ്. എല്ലാവരും ലളിത ജീവിതം എന്ന് വാഴ്ത്തുന്ന തന്റേത് അത്ര ലളിതമൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രച്ഛന്ന വേഷത്തിലാണ് പോയത്. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുമായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോൾ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി, ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു. പുറത്തിറങ്ങിയപ്പോൾ എന്റെ കാർ വന്നു ഞാനതിൽ കയറുന്നത് കണ്ടപ്പോൾ അവർ വാ പൊളിച്ച് നിൽക്കുകയാണ്– രജനി പറയുന്നു.
മറ്റൊരിക്കൽ ഒരു തീയറ്റർ സമുച്ചയത്തിൽ സൂപ്പർഹിറ്റ് പടം കാണാൻ ഞാൻ പോയി. വേഷം മാറിയാണ് പോയത്. ദൂരെ നിന്ന് ഒരു വിളികേട്ടു. തലൈവാ. ഞാൻ ഞെട്ടിപ്പോയി. എന്റെ കൈയും കാലും വിറച്ചു. കാറാണെങ്കിൽ ഏറെ അകലെയും. ഞാൻ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു വിധം പുറത്തെത്തി. പിന്നെയാണ് മനസിലായത്. അയാൾ വേറേ ആരെയോ ആയിരുന്നു വിളിച്ചതെന്ന്– രജനി ചിരിയോടെ പറയുന്നു.
കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം. രജനിയുടെ 2.0 ഉടന്‍ തീയറ്ററിലെത്തും.
ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന്‍ എന്ന സിനിമയിലെ ചില സീനുകളിലാണ് ഋഗ് വേദത്തിലെ ഛന്ദോഗ്യോപനിഷത്തില്‍ പറയുന്ന ഉപദേശവാക്യത്തെ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ എഴുതി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ താമസിക്കാതെ തിയേറ്ററുകളിലെത്തും.
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ ധ്യാന്‍ശ്രീനിവാസിന്റെ കഥാപാത്രം അജു അവതരിപ്പിക്കുന്ന ജെറിയോട് ചോദിക്കുന്നു, ‘ നമ്മുടെ അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിട്ടില്ലേ? തത്വമസി അതിനന്റെ അര്‍ത്ഥം എന്താണ്’ എന്ന് ചോദിക്കുന്നു. തത്വ മെസി യോ എന്ന് അജു തിരികെ ചോദിക്കുന്നു. മെസി ലോകം അറിയപ്പെടുന്ന ഫുഡ്‌ബോള്‍ കളിക്കാരനാണ്. സച്ചിന്റെ കടുത്ത് ആരാധകനായ ജെറി തത്വമസിയിലെ മസി മെസിയാക്കി. തൊട്ട് പിന്നാലെ സംശയം തീര്‍ക്കാന്‍ ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്ന പൂച്ച ഷൈജുവിനെ കാണാന്‍ ഇവര്‍ പോകുന്നു. ‘ തത്വം നമുക്കെല്ലാം അറിയാം എന്നാല്‍ അതിനെടേല്‍ എങ്ങനെയാണ് അസി കടന്ന് വന്നത്, അതൊരു മുസ്്‌ലിം പേരല്ലേ? ഇനി വാവര് സ്വാമീടെ വിളിപ്പേരാണോ?’ എന്ന് പൂച്ച ഷൈജു ചോദിക്കുന്നു.
സ്വാമി അയ്യപ്പന്റെ സുഹൃത്തും വലംകയ്യുമായ വാവര് സ്വാമിയെ കളിയാക്കുന്ന സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ജാതിമത വ്യത്യാസമില്ലാതെ ഭക്തര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതീപ്രവേശനവുമായി ബന്്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികളും നാമജപവും നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും കാണുകയും ചെയ്യുന്ന സിനിമ പോലൊരു മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. താരം തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ സണ്ണിയുടെ നായകന്‍ ആയി എത്തുന്നത് അജു വര്‍ഗീസ് ആണെന്നാണ്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
അജു വര്‍ഗീസിന്റെ നായികയായി സണ്ണി എത്തുമ്പോള്‍ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.