Movies

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ താരങ്ങളും സന്നിഹിതരായി.

മോഹന്‍ലാല്‍, ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്‌മാന്‍ ഉള്‍പ്പടെ നിരവധി പേര്‍ സകൂടുംബമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂട്ടര്‍, എക്‌സിബിറ്റര്‍ എന്നീ മേഖലകളിലെല്ലാം വിശാഖ് സജീവമാണ്. മെറിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. കൂടാതെ ഫന്റാസ്റ്റിക് ഫിലിംസിന്റെ പാര്‍ട്ണര്‍ കൂടിയാണ്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിശാഖ് നിര്‍മാതാവ് ആകുന്നത്. പിന്നീട് അരുണ്‍ സന്തോഷ് സംവിധാനം ചെയ്ത ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന സിനിമയും നിര്‍മ്മിച്ചു. ‘ഹൃദയം’ സിനിമയുടെ നിര്‍മ്മാതാവും വിശാഖ് ആണ്.

മലയാള സിനിമ താരങ്ങൾ പ്രതിഫലം കുത്തനെ കൂട്ടുന്നു എന്ന രീതിയിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നടി അപർണ്ണ ബാലമുരളി ദേശിയ അവാർഡ് നേടിയ ശേഷം അപർണ്ണ ബാലമുരളി പറഞ്ഞിരുന്നു സിനിമയിൽ ലിംഗ വിവേചനമാണ് നടക്കുന്നത്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സാലറി കൊടുക്കാൻ ബാധ്യത ഉണ്ടെന്നും തന്റെ ഒപ്പം സിനിമയിൽ എത്തിയവർ വാങ്ങുന്ന പ്രതിഫലം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും എന്നാൽ അതേസമയം സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടതൽ കൊടുക്കുന്നതിനോട് എതിർപ്പില്ല എന്നും അപർണ്ണ പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഇതേ ആവിശ്യം WCC യും ആവിശ്യപെട്ടിരുന്നു.

എന്നാൽ ഇതിനെതിരെ കടുത്ത വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ. സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും. ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ.’ ‘സൂപ്പർ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകാം. സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നത്.

ഇവിടെ ഇന്നും സൂപ്പർ താരങ്ങളാണ് സിനിമ വിജയിപ്പിക്കുന്നത്. മോഹൻലാലിന് നമുക്ക് കോടികൾ കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. എന്നാൽ അതേ പ്രതിഫലം എന്റെ മകൾ കീർത്തിക്കും കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ. ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ ആണ്. എന്ന് കരുതി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന അതെ പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു.

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത സിനിമ ആസ്വാദകരെ വേറെ ലോകത്തേക്ക് എത്തിച്ച് ലോകം എമ്പാടുമുള്ള തീയേറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു അവതാർ. 2009-ൽ റിലീസ് ചെയ്ത ചിത്രം ഇന്നും കണ്ടിട്ടുള്ള പ്രേക്ഷകർ ഒരു അത്ഭുതം തന്നെയാണെന്ന് പറയാതെ വയ്യ! 1900 കോടി രൂപ ബഡ്ജറ്റിൽ ഇറങ്ങിയ ആ ചിത്രം അന്ന് ആകോളാ ബോക്സ് ഓഫീസിൽ 18000 കോടിയിൽ അധികം കലക്ഷനും നേടിയിരുന്നു.

പത്ത് വർഷത്തോളം ആ കളക്ഷൻ റെക്കോർഡുകൾ മറ്റൊരു ചിത്രവും ബ്രേക്ക് ചെയ്തില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. 2019-ലെ അവെഞ്ചേഴ്സ് – എൻഡ് ഗെയിം ആണ് അവതാറിന്റെ കളക്ഷൻ തകർത്ത് ഒന്നാമത് എത്തിയത്. അവതാർ ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് ജെയിംസ് കാമറൂൺ വെളിപ്പെടുത്തിയത്.

പിന്നീട് പ്രേക്ഷകരുടെ കാത്തിരിപ്പ് അതിന് വേണ്ടിയായി. ഇപ്പോഴിതാ മലയാളികൾ ഉൾപ്പടെയുള്ള ലോകത്തുള്ള സിനിമ പ്രേക്ഷകരെ മുഴുവനും ആവേശത്തിൽ ആഴ്ത്തികൊണ്ട് അവതാർ 2 ദി വേ ഓഫ് വാട്ടറിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പാൻഡോറയുടെ അത്ഭുത കാഴ്ചകൾ അവസാനിക്കുന്നില്ല എന്ന് അവതാർ 2-വിന്റെ ട്രെയിലർ സൂചിപ്പിക്കുന്നു. നീല നിറവും നീണ്ട വാലുമായി നാവികൾ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നു.

ജെയിംസ് കാമറൂൺ എന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ കഴിവുകൾ മുഴുവനും പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നു. കഴിഞ്ഞ തവണ കൊടും വനത്തിലെ മായകാഴ്ചകൾ ആയിരുന്നെങ്കിൽ ഈ തവണ കടലിന് അടിയിലുള്ള മായാലോകമാണ് ജെയിംസ് പ്രേക്ഷകർക്ക് വേണ്ടി ഒരിക്കിയിരിക്കുന്നത്. സാം വർത്തിങ് ടൺ, സോ സൽദാന എന്നിവർ തന്നെയാണ് പ്രധാന റോളുകളിൽ എത്തുന്നത്. ഡിസംബർ 16-നാണ് അവതാർ റിലീസ് ചെയ്യുന്നത്.

|

ശല്യം ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഭയത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും പന്ത്രണ്ട് വര്‍ഷത്തോളമയി പലരേയും ഭയന്ന് ദീവിക്കുകയാണെന്നം താരം വെളിപ്പെടുത്തി.

ന്യൂസ് മിനിറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം. അഭിനയം ആരംഭിച്ച കാലം തൊട്ട് വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ട്. മുന്‍പ് ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ജീവിച്ചത്. അക്കാലത്ത് രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ് തപ്പി വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.

ഇന്ന് അത് ആലോചിക്കുമ്പോള്‍ തോന്നുന്നു അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു എന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നാണ് പാര്‍വതി ഇതേകുറിച്ച് പറഞ്ഞത്.

എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതുക. വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നുവെന്നും എവിടെ പോയാലും അവിടെ എത്തുമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. സിസിടിവി ഉണ്ടായിരുന്നു അവിടെ. ആ ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.

എന്നാല്‍, പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.

ഒരാള്‍ നമ്മളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും സ്ത്രീകളോടായി പാര്‍വതി പറയുന്നു.

സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തിയേറ്ററില്‍ ചിലവഴിക്കുന്ന സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററില്‍ കണ്ടിട്ട് മനസിലാകാതെ വീട്ടില്‍ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

വിമര്‍ശനങ്ങളെല്ലാം വെറുതെ ഓടിച്ച് നോക്കാറുണ്ട്. ചിലര്‍ പറയുന്ന ലോജിക്ക് ഒന്നും കാര്യമാക്കാറില്ല. മുമ്പ് ഒത്തിരി ലോജിക്ക് നോക്കാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചതാണ്. സിനിമക്ക് ലോജിക്ക് നോക്കണ്ട ആവശ്യം ഒന്നുമില്ല. ലോജിക്ക് വേണം എന്ന് ആളുകള്‍ക്ക് വാശിയാണ്.

സിനിമയെ സിനിമയായി കാണണം. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആ സിനിമ എന്‍ഗേജ് ചെയ്തോ എന്ന് മാത്രം നോക്കിയാല്‍ മതി. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലാകാതെ വീട്ടില്‍ പോയി ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആളുകളെ എന്‍ഗേജ് ചെയ്യിക്കുക എന്ന ആങ്കിളിലാണ് താന്‍ പോകുന്നത്.

പറയുന്ന വിമര്‍ശനങ്ങളില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എടുക്കും ഇല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ പോകാറില്ല. അങ്ങനെ നോക്കിയാല്‍ നൂറ് പേര്‍ സിനിമ കാണുമ്പോള്‍ നൂറ് അഭിപ്രായം പറയില്ലേ. അങ്ങനെ എല്ലാവരുടേയും അഭിപ്രായം നോക്കിയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.

‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തപ്പോള്‍ എല്ലാവരും പറഞ്ഞു അതില്‍ എന്തെങ്കിലും ത്രില്ലിങ് എലമെന്റ്സ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നു എന്ന്. ‘ചേട്ടന്‍ ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യേണ്ട’ എന്നൊക്കെ. എന്നാല്‍ തനിക്ക് ത്രില്ലര്‍ അല്ലാത്ത ഇതുപോലുള്ള സിനിമകളാണ് ഇനി ചെയ്യണ്ടത് എന്നാണ് ജീത്തു പറയുന്നത്.

തെന്നിന്ത്യന്‍ നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷയ്ക്ക് പരുക്കുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.

”സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വച്ച് ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണെന്ന് രംഭ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹശേഷം കാനഡയിലെ ടോറോന്റോയിലാണ് രംഭയും കുടുംബവും. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തന്റെയും രംഭയുടെയും മൂന്നാമത്തെ കുട്ടിയാണ് സാഷ. സാംബ, ലാവണ്യ എന്നിവരാണ് മറ്റുമക്കൾ.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ ‘സർഗം’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് രംഭ ടോറോന്റോയിലേക്ക് താമസം മാറിയത്.

മമ്മൂട്ടിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പിൽ ശ്രീരാമൻ നടന്റെ പേര് പറയുന്നില്ല. എന്നാൽ മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചാൽ ആളറിയാതെ എടുത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നടന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വി കെ ശ്രീരാമന്റെ കുറിപ്പ്:

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.

ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല. ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാൺഡാ. കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും. ” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ”

എന്തു വഴി? ” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”ഏതു പാട്ട്? “ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ” അത് ഫിമെയ്ൽ വോയ്സല്ലേ? “ഡ്യുവെറ്റായും കേട്ടിട്ടുണ്ട്”ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു. “എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?” ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.

സൂർത്തുക്കളേ, ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.

സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഗുരുതര രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ജീവിതത്തിൽ തുടരെ തുടരെ തന്നെ തേടിവരുന്ന വെല്ലുവിളികളിൽ ഒന്നായിട്ടാണ്, മാസങ്ങൾക്ക് മുൻപ് തനിക്ക് ഈ രോഗം സ്ഥിരീകരിച്ചതെന്നും സമാന്ത കുറിപ്പിൽ പറയുന്നു. രോഗം പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറയുന്നതായും താരം പങ്കുവയ്ക്കുന്നു.

‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടൻ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാൻ കരുതുന്നു. എന്നാൽ രോഗമുക്തി നേടാൻ കുറച്ച് അധികം സമയമെടുക്കും. ഇക്കാര്യം അംഗീകരിക്കുക എന്നതാണ് ഞാൻ ഇപ്പോഴും നേരിടുന്ന ബുദ്ധിമുട്ട്.

ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ട്. എനിക്ക് നല്ല ദിവസങ്ങളും മോശം ദിനങ്ങളും ജീവിതത്തിൽ ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും..’ സമാന്ത കുറിച്ചു.

സിനിമാജീവിതത്തിൽ ഏറ്റവും നല്ല നിലയിൽ നിൽക്കുമ്പോഴാണ് താരത്തെ തേടി രോഗം എത്തിയത് എന്നത് ആരാധകർക്കും വേദനയുണ്ടാക്കുന്നു. പ്രാർഥനയോടെ കമന്റ് ബോക്സിൽ താരത്തെ ആശ്വസിപ്പിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. കഴിഞ്ഞ വർഷമാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം സമാന്ത വേർപിരിഞ്ഞത്.

ഷെറിൻ പി യോഹന്നാൻ

രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!

1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത്‌ സംഭവിക്കും.

വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.

കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.

ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി

അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക്‌ ആണ് കാന്താര.

🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.

 

RECENT POSTS
Copyright © . All rights reserved