Movies

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അര്‍ദ്ധരാത്രിയിലെ കുട. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി എന്നറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രങ്ങളുടെയെല്ലാം പേരുകള്‍ A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അദ്ദേഹം ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.

മാത്രമല്ല തന്റെ അടുത്ത ചിത്രവും A വെച്ചു തുടങ്ങുന്ന പേരുള്ളതാവുമെന്നും അദ്ദേഹം സരസമായി സൂചിപ്പിച്ചിട്ടുണ്ട്. ആറാം പാതിരാ, ആട് 3 എന്നിവയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ള 2 ചിത്രങ്ങള്‍.

ഈ പുതിയ ചിത്രം പൂര്‍ത്തിയായ വിവരം അറിയിച്ചു കൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ,

”ഞങ്ങളുടെ സിനിമ – ‘അര്‍ദ്ധരാത്രിയിലെ കുട’ പാക്ക് അപ്പ്..രചന, സംവിധാനം യുവേഴ്സ് ട്രൂലി. നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസ്, ക്യാമറയ്ക്കു മുന്നില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ചേട്ടന്‍, സൈജു കുറുപ്പ്, വിജയ് ബാബു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി കുറച്ചധികം സുഹൃത്തുക്കള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററും ബാക്കി വിവരങ്ങളും ഉടനെ പുറത്ത് വരും.

P. S : Yes, അടുത്തതും ‘A’ പടം തന്നെയാണ്..”. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആന്‍ മരിയ കലിപ്പിലാണ്, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ഓം ശാന്തി ഓശാന രചിച്ചതും മിഥുന്‍ മാനുവല്‍ തോമസാണ്.

തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.

ആകാംക്ഷ മോഹന്‍ ഹരിയാന സ്വദേശിയാണ്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

ഹോട്ടലില്‍ പോലീസെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാര്‍ട്ട്‌മെന്റില്‍ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും തിളങ്ങുന്നതിനിടെയാണ് മരണം.

 

എഴുപത് വർഷങ്ങൾക്ക് മുമ്പ് കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവൽ എക്കാലത്തെയും മാസ്റ്റർപീസ് ആണ്. കൽക്കി എന്ന തമിഴ് മാസികയിൽ മൂന്നര വർഷങ്ങളായി എല്ലാ ആഴ്ചയും വന്നിരുന്ന ഈ നോവൽ വായിക്കാത്ത തമിഴ് പ്രേമികൾ ചുരുക്കമാണ്. അഞ്ചു ഭാഗങ്ങൾ, ഇരുന്നൂറിൽപരം അദ്ധ്യായങ്ങൾ, തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ.. ഇങ്ങനെ പോകുന്നു നോവലിന്റെ സവിശേഷതകൾ. ഈ നോവൽ സിനിമയാക്കാനുള്ള ഉദ്യമങ്ങൾ അടുത്തിടെ തുടങ്ങിയതല്ല. എം.ജി ആറിന്റെ കാലം മുതൽ അതിനായുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. 1994-ലും 2011-ലും പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ മണിരത്നം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ തന്റെ ഡ്രീം പ്രൊജക്റ്റ്‌ വിട്ടുകളയാൻ അദ്ദേഹം ഒരുങ്ങിയില്ല. അങ്ങനെ അഭ്രപാളിയിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം എത്തി.

ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവലിന്റെ മലയാളം വിവർത്തനം പ്രീ ബുക്ക്‌ ചെയ്ത് വാങ്ങിയ ആളാണ് ഞാൻ. ആദ്യം നോവൽ വായിക്കണോ സിനിമ കാണണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെ മടിയനായ ഞാൻ 1200 പേജുകളുള്ള നോവൽ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമ കണ്ടശേഷം വായിക്കാമെന്ന് തീരുമാനിച്ചു!

മറ്റൊരു ബാഹുബലി പ്രതീക്ഷിച്ച് ആരും ചിത്രം കാണാൻ പോകരുത്. കാരണം, അങ്ങനെ കരുതി വന്ന് നെഗറ്റീവ് അടിച്ച് മനസ്സ് മടുപ്പിക്കുന്ന കാണികളായിരുന്നു എനിക്ക് ചുറ്റും. മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളും ശക്തമായ ഭാഷയുമുള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു പ്യുവർ പീരിയഡ് ഡ്രാമ. അതിൽ മണിരത്നത്തിന്റെ ക്രാഫ്റ്റ് കൂടി ചേരുന്നതോടെ തൃപ്തികരമായ അനുഭവമായി മാറുന്നു.

ചോള സാമ്രാജ്യത്തിന്റെ അധിപന്‍ സുന്ദര ചോളന്‍ രോഗാതുരനാണ്. ആദിത്യ കരികാല (വിക്രം) നാണ് അടുത്ത കിരീടാവകാശി. എന്നാൽ അദ്ദേഹത്തിന് പട നയിച്ചു പോരാടുന്നതിനോടാണ് താല്പര്യം. സഹോദരനായ അരുൾ മൊഴിവർമൻ അഥവാ പൊന്നിയിൻ സെൽവൻ (ജയം രവി) ലങ്കയിൽ യുദ്ധത്തിലാണ്. ഇവരുടെ സഹോദരിയാണ് കുന്തവൈ ദേവി (തൃഷ). കിരീടം ഇവരിലേക്ക് എത്താതെ മറ്റൊരാളിലേക്ക് എത്താൻ സാമന്തരാജാക്കന്മാർ കൂടി ചേർന്ന് പദ്ധതി ഒരുക്കുന്നു. ഇതാണ് കഥാതന്തു. കഥ സഞ്ചരിക്കുന്നത് ആദിത്യന്റെ വിശ്വസ്തനായ വല്ലവരായൻ വന്ദ്യദേവനിലൂടെയാണ്. അദ്ദേഹത്തിന്റെ സഞ്ചാരത്തോടൊപ്പാണ് കഥ നീങ്ങുന്നത്.

താരങ്ങൾ, മേക്കിങ്, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം തുടങ്ങിയ മേഖലകളിൽ സിനിമ റിച്ച് ആണ്. കാഴ്ചകൾ അത്രമാത്രം സുന്ദരമാണ്. കഥാപാത്ര നിർമിതി അത്രമാത്രം ആഴമേറിയതാണ്. പ്രധാനമായും ആദിത്യ, നന്ദിനി (ഐശ്വര്യ റായ്), പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) എന്നിവരുടെ കഥാപാത്രങ്ങൾ. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്‌നം സ്റ്റൈൽ ഇവിടെയും കാണാം. എ. ആർ റഹ്മാന്റെ സംഗീതത്തിലെ ദൃശ്യങ്ങളും എടുത്തുപറയേണ്ടതാണ്. ആഴ്‌വാർ കടിയാൻ നമ്പി എന്ന ജയറാം കഥാപാത്രവും രസകരം.

ഒട്ടേറെ കഥാപാത്രങ്ങളെ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കുമ്പോൾ ആദ്യ പകുതിയിൽ കഥപറച്ചിൽ അല്പം പിന്നിലേക്ക് വലിയുന്നുണ്ട്. രണ്ടാം പകുതിയിലാണ് നാം പൊന്നിയിൻ സെൽവനെ കാണുന്നത്. മികച്ച ക്ലൈമാക്സ്‌ സീനോട് കൂടി, പലതും പിന്നീട് പറയാൻ അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിനാൽ മനസ്സിൽ ഇടം നേടുന്നവരുടെ എണ്ണം കുറയും. എന്നാൽ റിച്ചായ ചില ഫ്രെയിമുകൾ മനസ്സിൽ പതിയും. ഒപ്പം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും.

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്.

‘ബാഹുബലി’യുമായി ഒന്നും പൊന്നിയിന്‍ സെല്‍വനെ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്‌നം മാജിക്കാണ്. എ.ആര്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്‌നറാണ്. ജയം രവി മാസ്മരിക പ്രകടനവുമായി നിറഞ്ഞു നില്‍ക്കുന്നു, ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്ടപ്പെട്ടത് എന്നിങ്ങനെ മറ്റു ചിലരും കുറിച്ചു.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്.

തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ അവരുടെ ചരിത്രമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങിയ ഒരു കാവ്യം സിനിമയാക്കാൻ എന്നോ ആരംഭിച്ചതാണ് തമിഴ്സിനിമാലോകം. അതിന്റെ ആദ്യപടി ഇതാ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മണിരത്നം എന്ന മാസ്റ്ററിലൂടെ. തന്റെ സ്വപ്നപദ്ധതി എന്ന് അദ്ദേഹം വിശേഷിപ്പിച്ച പി.എസ്.1 അക്ഷരാർത്ഥത്തിൽ ക്ലാസ് തന്നെയാണെന്ന് ആദ്യമേ തന്നെ പറയട്ടേ.

അറുപതുകളിൽ എം.ജി.ആറും പിന്നീട് മണിരത്നവും കമൽഹാസനും ചേർന്നും തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്ന സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. പക്ഷേ വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോ​ഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആ​ഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഒരു കംപ്ലീറ്റ് മണിരത്നം പടം തന്നെയാണ് പൊന്നിയിൻ സെൽവൻ.

വലിയ മുതൽമുടക്ക്, വൻ താരനിര, സാങ്കേതികവിദ​ഗ്ധർ എന്നിവയെല്ലാമാണ് സാധാരണ​ഗതിയിൽ ഒരു പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചിത്രത്തിന് പ്രതീക്ഷകളേറ്റുന്നത്. എന്നാൽ തന്റെ ശൈലിയിൽ നിന്ന് അണുകിട വിട്ടുവീഴ്ചചെയ്യാത്ത ഒരു സംവിധായകന്റെ കയ്യൊപ്പും നിശ്ചയദാർഢ്യവും പൊന്നിയിൻ സെൽവനിൽ കാണാം. അനാവശ്യമായ നാടകീയതയോ കത്തി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്നതരം അക്രോബാറ്റിക് സാഹസികരം​ഗങ്ങളോ പൊന്നിയിൻ സെൽവനിൽ കാണാനാവില്ല. പോരാളികളായ നായകന്മാരുണ്ടായിട്ടുപോലുമാണ് ഇതെന്നോർക്കണം. പക്ഷേ ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ അവസരം നന്നായി വിനിയോ​ഗിക്കുന്ന മണിരത്നം എന്ന സംവിധായകനെ സിനിമയിൽ ഉടനീളം കാണാം. ക്ലൈമാക്സിലെ അരമണിക്കൂർ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.

കൽക്കിയുടെ നോവലിനോട് പൂർണമായും നീതിപുലർത്തുന്ന അവതരണശൈലിയാണ് ചിത്രത്തിന്. കൽക്കി എഴുതിവെച്ചിരിക്കുന്നത് ഇതിൽക്കൂടുതൽ ഭം​ഗിയായി വേറെയാരെങ്കിലും കൺമുന്നിൽ കാണിക്കുമോ എന്ന് സംശയമാണ്. സിനിമ കണ്ടതിന് ശേഷം നോവൽ വായിക്കുകയാണെങ്കിൽ ഓരോ കഥാപാത്രത്തേയും കഥാസന്ദർഭങ്ങളേയും പരിസരങ്ങളേയും ഇങ്ങനെയല്ലാതെ ചിന്തിക്കാൻ പോലുമാവില്ല എന്ന് നിസ്സംശയം പറയാം.

താരങ്ങളിലേക്ക് വന്നാൽ കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്തിയതേവന്റെ ചിത്രമാണ് പി.എസ് -1. വന്തിയതേവൻ കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകളാണ് ആസ്വാദകന് മുന്നിലെത്തുന്നത്. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന ചാരനായ കഥാപാത്രത്തെ കാർത്തി ​ഗംഭീരമാക്കിയിട്ടുണ്ട്. യഥാർത്ഥ കഥാപാത്രങ്ങളേയും സാങ്കല്പിക കഥാപാത്രങ്ങളേയും ഒരുമിപ്പിച്ചുള്ള സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ എന്ന് നോവൽ. ഇതിൽ വന്തിയതേവൻ യഥാർത്ഥത്തിൽ ഒരു സാങ്കല്പിക കഥാപാത്രമാണ്. ചരിത്രത്തിൽ അധികം പരാമർശമില്ലാത്ത ഒരാൾ. അയാളെയാണ് ചോളന്മാരുടെ ചരിത്രം പറയാൻ കൽകി നിയോ​ഗിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്രയും വിശാലമായ ഒരു കഥാപാത്രത്തിനായാണ് വർഷങ്ങൾക്ക് മുമ്പ് എം.ജി.ആർ ആ​ഗ്രഹിച്ചത് എന്നറിയുമ്പോഴാണ് വന്തിയതേവന്റെ പ്രാധാന്യം മനസിലാവുക.

ആദിത്യ കരികാലനായെത്തിയ വിക്രമും അരുൾമൊഴി വർമനായി വന്ന ജയം രവിയും മികച്ചതാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു യോദ്ധാവിന്റേതായ ആകാരം വിക്രമിനായിരുന്നു. നിരാശയും പ്രണയവും വീരവും നിറഞ്ഞ കരികാലൻ വിക്രമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പാടിപ്പതിഞ്ഞ ചോളവീര​ഗാഥകളിൽ ഇനി രാജ രാജ ചോളന് ജയംരവിയുടെ മുഖവും ആകാരവടിവുമായിരിക്കും. പ്രതികാരവും അധികാരക്കൊതിയും നിറഞ്ഞ, നി​ഗൂഢതകൾ ഉള്ളിൽപ്പേറുന്ന നന്ദിനി ഐശ്വര്യാ റായിയുടെ ഇതുവരെ കണ്ട് പരിചയിച്ച മുഖമല്ല. ബുദ്ധിമതിയായ കുന്ദവൈ ദേവി തൃഷയുടെ കയ്യിൽ ഭദ്രമായിരുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആൾവാർകടിയാൻ നമ്പി ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തതയാർന്ന കഥപാത്രമാണ്. നമ്പിയുടേയും വന്തിയതേവന്റേയും കോമ്പിനേഷൻ സീനുകൾ കണ്ടിരിക്കാൻ തന്നെ ബഹുരസം.

പഴുവേട്ടരയർ സഹോദരന്മാരായി തലയെടുപ്പോടെ നിൽക്കുന്നുണ്ട് ശരത്കുമാറും പാർത്ഥിപനും. മധുരാന്തകനായി റഹ്മാനും പാർത്ഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മിയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും മികച്ചുനിന്നു. ബാബു ആന്റണി, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രത്തോട് നീതിപുലർത്തി. എ.ആർ.റഹ്മാന്റെ സം​ഗീതവും പശ്ചാത്തലസം​ഗീതവും അനുയോജ്യമായ രീതിയിൽത്തന്നെ.

തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കാം, ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ്സുതുറന്ന് നടി ഗ്രേസ് ആന്റണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.

വളരെയധികം ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

ആ വരവിലാണ് സംഭവം. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.- ഗ്രേസ് പറഞ്ഞു.

വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്.

എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. നടി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരം സുരേഷ് ഗോപി രാഷ്ട്രീയത്തിനൊപ്പം തന്നെ സിനിമകളിലും സജീവമാവുകയാണ് ഇപ്പോള്‍. പുതുതായി ഇറങ്ങാനിരിക്കുന്ന മേ ഹൂം മൂസ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വിസ്മയിപ്പിക്കുകയാണ് താരം ഇപ്പോള്‍. പരിപാടികളില്‍ തമാശകള്‍ പറഞ്ഞും പഴയ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചും ചിരിപ്പിക്കാനും താരം മടിക്കുന്നില്ല.

ചൂടനായ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രസിപ്പിക്കുന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത് കാണാന്‍ ആരാധകര്‍ക്കിഷ്ടം. എന്നാല്‍ പൊതുവേദികളിലടക്കം കലിപ്പന്‍ ആയാണ് താരത്തെ പൊതുവെ കാണാറുള്ളത്. എന്നാല്‍ മേം ഹും മൂസ ചിത്രീകരണത്തിന് ശേഷം താന്‍ മാറിയെന്ന് പറയുകയാണ് സുരേഷ് ഗോപി തന്നെ.

സുരേഷ് ഗോപിയോട് തന്നെ ഇക്കാര്യത്തെ കുറിച്ച് ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. വീട്ടിലും മറ്റും ഇങ്ങനെ തമാശകളൊക്കെ പറയാറുണ്ടോയെന്നും എല്ലാവരെയും എന്റര്‍ടെയ്ന്‍ ചെയ്യാറുണ്ടോയെന്നുമുള്ള ചോദ്യത്തോട്, താന്‍ അങ്ങനെ വലിയൊരു തമാശക്കാരനല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

പലപ്പോഴും പറയുന്നവിധം കൊണ്ട് പലതും തമാശയായി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അങ്ങനെ ഒരാളാണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിനിമയില്‍ കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി. അതോടെയാണ് ഈ മാറ്റമുണ്ടായതെന്നാണ് താരം തുടര്‍ന്ന് പറഞ്ഞത്.

നടന്മാരായ ഹരീഷ് കണാരന്‍, കണ്ണന്‍ സാഗര്‍, ശശാങ്കന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയിലുണ്ട്. അവരെല്ലാവരുടെയും കൂടെ കൂടി ഞാന്‍ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു. പക്ഷെ അവരൊക്കെ പറയുന്നത് ക്രിയേറ്റീവ് ഹ്യൂമറാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ആ പറയുന്ന വിധം കൊണ്ട് തമാശയായി പോകുന്നതാണ്. ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് എല്ലാം പറഞ്ഞത്’- എന്നും താരം വിശദീകരിച്ചു.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയില്‍ റിട്ടയേര്‍ഡ് പട്ടാളക്കാരനായ മുഹമ്മദ് മൂസയെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫാഷനിൽ വ്യത്യസ്തത പുലർത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. ഈശോ ആണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

ജയസൂര്യ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ഗാനരം​ഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു.

‘ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട്. ​പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. (ക്യാമറ) വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്’

‘മൈക്കിൽ കൂടെ കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ ഞാൻ നോക്കുന്നത് അതല്ല, എല്ലാവരും കേൾക്കുന്നുണ്ട്,’ നമിത ചിരിച്ചു കൊണ്ട് പറഞ്ഞു.

വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിൽ നമിത പ്രമോദ് ആയിരുന്നു നായിക. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണ് നേടിയത്.ഗുരുസോമസുന്ദ​രം, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്ന കപ്പ് എന്ന സിനിമയിലും നമിത പ്രമോദ് ആണ് നായിക.

മിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ജിപി ഒഴിഞ്ഞ് മാറാറാണ് പതിവെന്ന് പറഞ്ഞിരിക്കുകയാണ് മിയ ഇപ്പോള്‍. ശില്‍പ്പ ബാലയ്‌ക്കൊപ്പമുള്ള മിയയുടെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ജിപിയുടെ കല്യാണത്തെ കുറിച്ചാണ് മിയ സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞ് കുട്ടി ആയപ്പോള്‍ സീനിയോരിറ്റി വരും, അതുകൊണ്ട് ജിപിയോട വിവാഹക്കാര്യം ചോദിക്കും. എന്നാല്‍ ജിപി ഫോണ്‍ കട്ട് ചെയ്യും എന്നാണ് മിയ പറയുന്നത്. ”കഴിഞ്ഞ ദിവസം കണ്ടപ്പോഴും ചോദിച്ചു. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഈ വിഷയം ചോദിക്കാറുണ്ട്.”

”എന്റെ കല്യാണം കഴിഞ്ഞ് കൊച്ചൊക്കെ ആയ സ്ഥിതിക്ക് ധൈര്യമായി ചോദിക്കാമല്ലോ. ഈ വിഷയത്തില്‍ ഒരു മെച്യൂരിറ്റി വന്ന പോലെ ആണല്ലോ. പ്രായം കൊണ്ട് കുറവാണെങ്കിലും കല്യാണം കഴിഞ്ഞ് കുട്ടിയായാല്‍ കുറച്ചൊരു സീനിയോരിറ്റി വരും.”

”ആ സീനിയോരിറ്റി ജിപിയുടെ കേസില്‍ എടുക്കുന്നുണ്ട്. ഞാനീ വിഷയത്തിലേക്ക് വരുമ്പോഴേക്കും ഈ പോക്ക് എങ്ങോട്ടാണെന്ന് അറിയാമെന്ന് പറയും. മിനിഞ്ഞാന്ന് ഞാനിത് സംസാരിച്ച് വരുമ്പോള്‍ എനിക്കറിയാം ഈ പോക്ക് എങ്ങോട്ടാണെന്ന് പറഞ്ഞ് ഒറ്റ കട്ട് ചെയ്യല്‍.”

”ജിപി കല്യാണം കഴിക്കാത്തത് ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. മാട്രിമോണിയില്‍ കണ്ടിട്ട് പരിചയമുള്ള കുറേപ്പേര്‍ ആളെങ്ങനെ എന്ന് വിളിച്ച് ചോദിക്കും” എന്നാണ് മിയ പറയുന്നത്. ജിപി എങ്ങനെയാണെന്ന് ചോദിക്കുന്നവരോട് ഉത്തരം പറഞ്ഞ് മടുത്തു എന്നാണ് നടി ശില്‍പ്പ ബാലയും പറയുന്നത്.

സംഗീതത്തിൽ ഉപരിപഠനത്തിനായി ലണ്ടനിലേയ്ക്ക് പറന്ന് ഇന്ദ്രജിത്ത്-പൂർണ്ണിമ ദമ്പതികളുടെ മകൾ പ്രാർത്ഥന. ലണ്ടനിലെ ഗോൾഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് താരപുത്രി ബിരുദത്തിനായി ചേർന്നത്. മകള്ക്ക് വൈകാരികമായ യാത്രയയപ്പാണ് ഇന്ദ്രജിത്തും പൂർണ്ണിമയും നൽകിയത്. ‘ഇതാ,രാപ്പാടി ഞങ്ങളുടെ കൂട്ടിൽ നിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’മകളെ വിമാനത്താവളത്തിൽ യാത്രയാക്കുന്ന വിഡിയോ പങ്കുവച്ച് പൂർണിമ കുറിച്ചു.

അതേസമയം, ലണ്ടനിൽ മകളെ വരവേറ്റ് ഇന്ദ്രജിത്ത് ആയിരുന്നു. മോഹൻലാൽ ചിത്രം റാം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരം ലണ്ടനിലുണ്ടായിരുന്നു. ഇതിനാലാണ് നടൻ മകളെ സ്വീകരിക്കാൻ എത്തിയത്. ”പാത്തു.. ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്.

നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’ എന്ന് ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നടനെതിരെ പ്രഡ്യൂസേഴ്‌സ് സംഘടനയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിവിധ കോണുകളിൽ നിന്ന് ശ്രീനാഥ് ഭാസിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

കൂടാതെ നടന്റെ പുതിയതായി ഇറങ്ങിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ശ്രീനാഥ് ഭാസിയുടെ ചിത്രം ഒഴിവാക്കി പുതിയ പോസ്റ്റർ ഇറക്കിയതും വാർത്തകളിൽ നിറഞ്ഞു. ഈ വേളയിൽ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ദീപ തോമസ്. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്.

ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് ഇപ്പോൾ പല ഓൺലൈൻ ചാനലുകളിലും ഇപ്പോൾ നടക്കുന്നതെന്നാണ് നടി പരിഹസിച്ചിരിക്കുന്നത്. ആണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറയുന്നു.

നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹൻലാൽ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്‌സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോൾ ആരെയാണ് തുടങ്ങി തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനെ നടി ചോദ്യം ചെയ്യുന്നു. നടി ദീപ തോമസും ശ്രീനാഥ് ഭാസിയും ഒരുമിച്ചെത്തിയ ചിത്രമാണ് ഹോം. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

View this post on Instagram

 

A post shared by Deep Thomas (@deepthomas__)

RECENT POSTS
Copyright © . All rights reserved