Movies

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിനു അബ്രഹാം. ഒരു ചാറ്റ് ഷോയിലായിരുന്നു ആദം ജോണിന്റെ സംവിധായകനായ ജിനുവിന്റെ വെളിപ്പെടുത്തല്‍. ഭാവനയും ജിനുവുമായിരുന്നു ഷോയിലെ പ്രധാന അതിഥികള്‍. തന്റെ നിര്‍ബന്ധപ്രകാരം സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി സ്‌കോട്ട്ലാന്‍ഡിലെ സെറ്റില്‍ വച്ച് പറഞ്ഞിരുന്നതായും ജിനു പറഞ്ഞു.

ജിനു: ആദം ജോണ്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ പൃഥിയും നരേനും ഭാവനയും തന്നെ വേണമെന്നായിരുന്നു. പക്ഷെ ഭാവന കഥ കേള്‍ക്കാന്‍ തയ്യാറായില്ല. പൃഥി വിളിച്ചപ്പോഴാണ് പിന്നീട് കഥ കേള്‍ക്കാന്‍ തയ്യാറാകുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ ഭാവന ഒരു കാര്യം വ്യക്തമാക്കി. അന്ന് ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നോക്കൂ ജിനു, ഹണി ബി 2 ന് ശേഷം തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് രണ്ടാം ഭാഗം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്നെ പ്രതീക്ഷിക്കേണ്ട’. പക്ഷേ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു.

ഭാവന: ഹണി ബി 2 എന്റെ ഒരു സിനിമയുടെ തുടര്‍ച്ചയാണ്. അതില്‍ അഭിനയിക്കുക എന്നത് എന്റെ കടമയാണ്. അതിനു ശേഷം എനിക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തോന്നി. ആദമില്‍ അഭിനയിക്കണമെന്ന് ജിനു ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒരുപാട് ഒഴിവ് കഴിവ് പറഞ്ഞു. പൃഥ്വി എന്നെ വിളിച്ചപ്പോഴും ഞാന്‍ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞുമാറി. ജിനുവിനെ എനിക്ക് നേരിട്ട് അറിയില്ലായിരുന്നു. പക്ഷെ എന്റെയും നമ്മുടെ രണ്ട് പേരുടെയും പൊതു സുഹൃത്തായ കൃഷ്ണപ്രഭ ജിനുവിനെക്കുറിച്ച് ഒരുപാട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കാം എന്ന് തീരുമാനിക്കുന്നത്. ജിനു എന്നോട് കഥ പറയുമ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. നായകന്റെ കാമുകി നായിക എന്നതാണ് പൊതുവെ സിനിമയുടെ സങ്കല്‍പം. അതില്‍ നിന്ന് വ്യത്യസ്തമാണ് ആദം. ജിനു എനിക്ക് കാത്തുവച്ചത് ഒരു മികച്ച വേഷമായിരുന്നു. രണ്ട് ദിവസമെടുത്ത് ആലോചിച്ച് ആദം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദത്തിലെ ശ്വേത വളരെ ശക്തയായ സ്ത്രീയാണ്. മാത്രമല്ല ഈ ജോണറിലുള്ള ഒരു സിനിമ ഞാന്‍ ചെയ്തിട്ടുമില്ല. അങ്ങനെയാണ് ഞാന്‍ അഭിനയിക്കാന്‍ സമ്മതമാണെന്ന് പറയുന്നത്.

എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു സ്വന്തം കാര്യങ്ങള്‍. സെറ്റില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നല്ല ടോര്‍ച്ചര്‍ ആയിരുന്നു. ജിനുവിന്റെ അടുത്ത് ഞാന്‍ പലതവണ പറഞ്ഞു. ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനെ പലരുടെ അടുത്തും. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ട്രാക്കിലായത്. പക്ഷെ ഷൂട്ട് തീര്‍ന്നപ്പോള്‍ എനിക്ക് സെറ്റില്‍ നിന്ന് പോകണം എന്നില്ലാതെയായി. ശരിക്കും എന്‍ജോയ് ചെയ്തു. അവസാന ദിവസം ജിനുവിനോട് നന്ദി പറയാന്‍ കാരണം ഒരുപാടുണ്ട്. എനിക്ക് ഒരു നല്ല കഥാപാത്രത്തെ തന്നതിന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളെ സമീപിക്കാതെ എന്നെ തന്നെ അഭിനയിപ്പിച്ചതിന്.

ജിനു: എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്

രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും പെണ്‍കുഞ്ഞ് പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെയാണ് ജൂനിയര്‍ രശ്മി പിറന്ന കാര്യം ദമ്പതികള്‍ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്തത്. കൊട്ടിയത്തുള്ള ഹോളിക്രോസ് ആശുപത്രിയിലായിരുന്നു ഈ മുന്‍ മോഡലിന്റെ പ്രസവം.രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ട് ഇരുവരും ഫേസ്ബുക്കിലൂടെ ഇറക്കിയ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രസവത്തിന് മുന്നോടിയായി ടീസര്‍ അപലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ പെട്ടിരുന്നു. വിവാഹ ടീസര്‍ മാത്രം കണ്ടുപരിചയമുള്ള മലയാളികള്‍ക്ക് പ്രസവടീസര്‍ അതിശയത്തോടെയാണ് കണ്ടത്.

ആരാധകര്‍ ഏറ്റെടുത്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ഇതില്‍ വിന്‍സന്റ് ഗോമസായി മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍  ഈ ചിത്രത്തില്‍ വിന്‍സന്റ് ഗോമസിന്റെ അച്ഛനായി എത്തേണ്ടിരുന്നതു മമ്മൂട്ടിയായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനാമാണ് അടുത്തിടെ ഈ കാര്യം  പറഞ്ഞത്. മമ്മൂട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാനായി സംവിധായകന്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷം മമ്മൂട്ടിക്കായി നീക്കിവച്ചു. ഇതിനായി രണ്ടു സീനുകളും മമ്മൂട്ടിക്കു മാറ്റിവച്ചു. എന്നാല്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ വെറും രണ്ടു സീനുകളില്‍ മാത്രം എത്താന്‍ മമ്മൂട്ടിക്ക് മടിയായിരുന്നു. ഇതോടെ മമ്മൂട്ടി ചിത്രത്തില്‍ നിന്നു പിന്മാറി.

വിമര്‍ശകരും അതുപോലെ ആരാധകരും ഉള്ള നടനാണ് പൃഥ്വിരാജ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് ഈ നടനോട്. പൃഥ്വിരാജിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് എന്തൊക്കെ എന്ന് പറയുകയാണ് സംവിധായകന്‍ ജിനു എബ്രഹാം.നമ്മള്‍ പറയുന്ന കഥ പോലും മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നും ആലോചിക്കാതെ തള്ളിക്കളയുന്നവരുണ്ട്. പൃഥ്വിരാജ് വേറിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം.

എന്നെ സംബന്ധിച്ച് ഞാന്‍ ഒന്നില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേര്‍തിരിവുകള്‍ ഒന്നുമില്ല. പുതിയ ആള്‍, പഴയ ആള്‍ , പരിചയ സമ്പന്നന്‍ അങ്ങനെയൊരു വേര്‍തിരിവോടെയല്ല സമീപനം. ഈ ചിത്രം തന്നെ അച്ഛന്‍ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോള്‍ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളില്‍ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം.

15 വര്‍ഷമായി പൃഥ്വി സിനിമയിലെത്തിയിട്ട്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നന്നായി പഠിച്ച് സിനിമയില്‍ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്‌ക്രിപ്റ്റില്‍ മാത്രമല്ല, സിനിമയിലുടനീളം നല്ല നിര്‍ദ്ദേശങ്ങള്‍ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ എന്നും ജിനു പറയുന്നു.

വേഗത്തിന്റെ അതിർവരമ്പുകളില്ലാത്ത ഓട്ടോബാനിലൂടെ വാഹനമോടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. സൂപ്പർകാറുകൾ ഇരമ്പിപ്പായുന്ന ഈ ജർമൻ ഹൈവേയിൽ 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന്റെ സന്തോഷത്തിലാണു കാളിദാസൻ. മലയാളത്തിലെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും പുത്രനായ കാളിദാസൻ രണ്ടാം ചിത്രത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്ന സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ താരം തന്നെയാണ് 200 കിലോമീറ്റർ വേഗത്തിൽ ഔഡി പായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വേഗപരിധികളില്ലാത്ത ഹൈവേയിലൂടെയാണു താൻ വാഹനമോടിക്കുന്നതെന്നും ഇതിനായി ശ്രമിക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്.

അവധിക്കാലം ആഘോഷിക്കാനായി ജർമനിയിൽ എത്തിയ താരം ‌ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയും മെഴ്സഡീസ് ബെൻസിന്റെ മ്യൂസിയവും സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം പൂമരം റിലീസിന് ഒരുങ്ങുകയാണ്.

 

All time dream to drive on the #autobhan …. pardon the german guy next to me

A post shared by Kalidas Jayaram (@kalidas_jayaram) on

ദിലീപ് നായകനായി അഭിനയിച്ച മോസ് ആന്‍ഡ് ക്യാറ്റിലെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംന കാസിം. സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഒഴിവാക്കലെന്നും അതില്‍ സങ്കടം തോന്നിയെന്നും ഷംന. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം താരം പങ്കുവെച്ചത്.

ആ സമയത്ത് സ്‌നേഹയും ചിമ്പുവും അഭിനയിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഞാനത് മാറ്റിവെച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ സാറിന്റെ ആവശ്യപ്രകാരം കുറേ ഡാന്‍സ് പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്തു. അന്ന് ദിലീപേട്ടന്റെ കൂടെ അഭിനയിക്കാത്ത നടിമാരുണ്ടായിരുന്നില്ല. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. ഷംന പറഞ്ഞു.

എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാല്‍ ദിലീപേട്ടന് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.

എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.

നാലു വര്‍ഷം മുമ്പാണ് ലെനയും ഭര്‍ത്താവ് അഭിലാഷും വേര്‍പിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആളുകള്‍ക്ക് ഇപ്പോഴും അറിയേണ്ടത് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന.

സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നുവെന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കാറെന്നും ലെന പറഞ്ഞു.

സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്തു നോക്കി പറയും. അതാണ് എന്റെ ശീലമെന്നും ലെന പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട് എന്നും ലെന പറഞ്ഞു. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യം ഇല്ല. പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ബാംഗ്ലൂരില്‍ ഫ്‌ലാറ്റു വാങ്ങിയതില്‍ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.

ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഐശ്വര്യാ റായ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. നീലക്കണ്ണുകളുമായി ലോകം കീഴടക്കിയ ഈ താരസുന്ദരി പ്രശസ്തിക്കൊപ്പം ഗോസിപ്പുകളിലും ഇടം നേടിയിരുന്നു. സൽമാൻ ഖാനും വിവേക് ഒബ്രോയുമായുള്ള പ്രണയമായിരുന്നു ആഷിന്റെ ജീവിതത്തിനെ ഏറെ വിവാദമാക്കിയത്.

വിവാഹത്തോടെ വിവാദകാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരിൽ ഇടയ്ക്കൊക്കെ പഴി കേൾക്കേണ്ടി വരാറുണ്ട്. സൽമാൻ ഖാൻ, വിവേക് ഒബ്റോയി എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ഇപ്പോഴും പഞ്ഞമില്ല. 2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. എന്നാൽ ഇതോടെ ഐശ്വര്യ വിവേകിൽ നിന്ന് അകലാൻ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ വിവേകിന് അഭിനയത്തിലുള്ള ശ്രദ്ധയും നഷ്ടമായി.

ഐശ്വര്യയുമായുള്ള പ്രണയം തകർന്നതും സൽമാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു സൽമാന്റെ ഭീഷണി. സിനിമയിൽ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി സിനിമാ ജീവിതത്തെ തകർക്കുകയായിരുന്നു.

പല ഓഫറുകളും ഞാൻ തന്നെ വേണ്ടെന്ന് വെച്ചു. ആ സിനിമകളിൽ പലതും വമ്പൻ ഹിറ്റായി മാറി. മാത്രമല്ല എടുത്ത തീരുമാനങ്ങൾ പലതും തെറ്റായി പോയി. വൻ ഹിറ്റാകുമെന്ന് കരുതിയ ചെയ്ത സിനിമകൾ തീയറ്ററിൽ ദയനീയമായി തകർന്നടിയുകയും ചെയ്തു. സ്വയം പഴിച്ചും തെറ്റുകൾ തിരുത്തുമെന്നും പറയുന്ന താരം തിരിച്ചുവരവിനുള്ള പാതയിലാണ്. അജിത്തിനൊപ്പം വേഷമിട്ട വിവേഗം വൻ ഹിറ്റായി മാറുന്നത് വിവേക് ഒബ്റോയിക്ക് ആശ്വാസമാണ്. വിവേഗത്തിന്റെ വിജയമാഘോഷിക്കുന്ന വേളയിലാണ് താരം ദുരനുഭവങ്ങൾ വിവരിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയോട് കിന്നാരം ചൊല്ലാനെത്തിയ സീരിയല്‍ നടന് എട്ടിന്റെ പണി. മേക്കപ്പ് ആര്‍ട്ടിസ്റ്റും ഭിന്നലിംഗക്കാരിയുമായി വിനീത് സീമയാണ് തന്റെ പിന്നാലെ വന്ന പൂവാലന് പണി കൊടുത്തത്. സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാനും സൗഹൃദം തുടങ്ങാനും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് വിനീത്‌സീമയ്ക്ക് നടന്‍ അയച്ച മെസേജുകള്‍.

എന്നാല്‍ നിരന്തരമായ ഫെയ്‌സ്ബുക്ക് മെസേജുകളുടെ ശല്യം സഹിക്കവയ്യാതെ അത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഇവര്‍. ഇത് പലരും ഷെയര്‍ ചെയ്തതോടെ നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി സ്ഥലംവിട്ടു. മലയാളത്തിലെ പ്രമുഖ ചാനലിലടക്കം കുടുംബസ്‌നേഹിയായ ഭര്‍ത്താവിന്റെ റോള്‍ ചെയ്യുന്ന നടനാണ് കക്ഷിയെന്നതാണ് ഏറെ വിചിത്രം.

ഇയാള്‍ ചില സിനിമകളിലും മുഖം കാട്ടിയിട്ടുണ്ട്. സൗഹൃദം സ്ഥാപിക്കാന്‍ എത്തിയ നടനോട് അങ്കിള്‍ എന്ന് അഭിസംബോധന ചെയ്താണ് വിനീത്‌സീമ മറുപടി കൊടുത്തിരുന്നത്. അതിന് താന്‍ ചെറുപ്പമാണെന്നും ധാരാളം പേര്‍ തന്നോട് സൗഹൃദം കൂടാന്‍ ഇങ്ങോട്ട് വരാറുണ്ടെന്നും വിനീത്‌സീമയോട് നടന്‍ പറയുന്നു. ഈ ദാരിദ്ര്യം പിടിച്ച നടന്റെ രോദനം ആരെങ്കിലും ഒന്നു കേള്‍ക്കണമെന്നാണ് സീമ കുറിക്കുന്നത്. സീമയുടെ പോസ്റ്റ്. സെലിബ്രിറ്റികളുടെ അടക്കം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വിനീത് സീമ.

പ്രേമം സിനിമയിലൂടെ മലയാളികളുടെയും തമിഴ്പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ സായി പല്ലവി ഇപ്പോൾ തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായി പല്ലവി. നാനി നായകനാകുന്ന മിഡില്‍ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടുവെന്നാണ് ടോളിവുഡില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. നാനിയും സായി പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഷൂട്ടിങ് നിന്നതോടെ നിർമാതാവും സംവിധായകനും പുലിവാല് പിടിച്ചു. ഒടുവില്‍ സായി പല്ലവി നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് വ്യക്തമല്ല.

സായിയുടെ ആദ്യ തെലുങ്ക് ചിത്രമായ ഫിദ കോടികൾ വാരിക്കൂട്ടിയിരുന്നു. സായി പല്ലവിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു സിനിമയുടെ പ്രധാനആകർഷണം. തമിഴില്‍ എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രത്തിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. ഇതും നായികാപ്രാധാന്യമുള്ള സിനിമയാണ്.

RECENT POSTS
Copyright © . All rights reserved