എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ചലച്ചിത്ര രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച്ച ചേരുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണത്തിലും രമ്യ മുന്‍പന്തിയിലുണ്ടായിരുന്നു. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഈ വിഷയത്തെക്കുറിച്ച് അമ്മ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ദിലീപിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.