തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ രാജസേനൻ. ദിലീപുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോള്‍ ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും രാജസേനന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

‘ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നിൽ. എന്നാൽ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാൽ അത് ഉപദ്രവമായി മാറരുത്. ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനൽ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചർച്ചകളിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾവച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകർത്തത് ദിലീപ് ആണെന്ന് ഞാൻ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല.’ രജസേനൻ പറയുന്നു.

താരസംഘനയായ അമ്മയെക്കുറിച്ച് പറഞ്ഞതില്‍ രാജസേനന്‍ ഉറച്ച് നിന്നു. സംഘടനയെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണെന്ന് രാജസേനന്‍ പറഞ്ഞു. ഒരുപാട് നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സിനിമയിലുണ്ട്. തന്റെ സിനിമാജീവിതത്തില്‍ ഇടവേളയുണ്ടാകാന്‍ കാരണം ഇത്തരം പ്രശ്‌നങ്ങളാണ്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക. അയാള്‍ പറയുന്ന നടിയെ വെയ്ക്കുക. അയാള്‍ പറയുന്ന സംഗീത സംവിധായകനെ വെയ്ക്കുക. അയാള്‍ പറയുന്നതുപോലെ കഥ തിരുത്തുക. അയാള്‍ പറയുന്ന ക്യാമറമാനെയും എഡിറ്ററെയും വെയ്ക്കുക. എന്നിങ്ങനെയുള്ള സമ്പ്രദായം തനിക്കറിയില്ല. ആ രീതിയിലുള്ള സിനിമാ നിര്‍മ്മാണത്തോട് യോജിപ്പില്ല. അതാണ് എന്റെ സിനിമാ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കിയത്.

സ്‌ക്രിപ്റ്റുമായി ഒരിക്കലും ഒരു നടന്റെ പിന്നാലെ പോയിട്ടില്ല. ഇനി പോവുകയുമില്ല. എന്റെ സിനിമകള്‍ ധാരാളം ചെയ്തിട്ടുള്ള ജയറാമിനും അക്കാര്യം നന്നായി അറിയാം. ജയറാമും ഈ രീതിയിലേക്ക് മാറിയതോടെയാണ് ഞങ്ങള്‍ അകന്നത്. ദിലീപ് എന്ന നടന്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന രീതികളില്‍ ഒന്നാണ് ഇത്. എല്ലാത്തിലും ഇടപെടുക. എന്നിട്ട് സംവിധായകന്‍ എന്ന പറയുന്നയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ചുമതലയും നല്‍കാതിരിക്കുക. സംവിധായകന്റെ സര്‍ഗാത്മകതയ്ക്ക് യാതൊരു വിലയും കൊടുത്ത അവസ്ഥ സിനിമയില്‍ ഇപ്പോള്‍ ഉണ്ട്. വെറും കറിവേപ്പിലയുടെ അവസ്ഥയാണ് നിര്‍മ്മാതാക്കള്‍ക്ക്. എന്റെ ചില സിനിമകള്‍ മോശമായിട്ടുണ്ട്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. അതുകൊണ്ട് ട്രോള്‍ ചെയ്യുന്നവരോട് ഒത്തിരി നോവിക്കരുത്. ട്രോള്‍ ചെയ്യുന്നവരെ അങ്ങേയറ്റം അംഗീകരിക്കുന്നെന്നും രാജസേനന്‍ വ്യക്തമാക്കി.