സെക്കന്‍ഡ് ഷോ ഫെയിം ഗൌതമി നായര്‍ വിവാഹിതയായി.ഗൌതമിയുടെ ആദ്യ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനെ തന്നെയാണ് ഗൌതമി വിവാഹം ചെയ്തത് .നേരത്തെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നെങ്കിലും വരന്‍ ആരാണെന്ന് നടി വ്യക്തമാക്കിയിരുന്നില്ല .താന്‍വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് ഗൌതമി സ്ഥിരീകരിച്ചിരുന്നു .ഇത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി പറഞ്ഞിരുന്നു .പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിവാഹശേഷം നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ഗൌതമി കൂട്ടിച്ചേര്‍ത്തിരുന്നു .ഡയമണ്ട് നെക്ളെസ്, ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയവയാണ് ഗൌതമിയുടെ ചിത്രങ്ങള്‍.
വിവാഹശേഷം സിനിമ വിട്ട നടി ജോമോള്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരികയാണ് .അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ കുറിച്ചു പറയുകയുണ്ടായി .അതിങ്ങനെ : ജീവിതത്തില്‍ ചില പ്രതിസന്ധികളില്‍ പലരും കൂടെ നിന്നില്ലെന്ന് നടി ജോമോൾ പറയുന്നു .
കൂട്ടുകാർ അടുപ്പം കാണിക്കാതിരിക്കുന്നതാണ് വലിയ വിഷമമാണ് , എനിക്ക് സുഹൃത്തുക്കൾ വളരെ കുറച്ചേയുളളൂ. സിനിമയ്‌ക്ക് പുറത്തുളളവരാണ് അധികവും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടം വന്നപ്പോൾ പലരും കൂടെ നിന്നില്ല. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ ഇവരൊക്കെ തിരിച്ചുവന്നു. നമുക്കൊന്നും മനസിലാകില്ല എന്നാണ് അവരുടെയൊക്കെ വിചാരം. നമ്മുടെ ഹെൽപ് വാങ്ങിയിട്ട് ബിസിയാണെന്ന് പറയുന്നവരുണ്ട്. അതിലേറെ തിരക്ക് എനിക്കുണ്ടെന്ന് ഭാവിച്ചിരിക്കും അന്നേരം ഞാൻ.വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്ത് പറയാൻ. പുറമെ സ്‌നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാർത്ഥ സൗഹൃദം എന്ന് ജോമോൾ അഭിമുഖത്തിൽ പറയുന്നു.
ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുളള തയ്യാറെടുപ്പിലാണ് ജോമോൾ. വി.കെ. പ്രകാശ് ചിത്രമായ കെയർഫുളളിലൂടെയാണ് തിരിച്ചുവരവ്. സിനിമയിലേക്ക് വീണ്ടുമെത്തി ഓരോ സീൻ എടുക്കുമ്പോഴും പേടിയായിരുന്നെന്ന് ഈ നായിക പറയുന്നു. മുമ്പ് അഭിനയിച്ച സീനുകളെല്ലാം വീണ്ടും കാണുന്നത് ഡബ്ബിങ്ങിന്റെ സമയത്തായിരുന്നേൽ ഇപ്പോഴത് എടുത്തയുടൻ മോണിറ്ററിൽ കാണുന്നു. രണ്ടാമത് അഭിനയിക്കാൻ വരുമ്പോൾ പേടിയുണ്ടായിരുന്നെങ്കിലും വി.കെ.പി സഹായിച്ചു.പരീക്ഷയ്‌ക്ക് ഉത്തരകടലാസ് കിട്ടും മുമ്പുളള ടെൻഷനിലാണ് ഷോട്ട് കഴിഞ്ഞ് വി.കെ.പിയെ നോക്കുന്നതെന്നും ജോമോൾ പറഞ്ഞു. ഷോട്ട് കഴിഞ്ഞശേഷം നന്നായി എന്നുളള വി.കെ.പിയുടെ പ്രോത്സാഹനം ഒരു സമാധാനമാണെന്നും ജോമോൾ കൂട്ടി ചേർക്കുന്നു.
അഭിനയത്തെ കൂടാതെ ബിസിനിസിലും സജീവയാണ് ജോമോൾ ഇപ്പോൾ. മേക്ക് ഇറ്റ് സ്‌പെഷ്യൽ എന്ന ഓൺലൈൻ പോർട്ടലാണ് ജോമോൾ നടത്തുന്നത്. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ സുന്ദരമാക്കാമെന്നു ജോമോളുടെ മേക്ക് ഇറ്റ് സ്‌പെഷല്‍ എന്ന ഓണ്‍ലൈന്‍ സംരംഭം ഉറപ്പു തരുന്നു. ഡൈന്‍ ഔട്ട്, സ്പാ, ഹൗസ് ബോട്ട് തുടങ്ങി നിരവധി സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മേക്ക് ഇറ്റ് സ്‌പെഷല്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴി തിരഞ്ഞെടുക്കാം. ഇവയ്ക്കു പുറമേ സംഗീത-നൃത്ത ക്ലാസുകള്‍, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ക്ലാസുകള്‍, കുക്കിങ്-ബേക്കിങ് ക്ലാസുകള്‍, ആയയോധന കലകള്‍, യോഗ, സ്‌കൂബ ഡൈവിങ് തുടങ്ങി വ്യത്യസ്തമാര്‍ന്ന സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും വെബ്‌സൈറ്റ് ഒരുക്കിയിട്ടുണ്ട്.
നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന സഖാവ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. ചിരിപ്പിക്കുന്ന കലിപ്പ് ലുക്കിലല്ലാത്ത സഖാവിനെയാണ് ട്രെയിലറിൽ കാണുന്നത്. രണ്ട് ഗെറ്റപ്പിൽ നിവിനെ ട്രെയിലറിൽ കാണാവുന്നതാണ്. ഒരു ആശുപത്രിയെ ചുറ്റിപറ്റിയുളള സംഭവങ്ങളാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ചുവന്ന ഷർട്ടിട്ട് കട്ടതാടിയും വെച്ച് ഏവരെയും ചിരിപ്പിക്കുന്ന സഖാവ് കൃഷ്‌ണകുമാറാണ് ട്രെയിലറിലുളളത്. ശ്രീനിവാസൻ,രഞ്‌ജിപണിക്കർ,അപർണ ഗോപിനാഥ് തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചുവപ്പ് ഷർട്ടിട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിനെയാണ് ടീസറിൽ കണ്ടത്. സഖാവ്…സഖാവ് എന്ന് പല പ്രാവശ്യം പറയുന്നതാണ് 37 സെക്കന്റ് ദൈർഘ്യമുണ്ടായിരുന്ന ടീസർ.. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സഖാവ് കൃഷ്‌ണകുമാറിനെ നിവിൻ പോളി പരിചയപ്പെടുത്തിയത്.
യുവ രാഷ്ട്രീയക്കാരനായ സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.നിവിന്റെ താടിയും മുടിയും വളർത്തിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്. സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖറിന്റെ നായികയായി മലയാളത്തിൽ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് സഖാവ്.
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ്. വിഷുവിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് നടി ഭാവന. എന്റ കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക, കാര്യം കണ്ടതിനുശേഷം തളളിക്കളയുക എന്നിട്ട് വേറൊരാളെ കൂട്ടു പിടിക്കുക, അതൊന്നും ചെയ്യാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് നഷ്ടങ്ങളല്ലേ എന്നു ചോദിക്കാം. നഷ്ടങ്ങളാണ് കൂടുതലും എന്ന് ഭാവന .ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കുന്നത് .
ഒരാളെ പോയി കാണുക, നമ്മളെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതു മാറ്റാം എന്നു പറഞ്ഞ് മാപ്പു ചോദിക്കുക, അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ തെറ്റു ചെയ്യാത്തിടത്തോളം ഇതിന്റെ ആവശ്യമെന്താണ് ? ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് മാപ്പു പറയണം. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോട് മാപ്പ് പറഞ്ഞു എന്നു ഒരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്നു പറയാന്‍ കേള്‍ക്കാനാണെന്നും ഭാവന വ്യക്തമാക്കുന്നു .
പതിനഞ്ചു വയസുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നു മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്, അങ്ങനെയുളള കഥകള്‍ വേറെയും.
എനിക്ക് തോന്നുന്ന അഭിപ്രായം ഞാന്‍ തുറന്നുപറയും. അത് ആരോടും പറയും. കാരണം നമ്മളൊക്കെ മനുഷ്യരല്ലേ?. ഉളളില്‍ ഒന്നു വച്ചിട്ട് പുറത്തു വേറൊന്നു പറയാന്‍ തോന്നുന്നതെങ്ങനെ?. തുറന്നു പറയുന്നതുകൊണ്ടുളള ഗുണമെന്തെന്നാല്‍ എനിക്ക് ഒരുപാട് ശത്രുക്കളുണ്ടായെന്നതാണെന്നും ഭാവന പറയുന്നു. വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അഭിനയിക്കേണ്ട എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. മറ്റു ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ തയാറല്ല. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുകാരണം സിനിമയാണെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു.
സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീര്‍പ്പിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.
ഒരു കടമ പോലെയാണ് ചോദിക്കുന്നത്, ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട് ആണ് പലരും ഇത് ചോദിക്കുന്നത് .അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത് എന്നും പാര്‍വതി പറയുന്നു .
അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. ‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും ഞാന്‍ പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രജീഷയുടെ മറുപടി. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജീഷയുടെ പ്രതികരണം.ഒരാള്‍ പരിധിവിട്ട് പോവുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീക്കുണ്ട്’. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ ഒരു സ്ത്രീയുടെ ജീവിതം കൂടിയാവും നമ്മള്‍ രക്ഷിച്ചെടുക്കുന്നതെന്നും രജീഷ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം ആരോപിച്ചാണ് ദീപകിനെ ഭാര്യ ശിവാനി ഗോരേഗാവിലെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .
ആഷിക്വി, ജീതാ വഹി സികന്ദര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോള്‍ സുഹൃത്തുക്കളോടൊപ്പമോ, പേയിംഗ് ഗസ്റ്റ് ആയോ ആണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിദീപകും രംഗത്തെത്തിയിട്ടുണ്ട്.ശിവാനിയുടെ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ദീപക് വാദിക്കുന്നു. ഫാഷന്‍ ഡിസൈനറാണ് ശിവാനി. ഇരുവര്‍ക്കും സമാര എന്ന പേരില്‍ 21 വയസുള്ള ഒരു മകളുണ്ട്.
തേരാ നാം മേരാ നാം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദീപക് ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക്വി, ജീതാ വഹി സികന്ദര്‍ എന്നിവയ്ക്ക് പുറമേ ഖിലാഡി എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിര്‍മ്മിച്ച്, നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറില്‍ ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. പലതും തെറ്റി പറയാൻ വലുതായി ഒന്നുമില്ല അകെ ഹൈലൈറ്റ് ആയി നിൽക്കുന്നത് മമ്മൂട്ടിയുടെ ഗ്ലാമർ തന്നെ
സുന്ദരന്‍,ധനികന്‍, അജ്ഞാതമായ ഏതോ ഭൂതകാലാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന, എന്തിലും ഒരു പടി മുന്‍പേ നില്‍ക്കുന്ന, ഫോര്‍ വീല്‍ സ്റ്റണ്ടറായ, എല്ലാത്തിനും പുറമെ മകള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു ഡാഡികൂള്‍. അതാണ് ഡേവിഡ് നൈനാന്‍.
പീഡോഫീലിയയും പാരാഫീലിയയും ചര്‍ച്ചയാകുന്ന വര്‍ത്തമാനകാല ഭീതിയില്‍ നിന്നാണ് ചിത്രം സംസാരിച്ചു തുടങ്ങുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന ഒരു കൊലയാളിക്കായി കരുതലോടെ നീങ്ങിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിത്ത് പാകിയാണ് ചിത്രത്തിന്‍റെ തുടക്കം.
ട്രെയിലര്‍ തന്നെ പറഞ്ഞു വച്ച ഡേവിഡിനെ കുറിച്ചുള്ള മകളുടെ പൊങ്ങച്ച പറച്ചിലുകളില്‍ നിന്നാണ് ചിത്രം പിന്നീട് ഒഴുക്ക് കണ്ടെത്തുന്നത്. കൂളിങ് ഗ്ലാസും സ്റ്റൈലിഷ് ജാക്കറ്റുമിട്ട് ഡേവിഡ് കഥയിലെ കുടുംബപരിസരത്തേക്ക് കടന്നുവരുന്നു. ഡേവിഡിനെ ഹീറോയായി കാണുന്ന മകള്‍ക്കും (ബേബി അനിഖ) ഡോക്ടറായ ഭാര്യയ്ക്കും (സ്നേഹ)മൊപ്പമുള്ള സ്വൈര്യജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മുഖംമൂടിക്കാരനായ ജോക്കര്‍. അവനെ തേടിയുള്ള യാത്ര ആരംഭിക്കുന്നിടത്താണ് ചിത്രത്തിന്‍റെ ആദ്യ പകുതി ചെന്ന് നില്‍ക്കുന്നത്.
ത്രില്ലര്‍, ആക്ഷന്‍ വിഭാഗങ്ങളില്‍പ്പെടുന്ന ചിത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് വേഗത്തിലുള്ള മുന്നോട്ടുപോക്കിലാണ്. തിരക്കഥയിലുണ്ടാവാന്‍ സാധ്യതയുള്ള പോരായ്മകളെ ഒരു പരിധിവരെ മറച്ചുവെക്കാന്‍ സഹായകമാകും ഈ വേഗം. ഒരു ഫാമിലി ത്രില്ലറിന് ആവശ്യമായ ചടുലമായ സഞ്ചാരത്തെ മറന്നെഴുതിയ തിരക്കഥ ആദ്യ പകുതിയില്‍ തന്നെ പ്രേക്ഷകനെ നിരാശനാക്കുന്നു.
സീരിയല്‍ കില്ലറെ തേടിയുള്ള യാത്രയ്ക്കിടയില്‍ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ സ്ഥാനത്തേക്കെത്തുന്ന ആന്‍ഡ്രൂസ് ഈപ്പന്‍ (ആര്യ) വില്ലനേക്കാള്‍ വലിയെ വെല്ലുവിളിയായി മാറുന്നുണ്ട് ഡേവിഡിന്. കൊലപാതകങ്ങള്‍ നിരന്തരം തുടരുമ്പോള്‍ കുറ്റവാളിയെ തേടിപ്പുറപ്പെട്ട പൊലീസുകാരനും, നായകനും തമ്മിലുള്ള സ്ഥിരം ടോം ആന്‍ഡ് ജെറി പാച്ചിലാണ് പിന്നീട് ചിത്രം. കുറ്റവാളിയെ തേടി നായകന്‍ പോകേണ്ടെന്നും, കഴിവുണ്ടെങ്കില്‍ കുറ്റവാളി നായകനെ തേടി വരുമെന്നും പറയുന്നിടത്ത് തിരക്കഥയ്ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ദൂരമില്ലാതെ വരുന്നു, നായകന് പ്രതിനായകനിലേക്കുള്ള ദൂരവും കുറയുന്നു. നായകന് ശിക്ഷിക്കാനുള്ളതാണ് വില്ലനെന്ന് പറഞ്ഞ് സിനിമയുടെ രാഷ്ട്രീയം ചുരുങ്ങുന്നു. ഒരു പ്രതീക്ഷക്കും വക നല്‍കാത്ത നിയമവ്യവസ്ഥ കൂട്ടുപിടിച്ചാണ് ഈ വാദം ന്യായീകരിക്കപ്പെടുന്നത്.
നായകന്‍റെ മാനസികാവസ്ഥയോടും പ്രതികാരമനോഭാവത്തോടും പ്രേക്ഷകന്‍ ഐക്യദാര്‍ഢ്യപ്പെടാനായി പ്രതിനായക കഥാപാത്രത്തെ ഹിംസയുടെ കൊടുമുടിയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജോക്കറെന്ന കഥാപാത്രത്തിന്‍റെ നിര്‍മ്മിതിയില്‍ രചയിതാവിന് ഭദ്രത കൈവരുത്താന്‍ കഴിയുന്നില്ല. എങ്കിലും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് പിടികൊടുക്കാതെ വേഗം കുറഞ്ഞെങ്കിലും ചിത്രം പ്രയാണം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ വേഗക്കുറവിനെ ക്ലൈമാക്സിലെ ട്വിസ്റ്റും മമ്മൂട്ടിയുടെ സ്റ്റൈലും ഉടുപ്പിച്ച് മോക്ഷം കണ്ടെത്താമെന്ന ചിന്തയും തെളിഞ്ഞ് കാണുന്നു.
കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ സര്‍വ്വസമ്മതിയുണ്ടാക്കും വിധം സിനിമയുടെ ഭാഗമാക്കാനുള്ള സംവിധായകന്‍റെ ശ്രമം പൂര്‍ണമായി വിജയിച്ചെന്ന് പറയാന്‍ കഴിയില്ല. നിയമപരമായ വിചാരണയില്‍ വിശ്വാസമില്ലാതെ കുറ്റവാളിയെ നായകന്‍റെ കൈകളില്‍ ഏല്‍പ്പിക്കുന്ന രീതി നിലയ്ക്കാത്ത കൈയടിക്ക് വേണ്ടി മാത്രമായും മാറുന്നു. സ്ത്രീകഥാപാത്രങ്ങളെ നിസ്സഹായതയുടെ ആള്‍രൂപങ്ങളാക്കി മാറ്റുന്ന മലയാള ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദറും. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹയ്ക്ക് ഒന്നും ചെയ്യാനില്ലാതെ നായകന്‍റെ തോളിലേക്ക് ചാഞ്ഞ് കണ്ണീരൊഴുക്കേണ്ടി വരുന്നു.
വൈകാരിക പ്രകടനങ്ങളിലെ കൈയടക്കം കൊണ്ട് അത്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ബേബി അനിഖയുടെ മികച്ച പ്രകടനവും ചിത്രത്തില്‍ തെളിഞ്ഞുകാണാം. ക്രൈം ജേര്‍ണലിസ്റ്റുകള്‍ സ്ത്രീവിരുദ്ധരാണെന്നും കുറ്റവാളിയുടേതിന് സമാനമായ ചിന്തകളാണ് അവരുടേതെന്നും കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ സംവിധായകന്‍ സ്ഥാപിക്കുന്നു. ഷാജോണിന്‍റെ കഥാപാത്രത്തിലൂടെ പറഞ്ഞൊപ്പിക്കുന്ന ദ്വയാര്‍ത്ഥ സംഭാഷണം അരോചകമായും തോന്നാം. സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച താരമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളെന്നും ഇവിടെ ഓര്‍ക്കേണ്ടി വരുന്നു.
റോബി വർഗീസ് രാജ് ഒരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. സുഷിന്‍ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴ ചേര്‍ന്നു നിന്നിട്ടുണ്ട്. ചുരുക്കത്തില്‍ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആകര്‍ഷക ശൈലീ ഭദ്രത പ്രതീക്ഷിക്കാതെ, മെഗാസ്റ്റാറിനെ വെച്ച് നവാഗതനായൊരു സംവിധായകനൊരുക്കിയ പിഴവുകള്‍ കുറഞ്ഞൊരു ഫാമിലി ത്രില്ലര്‍ കാണണമെങ്കില്‍ ദി ഗ്രേറ്റ് ഫാദറിന് ടിക്കറ്റ് എടുക്കാം.
സിനിമാതാരങ്ങളുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും ഒന്നും പുതിയ സംഭവമല്ല. വേര്‍പിരിഞ്ഞ ശേഷം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അങ്ങനെ തന്നെ. അത്തരത്തില്‍ ചിമ്പുവിനെതിരെ ആരോപണവുമായി എത്തിരിക്കുകയാണു ഹന്‍സിക. പിരിഞ്ഞ സമയത്തു ചിമ്പു ഹന്‍സികയ്ക്കെതിരെ കാരണങ്ങള്‍ നിരത്തിരുന്നു. എന്നാല്‍ ഹന്‍സിക ഇതിനേക്കുറിച്ചു കാര്യമായി പ്രതികരിച്ചിരുന്നില്ല.
വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയബന്ധത്തിന് ഉണ്ടായില്ല.
കേരളത്തിലെ ഇടത്-വലത് മുന്നണികളിലെ അധികാര മോഹികളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുന്ന ഘടകകക്ഷികള്‍ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.
എങ്ങനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത്-വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്ത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് വരികയും മന്ത്രിയാവുകയും ചെയ്യുകയാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇതേ വെള്ളി മൂങ്ങകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്നും രാജിവെച്ച ശശീന്ദ്രന് പകരമെത്തുന്ന വെള്ളിമൂങ്ങയെ നിങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.