ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിര്‍മ്മിച്ച്, നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറില്‍ ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. പലതും തെറ്റി പറയാൻ വലുതായി ഒന്നുമില്ല അകെ ഹൈലൈറ്റ് ആയി നിൽക്കുന്നത് മമ്മൂട്ടിയുടെ ഗ്ലാമർ തന്നെ
സുന്ദരന്‍,ധനികന്‍, അജ്ഞാതമായ ഏതോ ഭൂതകാലാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന, എന്തിലും ഒരു പടി മുന്‍പേ നില്‍ക്കുന്ന, ഫോര്‍ വീല്‍ സ്റ്റണ്ടറായ, എല്ലാത്തിനും പുറമെ മകള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു ഡാഡികൂള്‍. അതാണ് ഡേവിഡ് നൈനാന്‍.
പീഡോഫീലിയയും പാരാഫീലിയയും ചര്‍ച്ചയാകുന്ന വര്‍ത്തമാനകാല ഭീതിയില്‍ നിന്നാണ് ചിത്രം സംസാരിച്ചു തുടങ്ങുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന ഒരു കൊലയാളിക്കായി കരുതലോടെ നീങ്ങിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിത്ത് പാകിയാണ് ചിത്രത്തിന്‍റെ തുടക്കം.
ട്രെയിലര്‍ തന്നെ പറഞ്ഞു വച്ച ഡേവിഡിനെ കുറിച്ചുള്ള മകളുടെ പൊങ്ങച്ച പറച്ചിലുകളില്‍ നിന്നാണ് ചിത്രം പിന്നീട് ഒഴുക്ക് കണ്ടെത്തുന്നത്. കൂളിങ് ഗ്ലാസും സ്റ്റൈലിഷ് ജാക്കറ്റുമിട്ട് ഡേവിഡ് കഥയിലെ കുടുംബപരിസരത്തേക്ക് കടന്നുവരുന്നു. ഡേവിഡിനെ ഹീറോയായി കാണുന്ന മകള്‍ക്കും (ബേബി അനിഖ) ഡോക്ടറായ ഭാര്യയ്ക്കും (സ്നേഹ)മൊപ്പമുള്ള സ്വൈര്യജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മുഖംമൂടിക്കാരനായ ജോക്കര്‍. അവനെ തേടിയുള്ള യാത്ര ആരംഭിക്കുന്നിടത്താണ് ചിത്രത്തിന്‍റെ ആദ്യ പകുതി ചെന്ന് നില്‍ക്കുന്നത്.
ത്രില്ലര്‍, ആക്ഷന്‍ വിഭാഗങ്ങളില്‍പ്പെടുന്ന ചിത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് വേഗത്തിലുള്ള മുന്നോട്ടുപോക്കിലാണ്. തിരക്കഥയിലുണ്ടാവാന്‍ സാധ്യതയുള്ള പോരായ്മകളെ ഒരു പരിധിവരെ മറച്ചുവെക്കാന്‍ സഹായകമാകും ഈ വേഗം. ഒരു ഫാമിലി ത്രില്ലറിന് ആവശ്യമായ ചടുലമായ സഞ്ചാരത്തെ മറന്നെഴുതിയ തിരക്കഥ ആദ്യ പകുതിയില്‍ തന്നെ പ്രേക്ഷകനെ നിരാശനാക്കുന്നു.
സീരിയല്‍ കില്ലറെ തേടിയുള്ള യാത്രയ്ക്കിടയില്‍ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ സ്ഥാനത്തേക്കെത്തുന്ന ആന്‍ഡ്രൂസ് ഈപ്പന്‍ (ആര്യ) വില്ലനേക്കാള്‍ വലിയെ വെല്ലുവിളിയായി മാറുന്നുണ്ട് ഡേവിഡിന്. കൊലപാതകങ്ങള്‍ നിരന്തരം തുടരുമ്പോള്‍ കുറ്റവാളിയെ തേടിപ്പുറപ്പെട്ട പൊലീസുകാരനും, നായകനും തമ്മിലുള്ള സ്ഥിരം ടോം ആന്‍ഡ് ജെറി പാച്ചിലാണ് പിന്നീട് ചിത്രം. കുറ്റവാളിയെ തേടി നായകന്‍ പോകേണ്ടെന്നും, കഴിവുണ്ടെങ്കില്‍ കുറ്റവാളി നായകനെ തേടി വരുമെന്നും പറയുന്നിടത്ത് തിരക്കഥയ്ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ദൂരമില്ലാതെ വരുന്നു, നായകന് പ്രതിനായകനിലേക്കുള്ള ദൂരവും കുറയുന്നു. നായകന് ശിക്ഷിക്കാനുള്ളതാണ് വില്ലനെന്ന് പറഞ്ഞ് സിനിമയുടെ രാഷ്ട്രീയം ചുരുങ്ങുന്നു. ഒരു പ്രതീക്ഷക്കും വക നല്‍കാത്ത നിയമവ്യവസ്ഥ കൂട്ടുപിടിച്ചാണ് ഈ വാദം ന്യായീകരിക്കപ്പെടുന്നത്.
നായകന്‍റെ മാനസികാവസ്ഥയോടും പ്രതികാരമനോഭാവത്തോടും പ്രേക്ഷകന്‍ ഐക്യദാര്‍ഢ്യപ്പെടാനായി പ്രതിനായക കഥാപാത്രത്തെ ഹിംസയുടെ കൊടുമുടിയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജോക്കറെന്ന കഥാപാത്രത്തിന്‍റെ നിര്‍മ്മിതിയില്‍ രചയിതാവിന് ഭദ്രത കൈവരുത്താന്‍ കഴിയുന്നില്ല. എങ്കിലും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് പിടികൊടുക്കാതെ വേഗം കുറഞ്ഞെങ്കിലും ചിത്രം പ്രയാണം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ വേഗക്കുറവിനെ ക്ലൈമാക്സിലെ ട്വിസ്റ്റും മമ്മൂട്ടിയുടെ സ്റ്റൈലും ഉടുപ്പിച്ച് മോക്ഷം കണ്ടെത്താമെന്ന ചിന്തയും തെളിഞ്ഞ് കാണുന്നു.
കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ സര്‍വ്വസമ്മതിയുണ്ടാക്കും വിധം സിനിമയുടെ ഭാഗമാക്കാനുള്ള സംവിധായകന്‍റെ ശ്രമം പൂര്‍ണമായി വിജയിച്ചെന്ന് പറയാന്‍ കഴിയില്ല. നിയമപരമായ വിചാരണയില്‍ വിശ്വാസമില്ലാതെ കുറ്റവാളിയെ നായകന്‍റെ കൈകളില്‍ ഏല്‍പ്പിക്കുന്ന രീതി നിലയ്ക്കാത്ത കൈയടിക്ക് വേണ്ടി മാത്രമായും മാറുന്നു. സ്ത്രീകഥാപാത്രങ്ങളെ നിസ്സഹായതയുടെ ആള്‍രൂപങ്ങളാക്കി മാറ്റുന്ന മലയാള ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദറും. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹയ്ക്ക് ഒന്നും ചെയ്യാനില്ലാതെ നായകന്‍റെ തോളിലേക്ക് ചാഞ്ഞ് കണ്ണീരൊഴുക്കേണ്ടി വരുന്നു.
വൈകാരിക പ്രകടനങ്ങളിലെ കൈയടക്കം കൊണ്ട് അത്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ബേബി അനിഖയുടെ മികച്ച പ്രകടനവും ചിത്രത്തില്‍ തെളിഞ്ഞുകാണാം. ക്രൈം ജേര്‍ണലിസ്റ്റുകള്‍ സ്ത്രീവിരുദ്ധരാണെന്നും കുറ്റവാളിയുടേതിന് സമാനമായ ചിന്തകളാണ് അവരുടേതെന്നും കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ സംവിധായകന്‍ സ്ഥാപിക്കുന്നു. ഷാജോണിന്‍റെ കഥാപാത്രത്തിലൂടെ പറഞ്ഞൊപ്പിക്കുന്ന ദ്വയാര്‍ത്ഥ സംഭാഷണം അരോചകമായും തോന്നാം. സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച താരമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളെന്നും ഇവിടെ ഓര്‍ക്കേണ്ടി വരുന്നു.
റോബി വർഗീസ് രാജ് ഒരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. സുഷിന്‍ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴ ചേര്‍ന്നു നിന്നിട്ടുണ്ട്. ചുരുക്കത്തില്‍ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആകര്‍ഷക ശൈലീ ഭദ്രത പ്രതീക്ഷിക്കാതെ, മെഗാസ്റ്റാറിനെ വെച്ച് നവാഗതനായൊരു സംവിധായകനൊരുക്കിയ പിഴവുകള്‍ കുറഞ്ഞൊരു ഫാമിലി ത്രില്ലര്‍ കാണണമെങ്കില്‍ ദി ഗ്രേറ്റ് ഫാദറിന് ടിക്കറ്റ് എടുക്കാം.
സിനിമാതാരങ്ങളുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും ഒന്നും പുതിയ സംഭവമല്ല. വേര്‍പിരിഞ്ഞ ശേഷം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അങ്ങനെ തന്നെ. അത്തരത്തില്‍ ചിമ്പുവിനെതിരെ ആരോപണവുമായി എത്തിരിക്കുകയാണു ഹന്‍സിക. പിരിഞ്ഞ സമയത്തു ചിമ്പു ഹന്‍സികയ്ക്കെതിരെ കാരണങ്ങള്‍ നിരത്തിരുന്നു. എന്നാല്‍ ഹന്‍സിക ഇതിനേക്കുറിച്ചു കാര്യമായി പ്രതികരിച്ചിരുന്നില്ല.
വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയബന്ധത്തിന് ഉണ്ടായില്ല.
കേരളത്തിലെ ഇടത്-വലത് മുന്നണികളിലെ അധികാര മോഹികളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുന്ന ഘടകകക്ഷികള്‍ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.
എങ്ങനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത്-വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്ത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് വരികയും മന്ത്രിയാവുകയും ചെയ്യുകയാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇതേ വെള്ളി മൂങ്ങകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്നും രാജിവെച്ച ശശീന്ദ്രന് പകരമെത്തുന്ന വെള്ളിമൂങ്ങയെ നിങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.
നസ്രിയയും ഫഹദ് ഫാസിലും എന്നും മലയാളികളുടെ ഇഷ്ടജോടികള്‍ ആണ് .വിവാഹശേഷം നസ്രിയ അഭിനയം തല്‍ക്കാലം നിര്‍ത്തിയത് ആരാധകരെ കുറച്ചു വിഷമിപ്പിച്ചെങ്കിലും നസ്രിയയുടെ മടങ്ങി വരവ് കാത്തിരിക്കുകയാണ് മലയാളികള്‍ . ഇതിനെക്കുറിച്ച് ഫഹദ് തന്നെ വിശദീകരണം നല്‍കിയിരിക്കുകയാണ്. താന്‍ നസ്രിയയെ പൂട്ടിയിട്ടിരിക്കുകയല്ലെന്നും നല്ല ചിത്രം വന്നാല്‍ അവള്‍ തീര്‍ച്ചയായും തിരിച്ചെത്തുമെന്നും ഫഹദ് പറയുന്നു.
നസ്രിയ അഭിനയിക്കാന്‍ വരുമ്പോള്‍ താന്‍ വീട് നോക്കിക്കൊള്ളാമെന്നും പറഞ്ഞിട്ടുണ്ടെന്ന് ഫഹദ് വെളിപ്പെടുത്തി. നസ്രിയക്കുവേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റിയിരിക്കുന്നു. 32 വയസ് വരെ തന്നിഷ്ടപ്രകാരം ജീവിച്ച ആളാണ് ഞാന്‍. അത്രയും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഇരുപത്തിയൊന്നു വയസുകാരി വന്നതോടെ എല്ലാം മാറി. അതൊക്കെ അവളുടെ പുഞ്ചിരിക്കുവേണ്ടിയാണ്. സത്യത്തില്‍ എന്റെ പുഞ്ചിരിക്കുവേണ്ടി നസ്രിയ വിട്ടുവീഴ്ചകള്‍ ചെയ്യുകയാണ് എന്നും ഫഹദ് പറഞ്ഞു.
സിനിമാ നിർമ്മാതാവിനെതിരെ കൊച്ചിയിൽ അക്രമം. മഹാ സുബൈർ വർണ്ണചിത്ര എന്ന നിർമ്മാതാവിനെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് കയറുന്നതിനെതിരെ ഗുണ്ടകളെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്രിസ്റ്റ്യൻ ബ്രദേഴ്സ്, മി.മരുമകൻ, പലേരി മാണിക്യം, തിരക്കഥ, സലാം കാശ്മീർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ഇദ്ദേഹം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിനിമാചിത്രീകരണത്തിന് ശേഷമായിരുന്നു സംഭവം. രാവിലേയും വൈകീട്ടും ഹോട്ടലിലിെത്തിയ ഒരു സംഘം സിനിമാപ്രവർത്തകരുമായി വഴക്കുണ്ടാക്കിയിരുന്നു.
ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത നടിയാണ് ചാര്‍മിള. ഒരു കാലത്ത് സൂപ്പര്‍ നായിക ആയിരുന്ന ചാര്‍മിള ഇടക്കാലത്ത് പക്ഷെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു .ഇതിനിടയില്‍ രണ്ടു വിവാഹമോചനങ്ങളും കഴിഞ്ഞു .ഇപ്പോള്‍ സിനിമയില്‍ തിരിച്ചു വരുന്ന നടി ഒരു ചാനല്‍ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ തുറന്നു പറയുകയാണ് .
താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ആദ്യ ഭര്‍ത്താവ് കിഷോര്‍ സത്യയെ ആണെന്നാണ് നടി പറയുന്നത് .ബാബു ആന്റണിയുമായുള്ള പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നും നടി വെളിപെടുത്തുന്നു .ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ഉടനെ ഒരാള്‍ ചെന്നൈയിലും ഒരാള്‍ ഷാര്‍ജയിലും. തങ്ങള്‍ക്കിടയില്‍ ദാമ്പത്യബന്ധം പോലും ഉണ്ടായില്ല. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു എന്നും നടി വെളിപെടുത്തുന്നു .
ചാര്‍മിളയെ താന്‍ വിവാഹം കഴിച്ച കാര്യം പുറത്താരും അറിയരുതെന്ന മട്ടിലായിരുന്നു കിഷോര്‍ സത്യ. കേരളത്തില്‍ പറയാന്‍ പാടില്ല. ഇങ്ങോട്ട് പറയാന്‍ പാടില്ല. പുറത്താരോടും ഇക്കാര്യം പറയരുത്. എന്തിനാണ് അങ്ങനെ. ഭര്‍ത്താവും ഭാര്യയുമാണെന്ന് എല്ലാവരും അറിയണം. എന്നെ അവോയ്ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയത് എന്ന് ചാര്‍മിള പറയുന്നു .ഇനി ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത ഒരു മുഖം ആരുടേതാണ് എന്ന് ചോദിച്ചപ്പോള്‍ സംശയം കൂടാതെ ചാര്‍മിള പറയുന്നത് കിഷോര്‍ സത്യയുടെ പേരാണ്. നമ്മളെ ഉപോഗിക്കുന്നു എന്ന് തോന്നിയ ഒരാളോടുള്ള ദേഷ്യമാണ് അത്. ഇരുവരും ചേര്‍ന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തത് എന്നും ചാര്‍മിള പറയുന്നു.
ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നാണ് ചാര്‍മിള പറയുന്നത്. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. ലിവ് ഇന്‍ എന്ന് പറയാവുന്ന ഒരു ബന്ധമായിരുന്നു അത്. പക്ഷേ വിവാഹത്തില്‍ എത്തിയില്ല. ബാബു ആന്റണി തന്നെ വിവാഹം കഴിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് ശേഷം ജീവിച്ചിരിക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നെന്ന് നടി ചാര്‍മിള. യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍, യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നത്. ഉഷാറാണി വീട്ടില്‍ വന്നപ്പോള്‍ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില്‍ പെട്ടെന്നു എത്തിക്കാന്‍ സാധിച്ചത്. അവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാര്‍മിള പറഞ്ഞു.
ഈ മനോവിഷമത്തില്‍ ഇരിക്കുന്ന സമയത്താണ് സീരിയല്‍ താരം കിഷോര്‍ സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണ്.- ചാര്‍മിള പറയുന്നു. രണ്ടു ബന്ധങ്ങള്‍ തകര്‍ന്നിട്ടും താന്‍ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, പിന്നീട് രാജേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോള്‍ തന്റെ എല്ലാം. എന്നാല്‍ രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ലെന്നും ചാര്‍മിള പറയുന്നു.
മലയാളികളുടെ പ്രിയ നായികയായ കാവ്യാമാധവൻ ദീലീപുമായുള്ള വിവാഹശേഷം വീണ്ടും ചലചിത്രലോകത്തേക്ക് എത്തുന്നു .എന്നാൽ താരം നായികയായല്ല ഇത്തവണ എത്തുന്നത് പിന്നണിഗായികയായാണ് .ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം ‘മാറ്റിനി’യില്‍ കാവ്യ ഇതിനുമുന്‍പ് പാടിയിരുന്നു.പി.പി.അബ്ദുള്‍ റസാഖ് എന്ന കഥാകൃത്തിൻറെ ആദ്യ കഥയാണ് ഹദിയ എന്ന പേരില്‍ തന്നെ സിനിമയാകുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സിനിമയില്‍ നടിമാര്‍ അവസരത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും വഴങ്ങേണ്ടി വരാറുണ്ട് എന്ന് പല പ്രമുഖ നടിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .ഇത് സത്യം ആണെന്ന് പല നടിമാരും തുറന്നു പറയുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ ഇപ്പോഴിതാ സിനിമാ ലോകത്തുള്ള ഈപ്രവണതയെ കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ നടി ലേഖ വാഷിങ്ടണ്‍,അതിങ്ങനെ :
ഒരു തമിഴ് സംവിധായകന്‍ എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു റോള്‍ ഓഫര്‍ ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറില്‍ ഒരു റൈഡ് പോയി. കാറില്‍ വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം. ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലായെങ്കിലും, ‘ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തില്‍ ഞാന്‍ നന്നായി അഭിനയിക്കും’ എന്ന് പറഞ്ഞു. വീണ്ടും സംവിധായകന്‍ അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാന്‍ എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ഞാന്‍ മറുപടി കൊടുത്തു. എന്നില്‍ നിന്ന് ഇത്തരമൊരു മറുപടി സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നില്ല.
തുടര്‍ന്ന് അദ്ദേഹം എനിക്ക് പലതും ഓഫര്‍ ചെയ്തു. സിനിമയില്‍ നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫര്‍ എനിക്ക് വേണ്ടായിരുന്നു. ഇനി ഞാന്‍ ആ സിനിമ ചെയ്താല്‍ ലൊക്കേഷനിലുണ്ടാകാന്‍ പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോര്‍ത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.
എനിക്ക് പകരം ആ ചിത്രത്തില്‍ മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെര്‍ഫക്ട് മരണമാണ്. കര്‍മ്മഫലം കിട്ടും- ലേഖ പറഞ്ഞു.വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലര്‍ ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേന്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. വേദം, വാ, കല്യാണ സമയല്‍ സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങള്‍.
മോഹിനി മതം മാറിയതെന്തിന് ? നിരവധി കുപ്രചാരണങ്ങൾക്കു ഒടുവിൽ അവർ നേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സിൽ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഹിനി 2011ൽ കലക്‌ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തിൽ’ ആണ് അവസാനമായി മലയാളത്തിൽ കണ്ടത്.
വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്. മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവർ ഇപ്പോൾ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാൻ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാർ ഞാൻ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു.
അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തിൽ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങൾ ചെയ്‌തവർക്ക് മാത്രമേ ജീവിതത്തിൽ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങൾക്ക് ഉത്തരം തേടി ഞാൻ ഹിന്ദു മതത്തിലെ മിക്ക പുസ്‌തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു. അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയിൽ നിന്ന് ഒരു ബൈബിൾ ലഭിച്ചത് ഞാൻ വായിച്ചു തുടങ്ങി. വായിക്കാൻ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഞാൻ ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി.
അന്ന് രാത്രി സ്വപ്‌നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തിൽ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാൻ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നൽകിയത്. പക്ഷേ പിന്നെയും ഞാൻ എന്രെ യഥാർഥ ദൈവത്തെ തേടിയുളള അന്വേഷണം തുടർന്നു. അങ്ങനെ അവസാനം ഞാൻ ദൈവമാതാവിലേക്കും ക്രിസ്‌തുവിലേക്കുമുളള വഴി കണ്ടെത്തി.– ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു.
സിനിമയിൽ നിന്ന് പൂർണമായും അകന്ന മോഹിനി ഇപ്പോൾ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആൺമക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു. ഒരാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭർത്താവ് ഭരത് കൃഷ്‌ണസ്വാമി ഇവിടെ എച്ച്‌സിഎല്ലിൽ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾക്കിടയിൽ ഒരുപാട് യാത്രകൾ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറയുന്നു.
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നൽകുന്നത്.
മഞ്ജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;
സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു… മഞ്ജു വാരിയർ പറയുന്നു.