Movies

നടി വീണ നായരും ഭർത്താവും ആർ ജെയുമായ അമനും പിരിഞ്ഞെന്ന വാർത്തകൾ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് അമൻ ഇപ്പോൾ.

താനും വീണയും വേർപിരിഞ്ഞെന്നും എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ അമൻ പറയുന്നത്.

“കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു,” അമൻ കുറിച്ചു.

2014ലായിരുന്നു ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമിയും (ആർജെ അമൻ) വീണയും വിവാഹിതരായത്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.

അമല പോള്‍ നായികയായി ഓഗസ്റ്റ് 12ന് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ‘കഡാവര്‍’. നിരൂപക-പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഭദ്ര എന്ന പൊലീസ് സര്‍ജനാകാന്‍ താനെടുത്ത പ്രയത്‌നങ്ങളേക്കുറിച്ച് പറയുകയാണ് നടി.ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി യഥാര്‍ത്ഥ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചു. സിനിമയുടെ രചയിതാവിനും സംവിധായികയ്ക്കുമൊപ്പം താന്‍ ഒന്നിലധികം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും നിരവധി വിദഗ്ധരുമായി സംഭാഷണം നടത്തിയെന്നും, അമല പോള്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടത് നടുക്കമുള്ള ഓര്‍മയാണെന്ന് നടി പറഞ്ഞതായും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അനൂപ് എസ് പണിക്കരുടെ സംവിധാനത്തില്‍ അമല പോള്‍ മികച്ച തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ‘കഡാവര്‍’. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ് ‘എന്നീ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ തമിഴ് ചിത്രം, കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്.

അമലാപോളിനൊപ്പം ഹരീഷ് ഉത്തമന്‍, അതുല്യ രവി, അരുള്‍ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാന്‍ ലോകേഷ് ആക്ഷന്‍ വിക്കി. അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് കടാവര്‍ നിര്‍മ്മിക്കുന്നത്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആണ്.

അകാലത്തില്‍ ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടാല്‍ സ്ത്രീകള്‍ ഇന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. പലവിധ നിയന്ത്രണങ്ങളും സമൂഹം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സെലിബ്രിറ്റികളും അതില്‍ നിന്നും വ്യത്യസ്തമല്ലെന്ന് പറയുകയാണ് നടി മേഘ്‌ന രാജ്.

അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗം ഏല്‍പ്പിച്ച മുറിവില്‍ നിന്നും
മേഘ്‌ന ആശ്വാസം കണ്ടെത്തിയത് കുഞ്ഞിന്റെ വരവോടെയാണ്. ചീരു യാത്രയാവുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.

പലരില്‍ നിന്നും പല തരത്തിലുള്ള കുത്തുവാക്കുകള്‍ ഏറ്റുവാങ്ങിയിരുന്നെന്ന് മേഘ്‌ന പറയുകയാണ്. ‘ബോളിവുഡ് ബബ്ള്‍’ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്.

ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെന്നും അതില്‍ നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ പോലും താന്‍ വിമര്‍ശിക്കപ്പെട്ടു. ‘ഈ അടുത്തായി ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്.

ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ ‘ഓ, നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’ എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്‌നേഹമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല’- മേഘ്ന പറയുന്നു.

വീണ്ടുമൊരു വിവാഹം എന്നതിനെ കുറിച്ചും മേഘ്ന പറയുന്നുണ്ട്. അങ്ങനെയൊരു കാര്യം താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചീരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താന്‍ വേവലാതിപ്പെടാറില്ലെന്നും അവര്‍ പറയുന്നു. ‘എന്നാല്‍ സമൂഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയല്ല.

ചിലര്‍ എന്നോട് വീണ്ടും വിവാഹം ചെയ്യാന്‍ ഉപദേശിക്കും. എന്നാല്‍ മറ്റു ചിലര്‍ പറയും നീ നിന്റെ കുഞ്ഞുമൊത്തുള്ള ജീവിതത്തില്‍ സന്തോഷവതിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളില്‍ മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.’ മേഘ്ന പറയുന്നു.

‘വെയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. താന്‍ പതിഷേധിച്ച രീതി തെറ്റായി പോയെന്ന് ഷെയിന്‍ നിഗം പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും. തന്റെ അറിവില്ലായ്മ ആയിരുന്നു എന്നും തെറ്റ് പറ്റിയെന്നും നടന്‍ പറഞ്ഞു.

‘അന്ന് സംഭവിച്ചതില്‍ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്. അതില്‍ അറിവില്ലയ്മ എന്താണെന്ന് വച്ചാല്‍ നമ്മള്‍ ഒരു സ്ഥലത്ത് ചെല്ലുന്നു, ഉദാഹരണത്തിന് നമ്മള്‍ യു എസില്‍ ചെന്നാല്‍, അവിടത്തെ ഗവണ്മെന്റിന്റെ നിയമങ്ങള്‍ നമുക്ക് അറിയില്ല. ചിലപ്പോള്‍ വലത്ത് പോകേണ്ടത് ഇടത്തേ വശത്തിലൂടെ പോകും. അത് അറിവില്ലായ്മയാണ്.

ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു. ഞാന്‍ ചെയ്ത തെറ്റ്, പ്രതിഷേധിക്കാമായിരുന്നു, പക്ഷെ പ്രതിഷേധിച്ച രീതി തെറ്റാണ്. അത് ഞാന്‍ മനസ്സിലാക്കുന്നുണ്ട്,’ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടന്‍ മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ കാണുകയായിരുന്നു.

‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.

നാളെ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. എം.ടിയുടെ തിരക്കഥയില്‍
രഞ്ജിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്.

എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സിനിമാ സീരീസില്‍ ‘കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ഭാഗമാണ് സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗന്നാവ. മമ്മൂട്ടി പി.കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗന്നാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് ‘കടുഗണ്ണാവ’.

‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍.

എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് മറ്റുകഥകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്.

 

സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.  ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് വിനയന്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുക.

നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായു
ധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബര്‍ 8ന് കേരളത്തില്‍ തീയ്യേറ്ററുകളിലെത്തും. 50 ലേറെ താരങ്ങള്‍ 50000 ലേറെ അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ടെന്ന് മേക്കിങ് വീഡിയോയില്‍ പറയുന്നു.

കേരളം മറന്ന ചരിത്രപുരുഷനെ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ കുറിക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടുവര്‍ഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും.. അധഃസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..ഈ സിനിമ സാക്ഷാത്കരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.

സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : രാജന്‍ ഫിലിപ്പ്. പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജിസ്സണ്‍ പോള്‍, റാം മനോഹര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ബാബു ആന്റണി. നടന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടിയിരുന്നത്. ബോക്‌സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളെല്ലാം ബാബു ആന്റണിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ആന്റണി സിനിമകള്‍ക്കൊപ്പം നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ

സിനിമകളില്‍ അഭിനയിച്ചിരുന്നു ബാബു ആന്റണി.സിനിമകള്‍ക്കൊപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയില്‍ സ്വന്തമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കൂളുമുണ്ട് താരത്തിന്. അടുത്തിടെയാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റാണ്.

ഫേസ്ബുക്കിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചത്.ഫോട്ടോയിൽ മോഹൻലാലും സോമനും ബാബു ആന്റണിയും ഉണ്ട്. ലാലേട്ടന്റെ കൈയിൽ നിന്നും സോമൻ ചിക്കൻ വാങ്ങി കഴിക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഒരു കക്ഷണം ചിക്കൻ താ ലാലേ!!. A real life scene, long ago with Sometten and Mohanlal എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

 

ഷെറിൻ പി യോഹന്നാൻ

ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.

പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്‌ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ്‌ തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..

Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.

മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് നിരവധി കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില്‍ വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്.

അഭിനയ സപര്യയില്‍ മമ്മൂട്ടി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍. എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു.

എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.

ജോണി ഡെപ്പിനെതിരായ മാനനഷ്ട കേസിൽ തെളിവുകൾ ശേഖരിക്കാൻ മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് തന്നെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രൈവറ്റ് ഡിറ്റക്ടീവ് പോൾ ബരേസി. കേസിന്റെ വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ‌ ലോ ക്രൈം നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഇതെക്കുറിച്ച് പോൾ ബരേസി വെളിപ്പെടുത്തിയത്. താൻ ഡെപ്പിന്റെ ലഭ്യമായ എല്ലാ ചരിത്രവും അന്വേഷിച്ചു. അദ്ദേഹം എവിടെയാണ് ജീവിച്ചിരുന്നത്.

അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത് എവിടെയാണ്. ഡെപ്പ് എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നത്. ഡെപ്പിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങൾ അങ്ങനെ എന്തെല്ലാം ലഭ്യമായിരുന്നോ അതെല്ലാം. എന്നാൽ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും തന്നെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും കൈകളുമായി ചെന്നപ്പോൾ ഹേർഡ് തങ്ങളെ പുറത്താക്കുകയാണിണ്ടായത്.

ഗാർഹിക പീഡനത്തെക്കുറിച്ച് ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. 2018-ൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഗാർഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേർഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല.

എന്നാൽ, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാ ജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ൽ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നൽകുകയായിരുന്നു.ജൂൺ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേർഡ് നൽകിയ കേസുകളിൽ ഒന്നിന് അവർക്ക് അനുകൂലമായും വിധിയെഴുതിരുന്നു.

RECENT POSTS
Copyright © . All rights reserved