സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2.ഷൂട്ടിങ് ആരംഭിച്ചശേഷം പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രം നീണ്ടു പോയ കാരണത്തിനാൽ സംവിധായകൻ ഷങ്കറിന് എതിരെ നിർമാതാക്കൾ നിയമനടപടി വരെ സ്വീകരിക്കുകയും ഉണ്ടായി. രണ്ട് വർഷത്തിനു ശേഷം ഇന്ത്യ 2 ന്റെ ഷൂട്ടിങ് വീണ്ടും പുനഃരാരംഭിച്ചിരിക്കുകയാണ്. ശങ്കർ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ബാക്കി ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടേയും പിന്തുണയും ആശംസകളും വേണമെന്നുമാണ് ശങ്കർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ഷൂട്ടിങ് ഫ്ലോറിൽ എത്തും.

ഫെബ്രുവരി 2020ലാണ് 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ ഏറെ ബാധിക്കുകയുണ്ടായി. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതാണ് സിനിമയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നത്.

സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസൻ സ്വന്തമാക്കിയിരുന്നു.