സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത്. ആഭ്യന്തരപരാതി പരിഹാര സെല്‍ ഇല്ലാത്തതു പലരും മുതലെടുക്കുന്നു. സിനിമയിലെ കരുത്തരായ ചിലരാണ് പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്.
റിപ്പോര്‍ട്ട് നടപ്പാകാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അവകാശ സംരക്ഷണത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തി നിശബ്ദയാക്കാന്‍ ശ്രമം നടന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി.
സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും.
നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.
വില്ലന്‍കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി, പിന്നീട് കോമഡി കഥാപാത്രങ്ങളടക്കം കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ബൈജു എഴുപുന്ന. മമ്മൂട്ടിയുടെ മധുരരാജയിലും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാന്‍ ബൈജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.
ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന.’എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം.ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ
എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പ്രതി ദിലീപ്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ച ദിലീപില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം പ്രമുഖ ദൃശ്യ മാധ്യമം നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ചടങ്ങിനെയാകെ സ്തംഭിപ്പിച്ചിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടൻ അക്കാദമിക്ക് ഓസ്‌കാർ അവാർഡ് തിരികെ നൽകേണ്ടിവരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്കാദമി.
‘ഒരു തരത്തിലുമുള്ള അക്രമങ്ങളെയും അക്കാദമി അംഗീകരിക്കുന്നില്ല. 94-ാമത് അക്കാദമി അവാർഡ് ജേതാക്കളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷിക്കുന്നതിൽ സന്തോഷം’, എന്നാണ് അക്കാദമി ട്വീറ്റ് ചെയ്തത്.
തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം… എന്റെ എല്ലാ നോമിനികളോടും മാപ്പ് പറയണം. കല ജീവിതത്തെ അനുകരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിന്നാലെ തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെ പരാമര്‍ശിച്ച അദ്ദേഹം ‘ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. എന്നാല്‍ സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.’ എന്നും കൂട്ടിച്ചേര്‍ത്തു. റിച്ചാര്‍ഡ് വില്യംസ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതുപോലെ, തന്റെ സഹ അഭിനേതാക്കളെ ‘സംരക്ഷിക്കുന്നതിന്’ വേണ്ടിയാണ് സിനിമ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് എന്നും സ്മിത്ത് പറഞ്ഞു.
നടനായും സഹനടനായും വില്ലനായും മലയാള സിനിമാ ലോകത്ത് നിറസാനിധ്യമായ താരമാണ് സായികുമാർ. കൊട്ടാരക്കര ശ്രീധരൻ എന്ന അതുല്യ പ്രതിഭയുടെ മകനായ സായികുമാർ 1989ൽ പുറത്തിറങ്ങിയ സിദ്ധീഖ് ലാൽ കൂട്ടുകെട്ടിന്റെ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ റാം ജിറാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ മലയാളികൾ മറക്കാൻ സാധ്യതയില്ല. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളാണ് സായികുമാറിനെ തേടിയെത്തിയത്.
സിനിമാ മേഖലയിലെ തന്റെ സൗഹൃദത്തെ കുറിച്ച് സായി കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാൻസ് മീഡയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം.
മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല താണെന്നാണ് സായി കുമാർ പറയുന്നത്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും സായി കുമാർ പറയുന്നു.
‘ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല” സായി കുമാർ മനസ് തുറന്നു.
സിബിഐ മൂന്നാം ഭാഗത്തിൽ സുകുമാരൻ അവതരിപ്പിച്ച സത്യദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഡിവൈഎസ്പി ദേവദാസിനെ അവതരിപ്പിച്ചത് സായ് കുമാറാണ്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയും മുകേഷും പറഞ്ഞ കാര്യങ്ങളെ കുറച്ചും സായ് കുമാർ അഭിമുഖത്തിൽ മനസ് തുറന്നു.
‘പോലീസ് ഓഫീസർൻറ വേഷമാണ് ചെയ്യണ്ടത് എന്ന് മാത്രമാണ് അറിഞ്ഞത്. സുകുവേട്ടൻ ചെയ്ത കഥാപാത്രമാണ് എന്ന് ഷൂട്ടിന് ചെല്ലുമ്പോഴാണ് ഞാനറിയുന്നത്. അറിഞ്ഞിരുന്നേൽ ആ വേഷം ചെയ്യാൻ ധൈര്യപ്പെടില്ലായിരുന്നു. മധുവേട്ടനാണ് ലോക്കേഷനിൽ ചെന്നപ്പോൾ ഇക്കാര്യം പറയുന്നത്. സുകുവേട്ടൻറെയും എൻറെയും മാനറിസങ്ങൾ തികച്ചും വ്യത്യസ്തമാണ് ആണ് സുകുവേട്ടൻ്റേ ചില ഭാവങ്ങൾ ഞാൻ അഭിനയിച്ചു കാണിച്ചു എന്നാൽ മധു ചേട്ടൻ നിർത്താതെ ചിരിയായിരുന്നു. ഒടുവിൽ മമ്മൂക്കയെയും മുകേഷിനെയും അറിയിച്ചു. സൂക്ഷിച്ച് ചെയ്യണം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഇത് വൻ റിസ്കാണ്,എന്ത് ധൈര്യത്തിലാണ് നീയിത് ചെയ്യുന്നത് എന്ന് മുകേഷിൻ്റെ വക ഡയലോഗും. പക്ഷേ ശ്രദ്ധയോടെ കൈകാര്യം ചെയ്തതുകൊണ്ട് ആ കഥാപാത്രം നന്നായി ചെയ്യാൻ സാധിച്ചു.സായ്കുമാർ പറയുന്നു.
നടന്‍ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ. തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടുമെന്ന് വിനായകന്റെ പേരെടുത്ത് പറയാതെ ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല എന്നും ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ കുറിച്ചു.
ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനായി വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും സിനിമ പ്രവര്‍ത്തക ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്.
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
നമസ്‌കാരം
ലക്ഷ്മി പ്രിയ
നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തായാലും വലിയൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണ്.
പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ്.
മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറില്ലായിരുന്നെന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി.- ഗായത്രി പറഞ്ഞു.
മീ ടൂവിനെ സംബന്ധിച്ച് നടന്‍ വിനായകൻ വിവാദ പരാമര്‍ശങ്ങൾ നടത്തിയ സമയം തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്ന് നടി നവ്യ നായർ. ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം. വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
നടി നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ് തുടങ്ങിയവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍. ‘മീ ടു’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വിനായകന്‍ പറഞ്ഞു. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു ചോദിക്കും. അതിനെയാണ് ‘മീ ടു’ എന്ന് പറയുന്നതെങ്കില്‍ അത് ഒരു പുരുഷനെന്ന നിലയില്‍ വീണ്ടും വീണ്ടും ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു.
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് വീണ നന്ദകുമാർ. മുംബൈയിൽ ജനിച്ചു വളർന്ന മെട്രോ ഗേൾ ആണെങ്കിലും വീണ നന്ദകുമാർ മലയാളികള്‍ക്ക് നാടൻ സുന്ദരിയാണ്.
വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നു വീണ പറയുന്നു. ഒരഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്.ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അതു കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കും.
ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ, ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്.
അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നുള്ളതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്- വീണ പറയുന്നു.
എല്ലാത്തരം വസ്ത്രങ്ങളും തനിക്കിഷ്ടമാണെന്നും വീണ പറയുന്നു. സൗകര്യപ്രദമായത് ധരിക്കുക എന്നതാണു രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം.
ചില സ്ഥലത്ത് പോകുമ്പോൾ കുർത്ത ധരിക്കും. ജീൻസ്, ടോപ്, സാരി, സ്കേർട്ട് എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാറില്ല, കംഫർട്ടിന് ആണ് പ്രഥമ പരിഗണന.
എന്റെ ഇഷ്ട നിറം വെള്ളയാണ്. വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സിംപിൾ ആയി തോന്നും. ചൂട് കുറവായിരിക്കും. അതുകൊണ്ടും കൂടിയാണ് വെള്ളയോ അല്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്ന നിറങ്ങളും പ്രിയങ്കരമാകുന്നതെന്നും താരം പറയുന്നു.
താരത്തിന്റെ അതിമനോഹരമായ തലമുടിക്ക് ആരാധകർ ഏറെയാണ്. ഇത്രയേറെ മുടി ഒരു അസൗകര്യമല്ലേ എന്നു ചോദിച്ചാൽ ഒരിക്കലുമല്ല എന്നു വീണ പറയും.
ചെറുപ്പം മുതൽ നീണ്ട തലമുടി ഉണ്ട്. തലയിൽ വെളിച്ചെണ്ണ തേയ്ക്കും. വീര്യം കൂടിയ കെമിക്കലുകൾ ഇല്ലാത്ത പ്രൊഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്.
തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതുകൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നില്ലല്ലോ.
ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ വളർത്തിയാൽ തലമുടി ഒരിക്കലും അസൗകര്യം ആകില്ലെന്നാണ് വീണ പറയുന്നത്.