മലയാള സിനിമയില്‍ നിന്ന് ബോധപൂര്‍വം ഒരിക്കലും ഗ്യാപ് എടുത്തതല്ലെന്നും അതിന് കൃത്യമായ ഒരു കാരണമുണ്ടെന്നും നടന്‍ നരേന്‍. തമിഴില്‍ താന്‍ എത്തിപ്പെട്ട പല സിനിമകളിലും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ഷൂട്ടുകള്‍ മാസങ്ങളോളം നീണ്ടു പോകുന്ന അവസ്ഥയുണ്ടായെന്നും നരേന്‍ പറഞ്ഞു.

മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടുപോലും നോ പറയേണ്ട അവസ്ഥ വന്നെന്നും ആ സമയത്തൊക്കെ വളരെ വിഷമം തോന്നിയെന്നും നരേന്‍ പറയുന്നു.

ഇനിയങ്ങോട്ട് അത്തരത്തിലൊരു ഗ്യാപ് വേണ്ടെന്നാണ് തീരുമാനമെന്നും മലയാളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നരേന്‍ പറഞ്ഞു.

‘മലയാളത്തില്‍ അച്ചുവിന്റെ അമ്മ സിനിമ അഭിനയിച്ച് അത് റിലീസ് ആവുന്നതിന് മുന്‍പ് തന്നെ തമിഴില്‍ നിന്ന് ചിത്തിരംപേശുതെടി പ്രൊജക്ട് വന്നിരുന്നു. എന്റെ സുഹൃത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ആ ഘട്ടത്തില്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അച്ചുവിന്റെ അമ്മയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഇവിടെ തന്നെ കൂടുതല്‍ സിനിമകളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അവനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അത് ശരിയല്ലല്ലോ എന്ന് തോന്നി.

ഒടുവില്‍ ചെന്നൈയില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ വന്ന് എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അത് മിസ്സാക്കാന്‍ തോന്നിയില്ല. അങ്ങനെ 60 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ഭാവനയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തീരാന്‍ 9 മാസമെടുത്തു.

ഞാനാണെങ്കില്‍ഒരു പ്രത്യേക ഗെറ്റപ്പിലുമാണ്. അവിടെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെയായുള്ള ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ സ്റ്റക്കായി പോയി. ഒരു ജൂണില്‍ പടം തുടങ്ങിയിട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് പടം തീര്‍ന്നത്. എനിക്ക് തോന്നുന്നു ഇതിനിടെ ഭാവന രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നെന്ന്. ഭാവന വന്നിട്ട് ചോദിച്ചു ഇത് ഇതുവരെ കഴിഞ്ഞില്ലേയെന്ന് (ചിരി).

തമിഴില്‍ ലീഡ് റോള്‍ ചെയ്യാനായി നമ്മള്‍ പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരും. പക്ഷേ പടം വലിയ ഹിറ്റായി. അതിന് ശേഷമാണ് ഇവിടെ ക്ലാസ്‌മേറ്റ്‌സ് വന്നത്. അത്തരത്തില്‍ ഗ്യാപ് കൂടുതലാകുമ്പോള്‍ പല പടങ്ങളും മലയാളത്തില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇനിയങ്ങനെ ഗ്യാപ് ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഞാന്‍ എത്തിപ്പെടുന്ന പല തമിഴ് സിനിമകളിലും പല ഇഷ്യൂസും നടന്നതുകൊണ്ടാവാം. പല സിനിമകളും ഒരു വര്‍ഷം അല്ലെങ്കില്‍ ആറ് മാസം, ഏഴ് മാസമൊക്കെയാണ് എടുക്കുന്നത്. വേറെ ഒരു നായകന്‍ അഭിനയിക്കുന്ന പടത്തില്‍ ക്യാരക്ടര്‍ ചെയ്യുന്നതുപോലെയല്ല.
അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ കുറച്ച് ദിവസത്തേക്ക് പോയി വന്നാല്‍ മതി. എന്നാല്‍ ഇത് നമ്മുടെ ഷോര്‍ഡറില്‍ ആകുമ്പോള്‍ നമ്മള്‍ അതിന് വേണ്ടി കുറേ സമയം കണ്ടെത്തണം.

അവിടെ എല്ലാ ആര്‍ടിസ്റ്റുമാരും വര്‍ഷത്തില്‍ ഒരു പടം ചെയ്യുക രണ്ട് പടം ചെയ്യുക അങ്ങനെയൊക്കെയാണ്. ഇവിടെ ചിലപ്പോള്‍ അത് അഞ്ചോ ആറോ പടമായിരിക്കും. ഇതിനിടെ പല മലയാള സിനിമകളും നഷ്ടപ്പെടുത്തേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ വലിയ സങ്കടമാണ്.
ചിലതൊക്കെ വലിയ സംവിധായകരായിരിക്കും. അവരുടെ അടുത്ത് നമ്മള്‍ നോ പറയുമ്പോള്‍ എല്ലാവരും അത് നല്ല സ്പിരിറ്റില്‍ എടുത്തെന്ന് വരില്ല.

പിന്നെ എനിക്ക് തമിഴിലാണ് താത്പര്യം എന്നൊക്കെ ചിലര്‍ പറയുകയും ചെയ്യും. മാത്രമല്ല സോളോ പ്രൊഡക്ട് അവിടെ നിന്ന് വന്നതുകൊണ്ടായിരുന്നു ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകളുട ഭാഗമാകണമെന്നുണ്ട്, നരേന്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിയെന്നും പുതിയ സംവിധായകരും എഴുത്തുകാരും ടെക്‌നീഷ്യന്‍മാരും ഉണ്ടായെന്നും മലയാള സിനിമയെ സംബന്ധിച്ച് ഇത് മികച്ച സമയമാണെന്നും നരേന്‍ പറഞ്ഞു. ഒ.ടി.ടി വന്ന ശേഷം എല്ലാവരും മലയാള സിനിമ കാണുന്നു. തമിഴ്‌നാട്ടിലൊക്കെയുള്ളവര്‍ മികച്ച അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ച് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്,’ നരേന്‍ പറഞ്ഞു.