Movies

നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കൂട്ട് നിന്നത് കാവ്യ മാധവനും കൂടിയെന്ന് റിപ്പോര്‍ട്ട്. ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളില്‍ ഓരോരുത്തരില്‍ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.

ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയില്‍ ആരുടെയെങ്കിലും സമ്പത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവര്‍ മൂന്ന് പേരും ഒരേ ദിവസം മൊബൈല്‍ ഫോണ്‍ മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപ് ഫോണുകള്‍ കൈമാറിയിട്ടില്ല.

ഷെറിൻ പി യോഹന്നാൻ

കാറ്റാടി സ്റ്റീൽസിന്റെ ഉടമയായ ജോൺ കാറ്റാടിയുടെ മകനാണ് ഈശോ. അതിസമ്പന്ന കുടുംബം. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലാണ് ഈശോയ്ക്ക് ജോലി. ജോണിന്റെ ഉറ്റസുഹൃത്തായ കുര്യൻ നാട്ടിൽ ഒരു പരസ്യ കമ്പനി നടത്തുകയാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല ബന്ധം തുടർന്നു പോരുന്നു. അങ്ങനെയിരിക്കെ, ജോണിന്റെയും കുര്യന്റെയും കുടുംബത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കുന്നു.

ഓപ്പണിങ് ക്രെഡിറ്റ്സിലെ രസകരമായ ചിത്രകഥയിലൂടെ പ്രേക്ഷകരിൽ താല്പര്യമുണർത്തുന്ന ചിത്രം ആദ്യപകുതിയിലെ കോൺഫ്ലിക്ടുകൾ ഉടലെടുക്കുന്നിടത്താണ് രസകരമാകുന്നത്. എന്നാൽ ‘ബ്രോ ഡാഡി’യിൽ പറയുന്ന ‘കോൺഫ്ലിക്ട്’ ഒക്കെയും ‘ബഡായി ഹോ’ ഉൾപ്പെടെയുള്ള പല ചിത്രങ്ങളിലും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ കഥാതന്തുവിൽ പുതുമയൊന്നും തോന്നില്ല.

അവതരണരീതിയിലും കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരാൻ പ്രിത്വിരാജ് തയ്യാറായിട്ടില്ല. ‘ലൂസിഫർ’ ഒരുക്കിയ പ്രിത്വിരാജിൽ നിന്നും ഡിഫോൾട്ടായി പ്രതീക്ഷിച്ചുപോകുന്ന ബ്രില്ല്യൻസ് ഇവിടെ കാണാൻ കഴിയില്ല. ഒരു ഔട്ട്‌ & ഔട്ട്‌ കോമഡി എന്റർടൈനർ ഒരുക്കാനാവും അദ്ദേഹം ശ്രമിച്ചത്. എന്നാൽ അതിൽ പരിപൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് പറയാം.

കളർഫുള്ളായ എന്റർടൈനറാണ് ‘ബ്രോ ഡാഡി’. കൂടുതലൊന്നും ചിന്തിക്കാതെ ഇരുന്ന് കാണാവുന്ന ചിത്രം. മോഹൻലാലും പ്രിത്വിരാജും ഹ്യൂമർ റോളുകളിലെത്തുമ്പോൾ മോഹൻലാലിന്റെ ചില മാനറിസങ്ങൾ രസകരമായിരുന്നു. ലാലു അലക്സിന്റെ പ്രകടനവും ശ്രദ്ധേയം. ദീപക് ദേവിന്റെ സംഗീതവും അഭിനന്ദന്‍ രാമാനുജന്റെ ഫ്രെയിമുകളും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ കഥാവതരണത്തിലേക്ക് വരുമ്പോഴാണ് ചിത്രം പിന്നിലേക്ക് വലിയുന്നത്.

കണ്ടിരിക്കാവുന്ന ആദ്യ പകുതിയും കണ്ട് മറക്കാവുന്ന ചില രംഗങ്ങളുള്ള രണ്ടാം പകുതിയും ചേരുന്നതാണ് സിനിമ. തിരക്കഥയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ രണ്ടാം പകുതിയിൽ ചിത്രം ഇഴയുന്നു. സാന്ദർഭിക തമാശകൾ വർക്കൗട്ടായത് ഒഴിച്ചാൽ നിറഞ്ഞു ചിരിക്കാനുള്ള രംഗങ്ങളും സിനിമ നൽകുന്നില്ല. ചില തമാശകൾ നല്ലപോലെ പാളിപോകുന്നുമുണ്ട്.

പുതുമയില്ലാത്ത കഥയിൽ സാന്ദർഭിക തമാശകളുടെ സഹായത്തോടെ കളർഫുള്ളായി ഒരുക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. തിരക്കഥ തളരുമ്പോഴും മറ്റൊരു ‘ധമാക്ക’യിലേക്ക് വീഴാതെ ചിത്രത്തെ പിടിച്ചുനിർത്താൻ പ്രിത്വിരാജിനായിട്ടുണ്ട്. ഒരു തവണ കണ്ട് മറക്കാം. അത്ര മാത്രം.

ഒരു കാലത്ത് ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും എന്ന സീരിയൽ. ഈ പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളായി മാറിയ താരമാണ് ശിവാനി മേനോൻ. ഉപ്പു മുളകിലും ശിവാനി എന്ന പേരിൽ തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്.

താരങ്ങളെല്ലാം അഭിനയിക്കുന്നതിന് പകരം സാധാരണക്കാരെ പോലെ ജീവിച്ച് കാണിക്കുന്ന പരമ്പരയായിരുന്നു ഉപ്പു മുളകും. വളരെ ചെറിയ പ്രായം മുതലേ അഭിനയിച്ച് തുടങ്ങിയ ശിവാനി പ്രേക്ഷകർക്ക് മുന്നിൽ തന്നെയാണ് വളർന്ന് വലുതായത്. ഇപ്പോൾ സീ കേരളത്തിലെ എരിവും പുളിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ശിവാനി അടക്കമുള്ള ഉപ്പും മുളകും താരങ്ങൾ.

ഇതിനിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശിവാനി. അച്ഛനും അമ്മയ്ക്കും ഏകമകളായി ജീവിക്കുന്നതിനെ പറ്റിയും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ ശിവാനി തുറന്ന് പറഞ്ഞിരുന്നു. വീട്ടിലെ ഒറ്റ കുട്ടിയായതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ആണെന്നായിരുന്നു ശിവാനിയോട് ചോദിച്ചത്.

എന്റെ ജീവിതത്തിൽ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഞാൻ അമ്മയുടെ വീട്ടിലാണ് നിൽക്കുന്നത്. അതൊരു ജോയിന്റ് ഫാമിലിയാണ്. എട്ട് പേരുണ്ട് അവിടെ. വീട്ടിൽ കസിൻ സിസ്റ്ററും ബ്രദറും ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റക്കുട്ടിയാണെന്ന തോന്നൽ അവർ തരില്ല.

പക്ഷേ എന്റെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒറ്റക്കുട്ടിയാണ്. അതിന്റെ ദോഷം എന്ന് പറയുകയാണെങ്കിൽ, സ്വന്തം ര ക്ത ത്തി നൊപ്പം കാര്യങ്ങൾ ചെയ്യാൻ തോന്നില്ലേ. അങ്ങനൊരു സാഹചര്യത്തിൽ നമുക്ക് പറയാൻ ആളുണ്ടാവില്ല. പക്ഷേ എന്റെ ഏറ്റവും നല്ല സുഹൃത്ത് അമ്മയാണ്. പിന്നെ ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്.

അവരിൽ ആരെ വേണമെങ്കിലും നമ്മുടെ സഹോദരനും സഹോദരിയുമാക്കാൻ പറ്റും. നിങ്ങൾക്ക് ഒരു കുട്ടി കൂടി ആയിക്കൂടായിരുന്നോ എന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒരുപാട് പ്രാവിശ്യം ചോദിച്ചിട്ടുണ്ടെന്നാണ് ശിവാനി പറയുന്നത്.

അയ്യോ ഒരെണ്ണത്തിനെ കൊണ്ട് തന്നെ മടുത്തു. ഇനി ഒരെണ്ണം കൂടി വേണ്ട. അമ്മയ്ക്ക് പറ്റില്ല, നോക്കാൻ വയ്യെന്നാണ് പറയുന്നത്. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ നല്ല കുരുത്തക്കേട് തന്നെയാണ്. അതുപോലെ ഹൈപ്പറുമാണ് ശിവാനി സുചിപ്പിക്കുന്നത്.

കസിൻ സിസ്റ്റർ ഉണ്ടാവുന്നതിന് മുൻപ് ഒരു അനിയത്തി വേണമെന്നുള്ളത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. അവള് വന്നതോടെയും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ നല്ല തല്ല് കൂടാറുണ്ട്. സെറ്റിൽ പാറുക്കുട്ടിയെ വരെ വേണമെങ്കിൽ ഒതുക്കി നിർത്താം. പക്ഷേ ശിവാനിയെ ഒതുക്കാൻ പറ്റില്ലെന്നാണ് തന്നെ കുറിച്ച് മറ്റുള്ളവർ പറയുന്നത്.

അതേ സമയം എരിവും പുളിയും ലൊക്കേഷനിൽ ഏറ്റവും കൂടുതൽ ഇറിറ്റേറ്റ് ചെയ്യുന്ന വ്യക്തി മുടിയൻ ചേട്ടനാണ്. പിന്നെ അൽസാബിത്തും. പാറു വലിയ കുഴപ്പമില്ല. സീരിയലിലെ അമ്മയും യഥാർഥ അമ്മയും തമ്മിലുള്ള സാമ്യത രണ്ടാളും ഭയങ്കര കെയറിങ് ആണെന്നുള്ളതാണ്.

എന്റെ അമ്മ ഇല്ലാത്തൊരു സാഹചര്യം വരികയാണെങ്കിൽ ഞാൻ നിഷാമ്മയുടെ വീട്ടിൽ പോയി കിടക്കാറുണ്ട്. പലപ്പോഴും ഷൂട്ടിങ്ങിന്റെ ദിവസങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. ഉപ്പും മുളകിലും ബിജു സോപാനവും നിഷ സാരംഗും അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാലാമത്തെ മകളായിട്ടാണ് ശിവാനി അഭിനയിച്ചിരുന്നത്.

ഇപ്പോൾ എരിവും പുളിയിലേക്ക് വരുമ്പോഴും കാര്യങ്ങൾ ഏകദേശം അങ്ങനെ തന്നെയാണെന്നാണ് അറിയുന്നത്. അതേ സമയം ഇവിടെ പപ്പയും മമ്മയും ആണെന്നും ക്രിസ്ത്യൻ കുടുംബമാണെന്ന പ്രത്യേകതയും ഉണ്ട്. അഭിനയത്തിന് പുറമേ നൃത്തത്തിലും ശിവാനി ഗംഭീര പ്രകടനം കാഴ്ച വെക്കാറുണ്ട്.

നടി കൽപ്പനയെ അനുസ്മരിച്ച് നടൻ മനോജ് കെ ജയൻ. നടിയുടെ ആറാം ചരമവാർഷിക ദിനത്തിലാണ് മനോജ് കെ ജയൻ ഫേസ്ബുക്കിലൂടെ നൊമ്പരകുറിപ്പ് പങ്കുവെച്ചത്.

എന്നും, സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു മരണംവരെയും തന്നെ സഹോദരതുല്യനായി കണ്ടുവെന്നും താരം കുറിച്ചു.

കൂടാതെ മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു എന്നും മനോജ് കെ ജയൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഓർമ്മപ്പൂക്കൾ❤️😔🌹
കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം 🙏
മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🙏
എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ❤️🙏ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം🌹🌹🌹🙏

ഷെറിൻ പി യോഹന്നാൻ

ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് നാലു വർഷത്തെ പഠനത്തിനായി എത്തുന്ന അരുൺ നീലകണ്ഠനെന്ന പതിനേഴുകാരനിലൂടെയാണ് വിനീത് ശ്രീനിവാസൻ ‘ഹൃദയം’ തുറക്കുന്നത്. അരുണിന്റെ കോളേജ് ജീവിതം മുതൽ വിവാഹജീവിതത്തിന്റെ ആദ്യഘട്ടം വരെയുള്ള കാലത്തെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് സംവിധായകൻ. കോളേജ് ലൈഫ്, സൗഹൃദം, പ്രണയം, വിരഹം, തിരിച്ചറിവുകൾ, വിവാഹം എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രമേയത്തിൽ ഉൾപ്പെടും.

ഒരു കഥാപാത്രത്തിന്റെ വളർച്ചയെ അതിഭാവുകത്വമില്ലാതെയാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് ജീവിതമാണ് ആദ്യ പകുതിയിലെ കാഴ്ച. രണ്ടാം പകുതിയിൽ ജീവിതത്തിന്റെ അർത്ഥം അറിയാൻ ശ്രമിക്കുന്ന അരുണിനെ നമുക്ക് കാണാം. വിനീത് ശ്രീനിവാസന്റെ കഥ അത്ര മികച്ചതല്ല. എന്നാൽ സാധാരണ കഥയെ പ്രേക്ഷകനുമായി കൂട്ടിയിണക്കുന്നിടത്താണ് വിനീതെന്ന സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുന്നത്.

ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും വിനീതിന്റെ പ്രണവ് മോഹൻലാൽ കഥാപാത്രവുമാണ് ഹൃദയത്തിന്റെ USP. ദർശന എന്ന ഗാനമൊഴികെ മറ്റെല്ലാ ഗാനങ്ങളും സീനുകളോട് ചേർന്നൊഴുകുകയാണ്. ‘പാട്ടിനുവേണ്ടിയുള്ള സീനുകൾ’ എന്ന തോന്നൽ ഉണ്ടാകുന്നില്ല. ‘ഹൃദയ’ത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദർശനയുടെ കഥാപാത്ര സൃഷ്ടി മികച്ചുനിൽക്കുന്നു. ആന്റണി താടിക്കാരനും കാളിയും സെൽവയുമെല്ലാം പ്രേക്ഷകനുമായി കണക്ട് ആവുന്ന കഥാപാത്രങ്ങളാണ്.

കോൺഫ്ലിക്ടുകൾ ഒഴിഞ്ഞ രണ്ടാം പകുതിയിലാണ് കല്യാണിയുടെ കഥാപാത്രം എത്തുന്നത്. അതിനാൽ വലിയ ആഴമൊന്നും ആ കഥാപാത്രത്തിന് കൈവരുന്നില്ല. ക്യാമ്പസ്‌ ലൈഫും പ്രണയവും വിരഹവും ഫ്രഷ് ആയ യാതൊന്നും സമ്മാനിക്കുന്നില്ല. പ്രേക്ഷകൻ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ മരണവും മകന് അച്ഛൻ നൽകുന്ന ഉപദേശവും എന്ന് തുടങ്ങി, പ്രെഡിക്റ്റബിൾ ആയ പല ക്‌ളീഷേ രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ ഇമോഷൻസിനെ കൂട്ടുപിടിച്ചുള്ള കഥപറച്ചിലിൽ ഇത് കല്ലുകടിയായി മാറുന്നില്ലെന്നതാണ് പ്രധാനം.

രണ്ടാം പകുതിയിൽ പല വിവാഹ രംഗങ്ങളിലായി കഥ നീളുന്നതായി അനുഭവപ്പെട്ടു. ഒരു Coming of age ഡ്രാമയിൽ കേന്ദ്ര കഥാപാത്രത്തിന്റെ വളർച്ചയും, സംഭവിക്കുന്ന മാറ്റങ്ങളും പ്രേക്ഷകനെ സ്വാധീനിക്കുന്ന വിധത്തിൽ അവതരിപ്പിക്കണം. അതിൽ വിനീത് ശ്രീനിവാസൻ വിജയിച്ചിട്ടുണ്ട്. കണക്ട് ചെയ്യാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നിടത്താണ് ‘ഹൃദയം’ സ്വീകാര്യത നേടുന്നത്.

Last Word – പെർഫെക്ട് ആയ ചലച്ചിത്ര സൃഷ്ടിയല്ല ‘ഹൃദയം’. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ സിനിമ ഓഫർ ചെയ്യുന്നില്ല. എന്നാൽ ഇമോഷൻസിനെ ചേർത്തുനിർത്തിയുള്ള വിനീതിന്റെ കഥപറച്ചിലിലാണ് ചിത്രം പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നത്. അവിടെയാണ്, പ്രണയത്തെക്കാൾ ഉപരിയായി വിരഹവും സൗഹൃദവും ജീവിതവും തീവ്രമായി അവതരിപ്പിക്കുന്ന ‘ഹൃദയം’ ഹൃദ്യമായ അനുഭവമാകുന്നത്.

എവ്‌ജെനിയ എന്ന റഷ്യക്കാരിയെയാണ് ബാബു ആന്റണി വിവാഹം ചെയ്തത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാച്ചിലറായി തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നുമാണ് ബാബു ആന്റണി പറയുന്നത്.

കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ എത്തിയപ്പോഴുള്ള താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. സത്യം പറഞ്ഞാല്‍ താന്‍ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യന്‍ വനിതയായിരുന്നു. ഒരു ക്രോണിക് ബാച്ചിലറായി തുടരാനായിരുന്നു തന്റെ ആദ്യത്തെ തീരുമാനം.

അങ്ങനെ പോവുന്നതിനിടയിലാണ് ആ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സിനിമയില്‍ നിന്നായിരുന്നില്ല. കോളേജില്‍ പഠിച്ചോണ്ടിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. ആ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചെങ്കിലും നടക്കാതെ പോയി.

അതിനാല്‍ വീണ്ടും ബാച്ചിലറായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം കഴിക്കില്ല എന്നാണ് താന്‍ തീരുമാനിച്ചിരുന്നത്. ഒരുപാട് പേര്‍ തന്നെ പ്രണയിക്കുന്നുവെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞ് വന്നിരുന്നു. താന്‍ ഒരിക്കലും കാണാത്തവര്‍ വരെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ചിലരൊക്കെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞവരുമുണ്ട്. നിങ്ങളെ അറിയില്ല എന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. പഠിച്ചോണ്ടിരുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ ജീവിതത്തിലുള്ളൂ.

വളരെ വേദന തോന്നിയൊരു കാര്യമാണത്. കുറേക്കാലം അത് വേട്ടയാടിയിരുന്നു. ഭാര്യയെ കണ്ടുമുട്ടും വരെ അതെന്നെ വേട്ടയാടിയിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത്. അതേസമയം, എവ്‌ജെനിയയെ യുഎസിലെ ഒരു ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് കണ്ടുമുട്ടിയതെന്നും ബാബു ആന്റണി പറയുന്നുണ്ട്.

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തെലുങ്ക് സംവിധായകന്‍ വംശി ഒരുക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തിരക്കഥ കേട്ടതിന് ശേഷം വിജയ് പറഞ്ഞ വാക്കുകളാണ് നിര്‍മ്മാതാവ് ദില്‍ രാജു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ താന്‍ കേട്ട ഏറ്റവും മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് വിജയ് പറഞ്ഞതെന്ന് ദില്‍ രാജു പറയുന്നു.

ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് വേണ്ടി 120 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുക എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം, നെല്‍സണ്‍ ദിലിപ് കുമാര്‍ ഒരുക്കുന്ന ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്.

ഏപ്രില്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ വിജയ്‌യുടെ ലുക്കും പോസ്റ്ററും ചിത്രങ്ങളുമെല്ലാം വൈറല്‍ ആയിരുന്നു. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ മലയാള നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.

അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.

ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം അയല്‍വാസി തന്റെ മതത്തെ വലിച്ചിഴയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍. അയല്‍വാസിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് താരം കോടതിയില്‍ പ്രതികരിച്ചത്.പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന്‍ കക്കാഡിന് എതിരെയാണ് താരം അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്.

”എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ മുസ്ലിമും. സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങള്‍. പിന്നീട് എന്തിനാണ് താങ്കള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?” എന്നാണ് സല്‍മാന്‍ ചോദിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് സല്‍മാന്റെ ആരോപണം. ഡി-കമ്പനിയില്‍ മുന്‍നിര അംഗമാണ് സല്‍മാന്‍ ഖാനെന്ന് കേതന്‍ അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന്‍ കുട്ടികളെ കടത്തുന്നുണ്ടെന്നും നിരവധി സിനിമാ താരങ്ങളെ ഫാംഹൗസില്‍ കൊന്നു കുഴിച്ചിട്ടുണ്ട് എന്നെല്ലാമാണ് കേതന്റെ ആരോപണങ്ങള്‍.എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ്‌ ആവുന്നു.

കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ്‌ സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.

കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.

Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.

Copyright © . All rights reserved