Movies

നടിയെ ആക്രമിച്ച കേസില്‍ റിപ്പോട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയെ അപമാനിച്ച പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി.

പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പി.സി. ജോര്‍ജ് നടിയെ ആക്രമിച്ച വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് നടത്തിയ പ്രതികരണം പങ്കുവെച്ച് ചിന്നു നിലപാട് വ്യക്തമാക്കിയത്.

‘എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ ചിന്ദു ചാന്ദിനി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്.

 

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താതക തെയ്താരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ദര്‍ശന ഗാനവും ഒണക്കമുന്തിരി ഗാനവും അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു.

ചെന്നൈ നഗരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായി അടുത്തിടെ പുറത്തിറക്കിയ ‘കുരല്‍ കേള്‍ക്കിതാ’ ഗാനവും ശ്രദ്ധ നേടുകയുണ്ടായി. ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി.

ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിലീഷ് പോത്തന്‍. ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും.

ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.

മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും.

എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

 

ഷെറിൻ പി യോഹന്നാൻ

ആത്മവിശ്വാസം നന്നേ കുറഞ്ഞ, പെട്ടെന്ന് ഇമോഷണൽ ആവുന്ന, നെഗറ്റീവ് ചിന്താഗതിയുള്ള എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് ശരണ്യ. എന്നാൽ ഫസ്റ്റ് ഈയറിൽ തന്നെ ശരണ്യയെ പലരും നോട്ടമിട്ടുകഴിഞ്ഞു. കോളേജിലെ അർജുൻ റെഡ്ഢിയായ അജിത് മേനോനും ശരണ്യയുടെ അദ്ധ്യാപകനും അതിൽ മുൻപന്തിയിലുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും പ്രണയവുമൊക്കെയായി കഥ മുൻപോട്ട് നീങ്ങുന്നു.

ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളും പ്രണയവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ എത്തിയിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ളുടെ അടിസ്ഥാന കഥയോടുള്ള സാമ്യം ഇവിടെയും ദൃശ്യമാണ്. TMD ൽ ജെയ്സന്റെ ദുഃഖമായിരുന്നെങ്കിൽ ഇവിടെ ശരണ്യയുടെ ആകുലതകളും പ്രണയവുമാണ് പ്രധാന പ്രമേയം. ഇവിടെ കഥാപരിസരം കോളേജ് ആണ്. അതിനനുസരിച്ച് സിനിമ വലുതായിട്ടുണ്ട്.

ശരണ്യയുടെ കഥാപാത്ര നിർമിതി മികവിലെത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ജെയ്സനെ പോലെ എല്ലാവരുടെയും മുൻപിൽ സ്റ്റാർ ആകാൻ ശരണ്യ ശ്രമിക്കുന്നില്ല. ശരണ്യയുടെ ഇമോഷൻസിനെയെല്ലാം ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശരണ്യയുടെ സുഹൃത്തുക്കൾ, അർജുൻ അശോകൻ, സജിൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. ശരണ്യയുടെ പ്രണയത്തിൽ അസൂയയുള്ള, സ്ഥിരം പോസ്റ്റ്‌ ആവുന്ന, എന്നാൽ വളരെ ബോൾഡായ കൂട്ടുകാരിയായുള്ള മമിതയുടെ പ്രകടനവും നന്നായിരുന്നു.

ഓർഗാനിക് ആയ തമാശകളാണ് ചിത്രത്തെ രസകരമാക്കി നിലനിർത്തുന്നത്. ചില സീനുകൾ പൊട്ടിച്ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് പാളിപോകുന്നുമുണ്ട്. ‘അശുഭമംഗളകാരി’ എന്ന ഗാനവും അതിലെ റാപ് പോർഷനും ശരണ്യയെന്ന കഥാപാത്രത്തെ വരച്ചിടുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന്റെ ആദ്യ പകുതി രസകരമാണ്. രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ഡൗണാകുന്നുണ്ട്. പിന്നീട് സ്ഥിരം പ്രണയ കഥയിലേക്കും ക്ലൈമാക്സിലേക്കും ചിത്രം ചുരുങ്ങുന്നു.

TMD യുടെ ക്ലൈമാക്സിൽ കടന്നുവരുന്ന കോൺഫ്ലിക്ട് പ്രേക്ഷകനെ സ്വാധീനിക്കുന്നതാണ്. എന്നാൽ ഇവിടെ അതില്ല. ശരണ്യ – ദീപു പ്രണയ ബന്ധവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ഇവിടെയെല്ലാം സാന്ദർഭിക തമാശകൾ കൊണ്ട് കഥയെ താങ്ങിനിർത്തുകയാണ് സംവിധായകൻ. തന്റെ രണ്ടാം ചിത്രത്തിലേക്ക് വരുമ്പോൾ പുതുമയുള്ള കഥ പറയാൻ ഗിരീഷ് തയ്യാറാകാത്തതും ഒരു പോരായ്മയായി തോന്നി.

Last Word – രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നതെന്ന് പൊതുവെ പറയാറുണ്ട്. തന്റെ രണ്ടാം ചിത്രത്തിലും മോശമല്ലാത്ത എന്റർടൈനർ ഒരുക്കുന്നതിൽ ഗിരീഷ് എ. ഡി വിജയിച്ചിട്ടുണ്ട്. എന്നാൽ പുതുമയില്ലാത്ത കഥയും ലാഗടിപ്പിക്കുന്ന രണ്ടാം പകുതിയും പോരായ്മകളാണ്. നല്ല തമാശകൾക്ക് വേണ്ടി ഒരു തവണ കണ്ടിരിക്കാം. രണ്ട്, രണ്ടേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിച്ചിരുന്നെങ്കിൽ ശരണ്യ സൂപ്പറായേനെ.

 

ഒരു കാലത്ത് മലയാള സിനിമയിൽ ലേഡി ആക്ഷൻ ഹീറോ ആയി നിറഞ്ഞു നിന്ന താരമാണ് വാണി വിശ്വനാഥ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ, ബംഗാളി ചിത്രങ്ങളിലും വാണി നിറഞ്ഞു നിന്നിരുന്നു. ആക്ഷൻ രംഗങ്ങൾ അനായാസകരമായി ചെയ്യാൻ റാണിയോളം കഴിവുള്ള മറ്റൊരു നായിക അന്നും ഇന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം തന്നെ പറയാം.

ബാബു രാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം സീരിയലിൽ കൂടി വീണ്ടും രണ്ടാം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാം തിരിച്ച് വരവ് സീരിയലിൽ കൂടി ആയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് വാണി വിശ്വനാഥ്.

വളരെ പെട്ടന്ന് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം നേടാനുള്ള വഴി സീരിയൽ ആയിരുന്നു. ദേവയാനിയും നന്ദിനിയും എല്ലാം അവരുടെ രണ്ടാം തിരിച്ച് വരവ് ശക്തമാക്കിയത് പരമ്പരകളിൽ കൂടിയായിരുന്നു. എന്നാൽ വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് പൂരിഭാഗം പേരും പറഞ്ഞത് എന്നും വാണി പറഞ്ഞു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്തു മടുത്ത കൊണ്ടാണ് സീരിയലിലേക്ക് തിരിഞ്ഞതെന്നും വാണി പറഞ്ഞു.

ദക്ഷിണ കൊറിയന്‍ സിനിമാ താരം കിംമി സു (29) അന്തരിച്ചു. മരണ കാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ ലിപ്‌സ്റ്റിക്ക് റെവല്യൂഷന്‍ എന്ന ചിത്രത്തിലൂടെയാണ് കിംമി സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, ക്യൂഗമീസ് വേള്‍ഡ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അവസാന ചിത്രം ദ കേഴ്‌സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ്. സ്‌നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് കിം മി സു ശ്രദ്ധ നേടുന്നത്.

നടൻ സിദ്ധീഖിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

‘തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,’-രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ, 2019ൽ സിദ്ദീഖ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് വെളിപ്പെടുത്തി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.

അതേസമയം, നടിയെ അക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞദിവസം വെളിപ്പെട്ടത്.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.

”അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല.’ സുനി കത്തിൽ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. ‘അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം.

പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും,’ കത്തിൽ പറയുന്നു.

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന് സിനിമയുടെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ് ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പങ്കുവച്ച കുറിപ്പിനെതിരെ വിമര്‍ശനം. ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ് അശ്വതി കുറിപ്പിലൂടെ പറയുന്നത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ഇന്നാണ് കണ്ടു തീര്‍ത്തത് എന്നാണ് കുറിപ്പില്‍ അശ്വതി പറയുന്നത്.

”അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്” എന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”സീരിയല്‍ മാത്രം ശരണം. സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയും, അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം” എന്നാണ് പോസ്റ്റിന് എതിരെ എത്തിയ ഒരു കമന്റ്. ”ആഹ് അതിനെ അങ്ങനെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ” എന്നാണ് മറുപടിയായി അശ്വതി കുറിച്ചിരിക്കുന്നത്.

”പടം ഒന്നും ഇല്ലാതെ ഇരിക്കുവല്ലെ…..ഒരുപാട് അടുക്കള പണി ഉണ്ടാകും പാവത്തിന്…..” എന്നാണ് താരത്തെ വിമര്‍ശിച്ച് എത്തിയ മറ്റൊരു കമന്റ്. ”ബ്ലെസ്സാ അടുക്കള പണി അത്ര മോശം പണിയൊന്നുമല്ല ട്ടാ.. ഒരു അടുക്കളക്കാരീടെ രോദനം എന്ന് കരുതിയാല്‍ മതി ആ ദേഷ്യം അങ്ങ് കുറയും” എന്നാണ് അശ്വതി ഇതിന് മറുപടി നല്‍കുന്നത്.

വിമര്‍ശനങ്ങള്‍ ഏറിയതോടെ താരം മറ്റൊരു കമന്റും പങ്കുവച്ചു. ”അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ ? ബാക്കി വെക്കണേ ബിഗ് ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫേര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി” എന്നാണ് അശ്വതി കുറിച്ചത്.

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലം ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടന്നുവെന്ന് വാർത്ത നിഷേധിച്ച് താരത്തിന്റെ പിതാവ്. ഒറ്റപ്പാലത്തെ ഓഫീസിലെത്തിയത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരിച്ചതെന്ന് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ഓഫീസിൽ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി വാർത്താക്കുറിപ്പും പുറത്തുവിട്ടേക്കും.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ.ഡിയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനുണ്ട്.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണ വേഷത്തിലെത്തുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.

RECENT POSTS
Copyright © . All rights reserved