Movies

സന്ദീപ് ആർ സഹസ്രാര സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് അശോക് ആര്‍ നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്.ഈ ചിത്രത്തിന്റെ പ്രമേയം എന്നത് ലെസ്ബിയൻ പ്രണയമാണ്.ഈ മനോഹര ചിത്രത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെടുവാൻ പോകുന്നത് ഏറ്റവും തീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം വലിയ തടസ്സമല്ലയെന്നാണ്.രണ്ട് മനസ്സുകൾക്ക് പറഞ്ഞു അവസാനിപ്പിക്കുവാൻ കഴിയാത്ത ഒരു ആവേശം തന്നെയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.അതെ പോലെ ഈ ചിത്രത്തിന് മുന്നേറ്റം ഉണ്ടാക്കുന്നത് രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുമ്പോഴാണ്.

അതെ പോലെ ഈ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിരുന്നു പറഞ്ഞിരുന്നത്.അതിനൊക്കെ ശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.ഹോളിവൂണ്ട് എന്നത് ഒരു അക്കാഡമിക് ഉദ്ദേശത്തോട് കൂടിയെടുത്തതാണ്.സിനിമയുടെ ഇതി വ്യത്തം എന്നത് വിശുദ്ധ മുറിവ് എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലില്‍ തന്നെയാണ്.

അതെ പോലെ വളരെ പ്രധാനമായും ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളെ വളരെ പച്ചയായി തന്നെയാണ് ഈ ആവിഷ്ക്കരണത്തിലൂടെ വൈകാരികതയ്ക്ക് ഒരു മാറ്റവും വരാതെ തന്നെ ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഈ ചിത്രം സമ്മാനിക്കുവാൻ പോകുന്നത് ലെസ്ബിയന്‍ പ്രണയത്തിന്റെ വളരെ വൈകാരിക കാഴ്ച്ചകളുടെ ഏറ്റവും പുതിയ അനുഭവം തന്നെയാണ്.ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ജാനകി സുധീര്‍ , അമൃത, സാബു പ്രൗദീന്‍ എന്നിവരാണ്.സംവിധായകന്‍ അശോക് ആര്‍ നാഥ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയത് എന്തെന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുവെന്നാണ്.ഹോളിവൂണ്ട് ഒരുങ്ങുന്നത് ഫെസ്റ്റിവൽ ചിത്രമായി എന്നാണ് അശോക് ആര്‍ നാഥ് പറയുന്നത്.

ചോക്ലേറ്റ് ഹീറോയായി വന്ന് മലയാളത്തിന്റെ ഹീറോയായി മാറിയതാണ് കുഞ്ചാക്കോ ബോബന്‍. കരിയറിലെ തന്നെ മികച്ച സമയത്തിലൂടെയാണ് ചാക്കോച്ചന്‍ കടന്നുപോകുന്നത്.

അതേസമയം, അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന, ഉദയയെ വെറുത്തിരുന്ന കുട്ടി ഇന്ന് സിനിമയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത ആളായി മാറിക്കഴിഞ്ഞുവെന്ന് ചാക്കോച്ചന്‍ കുറിക്കുന്നു.

ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറിൽ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം;

ഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ, ഇത്തവണത്തെ ആശംസയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്.. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലാതെ നടന്നിരുന്ന കുട്ടിയില്‍ നിന്ന് ഒരു നിമിഷം പോലും സിനിമയെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കുട്ടിയിലേക്ക് മാറിയ മനുഷ്യനായി ഞാന്‍. ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്ക്..

ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന മനുഷ്യനിലേക്ക് ഒക്കെ ഞാന്‍ മാറി.. അപ്പാ, സിനിമയില്‍ അഭിനയിക്കാനും അതിനോടുള്ള ഇഷ്ടവും ഞാന്‍ പോലുമറിയാതെ അപ്പയെന്നില്‍ നിറച്ചു.

ഇന്ന് ഞാന്‍ പഠിച്ചതും നേടിയതുമെല്ലാം അപ്പ പാകിയ അടിസ്ഥാനത്തില്‍ നിന്നാണ്. സ്‌നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ച് ഇന്നും ഞാന്‍ അപ്പയില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുണ്ട കാലങ്ങളില്‍ അവിടെ നിന്ന് എനിക്ക് വെളിച്ചമേകൂ, മുന്നോട്ട് യാത്ര തുടരാന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കൂ.

ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ എഴുതി.

തന്റെ ആദ്യ തമിഴ് സിനിമയുടെ ടീസര്‍ റിലീസ് ഇന്നായതും അവിചാരിതമായാവാമെന്നും ഒരു മലയാളം സിനിമ പോലും ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്ന കുട്ടിയില്‍ നിന്ന് തമിഴ് സിനിമയില്‍ ആദ്യ ചുവട് വയ്ക്കുന്ന ആളായെന്നും തന്നെ അനുഗ്രഹിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.

സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.

തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.

‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.

‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.

അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.

എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മ്മാതാവ് ആയപ്പോള്‍ താന്‍ നേരിട്ട അനഭവങ്ങള്‍ നടി സാന്ദ്ര തോമസ് പങ്കുവയ്ക്കാറുണ്ട്. അഭിനേതാക്കളുടെ തെറവിളി വരെ കേട്ടിട്ടുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്. അഭിനയിക്കാന്‍ വരാന്‍ സൗകര്യമില്ലെടി എന്ന് വിളിച്ച് പറഞ്ഞ ഒരു നടന്‍ പിറ്റേ ദിവസം വന്ന് തന്റെ കാല് പിടിച്ചതായാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്.

നിര്‍മാതാവായപ്പോള്‍ അഭിനേതാക്കളുടെ തെറിവിളി വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു. ലൊക്കേഷന്‍ കണ്ട് പണം വരെ കൊടുത്തു.

തിരുവന്തപുരത്ത് നിന്ന് അണിയറപ്രവര്‍ത്തകര്‍ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേ ദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടന്‍ നാളെ ഷൂട്ടിംഗിന് വരാന്‍ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്. അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങള്‍ പിന്നീട് എന്ന് പറഞ്ഞ് മാറ്റി വച്ചത്.

അയാള്‍ വരില്ലാന്ന് പറഞ്ഞപ്പോള്‍ ‘പറ്റില്ല, നാളെ വരണം നഷ്ടം ഉണ്ടാകും’ എന്ന് താന്‍ പറഞ്ഞു. പിന്നീട് അയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു. അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കല്‍പിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു.

പിറ്റേ ദിവസം അയാള്‍ വന്ന് കാലു പിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിര്‍മ്മാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിനിടെ സാന്ദ്ര പറഞ്ഞത്. നേരത്തെ അഭിനേതാക്കളുടെ കാല് പിടിച്ചാലും പ്രമോഷന് വേണ്ടി വരാറില്ലെന്നും സാന്ദ്ര തുറന്നു പറഞ്ഞിട്ടുണ്ട്.

ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം പ്രണവ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍. തന്നേക്കാള്‍ നല്ല നടന്‍മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സില്‍ വന്നിരുന്നു. ഇവരെല്ലാവരും കാമ്പസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു.

ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന്‍ പറഞ്ഞു.

”എന്റെ ഭാഗത്തു നിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്‍മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്‍മാരുണ്ടെന്ന് തോന്നുന്നില്ല.

പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്.

താന്‍ അവനോട് ചോദിച്ചു ഇതിന്റെ ഷൂട്ട് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്.അവിടെ ഒരു തോട്ടക്കാരനുണ്ട്, ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്” എന്നാണ് പറഞ്ഞതെന്ന് വിനീത് പറയുന്നു.

മിമിക്രി താരം, അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയ പേജുകളിലും പിഷാരടി സജീവമാണെങ്കിലും കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്.

ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങൾ ലോക്ഡൗൺ നാളുകളിലാണ് പുറത്ത് വിടുന്നത്. ഇതൊരു ഫാമിലി എന്റർടെയിനർ ചിത്രം എന്ന ക്യാപ്ഷൻ കൊടുത്ത ചിത്രത്തൽ ആദ്യമായി കുടുംബത്തെ ഫേസ്ബുക്കിൽ എത്തിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ പിഷാരടി സൂചിപ്പിച്ചിരുന്നു.

ഇപ്പോളിതാ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബവുമായി എത്തിയത്. അതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങൾക്ക് രണ്ട് കുട്ടികൾ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്.

അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുൻപ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയിൽ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാർഥികളിൽ ഒരാൾ ചോദിച്ചത്.

നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാർഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാൻ തുടങ്ങി. ഇതോടെ ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മൾ പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കിയായിരുന്നു.

സംഗീതജ്ഞൻ എ.ആർ. റഹ്​മാന്‍റെ മകളും ഗായികയുമായ ഖദീജ റഹ്​മാൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ജനുവരി രണ്ടിന്​ ഖദീജ തന്നെയാണ്​ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്​. റിയാസുദ്ദീൻ ശൈഖ്​ മുഹമ്മദാണ്​ വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.

ചടങ്ങിന്‍റെ ചിത്രങ്ങൾ റഹ്​മാനും ഖദീജയും ഇൻസ്റ്റ സ്​​റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്​. ബിസിനസുകാരനും ഓഡിയോ എൻജിനിയറുമാണ്​ ഖദീജയുടെ വരൻ റിയാസുദ്ദീൻ. ജന്മദിനത്തിന്‍റെ അന്ന്​ തന്നെയായിരുന്നു ഖദീജയുടെ വിവാഹ നിശ്ചയമെന്നത്​ യാദൃശ്ചികതയായി.

ഖദീജയെ കൂടാതെ റഹ്​മാൻ- സൈറ ബാനു ദമ്പതികൾക്ക്​ റഹീമ എ.ആർ അമീൻ എന്നീ രണ്ട്​ കുട്ടികൾ കൂടിയുണ്ട്​. രജനീകാന്തിന്‍റെ എന്തിരൻ എന്ന ചിത്രത്തിലെ പുതിയ മനിതയ എന്ന ഗാനത്തിലൂടെയാണ്​ ഖദീജ സംഗീത ലോകത്ത്​ അരങ്ങേറ്റം കുറിച്ചത്​. പിന്നീട്​ നിരവധി തമിഴ്​ ഗാനങ്ങൾക്ക്​ അവർ ശബ്​ദം നൽകി. ബുർഖ ധരിച്ച്​ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ഖദീജയെ സാഹിത്യകാരി തസ്​ലീമ നസ്​റിൻ വിമർശിച്ചത്​ വലിയ വിവാദമായിരുന്നു.

‘ഫഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തിരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണ്​ അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഖദീജ വിവാദങ്ങളിൽ തസ്​ലീമക്ക്​ നൽകിയ മറുപടി.

 

View this post on Instagram

 

A post shared by 786 Khatija Rahman (@khatija.rahman)

പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമേകി മോഹന്‍ലാല്‍. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.

ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ‌ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.

ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Copyright © . All rights reserved