Movies

പൊക്കം കുറവായതിനാൽ തന്നെ ആര്‍ക്കും ഓമനിക്കാൻ തോന്നുന്ന മുഖവുമായി സിനിമാ പ്രേമികളുടെ സ്നേഹം ഇതിനകം സൂരജ് നേടിക്കഴിഞ്ഞു. അടുുത്തിടെ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബര്‍ട്ട് ആയുള്ള പ്രകടനത്തോടെ നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. സൂരജിന്റെ വാക്കുകള്‍- എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്‌സിലെ കുറേ കാശ് തീര്‍ന്നിട്ടുണ്ട്. ആ കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിന്‍ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സുകൊണ്ട് ഞാനും ചേച്ചിയും അങ്ങു ഉയരത്തിലാണ്.

ലേഹ്യവും അരിഷ്ടവും തുടങ്ങി പല മരുന്നുകളും കിലോക്കണക്കിന് ഇവര്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ഇവരുടെ കാര്യത്തില്‍ ഒരു കാര്യവുമില്ല എന്ന് പിന്നീടാണ് രക്ഷിതാക്കള്‍ക്ക് മനസ്സിലായത്. ബ്രൗണ്‍ നിറമുള്ള ഒരു ചവര്‍പ്പുള്ള മരുന്ന് ഡോക്ടര്‍ സ്ഥിരമായി നല്‍കുമായിരുന്നു. പൊക്കം വരാന്‍ ഉള്ള ആഗ്രഹം കൊണ്ട് രുചി ഒന്നും നോക്കാതെ അത് കണ്ണടച്ചു കഴിക്കുമായിരുന്നു. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തി പൊക്കം അളക്കും.

അവസാനം ഡോക്ടര്‍ തന്നെ പറഞ്ഞു ഇത് നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ ആകുന്ന പ്രായമായപ്പോള്‍ ഒരു ദിവസം അച്ഛന്‍ തന്നെയും സഹോദരിയേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ഇനി അധികം പൊക്കം വയ്ക്കില്ല ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല ചികിത്സ ഒക്കെ ഭയങ്കര ചെലവാണ്. നമ്മളെക്കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

എന്നാല്‍ ഇതൊക്കെ കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പണ്ട് സ്‌കൂളില്‍ പോകുമ്പോള്‍ ബാക്കി കുട്ടികള്‍ക്ക് എല്ലാം പൊക്കമുള്ളത് കണ്ടിട്ട് പതുക്കെ നമ്മുടെ കാര്യവും ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. ചേച്ചിയാണ് എന്നേക്കാള്‍ കലാരംഗത്ത് ശേഭിക്കേണ്ടത്. കാരണം സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ചേച്ചി ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ചേച്ചിക്ക് മടിയാണ്.ചുറ്റുമുള്ളവരെ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങുന്ന പ്രകൃതമായി മാറി. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ല.

പലരും പലതും പറയും അതെല്ലാം കേട്ടില്ലെന്ന് വെച്ച് വിടുന്ന രീതിയാണ് എന്റേതെന്നും സൂരജ് വ്യക്തമാക്കുന്നു. ആദ്യം ഞാന്‍ ഒരു ചെറിയ കാര്‍ വാങ്ങി. പിന്നെ ഞങ്ങളുടെ നീളത്തിനെല്ലാം അനുയോജ്യമായ രീതിയില്‍ ഒരു നല്ല വീടും പണിതു, വീട്ടില്‍നഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡുകളെല്ലാം ചെയ്തിരിക്കുന്നത്. അടുത്തതായി എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ചേച്ചിയുടെ വിവാഹം.

ചേച്ചിയെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാന്‍ എന്നും സൂരജ് പറയുന്നു. മമ്മൂക്ക, ഷക്കീല ചേച്ചി, തമിഴ് നടന്‍ വിക്രം സാര്‍ എന്നിവരുടെയെല്ലാം ഒക്കത്തിരിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാവരും ഇതിനെപറ്റി ചോദിക്കും ശരിക്കും പറഞ്ഞാല്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.

ഗൂഢാലോചന നടത്തിയതിന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്പി കെഎസ് സുദർശന്റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.

തെന്നിന്ത്യന്‍ സിനിമാതാരം സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യ നില മോശമായി. സത്യരാജിന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് മൂര്‍ച്ഛിതാണ് ആശുപത്രിയില്‍ പേവേശിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്.

സംവിധായര്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കൊവിഡ് ബാധിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും ഉയരുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ റിപ്പോട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയെ അപമാനിച്ച പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി.

പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പി.സി. ജോര്‍ജ് നടിയെ ആക്രമിച്ച വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് നടത്തിയ പ്രതികരണം പങ്കുവെച്ച് ചിന്നു നിലപാട് വ്യക്തമാക്കിയത്.

‘എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ ചിന്ദു ചാന്ദിനി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്.

 

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താതക തെയ്താരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ദര്‍ശന ഗാനവും ഒണക്കമുന്തിരി ഗാനവും അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു.

ചെന്നൈ നഗരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായി അടുത്തിടെ പുറത്തിറക്കിയ ‘കുരല്‍ കേള്‍ക്കിതാ’ ഗാനവും ശ്രദ്ധ നേടുകയുണ്ടായി. ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി.

ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിലീഷ് പോത്തന്‍. ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും.

ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.

മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും.

എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

 

ഷെറിൻ പി യോഹന്നാൻ

ആത്മവിശ്വാസം നന്നേ കുറഞ്ഞ, പെട്ടെന്ന് ഇമോഷണൽ ആവുന്ന, നെഗറ്റീവ് ചിന്താഗതിയുള്ള എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് ശരണ്യ. എന്നാൽ ഫസ്റ്റ് ഈയറിൽ തന്നെ ശരണ്യയെ പലരും നോട്ടമിട്ടുകഴിഞ്ഞു. കോളേജിലെ അർജുൻ റെഡ്ഢിയായ അജിത് മേനോനും ശരണ്യയുടെ അദ്ധ്യാപകനും അതിൽ മുൻപന്തിയിലുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും പ്രണയവുമൊക്കെയായി കഥ മുൻപോട്ട് നീങ്ങുന്നു.

ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളും പ്രണയവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ എത്തിയിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ളുടെ അടിസ്ഥാന കഥയോടുള്ള സാമ്യം ഇവിടെയും ദൃശ്യമാണ്. TMD ൽ ജെയ്സന്റെ ദുഃഖമായിരുന്നെങ്കിൽ ഇവിടെ ശരണ്യയുടെ ആകുലതകളും പ്രണയവുമാണ് പ്രധാന പ്രമേയം. ഇവിടെ കഥാപരിസരം കോളേജ് ആണ്. അതിനനുസരിച്ച് സിനിമ വലുതായിട്ടുണ്ട്.

ശരണ്യയുടെ കഥാപാത്ര നിർമിതി മികവിലെത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ജെയ്സനെ പോലെ എല്ലാവരുടെയും മുൻപിൽ സ്റ്റാർ ആകാൻ ശരണ്യ ശ്രമിക്കുന്നില്ല. ശരണ്യയുടെ ഇമോഷൻസിനെയെല്ലാം ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശരണ്യയുടെ സുഹൃത്തുക്കൾ, അർജുൻ അശോകൻ, സജിൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. ശരണ്യയുടെ പ്രണയത്തിൽ അസൂയയുള്ള, സ്ഥിരം പോസ്റ്റ്‌ ആവുന്ന, എന്നാൽ വളരെ ബോൾഡായ കൂട്ടുകാരിയായുള്ള മമിതയുടെ പ്രകടനവും നന്നായിരുന്നു.

ഓർഗാനിക് ആയ തമാശകളാണ് ചിത്രത്തെ രസകരമാക്കി നിലനിർത്തുന്നത്. ചില സീനുകൾ പൊട്ടിച്ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് പാളിപോകുന്നുമുണ്ട്. ‘അശുഭമംഗളകാരി’ എന്ന ഗാനവും അതിലെ റാപ് പോർഷനും ശരണ്യയെന്ന കഥാപാത്രത്തെ വരച്ചിടുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന്റെ ആദ്യ പകുതി രസകരമാണ്. രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ഡൗണാകുന്നുണ്ട്. പിന്നീട് സ്ഥിരം പ്രണയ കഥയിലേക്കും ക്ലൈമാക്സിലേക്കും ചിത്രം ചുരുങ്ങുന്നു.

TMD യുടെ ക്ലൈമാക്സിൽ കടന്നുവരുന്ന കോൺഫ്ലിക്ട് പ്രേക്ഷകനെ സ്വാധീനിക്കുന്നതാണ്. എന്നാൽ ഇവിടെ അതില്ല. ശരണ്യ – ദീപു പ്രണയ ബന്ധവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ഇവിടെയെല്ലാം സാന്ദർഭിക തമാശകൾ കൊണ്ട് കഥയെ താങ്ങിനിർത്തുകയാണ് സംവിധായകൻ. തന്റെ രണ്ടാം ചിത്രത്തിലേക്ക് വരുമ്പോൾ പുതുമയുള്ള കഥ പറയാൻ ഗിരീഷ് തയ്യാറാകാത്തതും ഒരു പോരായ്മയായി തോന്നി.

Last Word – രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നതെന്ന് പൊതുവെ പറയാറുണ്ട്. തന്റെ രണ്ടാം ചിത്രത്തിലും മോശമല്ലാത്ത എന്റർടൈനർ ഒരുക്കുന്നതിൽ ഗിരീഷ് എ. ഡി വിജയിച്ചിട്ടുണ്ട്. എന്നാൽ പുതുമയില്ലാത്ത കഥയും ലാഗടിപ്പിക്കുന്ന രണ്ടാം പകുതിയും പോരായ്മകളാണ്. നല്ല തമാശകൾക്ക് വേണ്ടി ഒരു തവണ കണ്ടിരിക്കാം. രണ്ട്, രണ്ടേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിച്ചിരുന്നെങ്കിൽ ശരണ്യ സൂപ്പറായേനെ.

 

ഒരു കാലത്ത് മലയാള സിനിമയിൽ ലേഡി ആക്ഷൻ ഹീറോ ആയി നിറഞ്ഞു നിന്ന താരമാണ് വാണി വിശ്വനാഥ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ, ബംഗാളി ചിത്രങ്ങളിലും വാണി നിറഞ്ഞു നിന്നിരുന്നു. ആക്ഷൻ രംഗങ്ങൾ അനായാസകരമായി ചെയ്യാൻ റാണിയോളം കഴിവുള്ള മറ്റൊരു നായിക അന്നും ഇന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം തന്നെ പറയാം.

ബാബു രാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം സീരിയലിൽ കൂടി വീണ്ടും രണ്ടാം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാം തിരിച്ച് വരവ് സീരിയലിൽ കൂടി ആയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് വാണി വിശ്വനാഥ്.

വളരെ പെട്ടന്ന് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം നേടാനുള്ള വഴി സീരിയൽ ആയിരുന്നു. ദേവയാനിയും നന്ദിനിയും എല്ലാം അവരുടെ രണ്ടാം തിരിച്ച് വരവ് ശക്തമാക്കിയത് പരമ്പരകളിൽ കൂടിയായിരുന്നു. എന്നാൽ വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് പൂരിഭാഗം പേരും പറഞ്ഞത് എന്നും വാണി പറഞ്ഞു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്തു മടുത്ത കൊണ്ടാണ് സീരിയലിലേക്ക് തിരിഞ്ഞതെന്നും വാണി പറഞ്ഞു.

ദക്ഷിണ കൊറിയന്‍ സിനിമാ താരം കിംമി സു (29) അന്തരിച്ചു. മരണ കാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ ലിപ്‌സ്റ്റിക്ക് റെവല്യൂഷന്‍ എന്ന ചിത്രത്തിലൂടെയാണ് കിംമി സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, ക്യൂഗമീസ് വേള്‍ഡ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അവസാന ചിത്രം ദ കേഴ്‌സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ്. സ്‌നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് കിം മി സു ശ്രദ്ധ നേടുന്നത്.

നടൻ സിദ്ധീഖിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

‘തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,’-രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ, 2019ൽ സിദ്ദീഖ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് വെളിപ്പെടുത്തി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.

അതേസമയം, നടിയെ അക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞദിവസം വെളിപ്പെട്ടത്.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.

”അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല.’ സുനി കത്തിൽ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. ‘അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം.

പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും,’ കത്തിൽ പറയുന്നു.

Copyright © . All rights reserved