Movies

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍.സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്,” മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു,” താരം കൂട്ടിച്ചേര്‍ത്തു.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത സിനിമയാണ് കാവൽ. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് മരിച്ചപ്പോൾ മുതൽ കുടുംബത്തിന് സഹായങ്ങൾ നൽകി സുരേഷ് ​ഗോപി ഒപ്പമുണ്ടായിരുന്നു.

സ്വന്തം മക്കളെ പോലെയാണ് സുരേഷ് ​ഗോപി അവരെ സംരക്ഷിക്കുന്നത്. പത്മരാജ് അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ​ഗോപിയെ കാണുന്നതും ബഹുമാനിക്കുന്നതും. ഇപ്പോഴിതാ സുരേഷ് ഗോപിയുമൊത്തുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പത്മരാജ്.വാക്കുകൾ, നിധിൻ ചേട്ടൻ കഥ പറഞ്ഞപ്പോൾ സുരേഷ് ​ഗോപി അങ്കിളിനൊപ്പമാണ് കോമ്പിനേഷൻ സീനുകൾ ഉള്ളതെന്ന് പറഞ്ഞു. അതുകേട്ടപ്പോഴെ എനിക്ക് പേടിയാണെന്ന് ഞാൻ നിധിൻ ചേട്ടനോട് പറഞ്ഞു.

അന്ന് ചേട്ടൻ കുഴപ്പമില്ല അത് ശരിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ശേഷം സെറ്റിലെത്തി അദ്ദേഹത്തിന്റെ നേരെ നിന്ന് ഡയലോ​ഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ഡയലോ​ഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു.

സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കണമെന്ന ആ​ഗ്രഹം ആദ്യ സിനിമയുടെ ചിത്രീകരണത്തിന് പോകും മുമ്പ് അദ്ദേഹത്തിന്റെ അനു​ഗ്രഹം വാങ്ങാൻ പോയപ്പോൾ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിക്കും സുരേഷ് ​ഗോപിക്കും ഒപ്പം അഭിനയിച്ചു. ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി എന്നും സുചിത്ര പറയുന്നു.

മുമ്പ് അഭിനയിച്ച സിനിമകളെക്കാള്‍, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായി എന്ന് തോന്നിയിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായത് മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി. സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്.

സാബു സിറിള്‍, അനി ഐവി ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര്‍ അവന്റെ നിത്യ പരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. പിന്നെ പ്രിയന്‍ കുഞ്ഞുനാളിലെ അവനെ അറിയുന്ന ആളാണ് അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്.

വ്യത്യസ്ത കോസ്റ്റ്യൂമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു. സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അതവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന്‍ ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കാം.

സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര പറയുന്നത്.

കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.

ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു.

തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.

ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്ന് തനിക്ക് തോന്നുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.

പേരുകൊണ്ട് ഏറെ വിവാദമായ നാദിർഷയുടെ ചിത്രം ‘ഈശോ’ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും പിസി ജോർജ് പറഞ്ഞു. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തതെന്നും പിസി ജോർജ് വ്യക്തമാക്കി.

നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പിസി ജോർജ് വെല്ലുവിളികളുമായി രംഗത്തെത്തിയിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നത്. ഒടുവിൽ മലക്കം മറിഞ്ഞ് വീണ്ടും രംഗത്തെത്തിയത് സിനിമ ആരാധകരെ അമ്പരപ്പിക്കുകയാണ്.

അതേസമയം, വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെൻസർ ബോർഡ് പ്രവർത്തകർ പ്രതികരിച്ചതായി നാദിർഷ പറഞ്ഞു.

യുവരാജിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്.ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഒപ്പമുള്ള ഫോട്ടോയാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമാജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ, ആരും ഒന്ന് നോക്കി പോകുന്ന ശരീരപ്രകൃതി ഉണ്ടാക്കിയെടുക്കുന്നതിൽ തന്നെ പ്രചോദിപ്പിച്ച ആളാണ് സൽമാൻ ഖാൻ എന്ന് കുറിച്ചാണ് ടോവിനോ ഫോട്ടോ പങ്കുവെച്ചത്. ‘പക്ഷേ, എന്നെ ആനന്ദിപ്പിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നിട്ടും താങ്കൾ എന്നെ നിലകൊള്ളുന്നു എന്നതാണ്. അതിനാൽ വിനയത്തിന്റെ കാര്യത്തിലും നിങ്ങൾ ഒരു പ്രചോദനമാണ്.

താങ്കൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്’ – സൽമാൻ ഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ടോവിനോ കുറിച്ചു. ഡോ ഷാജിർ ഗഫർ ആണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാനൊപ്പമുള്ള ടോവിനോയുടെ പടത്തിന് താഴെ ‘ലവ്’ കമന്റുമായി ബേസിൽ എത്തി. എന്നാൽ ബേസിൽ ജോസഫിന്റെ കമന്റിന് താഴെയെത്തിയ ആരാധകർ ‘ഏട്ടനെ കൊണ്ടുപോയില്ലേ’ എന്നായി. ‘ഇല്ല, എന്നെ ചതിച്ചു’ എന്നാണ് ഇതിന് ബേസിൽ ജോസഫ് മറുപടി നൽകിയത്.

ബേസിൽ ജോസഫിന്റെ സങ്കടത്തിൽ പങ്കുചേരാനും ആരാധകർ എത്തി. ‘അങ്ങനായാൽ പറ്റുമോ, ഇനി ടോവിനോയെ വെച്ച് പടം ചെയ്യണ്ടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വല്ലാത്ത ചതി ആയി പോയി’, ‘സെഡ് ലൈഫ്’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. നേരത്തെ യുവരാജ് സിംഗിന് ഒപ്പമുള്ള ചിത്രം ടോവിനോയും ബേസിലും ഒരുമിച്ചാണ് പങ്കുവെച്ചത്. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബറിൽ റിലീസ് ആകും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

 

ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ​ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.

കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.

ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.

മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.

‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.

ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

ഷെറിൻ പി യോഹന്നാൻ

ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു പണ്ട് ആന്റണിയും തമ്പാനും. പോലീസ് അവരുടെ ശത്രുപക്ഷത്താണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ആന്റണി എഴുന്നേറ്റു നടക്കാത്ത അവസ്ഥയിലായി. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ല. സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായപ്പോൾ ആന്റണി തമ്പാനെ തേടിയിറങ്ങുന്നു.

‘കാവൽ’ എന്ന പേര് കൊണ്ടുതന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. പഴയ സുഹൃത്തിന്റെ മക്കൾക്ക് കാവലായി എത്തുന്ന തമ്പാന്റെ കഥയാണിത്. മലയാളികൾ കണ്ടു മടുത്ത കഥ തന്നെ. ഒരു ഇമോഷണൽ ഡ്രാമയിൽ സുരേഷ് ഗോപിയുടെ കുറച്ചു ‘മാസ്സ്’ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിരുകി കയറ്റിയ ചിത്രമാണ് ‘കാവൽ’.

പകവീട്ടലിന്റെ കഥയിൽ കൂടുതലൊന്നും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. തിരക്കഥ വളരെ ദുർബലമാണെന്ന് ആരംഭത്തിൽ തന്നെ മനസ്സിലാക്കാം. കാരണം അവിടം മുതൽ ചിത്രം ഇഴയുകയാണ്. വിരസമായി നീങ്ങിയ ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം ക്ലൈമാക്സിൽ കാണാം. എന്നാൽ അതാണ് ഏറ്റവും മോശമായി അനുഭവപ്പെട്ടത്.

ചിത്രത്തിലെ പ്രകടനങ്ങളെല്ലാം തൃപ്തികരമാണ്. ക്ലോസ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതും മടുപ്പുളവാക്കുന്നു. പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘കാവലി’ൽ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. കൂടുതൽ ക്ഷീണിതനായ സുരേഷ് ഗോപിയേയാണ് കാണാൻ കഴിയുക. ക്‌ളീഷേ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇടയ്ക്കിടെ എത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും നനഞ്ഞ പടക്കം പോലെയാണെന്ന് ചുരുക്കം.

‘ആറാം തമ്പുരാന്‍’, ‘പത്രം’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും മലയാള സിനിമയില്‍ ഉണ്ടാവാനുള്ള തുടക്കമാണ് ‘കാവലെ’ന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. എന്നാൽ ഇതുപോലുള്ള പഴഞ്ചൻ കഥയും ട്രീറ്റ്മെന്റും ഇനി വേണ്ടെന്നാണ് എന്റെ പക്ഷം. ദുർബലമായ തിരക്കഥയും ക്‌ളീഷേ രംഗങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ചിത്രം. വീര്യം കുറഞ്ഞ പഴയ വീഞ്ഞ്, ‘The Powerhouse is Back’ എന്ന ലേബൽ ഒട്ടിച്ചു പുറത്തിറക്കി. അത്രമാത്രം!!!

പഴയകാല മദ്രാസ്‌ സിനിമാ ജീവിതത്തിൽ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രമായ കൊച്ചിൻ ഹനീഫയുമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയൻപിള്ള രാജു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിൻ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. 1979 ൽ അഷ്ടാവക്രൻ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിൽ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രിൽ 22നാണ് ഹനീഫ ജനിച്ചത്.

ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആൽബർട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ തലത്തിൽ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവർത്തനങ്ങൾക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിൻ കലാഭവൻ ട്രൂപ്പിൽ അംഗമായതോടെ കൊച്ചിൻ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.വില്ലൻ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്.

ഹനീഫയെക്കുറിച്ചുള്ള രാജുവിന്റെ വാക്കുകളിങ്ങനെ, ലോഡ്ജിൽ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയിൽ ഹനീഫയുണ്ട്. ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹൻ ഹോട്ടലിൽ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഞാൻ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ.

നല്ല ഊണിന് ഒന്നര രൂപയാകും. ഞാൻ ഒരു രൂപയുടെ ജനത മീൽസാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തിൽ.അത് നാണക്കേടായി തോന്നിയപ്പോൾ ഞാൻ ഊണ് നിർത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി. ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിൾ ബുൾസൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേർത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാൻ ആ വാക്ക് കേൾക്കുന്നത്.

ഒരിക്കൽ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹൻ ഹോട്ടൽ അടച്ചിട്ട സമയം വന്നു. എന്റെ കൈയിൽ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാൻ വയ്യ. ഞാൻ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.ഫനീഫ ഒരു ഖുർആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാൻ പോയി ഭക്ഷണം കഴിച്ച് വന്നു.

ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നില്ലേ എന്ന് ഞാൻ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാൻ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്.ഇല്ലെടാ, എന്റേൽ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മരിക്കുമ്പോൾ കരയാതിരിക്കാനാവുമോ മണിയൻപിള്ള പറഞ്ഞു നിർത്തി.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ച് കാര്യമായി തുറന്ന് പറഞ്ഞിട്ടില്ല. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നാല്‍ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഇപ്പോള്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഒര്‍മ്മര്‍ പങ്കുവെച്ചിരിക്കുകയാണ് മാമുക്കോയ. ഒരു മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിവാഹ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്ന് അദ്ദേഹം പറയുന്നു.

മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്‌സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.

അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ .

സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.

സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.

റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.

പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ്‌ ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ്‌ ചുരുളി.

ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.

സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു

 

RECENT POSTS
Copyright © . All rights reserved