ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം പ്രണവ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍. തന്നേക്കാള്‍ നല്ല നടന്‍മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സില്‍ വന്നിരുന്നു. ഇവരെല്ലാവരും കാമ്പസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു.
ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന്‍ പറഞ്ഞു.
”എന്റെ ഭാഗത്തു നിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്‍മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്‍മാരുണ്ടെന്ന് തോന്നുന്നില്ല.
പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്.
താന്‍ അവനോട് ചോദിച്ചു ഇതിന്റെ ഷൂട്ട് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്.അവിടെ ഒരു തോട്ടക്കാരനുണ്ട്, ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്” എന്നാണ് പറഞ്ഞതെന്ന് വിനീത് പറയുന്നു.
മിമിക്രി താരം, അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയ പേജുകളിലും പിഷാരടി സജീവമാണെങ്കിലും കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്.
ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങൾ ലോക്ഡൗൺ നാളുകളിലാണ് പുറത്ത് വിടുന്നത്. ഇതൊരു ഫാമിലി എന്റർടെയിനർ ചിത്രം എന്ന ക്യാപ്ഷൻ കൊടുത്ത ചിത്രത്തൽ ആദ്യമായി കുടുംബത്തെ ഫേസ്ബുക്കിൽ എത്തിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ പിഷാരടി സൂചിപ്പിച്ചിരുന്നു.
ഇപ്പോളിതാ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബവുമായി എത്തിയത്. അതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങൾക്ക് രണ്ട് കുട്ടികൾ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്.
അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുൻപ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയിൽ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാർഥികളിൽ ഒരാൾ ചോദിച്ചത്.
നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാർഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാൻ തുടങ്ങി. ഇതോടെ ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മൾ പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കിയായിരുന്നു.
സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ജനുവരി രണ്ടിന് ഖദീജ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. റിയാസുദ്ദീൻ ശൈഖ് മുഹമ്മദാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.
ചടങ്ങിന്‍റെ ചിത്രങ്ങൾ റഹ്മാനും ഖദീജയും ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ബിസിനസുകാരനും ഓഡിയോ എൻജിനിയറുമാണ് ഖദീജയുടെ വരൻ റിയാസുദ്ദീൻ. ജന്മദിനത്തിന്‍റെ അന്ന് തന്നെയായിരുന്നു ഖദീജയുടെ വിവാഹ നിശ്ചയമെന്നത് യാദൃശ്ചികതയായി.
ഖദീജയെ കൂടാതെ റഹ്മാൻ- സൈറ ബാനു ദമ്പതികൾക്ക് റഹീമ എ.ആർ അമീൻ എന്നീ രണ്ട് കുട്ടികൾ കൂടിയുണ്ട്. രജനീകാന്തിന്‍റെ എന്തിരൻ എന്ന ചിത്രത്തിലെ പുതിയ മനിതയ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി തമിഴ് ഗാനങ്ങൾക്ക് അവർ ശബ്ദം നൽകി. ബുർഖ ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ഖദീജയെ സാഹിത്യകാരി തസ്ലീമ നസ്റിൻ വിമർശിച്ചത് വലിയ വിവാദമായിരുന്നു.
‘ഫഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തിരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണ് അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഖദീജ വിവാദങ്ങളിൽ തസ്ലീമക്ക് നൽകിയ മറുപടി.
View this post on Instagram
പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമേകി മോഹന്‍ലാല്‍. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.
ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.
ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.
നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഷെറിൻ പി യോഹന്നാൻ
ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് അറുപത്തേഴുകാരനായ കേശുവും കുടുംബവും ജീവിക്കുന്നത്. വണ്ടിയിൽ പെട്രോൾ അടിക്കാത്ത, മകൻ കഴിക്കുന്നതിനെപ്പോഴും കണക്ക് പറയുന്ന, പിശുക്കനായ വ്യക്തിയാണ് കേശു. സഹോദരിമാരും അളിയന്മാരുമെല്ലാമായി രാമേശ്വരത്തിന് പോകും വഴിയാണ് തനിക്ക് 12 കോടിയുടെ ലോട്ടറി അടിച്ച വിവരം കേശു അറിയുന്നത്…
ദിലീപ്, നാദിർഷാ, ഉർവശി എന്നിവർ ഒന്നിക്കുമ്പോൾ ഒരു ചിരിപ്പടം പ്രതീക്ഷിക്കുന്നതിൽ പ്രേക്ഷകനെ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ആ പടത്തിൽ പുതുമയോ നല്ലൊരു കഥയോ പ്രതീക്ഷിക്കരുത്… തമാശ കാണാൻ വേണ്ടി പോലും ഈ ചിത്രം എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം തമാശ എന്ന പേരിൽ കുറേ ചളികൾ വാരി വിതറുകയാണ് കേശുവും കൂട്ടരും.
രണ്ടര മണിക്കൂർ നീളമുള്ള ചിത്രത്തിലെ ഒരു രംഗമാണിത് – എസി ഇടട്ടെ എന്ന് ചോദിക്കുമ്പോൾ പ്ലേറ്റിലെ ചോർ നീക്കി ഇവിടിട്ടോള്ളൂ എന്ന ഉർവശിയുടെ കോമഡി !!! ദിലീപിന്റെ വേഷപ്പകർച്ച നന്നായാലും ഉർവശിയുടെ പ്രകടനം നന്നായാലും ഒരു മോശം കഥയിൽ ഇതിനെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. നാദിർഷായുടെ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ‘തേപ്പ്’ ഇവിടെയും കുത്തികയറ്റിയിട്ടുണ്ട്. ബോഡി ഷെയിമിങ് തമാശകളും ഇവിടെ സുലഭം.
കേശുവിന്റെ അമ്മയുടെ ഒരു സംഭാഷണത്തിന് ഉചിതമായ പശ്ചാത്തലസംഗീതം കൂടി നൽകിയതോടെ സീരിയൽ കണ്ടു കഴിഞ്ഞ പ്രതീതി ആയിരുന്നു. കഥാപാത്രങ്ങളോട് പ്രേക്ഷകന് യാതൊരു അടുപ്പവും തോന്നാത്തതിനാൽ തന്നെ ഫൈനൽ ആക്ടിൽ വരുന്ന കോൺഫ്ലിക്ടുകൾ ഒന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഓൾഡ് മോഡലിൽ കെട്ടിപൊക്കിയ ക്ലൈമാക്സ് കൂടി എത്തുന്നതോടെ ശുഭം.
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മോശം തിരക്കഥയിൽ വലിച്ചു നീട്ടി എങ്ങനെ സിനിമയൊരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. പഴയ ദിലീപിനെ അല്ല ഇവിടെ കാണുന്നത്, പഴയ ബോറൻ തമാശകൾ നിറഞ്ഞൊരു നാദിർഷാ ചിത്രം. കേശുവിന്റെ തട്ടിക്കൂട്ട് ‘ബംബർ’ കഥയോടു കൂടി ഈ വർഷത്തെ മലയാള സിനിമ കാഴ്ചകൾക്ക് വിട…
പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ താരം പിന്നീട് സിനിമാലോകത്തേക്കും എത്തുകയാണ്. പ്രേമത്തിലൂടെ എത്തിയ താരം
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
നിരവധി സൂപ്പര്‍താര സിനിമകളില്‍ താരമാണ് നായിക. ഇപ്പോള്‍ താരം നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ശ്യാം സിംഹ റോയ്. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ ആണ് ചിത്രം. നാനി ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തില്‍ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇപ്പോള്‍ സായി പല്ലവിക്ക് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ വഴി ആണ് പ്രതിഷേധം വന്നുകൊണ്ടിരിക്കുന്നത്. മത ചിഹ്നത്തെ താരം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നും അതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നുമാണ് ഇവരുടെ ആരോപണം.
സംഭവം ഇങ്ങനെയാണ്,
തന്റെ ഏറ്റവും പുതിയ സിനിമയായ ശ്യാം സിംഹ റോയ് തിയേറ്ററില്‍ നിന്നും കാണുവാന്‍ താരം കഴിഞ്ഞദിവസം ഹൈദരാബാദില്‍ എത്തിയിരുന്നു. ഹൈദരാബാദിലെ ശ്രീരാമുലു തിയേറ്ററില്‍ നിന്നും ആണ് താരം ഈ സിനിമ കണ്ടത്. പ്രേക്ഷകരുടെ ഇടയില്‍ നിന്നും ആണ് താരം ഈ സിനിമ കണ്ടത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആളെ മനസ്സിലാവാതിരിക്കാന്‍ താരം പര്‍ദ്ദ ധരിച്ചു കൊണ്ട് ആയിരുന്നു എത്തിയത്. സിനിമ തിയേറ്ററില്‍ പര്‍ദ്ദ ധരിച്ചുകൊണ്ട് എത്തിയത് വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായിക്കൊണ്ടിരിക്കുന്നത്.
ദിലീപിനെ പോലെ തന്നെ മകള്‍ മഹാലക്ഷ്മിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറവല്ല. താരത്തിന്റെ മകളുടെ വീഡിയോകള്‍ ഞൊടിയിടയില്‍ സൈബറടിത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. മഹാലക്ഷ്മി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ മകളുടെ കുസൃതിയെ കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.
മൂന്ന് വയസ് ആവുന്നേതേയുള്ളൂവെങ്കിലും ആള് ഭയങ്കര കുസൃതിക്കാരിയാണെന്നാണ് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മകളെ കുറിച്ച് മനസ് തുറന്നത്.
ദിലീപിന്റെ വാക്കുകള്‍;
‘ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. അവസരവാദി എന്ന് പറയൂലേ, ആര് ട്രാവല്‍ ചെയ്യാന്‍ പോകുമ്പോഴും ചാടി വണ്ടിയില്‍ കയറും. ഞാനിപ്പോഴും പൊട്ടിച്ചിരിച്ചുപോണ ഒരു സംഭവമുണ്ട്. അവളുടെ സംസാരം നന്നായി തുടങ്ങണ സമയം. ഒരു ബാഗ് ഉണ്ട് അവള്‍ക്ക്. പുറത്തേക്ക് പോകാന്‍ നോക്കുമ്പോള്‍, ആ ബാഗുമെടുത്ത് ഉടുപ്പുപോലുമിടാതെ ഓടിവന്നു.
അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ എന്ന് പറഞ്ഞു. ഞാന്‍ മൈന്‍ഡ് ചെയ്യാതായപ്പോള്‍ എടാ കള്ളാ പോകല്ലേ, കള്ളാ പോകല്ലേ എന്ന്. ഞാന്‍ ചിരിച്ചുപോയി. പിന്നെ ഞാന്‍ ഓടിവന്ന് അവളെ എടുത്തു. ഈ യൂട്യൂബിലെ വീഡിയോകളൊക്കെ അവള്‍ കാണും, അതില്‍ നിന്ന് കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ.
ഞാന്‍ ഏത് വേഷത്തില്‍ ചെന്നാലും അവള്‍ക്ക് മനസിലാകും. കേശു ഈ വീടിന്റെ നാഥനിലെ നാരങ്ങ മിഠായി എന്ന പാട്ട് അവള്‍ക്ക് ഇഷ്ടമാണ്. ‘ഇടയ്ക്കിടക്ക് നാരങ്ങ മിഠായി കാണിച്ചു തരാന്‍ പറയും. ഞാനത് ഐപാഡില്‍ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ തെളിവുകൾ ജുഡീഷ്യറിക്ക് നിരാകരിക്കാൻ സാധിക്കില്ലെന്നും കേസിൽ പുനരന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്. അഭയ കേസിൽ അടയ്ക്കാ രാജു എന്നൊരാൾ വന്നത് പോലെയാണ് ഈ കേസിൽ ഇപ്പോൾ ബാലചന്ദ്ര കുമാർ വന്നത്. ഇത്രയും വൃത്തികെട്ട ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ശിക്ഷ ലഭിക്കും.
ജയിൽ ഇടിഞ്ഞാൽ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ് ഇതിലുള്ളത്. ആ തെളിവുകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയുന്നത് ഇപ്പോഴാണ്. ഈ ഓഡിയോകൾ വ്യാജമാണോയെന്ന് പരിശോധിക്കട്ടെ. അത് വ്യാജമാണെങ്കിൽ താങ്കളുടെ ടീവിയിലൂടെ സാഷ്ടാഗം മാപ്പ് ചോദിക്കാൻ ഞാൻ തയ്യാറാണെന്നും ബൈജുകൊട്ടാരക്കര റിപ്പോർട്ടർ ടീവിയോടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോൾ ആ തെളിവുകളുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. വിചാരണ ചെയ്ത ആന്റോ ജോസഫ് ഉൾപ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം. അതുപോലെ പ്രതികൾ ആരെയെല്ലാം വിളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ അത് പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പറ്റില്ല.
കോടതി തെളിവുകൾ സ്വീകരിക്കണ്ടേ, സാക്ഷികളെ വിസ്തരിക്കണ്ടേ. സമയമില്ലെങ്കിൽ കോടതിയിൽ പോയി വീണ്ടും സമയം വാങ്ങിക്കണം. അഭയ കേസ് എത്ര വർഷങ്ങൾ നീണ്ടു പോയി. അവസാനം അടയ്ക്കാ രാജു വന്നപ്പോഴല്ലെ വിധി വന്നത്. അതുപോലെ ഒരു വിധി ഈ കേസിലും ഉണ്ടാവും. ബാലചന്ദ്രൻ പോയാൽ മൂന്നോ നാലോ ബാചചന്ദ്രൻമാർ വേറെ വരുമെന്നും റിപ്പോർട്ടർ ചാനലിൽ സംവിധായകൻ ബൈജുകൊട്ടാരക്കര പറയുന്നു.
സാഗർ എന്ന് പറയുന്ന ലക്ഷ്യയിൽ ജോലി ചെയ്യുന്നയാൾ അഞ്ച് ലക്ഷം രൂപയോളം വാങ്ങി കൂറുമാറിയെന്ന വ്യക്തമായ ഒഡിയോ സന്ദേശമുള്ളപ്പോഴും, അയാൾ ഫിലിപ്പ് എന്ന വക്കീലിനെ കാണാൻ പോയെന്ന് ദിലീപിന്റെ വായിൽ നിന്ന് തന്നെയും വരുമ്പോൾ, അനിയനുമായി ചെറിയ വാക്ക് തർക്കം ഉണ്ടായപ്പോൾ എനിക്ക് വേണ്ടിയല്ല വേറെ ഒരു പെണ്ണിന് വേണ്ടിയാണെന്നൊക്കെ പറയുന്ന ദിലീപിനെ കണ്ടു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് സത്യം തന്നെയാണെന്നാണ് എന്റെ വിശ്വാസം.- ബൈജു കൊട്ടാരക്കര പറയുന്നു.
ഈ കേസിൽ പുതുതായി കക്ഷിചേരാൻ നൂറ് കണക്കിന് ആളുകളുണ്ടെന്ന കാര്യ ഉറപ്പാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രകുമാർ മാത്രമല്ല, ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ അറിയാവുന്ന ചിലർ കൂടി പുറത്ത് വരാനുണ്ട്. കുറേ ആളുകളെ പേടിപ്പിച്ചും പണം കൊടുത്തുമൊക്കെ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. കുറേ ആളുകളെ പ്രലോഭനങ്ങളിലും നിർത്തി. ഈ കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കും, പണം കൊടാക്കാനുള്ള ശ്രമം ഉണ്ടാവും എന്നൊക്കെ തുടക്കം മുതൽ എന്നേപ്പോലുള്ളവർ പറയുന്നുണ്ട്.- ബൈജു കൊട്ടാരക്കരയുടെ പ്രതികരണമിങ്ങനെ.
ഷെറിൻ പി യോഹന്നാൻ
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവരിലൂടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ‘മധുരം’. ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും രവിയും. അമ്മയുടെ ശസ്ത്രക്രിയക്ക് കൂട്ടുവന്ന ആളാണ് കെവിൻ. എന്നാൽ ഇവർ മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ – ഭക്ഷണവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്നു.
അഹമ്മദ് കബീറിന്റെ രണ്ടാമത്തെ ചിത്രം മനോഹരമാണ്. വളരെ ലളിതമായ കഥയെ കൃത്രിമത്വമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല മാർക്കറ്റ് ഉള്ള തട്ടിക്കൂട്ടു ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ‘മധുരം’. കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കുന്നതോടെ ‘മധുരം’ സുന്ദരമാകുന്നു.
ജോജുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സാബു. തന്റെ പങ്കാളിയെ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത സാബുവിനെ വളരെ സുന്ദരമായാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ മുഖഭാവവും വോയിസ് മോഡുലേഷനും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. പ്രകടനങ്ങളിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും അർജുൻ അശോകനും ശ്രുതിയും മികച്ചു നിൽക്കുന്നു. ഹൃദയസ്പർശിയായ ഗാനങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.
സാബുവിന്റെയും ചിത്രയുടെയും പ്രണയം സുന്ദരമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന പ്രണയം പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കും. രണ്ടാം പകുതിയിലാണ് ഇത് തീവ്രമാകുന്നത്. എന്നാൽ, ചിത്രം പിറകോട്ടു വലിയുന്നത് കെവിൻ – ചെറി ദമ്പതികളുടെ കഥ പറയുന്നിടത്താണ്. ചില സാമൂഹിക നിർമിതികളിൽ നിന്ന് മാറി ചിന്തിക്കാൻ സംവിധായകൻ തയ്യാറാകാത്തത് ഇവിടെ പ്രധാന പോരായ്മയായി മാറുന്നു.
Last Word – പുതുമയില്ലെങ്കിലും ലളിതമായ കഥാഖ്യാനത്തിലൂടെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. മികച്ച പ്രകടനങ്ങളും മനസ്സിനോടിണങ്ങി നിൽക്കുന്ന കഥാപാത്ര സൃഷ്ടിയും ചിത്രത്തെ സുന്ദരമാക്കുന്നു. ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രം.
സോണി ലിവിൽ നിന്ന് കടമെടുത്ത ഒരു വാചകം കൂടി കുറിയ്ക്കുന്നു;
“Love is sweet when its new, its sweeter when its true”