ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിനായി പോലീസ് സംഘങ്ങളെ നിയോഗിക്കുന്നു. മൂന്ന് ഒആഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് ആശുപത്രികളില്‍ നിയോഗിക്കപ്പെടുന്നത്. ലണ്ടനിലെ നാല് പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ ഈ സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. അതിക്രമങ്ങളും ഭീഷണികളും ഉണ്ടായാല്‍ ഇനി ജീവനക്കാര്‍ ഇടപെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. നഴ്‌സുമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കുക, ഡിസ്ചാര്‍ജ് ചെയ്താലും പോകാന്‍ വിസമ്മതിക്കുന്ന രോഗികളെ മാറ്റുക നെയ്ബര്‍ഹുഡ് പോലീസിംഗിന്റെ ഭാഗമായി കമ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുക എന്നിവയും ഈ സ്‌ക്വാഡുകളുടെ ചുമതലയായിരിക്കും.
കഴിഞ്ഞ മാസം രൂപീകരിച്ച സ്‌ക്വാഡുകള്‍ ലണ്ടനിലെ റോയല്‍ ഫ്രീ, വിറ്റിംഗ്ടണ്‍, യുസിഎല്‍, ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ആശുപത്രികളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ് ഈ സ്‌ക്വാഡുകളുടെ പ്രധാന ജോലി. കാലങ്ങളായി ഇത്തരം അതിക്രമങ്ങള്‍ ജീവനക്കാര്‍ സഹിച്ചു വരികയായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്ന് സെര്‍ജന്റ് പോള്‍ ടെയ്‌ലര്‍ പറഞ്ഞു. സിറ്റി ആശുപത്രികളില്‍ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് പോലീസ് സംഘങ്ങളെ ആശുപത്രികളില്‍ നിയോഗിക്കുന്നത്.
ബോഡി ക്യാമറകളുമായി ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയിലാണ് ക്യാമറകളുമായി സെക്യൂരിറ്റി ജീവനക്കാരെ ആദ്യമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനിടെ 220 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ആശുപത്രി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ 24 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എന്‍എച്ച്എസ് ചികിത്സ നിഷേധിക്കുന്നു. ഹൃദ്‌രോഗത്തിനും അര്‍ബുദത്തിനും ചികിത്സ തേടിയെത്തുന്ന നിരവധി പേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് എന്‍എച്ച്എസ് ചട്ടങ്ങള്‍ പറയുന്നത്. ഈ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. രേഖകളില്ലെങ്കിലും അഭയാര്‍ത്ഥികള്‍ക്ക് ചികിത്സ നല്‍കണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്.
കുടിയേറ്റക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജിപി സര്‍ജറികളില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ടതായു കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവര്‍ക്ക് ചികിത്സാ സൗകര്യം നിഷേധിക്കുന്നത്. അതുപോലെ തന്നെ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ട് ആശുപത്രികള്‍ ഫീസിനത്തില്‍ അനധികൃതമായി ഈടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശികള്‍ക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ കുറച്ചതിനു ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
22 ശതമാനത്തിലേറെ രേഖകളില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. മേല്‍വിലാസം തെളിയിക്കാനോ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനോ സാധിക്കാത്തതിനാലാണ് എന്‍എച്ച്‌സ് ആശുപത്രികളിലും ജിപികളിലും ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത്. ഇതു മാത്രമല്ല രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ വിധത്തില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.
ജനുവരിയില്‍ നിലവില്‍ വന്ന ധാരണാപത്രമനുസരിച്ച് വിദേശികളായ രോഗികളുടെ വിവരങ്ങള്‍ എന്‍എച്ച്എസ് ഡിജിറ്റല്‍ ഹോം ഓഫീസിന് കൈമാറണം. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് രോഗികള്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ചികിത്സ നല്‍കാനാകൂ. ഇത്തരം ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് ആശുപത്രികളില്‍ നിന്ന് രോഗികളെ പിന്നോട്ട് വലിക്കുമെന്നും ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം മൂലം പ്രതിസന്ധിയെ നേരിടുന്ന ആശുപത്രികള്‍ അധിക ഷിഫ്റ്റ് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഓഫറുകള്‍ നല്‍കുന്നു. ഓരോ അധിക മണിക്കൂറിനും 95 പൗണ്ട് വീതം നല്‍കുമെന്നാണ് ഓഫര്‍. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതിനെത്തുടര്‍ന്ന് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരെ ഇമെയിലിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ശമ്പള വര്‍ദ്ധനവു പോലെയുള്ള കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് ആശുപത്രികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ തിരക്ക് പരിഗണിച്ച് പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലാണ് ഡോക്ടര്‍മാര്‍ക്ക് അധികം പണം നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ തിരക്കുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് 10 മണിക്കൂര്‍ ഷിഫ്റ്റിനാണ് ഓരോ മണിക്കൂറിനും 95 പൗണ്ട് നല്‍കിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ വിധത്തില്‍ ഉയര്‍ന്ന ഇന്‍സെന്റീവുകള്‍ നല്‍കിയതിലൂടെ രോഗികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ ഡോവെര്‍ട്ടി പറഞ്ഞു.
ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവസാന നിമിഷ ശ്രമങ്ങളാണ് ഒട്ടു മിക്ക ആശുപത്രികളും ഈ വിധത്തില്‍ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഡൂഡ്‌ലി ഗ്രൂപ്പ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലെ സീനിയര്‍ ഹൗസ് ഓഫീസര്‍മാരുടെ ഫീസ് മണിക്കൂറിന് 70 പൗണ്ട് വരെ ഉയര്‍ത്തേണ്ടി വന്നതായി വിവരമുണ്ട്. 10 മുതല്‍ 12 മണിക്കൂറുകള്‍ വരെ നീണ്ട അധിക ഷിഫ്റ്റിനാണ് ഈ തുക നല്‍കിയത്. പരമാവധി ഡോക്ടര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി ഒട്ടേറെ ആശുപത്രികള്‍ ഓഫറുകള്‍ നല്‍കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈജു തിട്ടാല
ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന നേഴ്‌സ്മാരുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം അവരുടെ പ്രവര്‍ത്തനക്ഷമതയെ (fitness to practice)ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) തൊഴിലുടമ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ സാധ്യതയുണ്ട്. ഒരു നേഴ്‌സിന്റെ പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടായാല്‍ വിശദമായ അന്വേഷണം നടത്തുകയും പ്രവത്തനക്ഷമത കുറവെന്ന് കണ്ടാല്‍ വസ്തുതകള്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയേക്കേണ്ടതും, പൊതുജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടത് employer-ടെ നിയമപരമായ ബാധ്യതയാണ്.
ഒരു നേഴ്സിന്റെ fitness to practiceല്‍ സംശയം ഉണ്ടാകണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ നേഴ്സിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതില്‍ വ്യക്തമായ investigation നടത്തുകയും പ്രവത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പര്‍വിഷന്‍, alternate job തുടങ്ങി എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചതിനു ശേഷം പ്രവത്തനക്ഷമതയില്‍ പുരോഗതി ഉണ്ടയില്ല എങ്കില്‍ മാത്രമേ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാവൂ എന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മേല്‍പറഞ്ഞ നിയമം പാസാക്കുമ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചത് നിസാരമായ കരണങ്ങള്‍ക്ക് പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റര്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കുന്ന രീതി അവലംബിക്കരുത് എന്ന്. എങ്കില്‍ തന്നെയും ക്രിമിനല്‍ കുറ്റങ്ങള്‍, മോശം പെരുമാറ്റം മുതലായ സാഹചര്യങ്ങള്‍ ഇതില്‍ ബാധകമല്ല.
2011ലെ ഒരു ഹൈക്കോടതി വിധി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. തുടര്‍ച്ചായി പ്രവര്‍ത്തനക്ഷമതയില്‍ സംശയം ഉളവാക്കിയിരുന്ന ഒരു മിഡ്‌വൈഫ് വളരെ രൂക്ഷമായ ഭാഷയില്‍ പ്രസവസമയത്ത് സംസാരിക്കുകയും ധൃതിയിലും പരുഷമായും സ്ത്രീയുടെ പാര്‍ട്ട്‌നറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയില്‍ മിഡ് വൈഫിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരുന്നതായി തൊഴിലുടമ കണ്ടെത്തുകയും മിഡ് വൈഫിന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും ചെയ്തു. ഹിയറിങ്ങില്‍ പാനല്‍ കണ്ടെത്തിയത് midwifeന്റെ fitness to practice impairment ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും പൊതു ജന സംരക്ഷണം ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ട് റെഗുലേറ്ററി ബോഡി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും മിഡ് വൈഫ് പ്രാക്ടീസിന് യോഗ്യയല്ലെന്നും ഹൈക്കോടതി കണ്ടെത്തി.
ഒരു നോഴ്‌സിന്റെ മാനസാകാരോഗ്യത്തില്‍ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസികാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിധിയില്‍ വരുന്ന ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. ഒരു നേഴ്സിന്റെ മാനസികാരോഗ്യത്തില്‍ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങള്‍: മെഡിക്കല്‍ സപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാന്‍ കൂട്ടാക്കാതെയിരിക്കുക. ഒരു പക്ഷെ കാരണം ഓവര്‍ ടൈം ജോലിയാകാം.) ജിപി യെ കണ്ടാല്‍ തന്നെയും നിര്‍ദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുക, ഒക്യുപേഷണല്‍ ഹെല്‍ത്ത് പ്രാക്ടീഷണറെ കാണാതിരിക്കുക. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ തൊഴിലുടമക്ക് അന്വേഷണം നടത്തുവുന്നാണ്. അന്വേഷണത്തില്‍ fitness to practice impairment ആയി എന്ന് കണ്ടാല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ നിയമപരമായ ബാധ്യത എംപ്ലോയര്‍ക്കുണ്ട്.
ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ബൈജു തിട്ടാല ഇംഗ്ലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നു.
കേംബ്രിഡ്ജ്: ഏജന്‍സി നഴ്സിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ കോടതി നടപടികള്‍ നേരിട്ട് കൊണ്ടിരുന്ന മെയില്‍ നഴ്സ് കുറ്റക്കാരനല്ലെന്നു കേംബ്രിഡ്ജ് കോടതിയുടെ കണ്ടെത്തല്‍. കേംബ്രിഡ്ജിലെ ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ മെയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന അലക്സാണ്ടര്‍ ആണ് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം ആണ് ജൂറി ഇയാള്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്. അലക്സാണ്ടറിന് വേണ്ടി സീനിയര്‍ ഹൈക്കോര്‍ട്ട് ബാരിസ്റ്റര്‍ ആയ അബ്ദുള്‍ കപാഡിയ, ബൈജു വര്‍ക്കി തിട്ടാല എന്നിവരടങ്ങിയ ഡിഫന്‍സ് ടീം ആണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും തെറ്റായിരുന്നു എന്ന്‍ തെളിയിക്കാന്‍ വിചാരണയില്‍ ഇവര്‍ക്ക് കഴിഞ്ഞതാണ് അലക്സാണ്ടര്‍ക്ക് തുണയായത്.
രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ ഏജന്‍സി സ്റ്റാഫ് ആയി നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പരാതിക്കാരി. രാത്രി ഡ്യൂട്ടിക്കിടയില്‍ ആറോളം പ്രാവശ്യം അലക്സാണ്ടര്‍ പരാതിക്കാരിയെ ലൈംഗീകമായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ സംഭവം നടന്നു എന്ന്‍ പറയപ്പെടുന്ന സമയത്തൊന്നും പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് അലക്സാണ്ടര്‍ക്ക് അനുകൂലമായി മാറിയത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് യുവതി പരാതിപ്പെട്ടത്.
അലക്സാണ്ടര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സഹപ്രവര്‍ത്തകരും തയ്യാറായതും കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തുണയായി. ആശുപത്രി മാനേജ്മെന്‍റ് ഏജന്‍സി നഴ്സിനനുകൂലമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്.