ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി നേഴ്‌സ് ബിന്ദു മാളിയേക്കൽ (46) റോഡ് ക്രോസിംഗിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു . തൃശൂർ വെളയനാട് സ്വദേശിനിയായ ബിന്ദു സെന്റ് ഉർബാനിൽ ആണ് താമസിച്ചിരുന്നത് . ഒക്ടോബർ ഒന്നിനായിരുന്നു അപകടം. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ പെഡസ്ട്രിയൻ ക്രോസിംഗിൽ അമിത വേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ അഞ്ചിന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിന്ദു മാളിയേക്കൽ കഴിഞ്ഞ രണ്ടുവർഷമായി സെന്റ് ഉർബാനിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 22 വർഷങ്ങൾക്ക് മുമ്പ് അവർ ആദ്യം ഓസ്ട്രിയയിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയന്നയിൽ ജോലി ചെയ്ത മലയാളി ബിജു മാളിയേക്കലിനെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത് . ബ്രൈറ്റ്‌സണും ബെർട്ടീനയുമാണ് ഇവരുടെ മക്കൾ. സ്വിറ്റ്സർലാൻഡിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച ഈ ദുരന്തം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
സ്വിറ്റ്സർലാൻഡ് മലയാളി സമൂഹത്തിൽ ഏറെ സജീവമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ബിന്ദു. എപ്പോഴും ചിരിച്ച മുഖത്തോടും കരുണാഭാവത്തോടും സമീപിച്ചിരുന്ന അവർ സാമൂഹിക പരിപാടികളിലും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു . അവരുടെ അപ്രതീക്ഷിത വിയോഗവാർത്ത സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് .
ബിന്ദുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ വുൾവിച്ചിൽ മലയാളി യുവതി നിര്യാതയായി . ചങ്ങനാശ്ശേരി ചങ്ങംകരി കുടുംബാഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് ആണ് മരണമടഞ്ഞത്. കാത്തി എന്ന് വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്ന കാതറിന് 29 വയസായിരുന്നു പ്രായം.
സംസ്‌കാരച്ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
കാതറിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ ∙ അനീമിയ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെ മലയാളി നേഴ്‌സ് അന്തരിച്ചു. തിരുവല്ല സ്വദേശിനിയും ലെസ്റ്ററിലെ സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തിരുന്ന ബ്ലെസി സാംസൺ (48) ആണ് മരിച്ചത്. 2023 മാർച്ചിലാണ് ബ്ലെസി കുടുംബത്തോടൊപ്പം കെയറർ വിസയിൽ യുകെയിൽ എത്തിയത്. അഞ്ചു മാസത്തോളം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലാണ് കഴിഞ്ഞിരുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി മുൻപ് നാട്ടിൽ നേഴ്‌സായി ജോലി ചെയ്തിരുന്നു. ഭർത്താവ് സാംസൺ ജോൺ, മക്കൾ അനന്യ (17), ജൊവാന (12) എന്നിവരാണ് കുടുംബാംഗങ്ങൾ. തിരുവല്ല പേഴുംപാറ സ്വദേശികളായ മാതാപിതാക്കൾ നാട്ടിലാണ്. മാതാപിതാക്കൾക്ക് മകളുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നത് കുടുംബത്തിന്റെ ആഗ്രഹമാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് മലയാളി സമൂഹം മുൻകൈ എടുത്തു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. ക്രമീകരണങ്ങൾ പൂർത്തിയായാൽ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുമെന്ന് സംഘടന അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
ബ്ലെസി സാംസണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.
മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.
സുമിത് ടെസ്‌കോ വെയർഹൗസിലും ഭാര്യ ജോയ്‌സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ രോഗത്തിന്റെ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി നേഴ്സ് വിചിത്ര ജോബിഷ് (36) നിര്യാതയായി. വിൻചെസ്റ്റർ റോയൽ ഹാംപ്ഷയർ കൗണ്ടി ആശുപത്രിയിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു വിചിത്ര . സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നാലര വർഷത്തിലേറെയായി അതേ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന വിചിത്ര രോഗചികിത്സയുടെ ഭാഗമായി സ്റ്റെം സെൽ ചികിത്സയിലാണ് കഴിഞ്ഞിരുന്നത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരുച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന അവർ . കോവിഡ് കാലത്താണ് വിചിത്ര NHS – ൽ ജോലി ആരംഭിച്ചത് . മഹാമാരിയുടെ സമയത്തെ ഒരു മുന്നണി പോരാളിയെ ആണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്ന് അവളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖത്തോടെ അഭിപ്രായപ്പെട്ടു.
വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജിന്റെ ഭാര്യയായിരുന്നു വിചിത്ര. മക്കൾ – ലിയാൻ (8), ഹെസ്സ (5). സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
വിചിത്ര ജോബിഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മോളിക്കുട്ടി ഉമ്മൻ നിര്യാതയായി. 64 വയസ്സായിരുന്നു പ്രായം. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്‌സായിരുന്നു . ഓഗസ്റ്റ് 29ന് വൈകിട്ട് 6 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ. ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്‌കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
നാട്ടിൽ പുന്നവേലി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്. യുകെയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഉൾപ്പെട്ടതായിരുന്നു മോളികുട്ടിയുടെ കുടുംബം. ലിവർപൂര്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന അവർ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു. ശവസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മോളിക്കുട്ടി ഉമ്മൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
‘ഫ്ലോറിസ്’ ചുഴലിക്കാറ്റിൽ പത്തനംതിട്ട സ്വദേശിനിക്ക് ജീവൻ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നേഴ്‌സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയിൽ എത്തിയതായിരുന്നു ശോശാമ്മ.
അവധിക്കാലമായതിനാൽ സ്കോട്ട് ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും സ്കോട്ട് ലൻഡിൽ എത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
ലിജോ റോയിയുടെ മാതാവ് ശോശാമ്മ ഏബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭാര്യ അവധിക്ക് പോയ സമയത്ത് മലയാളി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് യോർക്ക് ഷെയറിന് സമീപമുള്ള റോഥർ ദാമിലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ വൈഷ്ണവ് വേണുഗോപാലിനെ (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെയർ ഹോമിൽ ഹെൽത്ത് അസിസ്റ്റൻറ് ആയി ജോലി ചെയ്തു വരുകയായിരുന്നു.
വൈഷ്ണവ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ ആണ് വിവരം പുറത്തറിഞ്ഞത്. 2021- ൽ ഭാര്യ അഷ്ടമി സതീഷ് വിദ്യാർത്ഥി വിസയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവ് യുകെയിൽ എത്തിയത്. രണ്ടുവർഷം മുൻപാണ് വൈഷ്ണവ് കെയർ ഹോമിൽ ജോലിക്ക് പോയി തുടങ്ങിയത്. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരൻ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറും യുകെയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തോമസ് ചാക്കോയുടെ പിതാവ് കുട്ടനാട്, പുതുക്കരി, കൊച്ചുതെള്ളിയിൽ കുഞ്ചാക്കോച്ചൻ ( 88 വയസ് ) നിര്യാതനായി.
ഭാര്യ : അന്നമ്മ ചാക്കോ .
മക്കൾ: ജിമ്മിച്ചൻ , സോഫി , മിനി , ജെസ്സി , ടോമി. മരുമക്കൾ: ബാബു കുര്യൻ , റെന്നിച്ചൻ , മോനിച്ചൻ , അൽഫോൻസ
ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതൽ ചങ്ങനാശ്ശേരി കൂത്രപ്പള്ളിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.
പിറ്റേദിവസം തിങ്കളാഴ്ച 10 മണിയോടുകൂടി കുട്ടനാട് പുതുക്കരിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയും 3 മണിക്ക് പുതുക്കരി സെൻറ് സേവിയേഴ്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യും.
തോമസ് ചാക്കോയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.