Obituary

സ്വന്തം ലേഖകൻ

സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ  ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത.  മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം  തിങ്കളാഴ്ച 09 / 05 / 22  ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.

ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഫീൽഡ് : അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. എൻഫീൽഡിൽ താമസിക്കുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പൊള്ളലേറ്റു മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്നു. ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് പെട്ടെന്നുള്ള മരണം. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസറാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവരാണ് മക്കൾ.

എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായ നിഷ മലയാളികൾക്കേവർക്കും പരിചിതയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഫീല്‍ഡില്‍ തന്നെ സംസ്‌കരിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്തടുത്തുണ്ടായ മരണത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . യുകെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ജൂലിയറ്റ് ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. എറണാകുളം പിറവം സ്വദേശിയായ ജൂലിയറ്റ് ജർമനിയിൽ നിന്നാണ് യുകെയിലേയ്ക്ക് കുടിയേറിയത്. നോർത്ത് പറവൂരിനടുത്തുള്ള കൈതാരം സ്വദേശിയായ ജൂലിയറ്റ് കൊടുവള്ളി ചാണയിൽ കുടുംബാംഗമാണ്. കഴിഞ്ഞ 12 വർഷമായി ഫുള്‍ഹാം ചറിംഗ്ടണ്‍ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ തലകറങ്ങി വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത് .

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ജൂലിയറ്റിന്റെ അവസാനനാളുകൾ ദുരിതപൂർണമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഓട്ടിസം ബാധിച്ച ഏകമകൻ സോഷ്യൽ കെയർ സംരക്ഷണത്തിലാണ്. ജൂലിയറ്റിന് പൊതുവേ സാമൂഹ്യ ബന്ധങ്ങളും കുറവായിരുന്നു.

തൻറെ അന്ത്യാഭിലാഷമായ കുടുംബ കല്ലറയിൽ അടക്കം ചെയ്യപ്പെടുന്നതിനുള്ള ആഗ്രഹം ജൂലിയറ്റ് പങ്കുവെച്ചിരുന്നു. ജൂലിയറ്റിന്റെ ഈ ആഗ്രഹം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലുള്ള ബന്ധുക്കളും യുകെയിലുള്ള മലയാളി സമൂഹവും.

ജൂലിയറ്റിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്ന രണ്ട് മരണങ്ങളാണ് അടുത്ത സമയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തന്റെ ചിരിയും അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളും കൊണ്ട് വിഗാനിലെ മലയാളി സമൂഹത്തിന്റെ മുഴുവൻ സ്വരമായി മാറിയ ജോമോൻ തോമസിന്റെ വേർപാടിന്റെ കണ്ണീരുണങ്ങുന്നതിനു മുൻപ് തന്നെയാണ് സ്വാൻസിയയിൽ യുകെയിലെത്തി രണ്ടാഴ്ച മാത്രമായ ബിജു പത്രോസിന്റെ മരണം. സ്വന്തം ജീവിതത്തിലുടനീളം വ്യക്തമായ നിലപാടുകൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ജോമോൻ തോമസ്. മുൻപ് രണ്ടു വട്ടം മരണാസന്ന നിലയിൽ എത്തിയശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ജോമോൻ, ഇത്തവണയും ആശുപത്രി വാസത്തിൽ ആയിരുന്ന സമയത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലെത്തിയ ശേഷം പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന്റെ കാലുകൾ തളർന്നപ്പോഴും, പിന്നീട് വൃക്കകൾ തകരാറിലായി ഡയാലിസിസ് നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരിക്കലും തകർന്നിരുന്നില്ല. നാട്ടിൽ ഇടതുപക്ഷ സംഘടനയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ജോമോൻ, യുകെയിലെത്തിയ ശേഷം പാർട്ടി അല്ല മറിച്ച് സാമൂഹിക പ്രവർത്തനമാണ് ആവശ്യം എന്ന നിലപാട് കൈകൊണ്ടു. നിരവധി മേഖലകളിൽ തന്നെ പ്രാവീണ്യം തെളിയിച്ച ജോമോന്റെ വേർപാട് വിഗാൻ സമൂഹത്തെയാകെ തകർത്തിരിക്കുകയാണ്.

ജോമോൻെറ വേർപാട് ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുൻപ് തന്നെയാണ്, യുകെയിലെത്തി രണ്ടാഴ്ച മാത്രം ആയ നാല്പത്തെട്ടുകാരനായ ബിജു പത്രോസിന്റെ മരണം. കെയർ വിസയിലെത്തിയ ഭാര്യയെയും മക്കളെയും തനിച്ചാക്കി ആണ് ബിജു യാത്രയായിരിക്കുന്നത്. ജീവിത സംഘർഷങ്ങളും, കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതും അടക്കം നിരവധി സംഘർഷാവസ്ഥകളാകാം അകാലത്തിൽ നിരവധി പേരുടെ ജീവൻ കൊല്ലുന്നതിനു കാരണമാകുന്നത് എന്ന് മലയാളികൾ ഉറച്ചുവിശ്വസിക്കുന്നു. നാട്ടിൽ വച്ച് തന്നെ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബിജു , ദിവസേന കഴിക്കേണ്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ച് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്താൻ സാധിച്ചില്ല.

ഒടുവിൽ രക്തം ഛർദ്ദിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ സ്വാൻസി മോറിസ്റ്റാൻ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ച സാഹചര്യത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെറും നാല് മാസത്തെ ജീവിത പരിചയം മാത്രമാണ് ബിജുവിനോടും ഭാര്യ മഞ്ജുവിനോടും ഉള്ളതെങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ സ്വാൻസിയയിലെ മലയാളികൾ എല്ലാവരും തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തി. ഈ രണ്ട് മരണങ്ങളും മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജോമോൻ തോമസിന്റെയും , ബിജുവിന്റെയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ (89) അന്തരിച്ചു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ്. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവായ ശങ്കരനാരായണൻ 6 സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. 2007-ൽ അരുണാചൽ പ്രദേശിലാണ് ആദ്യമായി ഗവർണറാവുന്നത്. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ (അധിക ചുമതല), മഹാരാഷ്ട്ര എന്നിവിഷങ്ങളിലും ഗവർണറായി സേവനമനുഷ്ടിച്ചു.

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മോഹൻലാലിന്‍റെ വാക്കുകൾ:

പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്‍റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.

ജോൺ പോൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു -മമ്മൂട്ടി

മലയാള സിനിമാ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളെന്ന് നടൻ മമ്മൂട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജോൺ പോളിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചു ദിവസം മുമ്പ് അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വിയോഗത്തിൽ വലിയ ദുഃഖമുണ്ട് -മമ്മൂട്ടി പറഞ്ഞു.

എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.

ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.

വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.

അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.

അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.

ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.

ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.

ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന്‌ ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.

ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…

അവധി ആഘോഷിക്കാൻ മക്കളുമായി ദുബായിലേക്ക് എത്തിയ വീട്ടമ്മയുടെ ജീവൻ കവർന്ന് ഹൃദയാഘാതം. ഒരു മാസം മുൻപ് സന്ദർശക വിസയിൽ ദുബായിലുള്ള ഭർത്താവിന് അരികിലെത്തിയ മലയാളി യുവതിയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.

മാർച്ച് 15നായിരുന്നു പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിന് അരികിലെത്തിയത്. ഇന്നലെ രാവിലെ ജബൽ അലി ഡിസ്‌കവറി ഗാർഡനിലെ ഫ്‌ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ-ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പബൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റാഫ്‌ഫോഡ്ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസ് (69) ഹൃദയാഘാതം മൂലം നിര്യാതനായി.

പാമ്പാക്കുട പഞ്ചായത്തിൽ പുന്നത്തറയിൽ (കുരുട്ടാമ്പുറം) കുടുംബാഗം ആണ്. എബിനും അനിതയും ആന്നേ ദിവസം പുലർച്ചെ രണ്ടു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഈ സമയമത്രയും യാതൊരു ആരോഗ്യ പ്രശ്‍നവും ബേബി പൗലോസിന് ഉണ്ടായിരുന്നില്ല.

ഭാര്യ : സൂസി ബേബി. മക്കൾ: എബിൻ ബേബി ( സ്റ്റോക്ക് ) ബിബിൻ ബേബി . മരുമകൾ : അനിത എബിൻ . സംസ്കാരം നാളെ 13-04-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പിറമാടം സെന്റ് ജോൺസ് ബെത്‌ലെഹെം യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved