Obituary

ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.

1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.

മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.

എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്.

മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.

1999 ഒക്ടോബര്‍ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായത്.

ലിവർപൂൾ വിസ്റ്റണിൽ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ് ആന്റണി ചാക്കോ 80 വയസു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ,പരേതൻ വടക്കാഞ്ചേരി കണ്ണങ്കര സെന്റ് ജോസഫ് പള്ളി ഇടവക അംഗമാണ് .

ആന്റണി ചാക്കോയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. .

ആന്റണി ചാക്കോയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നായകനായി അരങ്ങേറി ആദ്യ ചിത്രത്തില കെഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെജി ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച ശശിധരൻ പിന്നീട് തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ കലാലോകത്ത് സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം-2 ആണ് രഘുവിന്റെ അവസാന ചിത്രം.

മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകതുല്യ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്.

യു കെ യിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വേക്ഫീൽഡ് സ്വദേശിയായ നവീൻ ഭാസ്കർ (37) മരണമടഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണെങ്കിലും നവീന് യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇടുക്കി സ്വദേശിയായ ആനി ആണ് നവീന്റെ ഭാര്യ. മൂന്ന് മക്കളാണ് നവീൻ ആനി ദമ്പതികൾക്കുള്ളത്. ആൻഡ്രിയ നവീൻ (11), കേസിയ നവീൻ (8), ജെറമിയ നവീൻ( 3).

കോവിഡിൽ നിന്ന് രോഗമുക്തി നേടിയിരുന്നെങ്കിലും കോവിഡാനന്തര പാർശ്വഫലങ്ങളിലൊന്നായ ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്. വയനാടിന്റെ അതിർത്തി ജില്ലയായ നീലഗിരി സ്വദേശിയായ നവീൻെറ കുടുംബബന്ധങ്ങളിലേറെയും കേരളത്തിലായിരുന്നു. ഭാര്യ മലയാളിയും. നന്നായി മലയാളം സംസാരിച്ചിരുന്ന നവീൻ മാഞ്ചസ്റ്റർ ആസ്ഥാനമായ പെന്തക്കോസ്ത് ചർച്ചിന്റെ പ്രാർത്ഥന കൂട്ടായ്‌മയിൽ സജീവസാന്നിധ്യമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തി ചെറിയ ജോലികൾ ചെയ്ത് ജീവിതം പച്ച പിടിക്കുന്ന അവസ്ഥയിലാണ് വിധി കോവിഡിന്റെ രൂപത്തിൽ വന്ന് നവീന്റെ ജീവിതം തട്ടിയെടുത്തത്. സ്വന്തമായി ബിസിനസ് ചെയ്യാനുള്ള പ്രാരംഭ നടപടികളിലായിരുന്നെങ്കിലും കോവിഡും ലോക്ക് ഡൗണും കാരണം മുന്നോട്ട് പോകാനായില്ല. ഇതിനിടെ ആനിയ്ക്ക് പാർട്ട് ടൈം ആയി കെയർ അസിസ്റ്റന്റിന്റെ ജോലി ലഭിച്ച് ജീവിതം പച്ച പിടിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം . നവീന്റെ കുടുംബത്തെ സഹായിക്കാനായിട്ട് ഒട്ടേറെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

നവീൻ ഭാസ്കറിന്റെ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് സംഭാവന നൽകാം.

നവീൻ ഭാസ്കറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഞായറാഴ്ച്ച രാവിലെ ഏഴരമണിയോടെ വോട്ടെണ്ണലിന് സമാന്തരമായി റിപ്പോർട്ടർ ചാനലിൽ ആരംഭിച്ച അവലോകനത്തിൽ നെടുനായകത്വം വഹിച്ച് നിൽക്കവെയാണ് അമ്മയുടെ മരണവാർത്ത നികേഷ് അറിയുന്നത്. എന്നാൽ പ്രോഗ്രാം തുടരാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. തന്റെ മുറിയിൽ ഒന്നു പോയിവന്ന നികേഷ് തന്റെ ജോലിയിൽ വ്യാപൃതനായി. വൈകിട്ട് ആറോടെ വിമാനത്തിൽ കണ്ണൂരിലേക്ക് തിരിച്ചു.

കടുത്ത വിഷാദം ഉള്ളിലൊതുക്കി ഒരു പകൽമുഴുവനും തന്റെ കടമ ചെയ്തുതീർത്ത സഹപ്രവർത്തകന്റെ വേദനയിൽ മാദ്ധ്യമപ്രവർത്തകരെല്ലാവരും പങ്കുചേരുകയാണ്.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ എംവി രാഘവന്റെയും സി വി ജാനകിയമ്മയുടെയും മൂന്നാമത്തെ മകനാണ് നികേഷ്കുമാർ. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് സിഎംപി സ്ഥാപിച്ചതിനുശേഷവും നിയമസഭയിൽ ശക്തസാന്നിദ്ധ്യമായിരുന്ന എംവി രാഘവൻ 2014- ലാണ് ജീവിതത്തോടു വിടപറഞ്ഞത്.

കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്‌ണ പിളള (86) അന്തരിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കേരള കോൺഗ്രസ് (ബി) സ്ഥാപക നേതാവാണ്. മന്ത്രി, എം പി, എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കീഴൂട്ട് രാമൻ പിളളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി കൊട്ടാരക്കരയിൽ 1935ലായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ എത്തിയ ബാലകൃഷ്‌ണ പിളള കെ പി സി സി നിർവ്വാഹക സമിതിയിലും എ ഐ സി സിയിലും അംഗമായിരുന്നു. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വ്യക്തി എന്ന അപൂർവ്വതയും പിളളയുടെ പേരിലാണ്.

1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സി അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയ ബാലകൃഷ്‌ണ പിളള 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.

1971ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്‌ണ പിളള 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും, അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

പരേതയായ ആർ വത്സലയാണ് ഭാര്യ. മുൻ മന്ത്രിയും ചലച്ചിത്ര താരവുമായി ഗണേഷ് കുമാർ മകനാണ്. ഉഷാ മോഹൻ ദാസ്, ബിന്ദു ബാലകൃഷ്‌ണൻ എന്നിവർ മക്കളാണ്. കെ മോഹൻദാസ്, ടി ബാലകൃഷ്‌ണൻ, ബിന്ദു മേനോൻ എന്നിവർ മരുമക്കളാണ്. വാളകത്തെ തറവാട്ട് വീട്ടിൽ ഉച്ചയ്ക്ക് ശേഷം സംസ്‌കാരം നടക്കും.

ഗ്ലാസ്ഗോയിൽ താമസിക്കുന്ന കോട്ടയം,കോതനല്ലൂർ സ്വദേശി രാജു സ്റ്റീഫൻ (58) നിര്യാതനായി. ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ ‘വല്യേട്ടൻ ‘ എന്നായിരുന്നു രാജു സ്റ്റീഫൻ അറിയപ്പെട്ടിരുന്നത്. കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളി ബോൾ താരവും വാഗ്മീയും , സംഘാടകനും ആയിരുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളി ബോൾ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ്സ് റാന്നി ചെമ്മാരിയിൽ കുടുംബാഗമാണ്. മക്കൾ ലിബിൻ , വിവിൻ , ഡോ. അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫനും ഗ്ലാസ്ഗോ നിവാസിയാണ്.

2004 മുതൽ ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്.
കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചാണ് മരണമടഞ്ഞത്. പൊതു ദർശന -സംസ്കാര ചടങ്ങുകളേക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടറിയിക്കുന്നതാണ്.

രാജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരണമടഞ്ഞു . കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അധ്യാപികയാണ്. ഭർത്താവ്: കോങ്ങന്നൂർ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്കൂൾ ഹെഡ്മാസറ്റർ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുൻ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കൾ: ഇഷാൽ ഫാത്തിമ, ഇഹ്‌സാൻ സബീഹ്.

ഖദീജ ജസീലയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി ശിൽപ മേരി ഫിലിപ്പ് (28) മരിച്ചു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചനമറിയിച്ചു.

ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved