നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.