ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.
കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.
മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.
ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.
‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.
വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട.
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന് അന്തരിച്ചു. പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് ആണ് മരിച്ചത്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.
മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജു വാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത ദിവ്യ ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.
ലീഡ്സ്: സിജോ ജോണിൻെറ വേർപാടിൽ വേദനകളുമായി യോർക്ക് ഷെയറിലെ മലയാളി സമൂഹം. ആദരാഞ്ജലികൾ അർപ്പിക്കാനായി സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ യോർക്ക് ഷെയറിലെ മലയാളികൾ ഒത്തുചേരും. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 മണിക്ക് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ വച്ച് നടക്കും.
സിജോ ജോൺ (46) ചാലക്കുടി സ്വദേശിയും ആലപ്പാട്ട് കുടുംബാംഗവുമാണ്. നഴ്സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.ലീഡ്സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് സിജോ ജോൺ മരണമടഞ്ഞത്.
സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടനും ബെന്നി വെങ്ങാച്ചെരിയും അനുശോചനം രേഖപ്പെടുത്തി.
സിജോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചായക്കടയിലെ വരുമാനംകൊണ്ട് ലോകം ചുറ്റിയ ഹോട്ടലുടമ വിജയൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ കഴിഞ്ഞ 27 വർഷമായി വിജയൻ ശ്രീബാലാജി എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.
ചെറുപ്പം മുതൽ യാത്രാകമ്പമുണ്ടായിരുന്ന വിജയൻ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമായിരുന്നു. കോവിഡിനെതുടർന്ന് കഴിഞ്ഞ രണ്ടു വർഷം ഒഴിച്ചുനിർത്തിയാൽ എല്ലാ വർഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദർശിക്കുക പതിവായിരുന്നു.
26 രാജ്യങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും മനോഹരം ന്യൂസിലൻഡും സ്വിറ്റ്സർലൻഡുമാണെന്ന് വിജയൻ നിസംശയം പറയുമായിരുന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍(61) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
സംവിധായകന് കെഎസ് രവികുമാറിന്റെ അസിസ്റ്റന്റായി ബാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മനോഹര്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രവികുമാറിനൈാപ്പം തന്നെ അദ്ദേഹത്തിന്റെ സൂര്യന് ചന്ദ്രന് എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.
ഐവി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ദില്‍, വീരം, സലിം, മിരുതന്, കാഞ്ചന 3 തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാനചിത്രം.
2012ല്‍ മനോഹറിന്റെ പത്ത് വയസുകാരന് മകന് സ്കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പരിശീലകനടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം, ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുണ്ടക്കയം , കരിനിലം, കാരയ്ക്കാട്ട് കെ. കെ കുര്യൻ (കുഞ്ഞാക്കോ ചേട്ടൻ ) 93 നിര്യാതനായി. ചെമ്പകപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുഞ്ഞാക്കോ ചേട്ടൻ മുണ്ടക്കയം വ്യാകുല മാതാ ദേവാലയം, ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയം എന്നിവയുടെ ട്രസ്റ്റിയായി നിരവധി കാലം സേവനമനുഷ്ഠിച്ചിരുന്നു. ചെമ്പകപ്പാറയിലെ ആദ്യകാല സാമൂഹിക വികസന പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത കുഞ്ഞാക്കോചേട്ടൻ ആയിരുന്നു കുടിയേറ്റ കർഷകരുടെ ആത്മീയ ആവശ്യങ്ങൾക്കായി സെന്റ് പീറ്റേഴ്സ് ദേവാലയം നിർമ്മിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചത്. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുണ്ടക്കയം, കരിനിലത്തുള്ള വീട്ടിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: പരേതയായ മറിയക്കുട്ടി കട്ടപ്പന കൈതക്കുളം കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ജോയി, റോസമ്മ, ഗ്രേസിക്കുട്ടി, സെലീനാമ്മ, സോണി (ബിഎസ്എൻഎൽ). മരുമക്കൾ: ജോയി തീമ്പലങ്ങാട്ട് ( റിട്ട. ടീച്ചർ സി സി എം കരിക്കാട്ടൂർ ), പരേതയായ മേരിക്കുട്ടി മറ്റമുണ്ടയിൽ, ജോസ് കുന്നുംപുറത്ത്, മാണിച്ചൻ വെള്ളുക്കുന്നേൽ, സണ്ണിക്കുട്ടി വള്ളിക്കുന്നേൽ (റിട്ട. പ്രഫസർ എസ് ഡി കോളേജ് കാഞ്ഞിരപ്പള്ളി ), റോസ്മി കണ്ടത്തിൽ (വെറ്ററിനറി സർജൻ).
പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്ത്തകന് സിജി ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്.
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.
ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ദിൽജിത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും. വളരെ എളിമയോടെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന റിപ്പോർട്ടറായിരുന്നു ദിൽജിത്ത്.ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ കോട്ടയത്തു നിന്ന് ട്വൻ്റി ഫോറിന് വേണ്ടി അവതരിപ്പിച്ചിരുന്നു. ദിൽജിത്തിൻ്റെ നിര്യാണത്തോടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് ദൃശ്യമാധ്യമ മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.
നടന് പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു. സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന് ആണ് മരിച്ചത്. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.
ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.
എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്. സുപ്രിയ മേനോന് ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന് പൃഥ്വിരാജ്.
ലീഡ്സ്: ലീഡ്സിലെ മീൻവുഡിൽ താമസിച്ചിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു. ചാലക്കുടി സ്വദേശിയും ആലപ്പാട്ട് കുടുംബാംഗവുമായ സിജോ ജോൺ (46) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. നഴ്സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.
ലീഡ്സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരം ലീഡ്സിൽ നടക്കും. എന്നാൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.
സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അനുശോചനം രേഖപ്പെടുത്തി.
സിജോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുഎഇയിലെ പ്രവാസികൾ താങ്ങായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എം എം നാസർ (48) നിര്യാതനായി. കാസർഗോഡ് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയാണ് നാസർ. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.
അബുദാബിയിൽ നിന്നും പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നായിരുന്നു നാസറിന്റെ പ്രവർത്തനം.
സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധിയുമായിരുന്നു. അബുദാബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രണ്ട്സ് എഡിഎംഎസ്, കെഎംസിസി എന്നിയുടെ സജീവ പ്രവർത്തകനുമായിരുന്നു.