Obituary

മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രാജി തോമസിൻെറയും മിനി തോമസിൻെറയും പിതാവ് കാഞ്ഞിരപ്പിള്ളി പൂവത്തിങ്കൽ ശ്രീ തോമസ്‌ പി സി (77) നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റ് ക്രൂവിൽ താമസിക്കുന്ന റോയി ജോസഫിന്റെ പിതൃ സഹോദരനും ആണ് പരേതൻ, മകൻ ഷോയി തോമസ്‌ (കാഞ്ഞിരപ്പള്ളി). സംസ്കാരം 24/09/2021 വെള്ളിയാഴ്ച രാവിലെ 10.30 ന് പാലപുറ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

തോമസ്‌ പി സിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സജി ജോസഫിന്റെ സഹോദരൻ ഷാജു ജോസഫ് ചക്കാലയിൽ (55) നിര്യാതനായി. കോടഞ്ചേരി ആണ് സ്വദേശം. ഹൃദയതംഭനമാണ് മരണകാരണം. ഭാര്യ ഷൈനി ഷാജു. രണ്ട് കുട്ടികൾ. പരേതന് ഒൻപത്‌ സഹോദങ്ങൾ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സജി ഒഴികെ ബാക്കിയെല്ലാവരും അമേരിക്കയിൽ ആണ് ഉള്ളത്. ശവസംസ്ക്കാര ചടങ്ങുകൾ ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

ഷാജു ജോസഫിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പി ഡി പി മുൻ ആക്റ്റിംഗ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ്(57) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ പി.ഡി.പി വര്‍ക്കിങ് ചെയര്‍മാനായിരുന്നു.

തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്.

95 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

ഇടക്കാലത്ത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തുപോയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്​.

പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ. ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ്ആർ ആശ (26)യാണ് മരണപ്പെട്ടത്. കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു ആശ. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ ശൈലജ ദമ്പതികളുടെ മകളാണ്.

ബാലരാമപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ആശയെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ വേർപാട് ഇനിയും നാട്ടുകാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല.

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റിൽ താമസിക്കുന്ന ജോബി തോമസിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. 46 വയസ്സ് മാത്രമുള്ള ജോബി തോമസിൻ്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 7.20pm ന് ഭാര്യ റിനി നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ജോബി തോമസിനെ അബോധാവസ്ഥയിൽ കാണുന്നത്. ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ജോബിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ജോബിയ്ക്ക് ഉണ്ടായിരുന്നില്ല.

മരണവിവരം അറിഞ്ഞ ആൻട്രിം മലയാളികൾ സഹായഹസ്തവുമായി ഓടിയെത്തി. വിവരമറിഞ്ഞ ഫാദർ ജെയിൻ പത്തുമണിയോടെ പരേതന്റെ ഭവനത്തിൽ എത്തിച്ചേർന്നു ഒപ്പീസും പ്രാർത്ഥനയും നടത്തുന്നതിന് നേതൃത്വം കൊടുത്തു. സ്ഥലത്തെത്തിയ പോലീസ്, ആംബുലൻസ് സർവീസ് എന്നിവർ ചേർന്ന് അടുത്തുള്ള ബെൽഫാസ്റ്റ് റോയൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്‌തു.

സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ  ഇന്ന് വൈകീട്ട് നടക്കുന്ന കമ്മിറ്റിയിൽ തീരുമാനിക്കപ്പെടും എന്നാണ് അറിയുന്നത്. എന്നിരുന്നാലും നാളെയോ മറ്റെന്നാളോ നടക്കുന്ന  പോസ്റ്റുമോർട്ടതിനനുസരിച്ചു ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

മാടശ്ശേരി കുടുംബാംഗമായ ജോബി കേരളത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന റിനി ആണ് ജോബിയുടെ ഭാര്യ. മക്കളായ അനില എ ലെവലിലും ജോവിറ്റ പ്രൈമറി വിദ്യാർത്ഥിനിയുമാണ്.

മലയാളി അസോസിയേഷൻ ഓഫ് അൻട്രിം പ്രസിഡന്റ് ജെയിംസ് ജേക്കബ്, സെക്രട്ടറി സുബാഷ് സൈമൺ എന്നിവർക്കൊപ്പം ഓ ഐ സി സി നോർത്തേൺ അയർലൻഡ് പ്രസിഡന്റ് ചെറിയാൻ സ്കറിയ എന്നിവർ ജോബിയുടെ അകാല വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

ജോബി തോമസിൻ്റെ  നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.

150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) മരണപ്പെട്ടത് . പാലാ പൊൻകുന്നം റോഡിൽ ഏകദേശം പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ തന്നെ കാ ഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് പോകുവാൻ ടിക്കറ്റ് വാങ്ങി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത് . മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. തോമസ് ജോസ് (സ്റ്റോക്ക് ഓൺ ട്രെന്റ് ), ആനി ജോസ് (അബർഡീൻ),മോളി തോമസ് (മാഞ്ചസ്റ്റർ), സാലി എബ്രഹാം (റിപ്പബ്ലിക് ഓഫ് അയർലൻഡ്) എന്നിവർ പരേതൻെറ പിതാവിൻെറ സഹോദരങ്ങളാണ് .

ജോസ് സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കോട്ടയം ആർപ്പൂക്കര വില്ലൂന്നി ടിജി സിറിയക് വിരുത്തിപറമ്പിലിൻ്റെ ഭാര്യയും സബാസാലം വാറാ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ ആശാ റ്റി ജേക്കബ് (വയസ്സ് 42) നിര്യാതയായി. അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിൽ ആയിരുന്നു.  മക്കൾ: ജോയൽ ജേക്കബ് റ്റിജി, ജ്യൂവൽ ട്രീസാ റ്റിജി ( യുണൈറ്റഡ് ഇൻ്റർനാഷണൽ സ്കൂൾ കുവൈറ്റ് വിദ്യാർത്ഥികൾ) മൃതസംസ്ക്കാരം ഇടവക ദേവാലയമായ വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. പരേത മുണ്ടക്കയം പ്രത്താനം തഴക്കൽ കുടുംബാഗമാണ്.എസ്. എം. സി. എ. അബ്ബാസിയ സെൻറ് മറിയം ത്രേസ്യ കുടുംബയൂണിറ്റ് അംഗമായ ആശയുടെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസ് ( 31)  നിര്യാതനായി . മൃത സംസ്കാരം ഇന്ന് (8/ 9 /2021 ) ബുധനാഴ്ച വൈകിട്ട് 4 -ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. അങ്കമാലി മറ്റപിള്ളി വർഗീസിന്റെ മകനാണ്. കോവിഡാനന്തര ചികിത്സയിൽ ഇരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചത്.

ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.

നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.

നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.

RECENT POSTS
Copyright © . All rights reserved