Obituary

ലോകമെങ്ങും ഇഷ്ടം നേടിയ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങിയ ഒട്ടേറെ അനിമേറ്റഡ് വർക്കുകളുടെ സംവിധായകനും ഓസ്കാർ ജേതാവും കൂടിയായ ജീൻ ഡീച്ച് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിൽസയിലായിരുന്നു. 95 വയസായിരുന്നു. ഏപ്രിൽ 16ന് സ്വന്തം വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം ചെയ്തത്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്.

സ്വന്തം ലേഖകൻ 

നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു  നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.

ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.

ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.

അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക്  പോവുകയും ചെയ്‌തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…

ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ്‌ പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ്  പരേതയായ അനസൂയക്ക് ഉള്ളത്.

തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ  ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്‌സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.

വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ  അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.

Name : KINGS LYNN MALAYALEE COMMUNITY

Sort code : 53-61-38

Account No : 66778069

Bank : NATWEST, KING’S LYNN BRANCH

Please use the payment reference : Jennifer Saravanan

more details

NIMESH MATHEW – 07486080225 (PRESIDENT)

JAIMON JACOB – 0745605717 (SECRETARY)

JOMY JOSE – 07405102228 (TREASURER)

ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തില്‍ നടന്നു.

ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് മരിച്ച വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണന്‍. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാല്‍ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത ബന്ധുക്കള്‍ വൈകിയാണ് എല്ലാവരെയും അറിയിച്ചത്.

യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണ വാര്‍ത്ത കൂടി. ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനില്‍ താമസിക്കുന്ന ഡോ.അമീറുദ്ധീന്‍ ആണ് കോവിഡ് -19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.

72 വയസ്സായിരുന്നു പ്രായം. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവര്‍ മക്കളാണ്. രണ്ടു മക്കളില്‍ ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്.

കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ സാഹിബ്, 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എൻ എച്ച് എസ് -ല്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

ഡോ.അമീറുദ്ധീന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മലയാള യുകെയും പങ്കുചേരുന്നു.

ഡെർബി: അനുദിന വാർത്താമാധ്യമങ്ങൾ നോക്കുവാനുള്ള മനശക്തിപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹസാഹര്യത്തിലൂടെയാണ് പ്രവാസികളായ മലയാളികൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി വിവരണാധീനമായ പ്രഹരമാണ് മാനവകുലത്തിന് നൽകികൊണ്ടിരിക്കുന്നത്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിടേണ്ടിവന്ന മലയാളികൾ ഇന്ന് വേദനകളുടെ മുനമ്പിൽ നിൽക്കുകയാണ്. ഒരു വേദന മാറും മുൻപേ മറ്റൊന്ന് എന്ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥിക്കുന്നതുപോലെ മരണങ്ങൾ ഒന്നൊന്നായി കടന്നു വരുകയാണ്.

യുകെയിലെ മലയാളികളുടെ  ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി ഡെർബിയിൽ താമസിക്കുന്ന സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. കുറച്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന സിബി അൽപം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് സിബിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ കാർഡിയാക് അറസ്ററ് ഉണ്ടായതാണ് ആരോഗ്യനില വഷളാവുന്നതിനും ഇപ്പോൾ മരണത്തിനും കാരണമായിട്ടുള്ളത് എന്നാണ് അറിയുന്നത്. കിഴകൊമ്പ് മോളെപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ സിബി. കറുകുറ്റി സ്വദേശിനിയായ ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്.

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയാണ് പരേതനായ സിബി. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്. സിബിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.

കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.

2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.

കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും മരണം വിധിച്ച് കൊവിഡ്. വൈറസ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് 79 കാരനായ പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച മുതല്‍ നാഷ്‌വില്ലയിലെ വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ട്രലില്‍ വെന്റിലേറ്ററിലായിരുന്നു പ്രൈന്‍. ചൊവ്വാഴ്ച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

അഞ്ചുദശാബ്ദത്തോളം തന്റെ സംഗീതത്തിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നിന്ന ഗായകനും പാട്ടെഴുത്തുകാരനുമായിരുന്നു പ്രൈന്‍. സാം സ്റ്റോണ്‍, വെന്‍ ഐ ഗെറ്റ് ടു ഹെവന്‍, ഇല്ലീഗല്‍ സ്‌മൈല്‍, ഹെലോ ഇന്‍ ദെയര്‍, പാരഡൈസ്, സുവനിയേഴ്‌സ് തുടങ്ങി പ്രൈനിന്റെ പാട്ടുകള്‍ അമേരിക്കയില്‍ മാത്രമായിരുന്നില്ല തരംഗം സൃഷ്ടിച്ചത്. അഞ്ചു തവണ ഗ്രാമി പുരസ്‌കാരങ്ങള്‍ക്കും പ്രൈന്‍ അര്‍ഹനായി.

ചെറുകഥകള്‍ പോലെയായിരുന്നു പ്രൈനിന്റെ പാട്ടുകള്‍. പാട്ടെഴുത്തിലെ മാര്‍ക് ടൈ്വന്‍ എന്ന വിശേഷണം അതിലൂടെ കിട്ടുന്നതാണ്. ആസ്വാദകരോട് സംവാദിച്ചുകൊണ്ട് അദ്ദേഹം പാടി. ആ പാട്ടുകളില്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഒരു കലാകാരന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവന്റെ സൃഷ്ടികളൂടെയാണെന്നതിന്റെ തെളിവായിരുന്നു ജോണ്‍ പ്രൈന്‍. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ അദ്ദേഹം പാട്ടിലൂടെ വിചാരണ ചെയ്തു.

സാം സ്റ്റോണ്‍ എന്ന ഗാനം വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെടുത്തി സ്വന്തം രാജ്യത്തോടു തന്നെയുള്ള പ്രതിഷേധമായിരുന്നു. സാധാരണക്കാരെ മാത്രമല്ല, സംഗീത ലോകത്തെ പ്രമുഖരെയും തന്റെ ആസ്വാദകരാക്കി പ്രൈന്‍. സാക്ഷാല്‍ ബോബ് ഡിലന്റെ ഇഷ്ടപ്പെട്ട ഗാനരചയിവായിരുന്നു പ്രൈന്‍. മനോഹരമായ പാട്ടുകള്‍ എന്നാണ് പ്രൈന്റെ വരികളെ ഡിലന്‍ വിശേഷിപ്പിച്ചത്. മനുഷ്യജീവിതങ്ങളും ലോകസത്യങ്ങളുമൊക്കെയായിരുന്നു പ്രൈനിന്റെ പാട്ടുകളില്‍ നിറഞ്ഞിരുന്നത്. വലിയ സൂപ്പര്‍ ഹിറ്റുകള്‍ എന്നു പറയാവുന്ന ആല്‍ബങ്ങളും പാട്ടുകളുമല്ലാതിരുന്നിട്ടും ലോകം പ്രൈനിന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്തതും പിന്തുടര്‍ന്നതും അതുകൊണ്ടായിരുന്നു.

പ്രശസ്ത ഹോളിവുഡ് അഭിനേത്രി ലീ ഫിയറോ കൊറോണ ബാധിതയായി അന്തരിച്ചു. 91 വയസുണ്ടായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ JAWS എന്ന സിനിമയിലെ മിസിസ് കിന്റ്‌നര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫിയറോ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചിത.

JAWS ചിത്രീകരിച്ച അമേരിക്കയിലെ മാസചൂസിറ്റ്‌സിലെ മാര്‍ത്താസ് വിനിയാര്‍ഡ് ദ്വീപിലായിരുന്നു ഫിയറോ താമസിച്ചിരുന്നത്. ഇവിടുത്തെ തിയേറ്റര്‍ വര്‍ക്ഷോപ്പ് ഡയറക്ടറായും മെന്ററായും 25 വര്‍ഷത്തോളം ഫിയറോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആയിരത്തോളം യുവ അഭിനേതാക്കള്‍ക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത അധ്യാപികയുമായിരുന്നു അവര്‍.

40 വര്‍ഷത്തെ ദ്വീപ് ജീവിതത്തിനൊടുവില്‍ 2017 ല്‍ കുടുംബത്തോടൊപ്പം ഒഹിയോയിലേക്ക് ഫിയറോ താമസം മാറ്റിയിരുന്നു. മരണം സംഭവിക്കുന്നതും ഇവിടെവച്ചാണ്.

നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ മാര്‍ക്ക് ബ്ലം, സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ആന്‍ഡ്രൂ ജാക്, മൈക്കലാഞ്ചലോ അന്റോണിയോനിയുടെ സ്റ്റോറി ഓഫ് എ ലൗവ് അഫയര്‍(1950), യുവാന്‍ അന്റോണിയോ ബാര്‍ഡെമിന്റെ ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ്(1955) എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമായ ലുചിയ ബോസെ എന്നീ പ്രശസ്തര്‍ക്കു പിന്നാലെ കൊറോണ മൂലം മരണമടയുന്ന മറ്റൊരു പ്രമുഖ താരമാണ് ലീ ഫിയറോ.

ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

അറിയാമോ ശശി എന്ന നടൻ കലിംഗ ശശി ആയത് ആദ്യ സിനിമയിൽ പറ്റിയ തെറ്റുകാരണമാണ്. അല്ലാതെ കോഴിക്കോട് കലിംഗ തീയറ്റേഴ്സിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല, ആ നാടക സമിതിയുമായി ഒരു ബന്ധവുമില്ല.

1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട്‌ അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക്‌ തന്നെ തിരിച്ചുപോയി.

‘പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ’ സിനിമയാക്കാൻ തീരുമാനിച്ച രഞ്ജിത്ത്‌ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതില്‍നിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാന്‍ നിശ്ചയിച്ചു. അതിൽ പങ്കെടുത്ത നടനും സംവിധായകനുമായ വിജയന്‍ വി. നായർ എന്ന പരിചയക്കാരെനെ കാണാന്‍ ശശി ഒരുനാള്‍ ക്യാമ്പിലെത്തി. ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ശശിയും ക്യാമ്പിൽ തുടരാണമെന്ന്. അങ്ങനെ 3 നാൾ മാത്രം ശശിയും ക്യാമ്പിൽ.

രഞ്ജിത് ചിത്രമായ പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആ സെറ്റിൽ നിറയെ ശശിമാർ ഉണ്ടായിരുന്നുവത്രെ. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ അവർ സഹകരിച്ച നാടക സമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ പേരിന്റെകൂടെ ‘കലിംഗ’ എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശ്രമിച്ചപ്പോള്‍, വര്‍ക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. അങ്ങനെ പ്രോഡക്ഷൻ എക്സിക്യൂട്ടീവ് ശശി എന്ന ഒരു നടന്റെ പേരിന്റെ ബ്രായ്ക്കറ്റിൽ കലിംഗ എന്ന് എഴുതി ചേർക്കുകയായിരുന്നു.

കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ ‘കലിംഗ തിയറ്റേഴ്‌സി’ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. പിന്നീട് അത് തിരുത്താൻ സാധിച്ചില്ല. എങ്കിലും ആ പേര് തന്നെയാണ് തന്റെ ഐശ്വര്യമെന്ന് കലിംഗ ശശി ഒരു പ്രമുഖ ചാനൽ ഷോയിൽ പറഞ്ഞു. അങ്ങനെ നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ കുന്നമങ്ങലം കാരൻ ശശി പിന്നീട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ സഹായത്താൽ (തെറ്റാൽ) കലിംഗ ശശി ആയിത്തീർന്നു! ആ പേര് അക്ഷാരര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി.

ക്രോയ്‌ഡോണ്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരണം കൂടി. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി വെളിമാനം അത്തിക്കൽ സ്വദേശി സിന്റോ ജോര്‍ജ് (36) മുള്ളൻകുഴിയിൽ  ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. അസുഖം ബാധിച്ച് ഒരാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. ഡിയബെറ്റിക്  ആയിരുന്നു ഷിൻറ്റോ. കഴിഞ്ഞ ദിവസം രോഗം അല്പം ഭേദപ്പെട്ടെങ്കിലും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്ന് രാവിലെ സിന്റോ യാത്രയായി.

ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. എല്ലാവരും യുകെയിൽ തന്നെയാണ് ഉള്ളത്. സിന്റോ ഉൾപ്പെടെ രണ്ടാണും രണ്ട് പെണ്ണും അടങ്ങുന്നതാണ് മുള്ളൻ കുഴിയിൽ കുടുംബം. പരേതനായ സിന്റോ കുടുംബത്തിലെ രണ്ടാമത്തെ ആൾ ആണ്. ഷിനോബി, ഷിൻസി, ഷിബിൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. നാട്ടിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. സന്യസിനിയായ ഷിൻസി ഗുജറാത്തിലും, മൂത്ത ആളായ ഷനോബി കുവൈറ്റ്, ഇളയ ആൾ ഷിബിൻ ബാംഗ്ലൂരും ആണ് ഉള്ളത്.

നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാനോ നഴ്സിംഗ് ഫീൽഡിൽ ജോലി നേടുവാനോ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്. സിന്റോയുടെ അകാല നിര്യാണത്തില്‍ ദുഃഖാർത്ഥരായ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ മലയാളം യുകെയും പങ്ക് ചേരുന്നു. ബര്‍മിംഗ്ഹാമില്‍ നിര്യാതനായ ഡോക്ടര്‍ പച്ചീരി ഹംസയാണ് കൊവിഡ് മൂലം യുകെയില്‍ മരണമടഞ്ഞ ആദ്യ മലയാളി. യുകെയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കൊവിഡ് നിരവധി മലയാളികളെ ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved