ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വെസ്റ്റ് എസക്സിലെ ഹർലോയിൽ താമസിക്കുന്ന മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹാർലോ ഡി പ്രിൻസസ് അലക്സാന്ദ്ര എൻ എച്ച് എസ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയായിരുന്ന അരുൺ എൻ കുഞ്ഞപ്പനയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ അരുൺ ഏകദേശം ഒരു വർഷം മുൻപാണ് യുകെയിലെത്തിയത്.
മരണകാരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുൺ ആത്മഹത്യ ചെയ്തതായാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അരുണിന്റെ ഭാര്യ യുകെയിലെത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ ഉണ്ട്.
അരുൺ എൻ കുഞ്ഞപ്പന്റെ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസിറ്റിങ് വിസയില്‍ മകനെയും കുടുംബത്തെയും കാണാന്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. ലങ്കാഷെയറിൽ താമസിക്കുന്ന ഡിബിന്റെ പിതാവ് കാസർകോഡ് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന് (71) ആണ് അന്തരിച്ചത്. ഒരു മാസം മുൻപാണ് മാത്തച്ചനും ഭാര്യയും യുകെയിൽ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ തുടരുമ്പോൾ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മകന് ഡിബിനും മരുമകള്‍ ജോഷ്നിയും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്.
മൂന്നു വര്‍ഷം മുൻപാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്.മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.
ഡിബിന്റെ പിതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി സഹോദരിമാരായ സിനിയുടെയും( ഗ്ലോസ്റ്റർ) റാണിയുടെയും(സ്റ്റോക്ക് ഓൺ ട്രെൻഡ് ) പിതാവ് ദേവസ്യ ജോസഫ് (79 ) നിര്യാതനായി . പൂഞ്ഞാർ ആണ് സ്വദേശം. മാർച്ച് അവസാനം വിശപ്പില്ലായ്മ അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ തിരിച്ചറിഞ്ഞത് . രോഗം തിരിച്ചറിഞ്ഞ് 3 ആഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
മക്കൾ : ബെന്നി, ജെസ്സി, ബിജി, വിൽസൺ, ജോണി, സിനി (യുകെ ), റാണി(യുകെ ).
സിനിയും ഭർത്താവ് ടോബിയും ഗ്ലോസ്റ്ററിലും റാണിയും ഭർത്താവ് ജോബിൻസ് മേമനയും സ്റ്റോക്ക് ഓൺ ട്രെൻഡിലും ആണ് താമസിക്കുന്നത്.
മൃതസംസ്കാരം ബുധനാഴ്ച ചോലത്തടം സെൻ്റ് മേരീസ് പള്ളിയിൽ 3 മണിക്ക് നടക്കും.
ദേവസ്യ ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ രാത്രി ഉറക്കത്തിൽ ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം (41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ബിനോയിയുടെ ഭാര്യ രഞ്ജി ഒരു കെയർ ഹോമിലെ കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയാണ്. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രഞ്ജി സിപിആർ നൽകി. പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സാധിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ തകരാർ സംഭവിച്ചതിന് പിന്നാലെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിനോയിയും കുടുംബവും യുകെയിലെത്തിയിട്ട് വെറും രണ്ട് വർഷം മാത്രമാണ് ആയിരിക്കുന്നത്. ബിനോയിയുടെ അവയവങ്ങൾ നാലു പേർക്കായി ദാനം ചെയ്യാനുള്ള ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചിട്ടുണ്ട്.
ബാസിൽഡണിന് അടുത്തുള്ള ക്ലാക്ടന്‍ ഓൺസീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും താമസിക്കുന്നത്. കരിയിലക്കുളം കുടുംബാംഗമായ തോമസ് – മേരി ദമ്പതികളുടെ മകനാണ് ബിനോയ്. പത്ത് വയസ്സുകാരിയായ മിയ, എട്ടു വയസ്സുകാരൻ ആരോൺ, നാലു വയസ്സുകാരൻ ഇവാൻ എന്നിവരാണ് മക്കൾ.
ബിനോയ് തോമസിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് മാസം മുമ്പ് മാത്രം ഇവിടെ എത്തിയ മലയാളി നേഴ്സ് വിജേഷ് വി കെ അയർലണ്ടിൽ മരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് 32 വയസ്സ് മാത്രമുള്ള വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയർലണ്ടിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്.
വയനാട് താമരശ്ശേരിയാണ് മരണമടഞ്ഞ വിജേഷിന്റെ സ്വദേശം. നാട്ടിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇവിടെ ജോലിയിൽ എത്തിയത് . നാട്ടിലുള്ള ഭാര്യയെ കൂടി അയർലണ്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിൻറെ അവസാന ഘട്ടത്തിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ ഞെട്ടിച്ച് അകാലത്തിൽ വിജേഷ് വിടവാങ്ങിയത്.
അയർലണ്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരംഭിച്ചിട്ടുണ്ട്.
വിജേഷ് വി കെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെറും 41 വയസ്സ് മാത്രം പ്രായമുള്ള യു കെ മലയാളി വെയിൽസിലെ ന്യൂ ടൗണില്‍ നിര്യാതനായി. ക്യാമറയെയും ഫോട്ടോഗ്രാഫിയെയും അതിയായി സ്നേഹിച്ച അജോ ജോസഫിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നി അടുത്ത് താമസിക്കുന്നവർ വന്ന് നോക്കിയപ്പോൾ അജോ കിടക്കയിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിലായിരുന്നു. അടിയന്തര മെഡിക്കൽ സഹായത്തിനായി വിളിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഉഴവൂർ ആണ് കേരളത്തിൽ അജോയുടെ സ്വദേശം. ഉഴവൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോയുടെ ഉടമ ജോസഫിന്റെ മകനാണ് അജോ. യുകെയിൽ ഉണ്ടായിരുന്ന അജോ ഇടക്കാലത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അടുത്തയിടെ വീണ്ടും യുകെയിലെത്തിയ അജോയുടെ സ്വപ്നങ്ങൾ ഒക്കെ ബാക്കി വെച്ചാണ് മരണം വന്നു പിടികൂടിയത്. അജോയുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്
അജോ ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് സജീവ അംഗവും ചെസ്റ്റർട്ടൺ വാട്ടർഹേസിൽ താമസിക്കുകയും ചെയ്യുന്ന സന്തോഷ് അബ്രഹാമിന്റെ മാതാവ് ലിസിയമ്മ എബ്രഹാം ( 76 ) നിര്യാതയായി .
ശവസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (11/ 04 / 2024 ) തീക്കോയി സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. വ്യാഴാഴ്ച നാല് മണിയോടെ സ്വഭവനത്തിൽ ചടങ്ങുകൾ ആരംഭിക്കും .
മക്കൾ: ഓമന എബ്രഹാം , ചാർളി എബ്രഹാം, സന്തോഷ് എബ്രഹാം, ജോർജ്ലാൽ എബ്രഹാം .
സന്തോഷ് അബ്രഹാമിന്റെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെക്സ് ഹിൽ ഓൺസിയിലെ മിഷൻ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ രൂപത മിഷൻലീഗിന്റെ ചുമതലക്കാരനുമായ ഫാ. മാത്യു മുളയോലിയുടെ പിതാവ് തോമസ് മുളയോലില്‍ (78) അന്തരിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ 25 -ാം തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലുമുതിരക്കുന്നു സെൻറ് ജൂഡ് ദേവാലയത്തിൽ നടക്കും.
അന്നമ്മയാണ് ഭാര്യ. മക്കൾ : സിബി, ഫാദർ മാത്യു മുളയോലിൽ (ഗ്രേറ്റ് ബ്രിട്ടൻ രൂപത), സജി, ബിജു (ഗ്രാൻഡ് വീഡിയോ, പേരാവൂർ). മരുമക്കൾ: മോളി, മേരിക്കുട്ടി, ഷിബി.
ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം 2022 ഡിസംബറിലാണ് സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരിയായിരുന്ന ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് മിഷൻ ഡയറക്ടർ ആയി സ്ഥാനമേറ്റത് .
ഫാ. മാത്യു മുളയോലിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീടിന് തീപിടിച്ച് ഓസ്ട്രേലിയയിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന ഷെറിൻ ജാക്സനാണ് (34 ) ആണ് മരണമടഞ്ഞത് . അപകടത്തെ തുടർന്ന് ഷെറിൻ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.
പത്തനംതിട്ട കൈപ്പട്ടുർ സ്വദേശിയും റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സൻ ആണ് ഭർത്താവ് . അപകടം നടന്നപ്പോൾ ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു . ഷെറിൻ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് . അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.
ഷെറിൻ ജാക്സന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീണ്ടും മലയാളി മരണം നടന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . വെയിൽസിലെ അബർ ഹവാനിയിൽ താമസിക്കുന്ന നേഴ്സായ രാജേഷ് ഉത്തമരാജ് ആണ് കുഴഞ്ഞു വീണ് മരിച്ചത്. 51 വയസു മാത്രം പ്രായമുള്ള രാജേഷ് പാലക്കാട് സ്വദേശിയാണ് . നോർത്ത് വെയിൽസിൽ തന്നെ നേഴ്സായ സ്വപ്ന ജോസാണ് രാജേഷിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ്. മകൻ മാർട്ടിൻ രാജേഷ് (15) കോളേജ് വിദ്യാർത്ഥിയും മകൾ ലിസി രാജേഷ് (13 ) പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ).
അപസ്മാരം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ രാജേഷിനെ അലട്ടിയിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം വലിയതോതിൽ ആരംഭിച്ച 2001 -ൽ തന്നെ ഇവിടെ എത്തിയ രാജേഷ് വിവിധ കെയർ ഹോമുകളിൽ നേഴ്സ്, ടീം ലീഡർ , ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്ക് പോയിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
യുകെയിലും കേരളത്തിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു രാജേഷ്. കേരളത്തിൽ നിന്ന് ഒട്ടേറെ പേരെ തികച്ചും സൗജന്യമായി യുകെയിൽ ജോലി കണ്ടെത്താൻ രാജേഷ് സഹായിച്ചിരുന്നു. രാജേഷിന്റെ അകാലത്തിലുള്ള വേർപാട് സുഹൃത്തുക്കളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയിരിക്കുന്നത്. രോഗവും ജോലിക്ക് പോകാൻ സാധിക്കാതിരുന്നതു മൂലവും അവസാന കാലത്ത് രാജേഷ് സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടിയിരുന്നെന്നാണ് അറിയാൻ സാധിച്ചത്. രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹത്തിൻറെ ഒപ്പം ബെംഗളൂരു രാഗവേന്ദ്ര കോളേജിൽ നേഴ്സിംഗ് പഠിച്ചിരുന്ന സുഹൃത്തുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തിൽ ഗോ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്.
മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനം എടുത്തിരിക്കുന്നത്.
സംസ്കാര തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
രാജേഷ് ഉത്തമരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.